Follow Us On

24

May

2019

Friday

സാഹോദര്യത്തിന്റെ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കാം

സാഹോദര്യത്തിന്റെ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കാം

അഞ്ചു വയസും ഒമ്പതു മാസവും മാത്രം പ്രായമുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മയും രാജ്യത്തിന്റെ നൊമ്പരമായി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി വെള്ളിയാഴ്ച രാത്രി ഫസാന്‍ എന്ന അഞ്ചു വയസുകാരന്‍ ആഹ്ലാദത്തോടെ ഉറങ്ങാന്‍ കിടന്നതാണ്. ഗ്രാമവാസികളുടെ മനസില്‍ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും മനസിലാക്കാനുള്ള പ്രായം അവന് ഉണ്ടായിരുന്നില്ല.

സ്‌കൂള്‍ തുറക്കുമ്പോള്‍ കൂട്ടുകാരോട് പറയാനുള്ള വിശേഷങ്ങളൊക്കെ മനസില്‍ കരുതിയിട്ടുണ്ടാകണം. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഏതാനും ദിവസങ്ങളായി സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. ഒമ്പതു മാസം പ്രായമുള്ള തന്റെ കുഞ്ഞനുജത്തി ഷബ്‌നവിനോട് പതിവുപോലെ അവന്‍ വിശേഷങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഫസാനും ഷബ്‌നവും അവരുടെ അമ്മ റുബാനയും പിറ്റേന്നത്തെ പുലരി കണ്ടില്ല.

ആ രാത്രിയില്‍ പാക്കിസ്ഥാന്‍ പട്ടാളം വര്‍ഷിച്ച വെടിയുണ്ടകള്‍ നിഷ്‌കളങ്കരായ രണ്ടു കുഞ്ഞുങ്ങളുടെയും അവരുടെ അമ്മയുടെയും ജീവനെടുത്തു. പിതാവ് മൊഹദ് യൂനിസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുമായി. ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ സലോത്രിയിലാണ് അവരുടെ ഭവനം.

ഒരു യുദ്ധം ഉണ്ടായാല്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്നതിന്റെ സൂചനയാണ് ഫസാനും ഷബ്‌നവും റുബാനയുമൊക്കെ. നഷ്ടപ്പെട്ട മൂന്ന് ജീവനുകളുടെ നഷ്ടം മനുഷ്യന് ഒരുവിധത്തിലും നികത്താനാവില്ല. കാഷ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്ക്കുന്നത്. അനേകര്‍ രക്ഷാകേന്ദ്രങ്ങളില്‍ അഭയംതേടിയിരിക്കുന്നു. സൈനിക നടപടികളുടെ ചിത്രങ്ങളും വാര്‍ത്തകളും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിയുമ്പോള്‍ ക്രിക്കറ്റ് മാച്ച് കാണുന്ന ലാഘവത്തോടെയാണ് പലരും കാണുന്നത്.

യുദ്ധത്തിന്റെ ഭീകരതയോ അതിന്റെ ദുരിതങ്ങളോ നമുക്ക് പരിചിതമല്ല. അതൊക്കെ അകലങ്ങളില്‍ എവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രം. യുദ്ധങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളെയെ ബാധിക്കൂ എന്നത് തെറ്റിദ്ധാരണയാണ്. യുദ്ധങ്ങള്‍ സമ്മാനിക്കുന്നത് എപ്പോഴും നഷ്ടങ്ങള്‍ മാത്രമാണ്. വിലപ്പെട്ട മനുഷ്യ ജീവനുകളാണ് അതു കവര്‍ന്നെടുക്കുന്നത്.

സമ്പത്തും മറ്റു പുരോഗതികളും നിമിഷങ്ങള്‍ക്കൊണ്ട് ഇല്ലാതാകും. ഒരു യുദ്ധത്തിനും ഇന്നുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. മുറിവേറ്റ മനസോടെയാണ് യുദ്ധങ്ങള്‍ അവസാനിക്കുന്നത്. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ തോല്‌വി സമ്മതിക്കുന്നവര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിടുന്നതുപോലും ശത്രുവിനെ തകര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടായിരിക്കും. അത് ഒളിപ്പോരിന്റെയും ചാവേര്‍ ആക്രമണങ്ങളുടെയും രൂപത്തിലും എത്താം.

അതിര്‍ത്തിയില്‍ രൂപപ്പെട്ട സംഘര്‍ഷങ്ങളുടെ ഫലമായി രണ്ടു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ രണ്ടു ഭാഗത്തും ഉണ്ടാകാവുന്ന ആള്‍ നഷ്ടങ്ങളും മറ്റു ദുരിതങ്ങളും എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുംമൂലം തകര്‍ന്നുപോയ രാജ്യങ്ങള്‍ പട്ടിണിയുടെയും അരക്ഷിതമായ സാഹചര്യങ്ങളുടെയും നടുവിലാണ്.

ഒരുകാലത്ത് സമ്പന്നമായിരുന്നു അവയില്‍ പല രാജ്യങ്ങളും. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരെയായിരിക്കും. രാജ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഏതൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുദ്ധം ഉണ്ടായാല്‍ അതിന്റെ പരിണതഫലം എന്തായിത്തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാലാവസ്ഥയെവരെ ബാധിക്കുമെന്നാണ് നിരീക്ഷണങ്ങള്‍. വ്യക്തികള്‍ തമ്മില്‍ എന്നതുപോലെ രാജ്യങ്ങള്‍ തമ്മിലും കൂടുതല്‍ ഐക്യവും സഹകരണവുമാണ് കാലം ആവശ്യപ്പെടുന്നത്.

മനുഷ്യരില്‍ വെറുപ്പും ഭിന്നതയും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ തിന്മയാണ്. ഭിന്നതയുടെ വിത്തുകള്‍ വിതയ്ക്കുന്നത് അവനാണ്. മനുഷ്യര്‍ പൊരുതി മരിക്കുമ്പോള്‍ തിന്മ സന്തോഷിക്കും. സമാധാന അന്തരീക്ഷം ഇല്ലെങ്കില്‍ ആര്‍ക്കും സന്തോഷിക്കാനാവില്ല. ദൈവം വലിയ ദൗത്യങ്ങളുമായി ഭൂമിയിലേക്ക് അയക്കുന്ന ജീവനുകളെയാണ് മനുഷ്യന്റെ അക്രമവാസനകളില്‍നിന്നും രൂപംകൊള്ളുന്ന യുദ്ധങ്ങള്‍ കവര്‍ന്നെടുക്കുന്നത്. ലോകത്തില്‍ എവിടെയും സമാധാനം പുലരണം.

സമാധാന ശ്രമങ്ങളെ തുറന്ന മനസോടെ സമീപിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരേണ്ട കാലമാണിത്. നിഷ്‌കളങ്കരുടെ ജീവന്‍ അപഹരിക്കുന്ന സംഘര്‍ഷങ്ങള്‍ എന്നേക്കുമായി ഇല്ലാതാകണം. ജീവിക്കാന്‍ ദൈവം തന്ന അവസരവും അതിനായി ഒരുക്കിയ ഭൗതിക സാഹചര്യങ്ങളും തകര്‍ക്കുന്ന യുദ്ധങ്ങള്‍ക്കുപകരം സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കാന്‍ നമുക്ക് ആഗ്രഹിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?