Follow Us On

26

March

2019

Tuesday

ഉത്ഥാനവെളിച്ചം പകര്‍ന്ന്…

ഉത്ഥാനവെളിച്ചം പകര്‍ന്ന്…

രണ്ടു കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ടിട്ടും സംഗീത ലോകത്തെ കൈപ്പടിയിലൊതുക്കി കീബോര്‍ഡില്‍ തന്റെ കൈവിരലുകള്‍ കൊണ്ട് സ്പത സ്വരങ്ങള്‍ക്ക് നാദം പകരുകയാണ് വയനാട്ടുകാരന്‍ ജോസി. പെരുമ്പാവൂരില്‍ നിന്നും വയനാട്ടിലേക്കു കുടിയേറിയ അലിയാട്ടുകുടി ജോസഫ്-റോസമ്മ ദമ്പതികളുടെ 2 ആണ്‍മക്കളില്‍ ഇളയവനായി 1954-ലാണ് ജോസി ജനിച്ചത്.

കഴിഞ്ഞ നാലുപതിറ്റാണ്ടുകള്‍ സംഗീത ലോകത്തെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന് അനവധി ശിഷ്യഗണങ്ങളുമുണ്ട്. തന്റെ അഞ്ചാമത്തെ വയസില്‍ ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു വന്നതായി ജോസി ഓര്‍മിച്ചെടുക്കുന്നു. എട്ടാം വയസില്‍ ആ കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു.  ക്രമേണ അടുത്ത കണ്ണിന്റെ കാഴ്ചയും മങ്ങി തുടങ്ങുകയായിരുന്നു. 1971-ല്‍ തന്റെ 17-ാമത്തെ വയസില്‍ ആ കണ്ണും ഓപ്പറേഷനു വിധേയമാക്കി.

എന്നാല്‍ അതോടെ ആ കണ്ണും പൂര്‍ണമായി അന്ധതയിലായി. ലോകത്തിന്റെ പ്രകാശം കാണാനാകാതെ പൂര്‍ണ്ണമായി അന്ധകാരത്തിലായ ജോസിക്ക് വീടിനുള്ളില്‍ ഒതുങ്ങി കഴിയാനായിരുന്നു വിധി. വീട്ടിലിരുന്നു ട്യൂഷന്‍ നടത്തി ഏകാന്തതയ്ക്കു വിരാമമിട്ട ജോസിയെ അദ്ദേഹത്തിന്റെ കസിന്‍ ബ്രദര്‍ തോമസ് നിര്‍ബന്ധിച്ചു സംഗീതം പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

അക്കാലത്തെ പ്രശസ്ത ആശാന്‍ ആയിരുന്ന ഇഗ്നേഷ്യസിന്റെ കീഴിലായിരുന്നു പഠനം. സംഗീതം തന്റെ കണ്ണുകളായി തന്നെ വഴി നടത്തുമെന്ന് വിശ്വസിച്ച ജോസിചേട്ടന്‍ അള്‍ത്താരയില്‍ ദിവ്യനാഥന്റെ സന്നിധിയില്‍ ഹര്‍മോണിയം വായിച്ചുകൊണ്ട് ജീവിതത്തിന്റെ ദുഃഖവെള്ളികളെ ഉത്ഥാനാനുഭവമാക്കി.

ഫാ.തോമസ് തട്ടകത്തിന്റെ നിര്‍ലോഭമായ പ്രോത്സാഹനവും സഹകരണവും ജോസിക്ക് കൂടുതല്‍ പ്രചോദനമായി. മാനന്തവാടി ടൗണ്‍ അമലോത്ഭവ മാതാ ദേവാലയ ഇടവകാംഗമായ ജോസി 1980ല്‍ വാകേരി പുതുമനക്കുടി കുഞ്ഞമ്മയെ സഹധര്‍മ്മിണിയാക്കി.  ഷെറിന്‍, മിഥുന്‍ എന്നിവരാണ് മക്കള്‍. ഷെറിന്‍ വിവാഹിതയായി. മിഥുന്‍ സംഗീത ഉപകരണങ്ങളുടെ വില്പനക്കാരനാണ്. മ്യൂസിക് ഇന്‍സ്ട്രുമെന്റ് ഷോപ്പ് മാനന്തവാടിയില്‍ നടത്തുന്നു.

അള്‍ത്താരയില്‍ നിന്നും ആരംഭിച്ച സംഗീത ജീവിതം 1978കളില്‍ ഗാനമേള ട്രൂപ്പുകളിലൂടെ സജീവമാകുകയായിരുന്നു. രാഗതരംഗം എന്ന പ്രശസ്ത ഗാനമേള ട്രൂപ്പിന്റെ കടന്നുവരവില്‍ അതിന്റെ ഡയറക്ടറായി ജോസി. 13 കലാകാരന്മാരുടെ കൂട്ടായ്മയിലാണ് രാഗതരംഗം കേരളത്തിലും പുറത്തുമെല്ലാം നിരവധി പ്രോഗ്രാമുകളുമായി നിറഞ്ഞു നിന്നത്.

ഇത് കൂടാതെ ഡാന്‍സ് പ്രോഗ്രാമുകളിലും ഈ ട്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു.  നൂറുകണക്കിന് നവ വൈദികരുടെ പുത്തന്‍ കുര്‍ബാനകള്‍ക്ക് ഗായകനായ ജോസി ധ്യാനഗുരുക്കന്‍മാരായ നിരവധി വൈദികരുടെ ധ്യാന ശുശ്രൂഷകളിലും സജീവമായിരുന്നു.  കേരളത്തിലെ പ്രഗല്‍ഭരായ നിരവധി ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ടെങ്കിലും ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം പങ്കെടുക്കാനായത് ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവമായി സൂക്ഷിക്കുകയാണിദ്ദേഹം.

എറണാകുളത്ത് ബ്ലൈന്‍ഡ് ഓര്‍ക്കസ്ട്രയുടെ ഒരു പ്രോഗ്രാമിലായിരുന്നു യേശുദാസിനൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത്. കൂടാതെ മുംബൈയില്‍ ശങ്കര്‍ മഹാദേവയ്‌ക്കൊപ്പവും പരിപാടിയില്‍ പങ്കെടുത്തത് വലിയ അനുഭവമായി കരുതുന്നു. ദുബായ്, ഒമാന്‍ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ ഗാനമേളകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി കാസറ്റുകള്‍ക്ക് ഈണം നല്‍കുകയും നിരവധി ക്രിസ്ത്യന്‍-ഹിന്ദു ഭക്തി ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നതിനും കഴിഞ്ഞു.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഗാനമേളകള്‍ നടത്തുന്നതിനും കഴിഞ്ഞിരുന്നു. 63-ാമത്തെ വയസിലും അന്ധതയെ തോല്‍പിച്ച ഈ സംഗീത സാമ്പ്രാട്ട് ഇപ്പോഴും ഈ രംഗത്ത് സാന്നിധ്യം അറിയിച്ചുകൊണ്ട് കേരളത്തിലെമ്പാടും ഗാനമേളകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ടോക്കിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു കമ്പ്യൂട്ടര്‍ സ്വന്തമായി കൈകാര്യം ചെയ്യാനും ജോസിക്ക് കഴിയുന്നുണ്ട്.

കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സഹകരണം തനിക്കീ രംഗത്ത് നിലനില്‍ക്കാന്‍ എന്നും താങ്ങും തുണയുമായിരുന്നെന്ന് ജോസി പറയുന്നു. എല്ലാറ്റിനും ഉപരിയായി തന്റെ പരിമിതികളെ അതിജീവിക്കാന്‍ സര്‍വ്വശക്തനായ ദൈവം നല്‍കിയ കൃപയാണ് സംഗീത ജീവിതമെന്ന് ജോസി വിശ്വസിക്കുന്നു. അള്‍ത്താരകളില്‍നിന്നും തുടക്കംകുറിച്ച ഈ സംഗീത ജീവിതം ഇന്നും തുടരുമ്പോള്‍ ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് അടിവരയിടുകയാണ് ജോസിയുടെ ജീവിതം.

ബാബു വടക്കേടത്ത്

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?