Follow Us On

19

April

2024

Friday

മൗണ്ട് സെന്റ് തോമസിലെ മ്യൂസിയത്തില്‍ ഇനി വത്തിക്കാന്‍ കൗണ്‍സിലിന്റെ അപൂര്‍വ കാഴ്ചകളും

മൗണ്ട് സെന്റ് തോമസിലെ  മ്യൂസിയത്തില്‍ ഇനി വത്തിക്കാന്‍  കൗണ്‍സിലിന്റെ അപൂര്‍വ കാഴ്ചകളും

കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകാന്‍ ഇനി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ അപൂര്‍വ ദൃശ്യങ്ങളും വസ്തുക്കളും. സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന ഹെറിറ്റേജ് ആര്‍ട്ട് എക്‌സ്‌പോയുടെ ഭാഗമായി തയാറാക്കിയ സഭാപൈതൃകം ഓര്‍മിപ്പിക്കുന്ന പെന്‍സില്‍ സ്‌കെച്ചുകളും പുതിയ ഗാലറിയില്‍ ഇടം നേടി.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായിയായി പങ്കെടുത്ത താമരശേരി രൂപതയിലെ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപറമ്പില്‍, കൗണ്‍സിലുമായി ബന്ധപ്പെട്ട തന്റെ ശേഖരം സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തിനു കൈമാറിയിരുന്നു. കൗണ്‍സിലിലെ ഓരോ സെഷനുകളിലും വിതരണം ചെയ്ത മെഡലുകള്‍, സ്മാരകമായി തയാറാക്കിയ സ്റ്റാമ്പുകള്‍, നാണയങ്ങള്‍, സെഷനുകളില്‍ വോട്ടിംഗിനുപയോഗിച്ച പ്രത്യേകമായ കാര്‍ഡുകള്‍, പേന, കൗണ്‍സിലിലെ മെത്രാന്മാരുടെ കൈയൊപ്പുകളുള്ള ഡോക്യുമെന്റുകള്‍ എന്നിവ ശേഖരത്തിലുണ്ട്.

ദൈവാലയങ്ങളുടെ ചരിത്രവും പ്രാധാന്യവും പുതുതലമുറക്കു ചിത്രഭാഷയില്‍ കൈമാറുന്നതിനാണു ഹെറിറ്റേജ് ആര്‍ട്ട് എക്‌സ്‌പോ ഒരുക്കിയത്. ആദ്യത്തെ എക്‌സ്‌പോ നടന്ന പുരാതനമായ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കാഴ്ചകള്‍ 25 കലാകാരന്മാര്‍ ചേര്‍ന്നു കാന്‍വാസിലാക്കിയതാണു പുതിയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ പുരാതന ദേവാലങ്ങളുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നവയാണു ചിത്രങ്ങളെന്നു ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മ്യൂസിയത്തിലെ പുതിയ ഗാലറിയുടെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?