Follow Us On

23

May

2019

Thursday

നല്ല സമരിയാക്കാരനിലേക്കുള്ള വഴി

നല്ല സമരിയാക്കാരനിലേക്കുള്ള വഴി

ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാടനുഭവങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഭിന്നശേഷിയുള്ള വ്യക്തികളുടെ ക്ഷേമത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവമെന്നെ ഉപയോഗിക്കുന്നു. കോട്ടയം ജില്ലയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഭിന്നശേഷിയുള്ള വ്യക്തിയുടെ ഭവനത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ചെന്നതായിരുന്നു ഞാന്‍.

ചെറിയൊരു വീട്. ഞാനും സഹപ്രവര്‍ത്തകരും വീടിന്റെ വാതില്‍ക്കല്‍ ചെന്ന് വിളിച്ചപ്പോള്‍ 60 വയസ് പ്രായമുള്ള അമ്മ പുറത്തേക്ക് വന്നു. ആ വീട്ടില്‍ 46 വയസ്പ്രായമുള്ള ഭിന്നശേഷിയുള്ളൊരു മകനുണ്ട്. കൂടാതെ ഭര്‍ത്താവിന്റെ സഹോദരിയും. കുടുംബനാഥന്‍ മരണമടഞ്ഞിട്ട് ഒരു വര്‍ഷമായി. വൃത്തിഹീനമായ ഇരുണ്ട മുറികളാണ് ഞങ്ങളവിടെ കണ്ടത്. ഞങ്ങള്‍ ഈ സഹോദരനെ പരിചയപ്പെടുവാന്‍ ശ്രമിച്ചു. എന്നാല്‍ വീടിന്റെ ഇരുണ്ട മുറിയിലേക്ക് അയാള്‍ ഓടിയൊളിക്കുകയും ഭീതിയോടെ ഞങ്ങളെ നോക്കുകയും ചെയ്തു.

ദയനീയമായ കാഴ്ചയായിരുന്നു അത്. ബുദ്ധിവൈകല്യമുളള വ്യക്തി എങ്ങനെ കുടുംബത്തെ ബാധിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ആ കാഴ്ച. നഗ്നനായി ഓടിനടക്കുന്ന 46 വയസ് പ്രായമുള്ള മകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലാത്തൊരു പാവം അമ്മ. അവര്‍ക്ക് ഭൂമിയും പഴയൊരു പുരയിടവുമുണ്ട്, എന്നാല്‍ ദൈനംദിന ചെലവുകള്‍ക്ക്, ബുദ്ധിമാന്ദ്യമുള്ള മകന്റെ പരിരക്ഷണത്തിന് ആവശ്യമായതൊന്നും കൈയിലില്ല. രണ്ടു പ്രായമുള്ള സ്ത്രീകള്‍ ഈ വ്യക്തിയുടെ ജീവിതവുമായി ചുറ്റപ്പെട്ട് കഴിയുന്നു. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണമാണ് ആശ്രയം. നമ്മുടെ നാട്ടില്‍ ഇതുപോലെ വേദനിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്.

പട്ടാമ്പിയിലും ഞാനിതുപോലെ വിധവയായൊരമ്മയെ കണ്ടു. അവരുടെ കൂടെ 28 വയസുള്ളൊരു മകനുമുണ്ട്. മകന്‍ ബുദ്ധിമാന്ദ്യമുള്ളൊരു വ്യക്തി. ”പ്രാഥമിക ആവശ്യങ്ങള്‍ ചെയ്തു കൊടുക്കണം. ഭക്ഷണം വാരികൊടുക്കണം. വേറൊരാള്‍ കൊടുത്താല്‍ കഴിക്കില്ല.” ആ അമ്മ കരയുന്നു, ”എന്റെ കാലം കഴിഞ്ഞാല്‍ ഇവനെ ആര് നോക്കും? ഈ ചോദ്യത്തിന് മുന്നില്‍ നിറഞ്ഞ കണ്ണുകളോടെ ഉത്തരമില്ലാതെ ഞാന്‍ നിന്നു. ഇത്തരത്തിലുള്ള വ്യക്തികളുടെ മാതാപിതാക്കള്‍ നേരിടുന്ന തീവ്രവേദന വിവരിക്കുവാന്‍ വാക്കുകളില്ല.

എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇത്തരം ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കള്‍ തീരാ വേദനയുടെ നെരുപ്പാടുമായി കഴിയുന്നത്? ഉത്തരമിതാണ്, നാം അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്നിട്ടില്ല. അതുതന്നെ.

ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതത്തില്‍ ഒരു നല്ല സമരിയാക്കാരനായി കടന്നു ചെന്ന് അവരുടെ മാനസികവും ശാരീരികവുമായ ക്ഷതങ്ങള്‍ വെച്ചുകെട്ടിയാല്‍ അതിനേക്കാള്‍ വലിയൊരു പുണ്യപ്രവൃത്തി മറ്റൊന്നുണ്ടെ ന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രയേറെ തീവ്രവേദനയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇത്തരം കുടുംബങ്ങളിലൊന്ന് ഒരുപക്ഷേ നമ്മുടെ നാട്ടിലും ഉണ്ടാകും. നാം അകന്ന് നിന്ന് വീക്ഷിക്കുന്നവര്‍, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു കടന്നുപോ കുന്നവര്‍. അവരുടെ ബന്ധുവായി മാറാന്‍ കഴിയുന്നതൊരു പുണ്യമാണ്.

സുകൃതമെന്ന നിലയില്‍ ചിലരെങ്കി ലും വിവാഹവാര്‍ഷികമോ പിറന്നാള്‍ ദിനങ്ങളിലോ നിരാലംബരുടെ ഭവനങ്ങളില്‍ എന്തെങ്കിലും വാങ്ങിച്ച് നല്‍കി ഓടി അകലുമ്പോള്‍, ക്രിസ്തു പറയുന്ന യഥാര്‍ത്ഥ സമരിയാക്കാരനായി മാറുന്നുണ്ടോയെന്ന് ചിന്തിക്കണം. കുരിശിന്റെ വഴിയില്‍ നാം വേറോനിക്കയെ അനുസ്മരിക്കാറുണ്ട്. സഹതാപത്തോടെയല്ല അവള്‍ ക്രിസ്തുവിനെ നോക്കിയത്. തിരുമുഖം ഒപ്പിയെടുക്കാന്‍ പരിഹാസമുതിര്‍ക്കുന്ന ജനക്കൂട്ടത്തിലൂടെ മുന്നോട്ട് വന്നു. സമൂഹം അവഗണിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ നോമ്പുകാലത്ത് നമുക്ക് കഴിയട്ടെ.

അഡ്വ. ഫെബി ലിയോ മാത്യു
(ലീഗല്‍ കണ്‍സള്‍ട്ടന്റ്, NIEPMD Govt.of India)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?