Follow Us On

23

May

2019

Thursday

എന്താണ് കടന്നുപോകൽ ?

എന്താണ്  കടന്നുപോകൽ ?

യേശു രൂപാന്തരപ്പെടുന്ന സംഭവത്തിന്റെ വിവരണമാണ് ലൂക്കാ 9:28-36 വചനങ്ങളില്‍ വിവരിച്ചിരിക്കുന്നത്. താബോര്‍ മലയില്‍വച്ചാണ് ഈ രൂപാന്തരീകരണം. രക്ഷാകര ചരിത്രത്തിലെ പല പ്രധാന സംഭവങ്ങളും നടന്നത് മലമുകളിലാണ്. അബ്രാഹം ഇസഹാക്കിനെ ബലി കഴിക്കാന്‍ കൊണ്ടുപോയത് മോറിയാ മലയിലേക്കാണ് (ഉല്‍പത്തി 22).

ദൈവം മോശയെ വിളിക്കുന്നത് ഹോറെബ് മലയില്‍വച്ചാണ് (പുറപ്പാട് 3). പത്തു കല്‍പനകള്‍ കര്‍ത്താവ് മോശക്ക് നല്‍കുന്ന ത് മലമുകളില്‍വച്ചാണ് (പുറ. 19). ഏലിയാ ബാലിന്റെ പ്രവാചകരെ വെല്ലുവിളിക്കുന്നതും അഗ്നിയിറക്കി ബലിവസ്തുക്കളെ ദഹിപ്പിക്കുന്നതും കര്‍മലമലയില്‍ വച്ചാണ് (1 രാജാ. 18). ഏലിയാ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്പറ്റിയുള്ള തീക്ഷ്ണതയാല്‍ എരിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നത് ഹോറെബ് മലയില്‍ ആണ് (1 രാജാ. 19).

ജറുശലേം ദൈവാലയം പണിതത് സിമോന്‍ മലയിലാണ്. യേശുവിനെ ബന്ധിക്കുന്നത് ഒലിവുമലയില്‍വച്ചാണ്. യേശുവിനെ കുരിശില്‍ തറക്കുന്നത് ഗാഗുല്‍ത്താ മലയിലാണ്. യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരെ അഭിഷേകം ചെയ്തതും മലമുകളിലുള്ള സെഹിയോന്‍ ശാലയില്‍വച്ചാണ്.

യേശു സ്വര്‍ഗാരോഹണം ചെയ്തത് ഒലിവുമലയില്‍നിന്നാണ്. ദൈവത്തിന്റെ പല ഇടപെടലുകളും നടന്നത് മലമുകളില്‍വച്ചാണ് എന്ന് അതിനാല്‍ മനസിലാക്കാം. ഒരുപക്ഷേ ലോകത്ത് പല സ്ഥലങ്ങളിലും ദൈവാലയങ്ങളും ആശ്രമങ്ങളും മറ്റും മലമുകളില്‍ സ്ഥാപിക്കുന്നത് ഈ ഒരു പ്രാധാന്യം കണക്കിലെടുത്ത് ആയിരിക്കാം. കേരളത്തിലുള്ള നിരവധി ദൈവാലയങ്ങള്‍ പണിതിരിക്കുന്നത് കുന്നിന്‍മുകളിലാണ്.

താബോര്‍ മലമുകളില്‍വച്ചാണ് യേശു രൂപാന്തരപ്പെടുന്നത്. അപ്പോള്‍ മൂശയും ഏലിയായും യേശുവിന്റെ മുമ്പില്‍ പ്രത്യക്ഷരായി. മൂശക്കും ഏലിയായ്ക്കും രണ്ട് വലിയ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിനിധികളും അവസാന വാക്കും ആണ്. മോശയാണ് ഏറ്റവും വലിയ നിയമദാതാവ്. ദൈവത്തില്‍നിന്നും പത്ത് കല്‍പനകള്‍ വാങ്ങുന്നതും ജനത്തിന് നല്‍കുന്നതും മോശയാണ്

. ഇസ്രായേല്‍ ജനത്തിനുവേണ്ടിയുള്ള മറ്റ് നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഉണ്ടാക്കി നല്‍കിയത് മോശയാണ്. പുറപ്പാട്, സംഖ്യ, ലേവ്യര്‍, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത് വ്യക്തമാകും. അതിനാല്‍ ഏറ്റവും വലിയ നിയമദാതാവ് മോശയാണ്. യേശുവിന്റെ മുന്നില്‍ കാണപ്പെട്ട രണ്ടാമത്തെ വ്യക്തി ഏലിയായാണ്. ഏറ്റവും വലിയവനും ശക്തനുമായ പ്രവാചകന്‍ ഏലിയാ ആയിരുന്നു. മോശ നിയമം നല്‍കി.

ജനങ്ങള്‍ നിയമലംഘനം നടത്തിയപ്പോള്‍ ഏലിയാ നിയമങ്ങ ള്‍ അവരെ ഓര്‍മപ്പെടുത്തുകയും തെറ്റുകള്‍ തിരുത്തുവാന്‍ നിര്‍ബന്ധിക്കുകയും നിയമവ്യാഖ്യാനം നടത്തുകയും ചെയ്തു. ഇവര്‍ രണ്ടുപേരും യേശുവിന്റെ മുമ്പില്‍ കാണപ്പെടുമ്പോള്‍ വ്യക്തമാകുന്ന കാര്യം ഇതാണ്: എല്ലാ നിയമങ്ങളും എല്ലാ പ്രവചനങ്ങളും യേശുവില്‍ പൂര്‍ത്തീകരിക്കുകയാണ്.

യേശുവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മോശയും ഏലിയായും യേശുവിനോട് സംസാരിച്ചുകൊണ്ടിരുന്നു എന്ന് ലൂക്കാ 9:30-ല്‍ എഴുതിയിരിക്കുന്നു. എന്തിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് ലൂക്കാ 9:31-ല്‍ എഴുതപ്പെട്ടിരിക്കുന്നു. അത് ഇങ്ങനെയാണ്: അടുത്തുതന്നെ യറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ (യേശുവിന്റെ) കടന്നുപോകലിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചത്.

ഈയവസരത്തില്‍ പ്രധാനപ്പെട്ട മൂന്ന് കടന്നുപോകലുകളെക്കുറിച്ച് പറയട്ടെ. മോശയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് വാഗ്ദാന നാടായ ഇസ്രായേലിലേക്ക് യഹൂദന്മാര്‍ നടത്തിയ പുറപ്പാട് യാത്ര എന്നറിയപ്പെടുന്ന യാത്രയാണ് ഒന്നാമത്തെ കടന്നുപോകല്‍. ഏറെ കഷ്ടപ്പെട്ടും എന്നാല്‍ ദൈവപരിപാലന അനുഭവിച്ചുമാണ് അവര്‍ വാഗ്ദാന നാട്ടില്‍ എത്തുന്നത്.

രണ്ടാമത്തെ കടന്നുപോകല്‍ ലൂക്കാ 9:31-ല്‍ പറഞ്ഞിരിക്കുന്ന യേശുവിന്റെ കടന്നുപോകലാണ്. മനുഷ്യാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള യേശുവിന്റെ യാത്രയാണിത്. ഈ യാത്രയിലെ ഏറ്റവും നിര്‍ണായകമായ സമയം യേശുവിന്റെ സഹന-മരണങ്ങളുടെ സമയമാണ്.

മൂന്നാമത്തെ കടന്നുപോല്‍ എന്നു പറയുന്നത് നമ്മള്‍ ഓരോരുത്തരുടെയും മരണം അടക്കമുള്ള ജീവിതമാണ്. ചെങ്കടലും മരുഭൂമിയും കടന്നിട്ടാണ് ഇസ്രായേല്‍ക്കാര്‍ വാഗ്ദാന നാട്ടില്‍ എത്തിയത്. ഇതുപോലെ വലിയ സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയശേഷമേ നമുക്ക് വാഗ്ദാന നാടായ സ്വര്‍ഗത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ.

വലിയ സഹനങ്ങളിലൂടെയും പീഡകളിലൂടെയും കടന്നുപോയ അനേക സ്വര്‍ഗവാസികളുടെ പ്രതിനിധികളായി മോശയും ഏലിയായും ഉണ്ട്. യേശുവിന്റെ മറുരൂപപ്പെടലും സ്വര്‍ഗത്തില്‍നിന്ന് കേട്ട സ്വരവും മോശ, ഏലിയാ എന്നിവരുടെ ദര്‍ശനവുമെല്ലാം അപ്പസ്‌തോലന്മാരെ സ്വാധീനിച്ചു.

ഇതിനെപ്പറ്റി പത്രോസ് ശ്ലീഹാ ഇങ്ങനെ എഴുതിയിരിക്കുന്നു: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് ഞങ്ങള്‍ നിങ്ങളെ അറിയിച്ചത് കൗശലപൂര്‍വം തെരഞ്ഞെടുത്ത കല്‍പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല, ഞങ്ങള്‍ അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികല്‍ ആയതുകൊണ്ടാണ്. …. സ്വര്‍ഗത്തില്‍നിന്നുള്ള ആ സ്വരം ഞങ്ങള്‍ കേട്ടു.

എന്തെന്നാല്‍, ഞങ്ങളും അവന്റെകൂടെ വിശുദ്ധ മലയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പ്രവാചക വചനത്തെപ്പറ്റി ഞങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ, പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നമുക്കും ശക്തമായ ദൈവാനുഭവം ഉണ്ടായാല്‍, ചെങ്കടലും മരുഭൂമിയും കടക്കാന്‍ എളുപ്പം കിട്ടും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?