Follow Us On

18

April

2024

Thursday

എന്താണ് സത്യം

എന്താണ് സത്യം

പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരെ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ? എന്നാല്‍ അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. അവന്റെ മൗനം ദേശാധിപതിയെ ഞടുക്കി (മര്‍ക്കോ. 27:13-14).
വിശുദ്ധ അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ എഴുതി: ‘കാലം അതെന്താണ്?’ അതെന്താണെന്ന് എനിക്കറിയാം. എന്നാല്‍ വിശദമാക്കാന്‍ പറഞ്ഞാല്‍ ഞാനാകെ കുഴയും. അറിയാം, പക്ഷേ പറയാനറിയില്ല.

എന്താണ് സത്യം? അറിയാം. പീലാത്തോസിന്റെ കണ്‍വെട്ടത്ത് അതുണ്ട്. സാധകന്‍ തപസു ചെയ്തും ധ്യാനിച്ചും സ്വന്തമാക്കുന്ന ആ സത്യത്തിന് മുമ്പിലാണയാള്‍. എന്നിട്ടും അയാളത് സ്വീകരിക്കാതെ വ്യാഖ്യാനിക്കാന്‍ കല്പിക്കുന്നു. സത്യത്തിന് യാതൊരു വിലയും കല്പിക്കാത്തവന്റെ മുമ്പില്‍ സത്യമെന്തു സംസാരിക്കാനാണ്. സത്യമെന്തെന്ന ചോദ്യത്തിന് മറുപടി ലഭിക്കും മുമ്പേ, സത്യത്തെ ക്രൂശിക്കാന്‍ പറഞ്ഞുവിട്ടതും അതുകൊണ്ടുതന്നെ.

യേശുവിനെതിരെ ഗൗരവമേറിയ കുറ്റമൊന്നും പീലാത്തോസ് കണ്ടില്ല. അതായിരിക്കെ സത്യത്തിന് സാക്ഷ്യം നല്‍കാന്‍ വന്നവനെ കുരിശിലേക്ക് പറഞ്ഞുവിട്ടു.
സത്യമെന്തെന്ന ചോദ്യത്തിന് കനത്ത ഒരു മൗനമായിരുന്നു ക്രിസ്തുവിന്റെ മറുപടി. പീഡാനുഭവ യാത്രയ്ക്കിടയില്‍ ക്രിസ്തു തീരെ സംസാരിക്കുന്നില്ല. കൊലക്കുഴിഞ്ഞുവച്ച കുഞ്ഞാടിനെപ്പോലെ അവന്‍ മൗനം പാലിച്ചു എന്ന് ഏശയ്യാ പറഞ്ഞതോര്‍ക്കുക.

പീഡാനുഭവ യാത്രയില്‍ ഓരോ നിമിഷാര്‍ദ്ധത്തിലും ദുര്‍ബലമാകുന്നത് അവന്റെ ശരീരം മാത്രമല്ല, സത്യത്തിന്റെ സ്വരമാണ്. അന്ധകാരം ഭരണം നടത്തുമ്പോള്‍ സത്യം എന്തു സംസാരിക്കാനാണ്? പുരോഹിതരും നേതാക്കന്മാരും ജനക്കൂട്ടവും നുണയുടെ പെരുമ്പറ മുഴക്കുമ്പോള്‍ സത്യം ദാരുണമായി ഒറ്റപ്പെടുന്നു. സത്യത്തിന്റെ രാജ്യം സ്ഥാപിക്കാനെത്തിയവന്‍ പരിഹാസരാജാവായി വലിച്ചിഴയ്ക്കപ്പെടുന്നു. ഭൂരിപക്ഷാഭിപ്രായം പ്രമാണങ്ങളുടെ മാനദണ്ഡമാകുമ്പോള്‍ ക്രിസ്തുമാര്‍ ക്രൂശിക്കപ്പെടും, ബറാബാസുമാര്‍ സ്വതന്ത്രരുമാകും. സത്യത്തെ വധിച്ച് നുണയെ രക്ഷിക്കും!

ചിന്തകള്‍ ഇക്കാലത്തെ വിളിക്കുന്നത് സത്യാനന്തരകാലം അഥവാ ക്രിസ്താനന്തരകാലം എന്നാണ്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി 2016-ല്‍ ഏറ്റം ഉപയോഗിക്കപ്പെടുന്ന വാക്കായി തിരഞ്ഞെടുത്തത് സത്യാനന്തരം’ എന്ന പദമാണ്. എക്കാലത്തും മനുഷ്യന്‍ നുണ പറയുന്നുണ്ട്. എന്നാലിന്ന് നുണയുടെ സര്‍വാധിപത്യം കാണാം. എവിടെയും നുണ ശബ്ദത്തില്‍ പറയുന്നിടത്ത് സത്യം നേര്‍ത്ത് മൗനിയാകുന്നു. ആവര്‍ത്തിച്ചു പറയുന്ന നുണയാണ് സത്യം എന്നാണ് ഹിറ്റ്‌ലറുടെ മതം. സത്യത്തിന്റെ മരണം ദൈവത്തിന്റെയും മരണമാണ്.

സത്യം ശല്യമായി തോന്നുന്നു മനുഷ്യനിന്ന്. മാത്രവുമല്ല, കേവല സത്യങ്ങളിലും അസത്യങ്ങളിലും അഭിരമിക്കുന്നു. മനുഷ്യന്‍ സത്യം വെടിഞ്ഞ് ജീവിച്ചാല്‍ ജീവിതം അവനെ കൈവിടും. ജീവിതം അവനെക്കൂടാതെയങ്ങു പോകും. അവസാനം അവന്റെ സ്ഥാനം അവന്‍ അവനെക്കാള്‍ ശക്തനായവന് അടിയറവയ്ക്കും (ബെനഡിക്ട് പതിനാറാമന്‍). ഇന്ന് എന്തിനൊക്കെ നാം അടിയറ വച്ചിട്ടുണ്ട് ജീവിതം എന്നോര്‍ത്തുനോക്കൂ.

1475-ലെ പെസഹാദിനം; ഇറ്റലിയിലെ ട്രെന്റ് നഗരതതില്‍ രണ്ടു വയസുള്ള സൈമണ്‍ എന്ന കുഞ്ഞിനെ കാണാതായി. അവസാനം ഈസ്റ്റര്‍ ഞായറില്‍ അവന്റെ ജീവനറ്റ ശരീരം കണ്ടെത്തി, ഒരു യഹൂദ കുടുംബത്തിന്റെ ബേസ്‌മെന്റില്‍. ബര്‍ണദീനോ എന്ന മതപ്രഭാഷകന്‍ ഇതു കാര്യമായി മുതലെടുത്തു. കുട്ടിയെ ആ പ്രദേശത്തെ യഹൂദര്‍ പെസഹാ ആചരിക്കാന്‍ ബലി കഴിച്ചെന്നും കുഞ്ഞിന്റെ രക്തം അവരുടെ ഭവനത്തിന്റെ വാതില്‍പ്പടിയിലും കട്ടിളപ്പടിയിലും പുരട്ടിയെന്നും വിളിച്ചു പറഞ്ഞു.

പിന്നെ സംഭവിച്ചത്, യൂദര്‍ക്കെതിരായ വംശീയ പീഡനമായിരുന്നു. സൈമണ്‍ എന്ന കുഞ്ഞിനെ രക്തസാക്ഷിയാക്കി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് ജാഥകള്‍ തുടങ്ങി. നുണപ്രചാരണത്തില്‍ പിറവിയെടുത്ത ഈ കുഞ്ഞുവിശുദ്ധനെ, സഭയുടെ വിശുദ്ധരുടെ ലിസ്റ്റില്‍നിന്നും മാറ്റിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാലത്താണെന്നോര്‍ക്കണം. യൂദര്‍ക്ക് ഈ മരണത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു.

വിജയിക്കുന്ന നുണയാണോ സത്യം? (ഉമ്പര്‍ട്ടോ എക്കോ). അല്ല, അതാകാന്‍ പാടില്ല. കടുത്ത ഇരുട്ടിനെപ്പോലും ഒരു തിരിനാളം കീഴ്‌പ്പെടുത്തുമെങ്കില്‍, ക്രിസ്തുവിന്റെ മൗനം ദേശാധിപതികളെ ഞടുക്കാതെ തരമില്ല. സത്യത്തിന് മുകളില്‍ സ്വന്തം സ്ഥാനവും രാഷ്ട്രീയ സമാധാനവും പ്രതിഷ്ഠിച്ചു, പീലാത്തോസ്. ഫലമോ, സര്‍വ സമാധാനവും നഷ്ടമായി അയാള്‍ക്ക്. ജീവിതസായാഹ്നത്തില്‍ ഒരു ഭ്രാന്തനെപ്പോലെ കൈ കഴുകലായിരുന്നു സദാ സമയവും എന്ന പാരമ്പര്യം ഓര്‍ക്കുക. യേശു ഒരു രാഷ്ട്രീയ കുറ്റവാളിയല്ലെന്നും അവന്റെ രാജത്വം റോമന്‍ ഭരണത്തിന് യാതൊരു ഭീഷണിയുമില്ലെന്ന സത്യം കൃത്യമായി അറിഞ്ഞിട്ടും, അവന്‍ സത്യം കൈവെടിഞ്ഞു.

റോമന്‍ സാമ്രാജ്യത്തിന്റെ ക്രമസമാധാനം ക്രിസ്തു തകര്‍ക്കുമെന്ന വലിയ നുണയില്‍ അയാളും പങ്കുകാരനായി. ദേശാധിപതിയെന്ന നിലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തണം. സൈനികശക്തിയെ അയാള്‍ അതിന് ഉപയോഗിച്ചു. സത്യമല്ല, സമാധാനമാണ് അയാള്‍ക്കാവശ്യം. സത്യം കൈവിട്ടാല്‍ പിന്നെ സമാധാനമുണ്ടോ? അധികാരമുണ്ടെങ്കില്‍ എല്ലാറ്റിനെയും സത്യത്തെപ്പോലും അടിച്ചൊതുക്കി കുറെക്കാലം ശാന്തമാക്കാം.

പക്ഷേ, നിങ്ങളിലെ അശാന്തിയകറ്റാന്‍ പിന്നെയാര്‍ക്ക് കഴിയും? സത്യം കൈവിട്ടുള്ള ക്രമസമാധാനം ജറുസലെമില്‍ സ്ഥാപിതമായി. മൂന്നു നാളിലെ ദൈര്‍ഘ്യംപോലും അതിനുണ്ടായില്ല. സത്യം ഭരണം നടത്തുന്നത് അക്രമത്തിലൂടെയല്ല, അതിന്റെ സ്വന്തം ശക്തിയിലൂടെയാണ്. ക്രിസ്തുവിന്റെ മൗനം ദേശാധിപതിയെ ഞടുക്കി എന്ന വചനം ഓര്‍ക്കുക. തന്റെ പീഡാനുഭവത്തിലൂടെ സത്യത്തെ അവന്‍ വെളിപ്പെടുത്തി. സത്യത്തിനായി ഇന്നും മനുഷ്യന്‍ ഏറ്റുവാങ്ങുന്ന പീഡനങ്ങള്‍തന്നെയാണ് അതിന്റെ ശക്തി.

സത്യത്തിനുനേരെയുള്ള വിലപേശലില്‍ മാറിനിന്നു, പീലാത്തോസിന്റെ ഭാര്യ ക്ലോദിയ. അവളുടെ കിനാവില്‍ തെളിഞ്ഞ ക്രിസ്തുമുഖവും വേദനയും ജെത്രൂദ് ലെ ഫോര്‍ട്ട് വിവരിക്കുന്നുണ്ട്: ‘ഭൂമിയുടെ കല്ലറകളില്‍നിന്നും ഒരു ദീനവിലാപം. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് അവന്‍ പീഡയനുഭവിച്ച് മരിച്ചു. പിന്നീട് റോമാസാമ്രാജ്യത്തിന്റെ സകല പൂജാവിധികളും ക്ഷേത്രങ്ങളും ക്രിസ്തീയ ദൈവാലയങ്ങളായി. ലോകത്തിലെ സക ദൈവാലയങ്ങളില്‍നിന്നും പ്രാര്‍ത്ഥനാഗാനംപോലെ ആ സ്വരമുയര്‍ന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത്….

ഉന്നതമായ സത്യം കൈവെടിഞ്ഞവന് ഭാര്യയുടെ കിനാവിലെ സത്യത്തെ തള്ളിക്കളയാന്‍ അധികം ആലോചന വേണ്ടിവന്നില്ല. സത്യം തേടുന്ന ഒരു മനസ് നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ അന്വേഷിക്കുന്ന സത്യത്തിന്, നിങ്ങള്‍ക്ക് അറിയാന്‍ അവകാശമുള്ള സത്യത്തിന് ഒരു പേരുണ്ട്, മുഖമുണ്ട്. ആ പേര് നസ്രായനായ യേശുവെന്നാണ്, ആ മുഖം കാല്‍വരിയില്‍ തെളിഞ്ഞവന്റേതും.

പ്രാര്‍ത്ഥന: സത്യദൈവമായ അങ്ങയെ കൈവെടിഞ്ഞ് മനുഷ്യനിര്‍മിതമായ മൂല്യങ്ങളില്‍ ജീവിതത്തെ തളച്ചിടുവാന്‍ ക്രൂശിതാ, എന്നെ ഒരുനാളും അനുവദിക്കരുതേ! എങ്ങും എവിടെയും സത്യത്തിന് സാക്ഷ്യം വഹിക്കാനും അതിനായി പീഡകള്‍ ഏല്‍ക്കാനും എന്നെയും അനുവദിച്ചാലും!

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

************************************

ഓഡിയോവേർഷൻ കേൾക്കാൻ:

Download Radio Wind –

App Store   |   Play Store

 

 

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?