Follow Us On

24

May

2019

Friday

നഷ്ടം മൂന്ന്: മക്കള്‍

നഷ്ടം മൂന്ന്: മക്കള്‍

”ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15:32).

ഏതൊരാളുടെ ജീവിതകാണ്ഡത്തിനും മൂന്ന് അധ്യായങ്ങള്‍ കണ്ടേക്കാം: മഹത്വത്തിന്റെ കാലം, മഹത്വം നഷ്ടപ്പെടുന്ന കാലം, വീണ്ടെടുപ്പിന്റെ കാലം. നഷ്ടമായ ആടിനും നാണയത്തിനും മകനുമുണ്ട് ഇങ്ങനെ മൂന്നു ഭാഗം. മഹത്വകാലത്തെക്കുറിച്ചുള്ള ഓര്‍മയും പ്രത്യാശയുമാണ് വീണ്ടെടുപ്പിന് വഴിതെളിക്കുന്നത് എന്നും കാണാം.

ഒരു പിതാവിന് രണ്ടുമക്കള്‍ നഷ്ടമാകുന്ന കഥയാണ് ലൂക്കാ 15-ലെ അവസാന ഭാഗം. ഒരാള്‍ വീടിനകത്ത് നഷ്ടമാകുന്നു, മറ്റൊരാള്‍ വീടിനു പുറത്തും. വീടിനു പുറത്ത് നഷ്ടമാകുന്നവന്‍ തിരിച്ചുവരുന്നുണ്ട്, വീടിനകത്തേക്ക്. പക്ഷേ, വീടിനകത്ത് നഷ്ടമാകുന്നവനെക്കുറിച്ച് വിശദമാക്കാതെ ഉപമ അവസാനിച്ചു. ദൈവകല്പനകള്‍ കാക്കുന്നതിന്റെ ബലത്തില്‍ അകത്തു ജീവിക്കുന്നവര്‍ക്ക് എന്നും ഇതൊരു താക്കീതായിരിക്കട്ടെ എന്നതുകൊണ്ടാകാം മൂത്തമകന്റെ കഥയുടെ അവസാനം വ്യക്തമാക്കാതിരുന്നത്.

രണ്ട് മക്കളുടെ കഥകള്‍ ബൈബിളിലുടനീളമുണ്ട്. അതില്‍ കായേല്‍-ആബേല്‍ തുടങ്ങി ഇസ്മയേല്‍-ഇസഹാക്ക് മുതല്‍ ഏസാവ്-യാക്കോബ് വരെയും തുടര്‍ന്നും നീളുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ലോകത്തില്‍ രണ്ടുകൂട്ടം മനുഷ്യരേയുള്ളൂ. ദൈവപഥത്തില്‍ സഞ്ചരിക്കുന്നവരും അല്ലാത്തവരും. വീടിന് പുറത്തു കഴിയുന്നവരും അകത്തു കഴിയുന്നവരും.

ആ വീട്ടില്‍ എന്തില്ലാഞ്ഞിട്ടാണ് അന്ന് ആ ഇടയപുത്രന്‍ വീടുവിട്ടിറങ്ങിയത്? പ്രത്യേക പരിരക്ഷയും ആനുകൂല്യങ്ങളും സ്‌നേഹവും അവന്‍ അനുഭവിച്ചിരുന്നു എന്നു വ്യക്തം. അതുകൊണ്ടല്ലേ, അവന്‍ മടങ്ങിവന്നതിന്റെ ആഘോഷം മൂത്തവന് തീരെ ഇഷ്ടപ്പെടാതെ പോയത്. അഹങ്കാരമാണ് വിരുന്നുമേശയില്‍നിന്നും ഇളയപുതരനെ അകറ്റിയത്. ഒരു ദിവസംകൊണ്ട് സംഭവിച്ചതുമല്ല. പതുക്കെപ്പതുക്കെ പിതൃഭവനത്തില്‍നിന്നും അവന്‍ അകലം സൂക്ഷിക്കുന്നത് ഈ അപ്പന്‍ ശ്രദ്ധിക്കുന്നുണ്ട്. വീടുവിട്ടിറങ്ങുന്നതിനുമുമ്പേ, അവന്‍ ആ അപ്പന്റെ മനസില്‍നിന്നും ഇറങ്ങിപ്പോയിരുന്നു.

അതുകൊണ്ടാണ്, ഒരു കൂസലുമില്ലാതെ പിതൃസ്വത്ത് ചോദിക്കാന്‍ അവന്‍ ധൈര്യപ്പെടുന്നത്. അവന്റെ ഉള്ളില്‍ അപ്പന്‍ എന്നേ മരിച്ചു. ഇനി ഭാഗം വച്ച് കിട്ടിയാല്‍ മതി. മകനെങ്കിലും ദാസനെപ്പോലെ ജീവിക്കാന്‍ തുടങ്ങിയിട്ട് ദിനങ്ങള്‍ പലതു കഴിഞ്ഞു. സ്വാതന്ത്ര്യം വേണമവന്, നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം. അഹങ്കാരം ഒരുവനില്‍ കൊടുക്കുന്ന പൊള്ളയായ വാഗ്ദാനമാണ് ഒടുങ്ങാത്ത സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്ത് ഒടുക്കമത് വിലക്കുകള്‍ ഒന്നുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ നരകമായി മാറുന്ന കാഴ്ചയല്ലേ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്.

കഠിനക്ഷാമമോ പരദേശിയെപ്പോലെ നടന്നതോ ഒന്നും അവന്റെ അഹങ്കാരത്തെ ശമിപ്പിച്ചില്ല. പന്നിയെയും മേച്ചു. അതിനെക്കാള്‍ മോശമായി സ്ഥിതി. ജീവിതത്തില്‍ എല്ലാ മുള്ള കാലത്തില്‍ ഇല്ലാത്ത ചില സുബോധങ്ങള്‍ എല്ലാം കൈവിടുമ്പോള്‍ മനുഷ്യനുണ്ടാകും. അവന്‍ ധൂര്‍ത്തടിച്ചത് വെറും സ്വത്തല്ല. അപ്പന്റെ സ്‌നേഹമാണ്.

മറ്റൊരര്‍ത്ഥത്തില്‍, അവന്‍ ധൂര്‍ത്തടിച്ചത് അവന്റെതന്നെ സാരാംശത്തെയാണ് (‘പിതൃസ്വത്ത്’ എന്ന വാക്കിന് ഗ്രീക്കുഭാഷയില ലൂക്കാ ഉപയോഗിക്കുന്നത് ‘സാരാംശം’ എന്നതിനുള്ള പദമാണ്). അതുകൊണ്ടാണ് ”അവന്‍ തന്നിലേക്കുതന്നെ കടന്നുചെന്നു” (ലൂക്കാ 15:17) അഥവാ ‘അവനു സുബോധമുണ്ടായി’ എന്നു കാണുന്നത്. അപ്പന്റെ മാറില്‍നിന്നും ഇറങ്ങിപ്പോകുന്നവരൊക്കെ തന്റെതന്നെ സാരാംശത്തില്‍നിന്നും ഇറങ്ങിപ്പോകുന്നവരാണ്.

ഇനി അപ്പനിലേക്കു വരാം. ചിലര്‍ ചോദിച്ചേക്കാം, എന്തുകൊണ്ട് ഈ അപ്പന്‍ മകനെത്തേടി ഇറങ്ങിയില്ല. ദൈവം നല്‍കുന്ന സ്വാതന്ത്ര്യം ദൈവത്തിനെതിരെപോലും തിരിയാനുള്ള സ്വാതന്ത്ര്യമാണെന്നോര്‍ക്കുക. അപ്പനെതിരെ തിരിഞ്ഞാലും മക്കളുടെ ഇഷ്ടങ്ങളില്‍ ഈ പിതാവ് കൈകടത്തില്ല.

ഇളയപുത്രന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ ഒടുക്കം എന്തായിരിക്കുമെന്നും ഈ അപ്പന് ഊഹിക്കാമായിരുന്നു. എന്നിട്ടും അവന്റെ സ്വാതന്ത്ര്യത്തില്‍ അപ്പന്‍ കൈകടത്തുന്നില്ല. മാത്രവുമല്ല, അപ്പന്റെ നെഞ്ചില്‍നിന്നും മകന്‍ ഇറങ്ങിപ്പോയെങ്കിലും ഇപ്പോഴും അപ്പന് അവന്‍ മകന്‍തന്നെയാണ്. അവനിപ്പോഴും അപ്പന്റെ സ്‌നേഹത്തിലുണ്ട്.

അപ്പന് മകനെ അറിയാം, മകന് അപ്പനെ ഇനിയും പൂര്‍ണമായി പിടികിട്ടിയിട്ടില്ല. ലോകത്തില്‍ എവിടെപ്പോയാലും – ഏതെല്ലാം വസ്തുക്കളുടെയും വ്യക്തികളുടെയും പുറകെ പോയാലും – ഈ അപ്പനെക്കാള്‍ സ്‌നേഹം കൊടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ചങ്കുറപ്പുണ്ട് ഈയപ്പന്.

അതുകൊണ്ടുതന്നെ അവന്‍ തിരിച്ചുവരുമെന്ന ഉറപ്പിലാണയാള്‍. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നില്ലേ, എന്നെ സൃഷ്ടിച്ച എന്റെ ദൈവത്തിന് എന്നെക്കൂടാതെ എന്റെമേല്‍ ഒന്നും ചെയ്യാനാകില്ല എന്ന്. സ്വന്തം ഇഷ്ടത്തില്‍ ഇറങ്ങിപ്പോകുന്നവന്റെ ഒരു സ്വാതന്ത്ര്യത്തിലും കൈകടത്താന്‍ ഈ പിതാവില്ല.

മക്കള്‍ ഭവനം വിട്ടിറങ്ങുമ്പോള്‍ അലറിക്കരയുന്ന പല മാതാപിതാക്കളും അവരുടെ തിരിച്ചുവരവില്‍ ഉത്സവം സൃഷ്ടിക്കാന്‍ മറന്നുപോകുന്നു. അവര്‍ ഇറങ്ങിപ്പോകട്ടെ, തിരിച്ചുവരും, ഈ അപ്പന്റെ ഉറപ്പ് നിങ്ങള്‍ക്കുണ്ടെങ്കില്‍. ശരിയാണ്, അന്നുമുതല്‍ അവന്‍ ഇറങ്ങിപ്പോയ ദിനം മുതല്‍ കാത്തിരിപ്പിലാണ് ഈ പിതാവ്.

മക്കള്‍ വിരുന്നുമേശയില്‍നിന്നും ഇറങ്ങിപ്പോയാല്‍ ജലപാനമില്ലാതെ കാത്തിരിക്കാന്‍ മാത്രമല്ലേ പിതാവിനാകൂ. അവസാന പാപി മടങ്ങിവരുന്നതും നോക്കി സ്വര്‍ഗപിതാവ് കാത്തിരിപ്പിലാണ്. ഉറക്കമില്ല, മയക്കമില്ല (സങ്കീ. 121:3). മടങ്ങിയെത്തുമ്പോള്‍ സ്‌നേഹവും കരുണയുംകൊണ്ട് കിരീടമണിയിക്കുന്നു (സങ്കീ. 103:4).

മകന്റെ തിരിച്ചുവരവില്‍ നിയന്ത്രണംവിട്ട് ആഘോഷിക്കുന്ന പിതാവ്. മടങ്ങിവരുന്ന പുത്രനെ സ്‌നേഹചുംബനത്തില്‍ അപ്പന്‍ ന്യായീകരിക്കുമ്പോള്‍ മൂത്തമകന് ഇത് മനസിലാകുന്നില്ല. അല്ലെങ്കിലും സ്വര്‍ഗത്തിലെ അപ്പന്റെ സ്‌നേഹം ആര്‍ക്കാ മനസിലാകുന്നത്? അവന്റെ നീതിയില്‍ കല്പന ലംഘിച്ചവന്‍ എക്കാലത്തേക്കും പുറത്തുപോകണം. പിതൃഭവനം വിട്ടിറങ്ങിയവന് ഇനി പ്രവേശനമില്ല.

ഇളയപുത്രന്‍ മകന്റെ സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ മൂത്തപുത്രന്‍ ദാസന്റെ സ്ഥാനത്തേക്ക് നിലംപതിക്കുന്നു. അതുകൊണ്ടല്ലേ അവന്‍ പറഞ്ഞത്, എത്ര വര്‍ഷമായി ഞാനങ്ങേക്ക് ദാസ്യവേല ചെയ്യുന്നുവെന്ന്. സ്‌നേഹമില്ലാതെ ശുശ്രൂഷ ചെയ്താല്‍ പിതൃഭവനത്തിലെ ജോലികള്‍ അടിമപ്പണിയായി തോന്നാന്‍ തുടങ്ങും.

സ്‌നേഹമില്ലാതെ പ്രാര്‍ത്ഥിക്കാം, പ്രസംഗിക്കാം, ബലി നടത്താം. സ്‌നേഹമില്ലാതെ വരുമ്പോള്‍ ആരാധന അനുഷ്ഠാനമാകും. സ്‌നേഹത്തില്‍ ചെയ്യുന്നതൊന്നിനും നിങ്ങള്‍ കണക്കു സൂക്ഷിക്കില്ല. സ്‌നേഹം മങ്ങുമ്പോള്‍ കണക്കു പറയാന്‍ തുടങ്ങും. സ്‌നേഹത്തില്‍ നിറയുമ്പോള്‍ അപ്പന്റേതെല്ലാം എന്റേതെന്ന് അനുഭവപ്പെടും (ലൂക്കാ 15:31).

പ്രാര്‍ത്ഥന: സ്വന്തം മാറില്‍നിന്നും കുതറി മാറിയിട്ടും എന്നെ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹപിതാവേ, ഞാന്‍ ദൈവത്തിന്റെ മകനാണ്, മകളാണ് എന്ന സത്യം വിസ്മരിക്കാന്‍ എന്നെ അനുവദിക്കരുതേ!

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

**************************************************************

ഓഡിയോവേർഷൻ കേൾക്കാൻ:

Download Radio Wind –

App Store   |   Play Store

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?