Follow Us On

23

May

2019

Thursday

മറിയാമ്മച്ചി പാടുകയാണ്, പാട്ടെഴുതുകയാണ്

മറിയാമ്മച്ചി പാടുകയാണ്, പാട്ടെഴുതുകയാണ്

ഇതൊരു പാട്ടിന്റെ കഥയാണ്. എഴുതിയെഴുതി പാട്ടായ കഥ. ഈ കഥയിലെ നായികയ്ക്ക് ജീവിതത്തോട് മാത്രമാണ് സാമ്യം. സാങ്കല്‍പ്പികതയോട് ഒരിക്കലും സമരസപ്പെടാനാകില്ല. കാരണം പാട്ടിവിടെ ജീവിതമാണ്, ജീവനാണ് ഒപ്പം ജന്‍മവും.

അതുകൊണ്ട് സംഗീതത്തില്‍ തുടങ്ങി പാട്ടിലൂടെ കടന്ന് താളത്തില്‍ പരിസമാപ്തി കുറിക്കാം. ഇടയ്ക്കല്‍പ്പം സംഗീതസാന്ദ്രമായാല്‍ ആസ്വദിക്കുക, കാരണം പാട്ടിന്റെ കഥയില്‍ പല്ലവിയാണ് ശക്തം.
അപ്പോള്‍ കഥാനായിക പാട്ടുംപാടി ജീവിതം പറയട്ടെ. കഥകേട്ട് നമുക്ക് പിന്നാലെ പോകാം.

മറിയാമ്മയെന്ന് പേരുള്ളയെന്നെ
നാട്ടാര് വിളിക്കുന്നത് പാട്ടമ്മയെന്ന്
കാസര്‍ഗോഡുള്ളോര് പാണത്തൂരെന്‍ ദേശം
എണ്‍പത്താറ് പിന്നിട്ടൊരു വയോധിക ഞാനും
പാട്ടെഴുത്താണെന്‍ ജീവതമിപ്പോള്‍
പാട്ടോര്‍മയാണെന്‍ സ്വപ്‌നത്തിലിപ്പോള്‍.
പാട്ടായ ഞാനും പാടിപ്പതിഞ്ഞു
പാട്ടിന്റെയുള്ളത്തിലുന്‍മാദമായി

വടശേരിവീട്ടില്‍ പരേതനായ സ്‌കറിയായുടെ ഭാര്യ മറിയാമ്മയ്ക്ക് പാട്ടെഴുത്താണിന്ന് ജീവിതം. പാട്ടെഴുതിയെഴുതി ലഭിക്കുന്ന സന്തോഷത്തില്‍ അവര്‍ ജീവിതം മുന്നോട്ട് നീക്കുന്നു. 2400-ല്‍ പരം സന്തോഷപ്പാട്ടുകള്‍ പിന്നിട്ട അവരുടെ തൂലിക ഈ വാര്‍ധക്യത്തിലും നിശബ്ദമാകുന്നില്ല. മറിച്ച് അതിപ്പോഴും ശക്തമായി ചലിച്ചുകൊണ്ടിരിക്കുന്നു. കാരണം നാളത്തെ അവരുടെ താളാത്മകതയ്ക്ക് ഇന്നിന്റെ പാട്ട് ആവശ്യമാണ്.

വിവാഹം, പുറപ്പാട്
മൃതംഗവാദകനും അധ്യാപകനുമായിരുന്ന ദാനിയല്‍ സെബാസ്റ്റ്യന്റെയും ഏലിയാമ്മയുടെയും ഏകമകളായി 1931 ല്‍ കോട്ടയം ജില്ലയിലെ ചെങ്ങന്നൂരാണ് മറിയാമ്മയുടെ ജനനം. ഒറ്റമകളായതിനാല്‍ മാതാപിതാക്കള്‍ അ വരെ ലാളിച്ച് വളര്‍ത്തി. കുസൃതിയും കുറു മ്പും നിറഞ്ഞ ബാല്യംതന്നെയായിരുന്നു അവരുടേത്. നാലാം ക്ലാസ് വരെ പറയങ്ങാന ത്തെ സ്‌കൂളിലും ഏഴുവരെ മുളക്കുഴ സ്‌കൂളി ലും പഠിച്ചു. അപ്പന്‍ സംഗീതജ്ഞനായതുകൊണ്ട് വീട്ടിലും ജീവിതം സംഗീതസാന്ദ്രമായിരുന്നു.

അപ്രതീക്ഷിതമായ് വന്ന വിവാഹസ്വപ്നം
മധുരപ്പതിനേഴില്‍ താലിയില്‍ കോര്‍ത്തു

ബന്ധുവിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു മറിയാമ്മയുടെ വിവാഹം. ആദ്യ ‘ഭാര്യ മരിച്ച വിഷമത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പാമ്പാടി സ്വദേശിയായ സ്‌കറിയയ്ക്ക് തണലേകുക എന്ന ദൗത്യനിര്‍വഹണമായിരുന്നു അത്. മകളെ അങ്ങനെയൊരു ദൗത്യത്തിലേക്ക് അയക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വിഷമമുണ്ടായിരുന്നു.

പതിനേഴ് മാത്രം പിന്നിട്ട മറിയാമ്മയിലും ആശങ്ക കുറവല്ലായിരുന്നു. നല്ലൊരു ബന്ധമാണെന്ന പലരുടെയും നിര്‍ബന്ധവും സ്‌കറിയയ്ക്ക് ഒരു സഹായമാകുക എന്ന ഉപദേശത്തെയും തുടര്‍ന്ന് മറിയാമ്മ വിവാഹത്തിന് വഴങ്ങുകയായിരുന്നു.

കയ്പില്‍ തുടങ്ങിയ മധുരജീവിതം പിന്നെ
മധുവായ് മധുരമായി നാവില്‍ നുണഞ്ഞു.

സ്‌നേഹം തുളുമ്പുന്ന മനസും കരുതലിന്റെ കരങ്ങളും മാത്രമാണ് സ്‌കറിയ എന്നറിഞ്ഞപ്പോള്‍ മറിയാമ്മയുടെ ആശങ്ക അസ്ഥാനത്തായി. പിന്നീടൊരു മധുരജീവിതം തന്നെയാണ് അവരുടെ ദാമ്പത്യത്തില്‍ സംഭവിച്ചത്. എന്തിനും ഏതിനും ഒരു അത്താണി തന്നെയായിരുന്നു അദേഹം.

ഒറ്റമകളെന്ന പരിഗണനയില്‍ വളര്‍ന്ന അവരെ സ്‌കറിയ ഒരു വീട്ടമ്മയുടെ ഗൗരവത്തിലേക്ക് വളരെ സാവധാനം മാറ്റിയെടുത്തു. അങ്ങനെ അവര്‍ ഒരു ഉത്തമയായ വീട്ടമ്മയായി. ആദ്യവിവാഹത്തില്‍ സ്‌കറിയായ്ക്കുണ്ടായ രണ്ടുമക്കളും പിന്നീട് മറിയാമ്മയില്‍ ജനിച്ച നാലുമക്കളും സഹിതം ആറ് മക്കളുടെ അച്ഛനമ്മമാരായി അവര്‍.

ജീവിതനൗക ദുരിതക്കടലിലാണ്ടപ്പോള്‍
മലബാറിലേക്കന്നവര്‍ പുറപ്പാട് തേടി

കുടുംബം വലുതായപ്പോല്‍ ആവശ്യങ്ങളും കൂടിവന്നു. ഉള്ള സ്ഥലത്തെ കൃഷിയില്‍ ആവശ്യങ്ങള്‍ നിറവേറാതെ വന്നു. അങ്ങനെയവര്‍ കൂടുതല്‍ സ്ഥലവും കൃഷിയും തേടി മലബാറിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. 1964-ലാണ് മറിയാമ്മയുടെ കുടുംബവും ബന്ധുക്കളുമടങ്ങിയ സംഘം മലബാറിലേക്ക് കുടിയേറുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വടക്കന്‍ മലയോരപ്രദേശമായ പാണത്തൂരേക്കാണ് അവര്‍ എത്തിയത്.

കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ പാണത്തൂര്‍ അന്ന് തെളിഞ്ഞിട്ടില്ല. ടൗണിനു നടുക്ക് ഒന്നു രണ്ട് കടകളുണ്ടെങ്കിലും ഉള്‍പ്രദേശത്തോട്ട് കയറുംതോറും കാട് മൂടിവന്നു. പാണത്തൂരില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ മാറിയായിരുന്നു അവരുടെ സ്ഥലം. എട്ടരയേക്കര്‍ സ്ഥലമാണ് അവര്‍ക്ക് ലഭിച്ചത്.

പാട്ടിലേക്കുള്ള വഴി

മണ്ണിന്റെ ഉറപ്പോട് മെയ്‌കൊണ്ട് കലഹിച്ചു
വിയര്‍പ്പിന്റെ ഉപ്പിനാല്‍ ജീവിതത്തെ രുചിച്ചു

കുടിയേറ്റത്തിന്റെ ആദ്യകാലം ദുരിതപൂര്‍ണമായിരുന്നു. മണ്ണിനോടും മൃഗങ്ങളോടും മല്ലിടേണ്ടിവന്നു. കിട്ടിയ സ്ഥലത്ത് ഒരു ഷെഡ് പണിത് താമസമാക്കിയെങ്കിലും രാവും പകലുമില്ലാതെ മണ്ണിനോട് കലഹിച്ചുകൊണ്ടിരുന്നു. താമസിക്കാതെ അതിന്റെ പ്രതിഫലം കിട്ടി. നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷികളില്‍ നിന്നും നല്ല ഫലം ലഭിച്ചു.

ഇതിനിടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും അവര്‍ മറന്നില്ല. രണ്ടാമന്‍ വര്‍ക്കിയും ഇളയവന്‍ തമ്പിയും തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. മൂത്തവന്‍ പീലിപ്പോസ് അപ്പനോപ്പം കൃഷിയില്‍ സഹായിച്ചു. പെണ്‍മക്കളായ അമ്മിണി, ചിന്നമ്മ, കുഞ്ഞുമോള്‍ എന്നിവരെ നല്ല നിലയില്‍ കെട്ടിച്ചയയ്ക്കുകയും ചെയ്തു. മൂത്ത മകന്‍ പീലിപ്പോസ് മരിച്ചത് മറിയാമ്മയെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

കാര്‍ഷിക ജീവിതത്തെ എങ്ങനെ താളാത്മകമാക്കാം എന്ന ചിന്തയില്‍ നിന്നാണ് മറിയാമ്മയിലേക്ക് പാട്ടെത്തുന്നത്. ചെറുപ്പം താളാത്മകമായി ഒരുക്കിയ പിതാവിന്റെ ശിക്ഷണമാണ് ഈ ആഗ്രഹത്തിലേക്ക് മനസിനെ നയിക്കാന്‍ പ്രേരിപ്പിച്ചത്. താളം തിളങ്ങിയ കുട്ടിക്കാലത്ത് ഒരു വരിപോലും എഴുതാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ശ്രുതിയോടെ നീങ്ങിയ കുടുംബജീവിതം മറിയാമ്മയെ എഴുതാന്‍ പ്രേരിപ്പിച്ചു.

ആദ്യം എഴുതിയ പാട്ട് എല്ലാം തന്ന ദൈവത്തിന് നന്ദിയര്‍പ്പിച്ചു കൊണ്ടുതന്നെയായിരുന്നു. എഴുതി ആദ്യം കാണിച്ചത് ഭര്‍ത്താവിനെയാണ്. അദേഹം വലിയ പ്രോല്‍സാഹനം നല്‍കി. അതായിരുന്നു പിന്നീടുള്ള പാട്ട് ജീവിതത്തെ ശ്രുതി മധുരമാക്കിയത്.

ജീവിതമങ്ങനെ താളത്തിലായപ്പോള്‍
ജീവനില്‍ പാതിയും പാടെ മറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു സ്‌കറിയയുടെ മരണം. 22 വര്‍ഷം മുമ്പുള്ള ഒരു മെയ്മാസപ്പുലരിയില്‍ അയാള്‍ അവരെ തനിച്ചാക്കിപ്പോയി. വാര്‍ധക്യകാല രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും മരിക്കുന്നതിന് തലേന്ന് വരെ അദേഹം ഉല്‍സാഹവാനായിരുന്നു. മരണം അപ്രതീക്ഷിതമായി വന്ന് അങ്ങനെ അദേഹത്തെ കൊണ്ടുപോകുകയായിരുന്നു.

‘ഭര്‍ത്താവിന്റെ മരണം മറിയാമ്മയെ തകര്‍ത്തു. എന്തിനും കൂടെയുണ്ടായിരുന്നയാള്‍ പെട്ടെന്ന് ഇല്ലാതായപ്പോള്‍ മറിയാമ്മയ്ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വളരെയേറെ കരഞ്ഞു. മരണത്തിന്റെ ശോകത്തില്‍ തൂലികയും നിശബ്ദമായി. കാരണം അവരുടെ പ്രിയപ്പെട്ടവന്റെ പ്രോല്‍സാഹനമായിരുന്നു തൂലിക. അത് മരണത്തിന്റെ ശോകത്തില്‍ ഒരിക്കലും ചലിച്ചതേയില്ല.

താളത്തിലെത്തിയ ജീവിതം

സ്‌കറിയയുടെ മരണശേഷം കുറേകാലത്തേക്ക് മറിയാമ്മ എഴുതിയതേയില്ല. പ്രോല്‍സാഹിപ്പിക്കാന്‍ ഒരു വലിയ മനസ് ഇല്ലാതായതുപോലെ. എന്നാല്‍, എല്ലാമറിയുന്ന മക്കള്‍ പാട്ടിന്റെ വഴിയിലെത്താന്‍ അമ്മയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒടുവില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മറിയാമ്മയിലേക്ക് പാട്ട് ഒഴുകിയെത്തി.

വാക്കിന്റെ ഒഴുക്കും ഈണമൊരുക്കിയ താളവും പിന്നാലെ എത്തിയപ്പോള്‍ പാട്ടിന്റെ ഒരു മേളം തന്നെ അവരുടെ ജീവിതത്തില്‍ സംഭവിച്ചു. പാട്ടെഴുത്തങ്ങനെയങ്ങനെ ജീവിത്തിന്റെ ‘ഭാഗമായി മാറി. ഇതിനിടെ മക്കള്‍ എല്ലാവരും കല്യാണം കഴിച്ചു. കൊച്ചുമക്കളായി. അവരുടെ കളിചിരികളായി.

എല്ലാ സന്തോഷങ്ങള്‍ക്കും ഉത്തരം മറിയാമ്മയില്‍ ഓരോ പാട്ടായി ജനിച്ചു. കുട്ടികളുടെ കളിചിരിയും പ്രകൃതിയുടെ സ്വച്ഛന്ദതയും മനസിന്റെ സ്വച്ഛാവസ്ഥയുമെല്ലാം പാട്ടിന്റെ പ്രേരണകളായി. അങ്ങനെ അത് നൂറും ആയിരങ്ങളുമായി വളര്‍ന്നു.

താളത്തിലെത്തുമ്പോള്‍ നിറയുമെന്നുള്ളം
വാക്കൊഴുകുമപ്പോള്‍ സ്വച്ഛന്ദമായി

പാട്ടിനൊപ്പം അവര്‍ ഇന്ന് ജീവിതം മുന്നോട്ടു നീക്കുകയാണ്. ഇളയ മകന്‍ തമ്പിക്കൊപ്പമുള്ള ജീവിതവും മറ്റുമക്കളുടെയും കൊച്ചുമക്കളുടെയും ഇടയ്ക്കിടയ്ക്കുള്ള ഒത്തുചേരലും അവരെ കൂടുതല്‍ ഉത്സാഹവതിയാക്കുന്നു. ശരീരം വാര്‍ധക്യത്തിലേക്ക് കടന്ന് അല്‍പം താളപ്പിഴകള്‍ വരുത്തുന്നുണ്ടെങ്കിലും തൂലികയിന്നും കരുത്തോടെയുണ്ട്. ഓര്‍മ്മത്തെറ്റുകള്‍ ഇടയ്ക്കിടെ പിശകുകള്‍ വരുത്താറുണ്ടെങ്കിലും ഉള്‍ക്കാഴ്ച്ചയുടെ അറിവില്‍ അവയൊക്കെ ശരിയായി എത്തും. അങ്ങനെ അവരുടെ പാട്ടുശേഖരം ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. 2,400 പാട്ടുകള്‍ പിന്നിട്ടു ഇപ്പോള്‍. ഏറെയും കൃതജ്ഞത പ്രതിഫലിപ്പിക്കുന്ന പാട്ടുകള്‍. സര്‍വശക്തനായ ദൈവത്തിനും അവന്റെ കൃപയ്ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടെഴുതിയതാണ് അവയിലേറെയും.

മനസാണിന്ന് സുഖമായൊരോര്‍മ്മ
അതില്‍നിന്നുമുയരുന്നു താളപ്പെരുപ്പം

ഇത്രയും പാട്ടെഴുതിയിട്ടും എന്തേ ആരും അറിഞ്ഞില്ല എന്ന ചോദ്യത്തിന് മറിയാമ്മയുടെ നിഷ്‌കളങ്കമായ ചിരിയാണുത്തരം. അവര്‍ക്കെപ്പോഴും എഴുതാനെ അറിയൂ. പാടിനടക്കാനറിയില്ല. പക്ഷേ അവരിലെ പാട്ടിന്റെ ശേഖരത്തെ ഒന്നൊഴിയാതെ കണ്ടെത്തി അത് പുറംലോകത്തേക്ക് തുറന്നുവിടണമെന്ന് ആദ്യം പറഞ്ഞത് അവരുടെ കൊച്ചുമകനാണ്. ഫാ. സോണി വടശേരില്‍.

രണ്ടാമന്‍ വര്‍ക്കിയുടെ മൂത്ത മകന്‍. തലശേരി അതിരൂപതയിലെ കെസിവൈഎമ്മിന്റെ ഡയറക്ടറായ അദേഹമാണ് അമ്മച്ചിയുടെ പാട്ടുജീവതത്തെ പുറത്തറിയിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിനായി അദേഹം പാട്ടുകളൊക്കെ സമാഹരിച്ച് ഒരൂ പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ്.

അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. തൂലികയില്‍ നിന്നും ഇറങ്ങിവരുന്ന പാട്ടുകള്‍ താളത്തോടെ ഒഴുകട്ടെ. എണ്ണമറ്റ പാട്ടുകളായി അത് വളര്‍ന്ന് പെരുകട്ടെ. അരികിലിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ ഈ ലോകം കാത്തിരിക്കുന്നു.

മായാ മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?