Follow Us On

14

April

2021

Wednesday

ഹൃദയപരിവര്‍ത്തനമുണ്ടാകട്ടെ!

ഹൃദയപരിവര്‍ത്തനമുണ്ടാകട്ടെ!

‘കുരിശിന്റെ വഴി’ യേശുവിന്റെ പീഡാനുഭവ യാത്രയിലുള്ള പങ്കുചേരലാണ്. കുരിശിന്റെ വഴി ഒരു അനുഷ്ഠാനം മാത്രമല്ല, അനുഭവം കൂടിയാണ്. യേശു നടന്നുപോയ വഴിയും നാം നടന്നുപോകേണ്ട വഴിയും നാം മറ്റുള്ളവരെ നടത്തിക്കൊണ്ടുപോകുന്ന വഴിയുമാണ്. സഹനങ്ങളില്‍ കുരിശിന്റെ വഴി നമുക്കൊരു വഴികാട്ടിയാണ്.

യേശുവിന്റെ ജീവിതം സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും പ്രകാശത്തിന്റെയും മഹിമയുടെയും രഹസ്യമാണ്. ഈ രഹസ്യങ്ങളില്‍ ജീവിതത്തിന്റെ ഒരു പ്രതിഫലനം നാം കാണുന്നു. ഈ മണ്ണില്‍ ജനിക്കുന്നത് ദുഃഖിക്കാന്‍വേണ്ടി മാത്രമല്ല, സന്തോഷിക്കാനും സന്തോഷിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണെന്ന് കുരിശിന്റെ വഴിയില്‍ നാം ഓര്‍മിക്കുന്നു.

ജീവിതം സുഖദുഃഖ സമ്മിശ്രമാണെന്നും ഈ സുഖങ്ങളും ദുഃഖങ്ങളും നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത് ഉയിര്‍പ്പെന്ന പ്രത്യാശയുടെ പച്ചപ്പുല്‍പ്പുറങ്ങളിലാണെന്നും നമ്മളറിയുന്ന ഭക്ത്യാനുഷ്ഠാനമാണ് കുരിശിന്റെ വഴി. ‘കര്‍ത്താവ് എന്റെ ഇടയനാകുന്നു. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല’ എന്നു വിശ്വസിക്കാന്‍ ശക്തി തരുന്ന തിരുക്കര്‍മമാണ് കുരിശിന്റെ വഴി.

യേശുവിന്റെ ജീവിതം ജറുസലെം ലക്ഷ്യമാക്കിയുള്ള ഒരു യാത്രയായാണ് വിശുദ്ധ ലൂക്കാ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. യാത്രയുടെ അന്ത്യത്തില്‍ തടവിലാക്കപ്പെടുകയും വിധിക്കപ്പെടുകയും പീഡിപ്പിക്കപ്പെട്ട് കുരിശില്‍ മരിക്കേണ്ടിവരുകയും ചെയ്യുമെന്നും യേശുവിനറിയാമായിരുന്നു. ഭയാനകമായ ആ അന്ത്യം നേരിടാനുള്ള ആത്മീയമായ ഒരുക്കത്തിലായിരുന്നു യേശു തന്റെ ജീവിതയാത്രയില്‍ മുഴുവന്‍. പിതാവിന്റെ ഹിതമനുസരിച്ച് ജീവിക്കണം.

ലക്ഷ്യത്തിലെത്തുന്നതുവരെ വിശ്രമമില്ല. തിരിഞ്ഞുനോട്ടമില്ല. യേശു എപ്പോഴും ജറുസലെമിനെ നോക്കി, കാല്‍വരിയെ ഉറ്റുനോക്കി, മുന്നോട്ടു യാത്ര തുടര്‍ന്ന വ്യക്തിയാണ്. ഒരു ക്രിസ്ത്യാനിയുടെ ജീവിതശൈലിയും ഈ മാതൃകയിലാകണം. ”എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെയെന്നാണ് യേശു പഠിപ്പിച്ചത്” (ലൂക്കാ 14:27).

ജീവിതം ഒരു യാത്രയാണ്. നമ്മെ കാത്തിരിക്കുന്ന ദൈവത്തിലേക്കുള്ള അനുസ്യൂതമായ യാത്ര. ഈ യാത്ര നമുക്ക് ക്രിസ്തുവിനോടൊപ്പമാക്കാം. ക്രൂശിതനോടുകൂടെയുള്ള യാത്ര ധന്യമായ യാത്രയായിരിക്കും. അതുകൊണ്ട് കുരിശിന്റെ വഴി നടത്തുമ്പോള്‍ അതൊരു തീര്‍ത്ഥയാത്രയാണ്, പുണ്യയാത്രയാണ് എന്ന് ഓര്‍മിക്കണം.

എല്ലാ വര്‍ഷവും ദുഃഖവെള്ളിയാഴ്ച വൈകുന്നേരം പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ റോമിലെ കോളോസെവും എന്ന സ്ഥലത്ത് കത്തോലിക്കര്‍ കുരിശിന്റെ വഴി നടത്തുന്നുണ്ട്. ആദിമ സഭയിലെ ധാരാളം ക്രിസ്ത്യാനികള്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ കൊടുത്ത, അനേകായിരം ക്രിസ്ത്യാനികളുടെ ഓര്‍മകളാണ് ഈ പുരാതനാവശിഷ്ടങ്ങള്‍. അവിടെവച്ച് കുരിശിന്റെ വഴി നടത്തുന്നതുവഴി ക്രിസ്തുവിനുവേണ്ടി മരിച്ച രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുകയാണ്.

വിശ്വസിച്ചാല്‍ പോരാ വിശ്വാസത്തിന് വിലകൊടുക്കാനും തയാറാകണം എന്ന് കോളോസെവും നമ്മെ ഓര്‍മപ്പെടുത്തുന്നു. കുരിശിന്റെ വഴി അനുഷ്ഠാനമാക്കിയവരല്ല അവര്‍, മറിച്ച് ജീവിതയാഥാര്‍ത്ഥ്യമാക്കിയവരാണ്. അതുകൊണ്ട് നമ്മള്‍ നടത്തുന്ന കുരിശിന്റെ വഴി രക്തസാക്ഷികളെക്കുറിച്ചുള്ള ഓര്‍മ പുതുക്കല്‍ കൂടിയാണ്. വിശ്വാസം ആഡംബരമല്ല, ജീവിതശൈലിയാണെന്ന് ഓര്‍മിക്കാം.

കുരിശിന്റെ വഴി ഒരു ഭൂതകാല സ്മരണ അയവിറക്കുന്നതു മാത്രമല്ല, ഇന്നിന്റെ മനുഷ്യരുടെ സഹനങ്ങളെയും വേദനകളെയും കുറിച്ചുള്ള ധ്യാനംകൂടിയാണ്. പീഡിതരോടുള്ള ആഭിമുഖ്യം പ്രഖ്യാപിക്കലാണ്. പാവങ്ങളോടുള്ള പക്ഷംചേരലാണ്. പാവങ്ങള്‍ക്ക് പരിഗണനാത്മകമായ സ്‌നേഹം നല്‍കാനുള്ള ഉള്‍വിളി കേള്‍ക്കലാണ്. ഇന്നിന്റെ വേദനകളാണ് യേശുവിന്റെ കുരിശില്‍ ധ്യാനിക്കേണ്ടത്. സഹോദരങ്ങളുടെ വേദനകളാണ് കുരിശില്‍ ധ്യാനിക്കേണ്ടത്.

സഹോദരങ്ങളുടെ വേദനകളാണ് കുരിശിന്റെ വഴിയില്‍ നമ്മെ ഉണര്‍ത്തേണ്ടത്. സഹോദരങ്ങളുടെ വേദനകളില്‍ മറ്റൊരു ശിമയോന്‍ ആകാന്‍ നമുക്ക് കഴിയുമോ? വിയര്‍ത്തൊലിച്ച, രക്തം പുരണ്ട മുഖങ്ങള്‍ വേറോനിക്കയെപ്പോലെ ഒരു കൊച്ചുതൂവാലയെടുത്ത് ഒപ്പിക്കൊടുക്കുവാന്‍ കഴിയുമോ? വേദനിക്കുന്ന സഹോദരങ്ങളില്‍ ക്രിസ്തുവിന്റെ മുഖം പ്രകാശിക്കുന്നുവെന്ന് മനസിലാക്കാനുള്ള മാനസാന്തരമാണ് കുരിശിന്റെ വഴിയില്‍ ലഭിക്കേണ്ടത്.

വ്യക്തിപരമായും സമൂഹപരമായും ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരമായും പാപത്തിന്റെ വഴിയില്‍നിന്ന് പിന്തിരിയാനുള്ള ആഹ്വാനമായും കുരിശിന്റെ വഴി മാറണം. കുരിശിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ പുനര്‍ നിര്‍മാണത്തിന്റെയും പുനര്‍ജനനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രക്രിയ നമ്മില്‍ ആരംഭിക്കണം. പാപം ചെയ്യുന്നത് നിര്‍ത്തണം.

പാപവഴികള്‍ ഉപേക്ഷിച്ച് പുണ്യത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയണം. കുരിശിന്റെ വഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ പശ്ചാത്താപത്തിന്റെ ചുടുകണ്ണുനീര്‍ പൊഴിയണം. തെറ്റുകള്‍ പൊറുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കണം. മറ്റുള്ളവരോട് ക്ഷമിക്കാനുള്ള നവമായ ഹൃദയവും ഉണ്ടാകണം. അതുകൊണ്ട് കുരിശിന്റെ വഴി അനുരഞ്ജനത്തിന്റെ വഴിയാണെന്ന് പറയാം.

കുരിശിന്റെ വഴി ഒരു വിശുദ്ധ കാഴ്ചയാണ്. ഈ കാഴ്ചയില്‍ പങ്കെടുക്കുന്നത് ആന്തരികനവീകരണം നമ്മില്‍ സംഭവിക്കുന്നതിനാണ്. വിശുദ്ധ ലൂക്കാ യേശുവിന്റെ പീഡാനുഭവവും മരണവും ഒരു ഡ്രാമ പോലെയാണ് അവതരിപ്പിക്കുന്നത്. ഈ ഡ്രാമ കണ്ട് നമ്മില്‍ ഹൃദയപരിവര്‍ത്തനമുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകാം.

”ഈ സംഭവങ്ങളെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ട് തിരിച്ചുപോയി” (ലൂക്കാ 23:47-48). അവര്‍ക്ക് ഹൃദയപരിവര്‍ത്തനമുണ്ടായി എന്നര്‍ത്ഥം. നമ്മിലും അതുണ്ടാകട്ടെ.

ബിഷപ് ഡോ. വര്‍ഗിസ് ചക്കാലക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?