Follow Us On

18

April

2024

Thursday

നീതിമാന്‍ യൗസേപ്പിതാവ്‌

നീതിമാന്‍ യൗസേപ്പിതാവ്‌

പരിശുദ്ധ മറിയത്തിന്റെ സംരക്ഷകനും ദൈവപുത്രന്റെ വളര്‍ത്തുപിതാവും മനുഷ്യകുലത്തിന്റെ രക്ഷാകര ദൈവരഹസ്യത്തില്‍ വിശ്വസ്തനായി ഭൂമിയില്‍ സഹകരിച്ചവനുമായ മാര്‍ യൗസേപ്പിനെ എല്ലാ മനുഷ്യരില്‍ നിന്നും പ്രത്യേകമായി തിരഞ്ഞെടുത്തവനാണ് എന്നാണ് ക്ലയര്‍വോയിലെ വിശുദ്ധ ബര്‍ണാര്‍ദ് പഠിപ്പിക്കുന്നത്.

ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തആ വലിയ വിശുദ്ധന്റെ നന്മയും വിശുദ്ധിയും ത്യാഗജീവിതവും തുടങ്ങി ഒരു മനുഷ്യന് അനുകരണീയമായ എല്ലാ നന്മകളും നിറഞ്ഞ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാനും അനുകരിക്കുവാനും ആ താതനോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കാനും സഭ നല്‍കിയിരിക്കുന്ന മാര്‍ച്ച് മാസത്തില്‍ ആ വിശുദ്ധനെകൂടുതല്‍ മനസിലാക്കാന്‍ നമുക്കു പരിശ്രമിക്കാം.

യൗസേപ്പിതാവിനെ കുറിച്ച് ആദിമ സഭയില്‍ 329 മുതല്‍ 390 വരെ ജീവിച്ച ദൈവശാസ്ത്രജ്ഞനും സഭാപിതാവുമായ വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സന്‍ പറയുന്നു:
”യൗസേപ്പിതാവിനെ ദൈവം സൂര്യതേജസോടും ശോഭയോടും കൂടി പ്രഭാപൂര്‍ണ്ണനാക്കി. ആ പ്രകാശ തേജസില്‍ മറ്റെല്ലാ വിശുദ്ധരേക്കാളും ഏറെ മുന്‍പന്തിയിലാണ് വിശുദ്ധ യൗസേപ്പ്.”

സഭയുടെ ആരംഭം മുതല്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി സാര്‍വ്വത്രികമായി ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കുവാന്‍. വിശുദ്ധ ഗ്രന്ഥത്തില്‍ യൗസേപ്പിതാവിനെക്കുറിച്ച് ഏതാനും ചില സൂചനകള്‍മാത്രമേ ഉള്ളുവെങ്കിലും പരിശുദ്ധ മറിയത്തോടുള്ള മാതൃഭക്തി പോലെ യൗസേപ്പിതാവിനോട് ഉള്ള പിതൃഭക്തിയും സഭയില്‍ സജീവമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നതനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനോട് കൂടുതല്‍ ഭക്തിയും വിശ്വാസവുംപുലര്‍ത്തുന്നത് ഏറ്റവും ആവശ്യവും നല്ല ഒരു കത്തോലിക്കനായിരിക്കാന്‍ അത്യന്താപേക്ഷിതവുമാണ്.

പഴയനിയമത്തില്‍ പൂര്‍വ്വപിതാവായ യൗസേപ്പിന്റെ അടുത്തുപോയി അവന്‍ പറയുന്നതുപോലെ ചെയ്താല്‍ ദാരിദ്യദുഃഖമകലും (ഉല്‍: 41: 55)എന്നു പറയുന്നതുപോലെയാണ് യൗസേപ്പിതാവിന്റെ അടുത്തുപോയി ആ വലിയ താതന്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ജീവിതത്തിലെ ദു:ഖങ്ങള്‍ മാറും എന്നാണ് ലിഗോരി പുണ്യവാന്‍ നമ്മെ പഠിപ്പിക്കുന്നത്. അതിന് അടിസ്ഥാനമായി ആറു കാര്യങ്ങള്‍ വിശുദ്ധ ലിഗോരി പറയുന്നു.

1. ഈശോയും പരിശുദ്ധ മറിയവും ആ അപ്പനെ അനുസരിച്ചു. അതുപോലെ നമുക്കും വിശുദ്ധ യൗസേപ്പിതാവിനെ അനുസരിക്കാം.
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണെന്നാണല്ലോ പഴയ നിയമപഠനം (1 സാമു:15:22) യഹൂദ മതാനുഷ്ഠാനം അനുസരിച്ച് ജീവിക്കുകയും ദൈവസ്വരം ശിരസാവഹിക്കുകയും ചെയ്തു അദേഹം.

ഈശോയും പരിശുദ്ധ മാതാവും ഭൂമിയില്‍ അനുസരണയോടെ ആ വല്‍സലതാതന്റെ മുമ്പില്‍ അണഞ്ഞതുപോലെ നമുക്കും വിശുദ്ധ യൗസേപ്പിതാവിനെ അനുസരിക്കാം. ഭാരത സഭാപിതാവും വേദപാരംഗതനുമായ വിശുദ്ധ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് ‘ഒരു നല്ല അപ്പന്റെ ചാവുരുളില്‍’ പറയുന്നതുപോലെ മാതാപിതാക്കളുടെ നേരെ അനുസരണവും ആദരവും ഉള്ള കുടുംബം സ്വര്‍ഗരാജ്യത്തിന് സദൃശ്യമാണ്.

തിരുകുടുംബം ഭൂമിയിലെ സ്വര്‍ഗമാണല്ലോ. ഈശോയും മാതാവും വിശുദ്ധ യൗസേപ്പിതാവിനെ അനുസരിച്ചതുപോലെ വിശുദ്ധ യൗസേപ്പ് ദൈവപിതാവിനെ പൂര്‍ണമായും അനുസരിച്ചവനായിരുന്നു (മത്തായി 1: 24., 2: 20-21). അനുസരണമെന്ന പുണ്യത്തിനായും എല്ലാ മക്കളും അനുസരണയുള്ളവരാകാനും വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം നമുക്ക് അപേക്ഷിക്കാം

2. പരിശുദ്ധ മറിയവും ഉണ്ണീശോയും യൗസേപ്പിതാവിനോട് സംസാരിച്ചിരുന്നു. അതുപോലെ നമുക്കും വിശുദ്ധ നോട് സംസാരിക്കാം.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നതനുസരിച്ച് യൗസേപ്പിതാവിനോട് ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളവര്‍ പരിശുദ്ധ മറിയവും ഉണ്ണീശോയുമാണ്. അവര്‍ ആ പ്രിയതാതനോട് സംസാരിച്ചതുപോലെ നമുക്കും യൗസേപ്പിതാവിനോട് ആശയ വിനിമയം നടത്താന്‍ കഴിയണം.

പഴയനിയമത്തില്‍ ദൈവവുമായി സംസാരിക്കാന്‍ സാധിച്ചവരായ അബ്രാഹം (ഉല്‍പത്തി 17: 4) വിശ്വാസികളുടെ പിതാവെന്ന് വിശേഷിപ്പിക്കപെടുന്നതുപോലെയും, മോശ (പുറ:3: 13-15) ഇസ്രയേല്‍ജനത്തിന്റെ മോചകനായതുപോലയും, സാവുള്‍ ദൈവസ്വരം കേട്ട് വിശുദ്ധ പൗലോസായി (അപ്പ.പ്രവ. 9: 19) വിജാതീയര്‍ക്കുള്ള തീഷ്ണമതിയായ ശ്ലീഹാ ആയതുപോലേയും (അപ്പ.പ്രവ. 22: 21) ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് വിശുദ്ധ യൗസേപ്പ്. ആ പിതാവിനോട് സംസാരിച്ചാല്‍ അബ്രാഹത്തെപ്പോലെ വിശ്വാസവും മോശയെപോലെ ദൈവാശ്രയവും പൗലോസ്ശ്ലീഹായെപ്പോലെ തീഷ്ണതയുള്ളവരുമായി മാറാന്‍ കഴിയും.

3. പരിശുദ്ധ മറിയവും ഉണ്ണീശോയും യൗസേപ്പിതാവിനോട് ഉപദേശം ചോദിച്ചതുപോലെ നമുക്കും ആ പിതാവിനോട് ഉപദേശം തേടാം.
യൗസേപ്പിതാവിന്റെ കുടുംബം തിരുക്കുടുംബം എന്നാണല്ലോ അറിയപ്പെടുന്നത്. തിരുകുടുംബത്തിലെ അംഗങ്ങളായ ഉണ്ണീശോയും പരിശുദ്ധ അമ്മയും എല്ലാ കാര്യങ്ങളിലും വിശുദ്ധനോട് ഉപദേശം തേടി.

ലൂക്ക 2 :51 ല്‍ ഈശോ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ചു എന്നാണ് പറയുന്നത്. തീര്‍ച്ചയായും ഈവിധേയത്വ ജീവിതത്തില്‍ ഈശോ ധാരാളം പ്രാവശ്യം അപ്പനോട് ഉപദേശം തേടിയിട്ടുണ്ടാകും. വിശുദ്ധ ഗ്രന്ഥപഠനമനുസരിച്ച് ഉപദേശം കേള്‍ക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്താല്‍ ഒരാള്‍ ജ്ഞാനിയാകും. (സുഭാ:19:20) ആ വത്സല താതന്റെ ഉപദേശങ്ങള്‍ എല്ലാ സഭാമക്കള്‍ക്കും ആവശ്യമാണ്.

4. മറിയവും ഉണ്ണീശോയും യൗസേപ്പിതാവിനെ ആദരിച്ചിരുന്നതുപോലെ നമുക്കും ആ പിതാവിനെ ആദരിക്കാം.
പഴയനിയമത്തില്‍ മോശക്ക് നല്‍കിയ കല്‍പനയനുസരിച്ച്പിതാവിനേയും മാതാവിനേയും ബഹുമാനിക്കേണ്ടത് നല്ല ഒരു മകന്റെ കടമയാണല്ലോ. (പുറപ്പാട് 20: 12: നിയമാ: 5: 16; സുഭാ: 6: 20).രക്ഷകനായ ഈശോ തന്റെ ഭൂമിയിലെ താതനെ ആദരിച്ച് ജീവിച്ചിട്ടുണ്ടാകും എന്നത് സംശയമില്ലാത്ത കാര്യമാണ്.

ദൈവപിതാവിന്റെ പക്കല്‍ആശ്രയം വച്ച് ജീവിച്ചിരുന്ന മറിയം ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവായ യൗസേപ്പിതാവിനെ തീര്‍ച്ചയായും ആദരിച്ചു ജീവിച്ചിട്ടുണ്ടാകും.
ഇന്ന് കുടുംബബന്ധങ്ങളുടെ ഗതിവിഗതികളില്‍ തകര്‍ച്ചയുടെയും ദു:ഖത്തിന്റെയും കനലുകള്‍ എരിയുന്നുണ്ടെങ്കില്‍ അതിനുകാരണം പരസ്പരമുള്ള ആദരവിന്റെ അഭാവമാണോ എന്ന് ചിന്തിക്കാം.

5. ഉണ്ണീശോയും പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവിനോട് നന്ദിയോടെ പെരുമാറിയതുപോലെ നമുക്കും വിശുദ്ധനോട് നന്ദിയോടെ വര്‍ത്തിക്കാം’.
ഹേറോദേസിന്റെ ക്രൂരമായ തീരുമാനത്തില്‍ നിന്ന് ഉണ്ണിയെ രക്ഷപ്പെടുത്താന്‍ ഈജിപ്തിലേക്ക് പലായനം (മത്താ:14) ചെയ്തപ്പോള്‍ ആ പുത്രനും അമ്മയും തങ്ങളുടെ വത്സല താതനോട് എത്രയോ നന്ദിയര്‍പ്പിച്ചിട്ടുണ്ടാകും എന്നാണ് അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നത്.

ജീവിതത്തില്‍ ഹെറോദേസിന്റെ അതിക്രൂരപദ്ധതിപോലുള്ള വൈതരണികളും വൈഷമ്യങ്ങളുമുണ്ടാകുമ്പോള്‍ നമ്മെയും ആ സ്വര്‍ഗീയതാതന്‍ സുരക്ഷിതമായ ഈജിപ്തുകളിലേക്ക് നയിക്കുമെന്നുറപ്പാണ്. സഭയെ ഇത്രയുംകാലം അതുപോലെ സുരക്ഷിതമായി നയിച്ച ആ വന്ദ്യപിതാവിനോട് നമുക്ക് നന്ദിയുള്ളവരാകാം.

6. പരിശുദ്ധ മറിയവും ഉണ്ണീശോയും യൗസേപ്പിതാവിനെ സ്‌നേഹിച്ചു. നമുക്കും ആ പിതാവിനെ സ്‌നേഹിക്കാം.
വിശുദ്ധ ഗ്രന്ഥത്തിന്റെ സാരസത്തയെ കുറച്ചുവാക്കുകളില്‍ ഒതുക്കാമെങ്കില്‍ അതിലൊന്നാണല്ലോ ‘സ്‌നേഹം’. ഈ സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമായ ഈശോയും പരിശുദ്ധ മറിയവും യൗസേപ്പിതാവിനെ ഏറ്റവും ഉദാത്തമായ രീതിയില്‍ സ്‌നേഹിച്ചിട്ടുണ്ട്.

രക്ഷകന്  ജന്മം നല്‍കാനുള്ള സമയമായപ്പോള്‍ ആ അമ്മ ഒരുസ്ഥലം കണ്ടെത്താന്‍ കഴിയാതെ പുല്‍തൊട്ടിയില്‍ പിള്ളകച്ച കൊണ്ട് പൊതിഞ്ഞു കിടത്തേണ്ടിവന്നപ്പോള്‍ ആ അമ്മ തന്റെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിതാവിനെ സ്‌നേഹിക്കുക മാത്രമേ ചെയ്തുള്ളു എന്നാണ് ലിഗോരി പുണ്യവാന്‍ പഠിപ്പിക്കുന്നത്.

ഈശോയും മറിയവും തങ്ങളുടെ കുടുംബനാഥനോട് സ്‌നേഹംകാണിച്ചതുപോലെ സ്‌നേഹം കാണിക്കേണ്ടത് ഏറ്റവും ആവശ്യമാണ്.
പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വീക്ഷണത്തില്‍ ചില വിശുദ്ധന്മാര്‍ ചില പ്രത്യേക കാര്യങ്ങളുടെ കാര്യക്ഷമതക്ക് പ്രസിദ്ധരാണ്. എന്നാല്‍ നമ്മുടെ താതനായ വി.യൗസേപ്പ് എല്ലാകാര്യങ്ങളിലും സഹായിക്കാന്‍ കഴിവുള്ള സ്വര്‍ഗ്ഗീയ മാധ്യസ്ഥനാണ് എന്നാണ് വിശുദ്ധ അക്വീനാസ് പഠിപ്പിക്കുന്നത്. ഈ പ്രിയ പിതാവിന്റെ ഏതാനും ചില ഗുണസവിശേഷതകള്‍ കൂടി സൂചിപ്പിക്കട്ടെ.

സ്വാര്‍ത്ഥത ഇല്ലാത്തവ്യക്തി.
സ്വന്തം കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ഇന്ന് എല്ലാ കുടുംബനാഥന്മാര്‍ക്കും മാതൃകയാണ്. സ്വന്തം കുടുംബബന്ധത്തേക്കാള്‍ പ്രാധാന്യം സ്വത്തിനും സ്ഥാനത്തിനും മറ്റുപലതിനും നല്‍കുന്നവര്‍ക്കുള്ള വലിയൊരു വെല്ലുവിളിയാണ് ഈ സ്‌നേഹപിതാവ്.

സങ്കീര്‍ത്തന പുസ്തകത്തില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ (സങ്കീ.119:36) സ്വാര്‍ത്ഥതയില്ലാതെ ദൈവത്തിലേക്കും ദൈവകല്‍പനകളിലക്കും മുഴുവനായും ഹൃദയം തിരിച്ചതാതനാണ് വിശുദ്ധയൗസേപ്പ്.

മനുഷ്യമനസിന് മനസിലാകാത്ത നീതിബോധമാണ് മറിയത്തെ സ്വീകരിക്കുന്ന സമയത്ത് വിശുദ്ധന്‍ കാണിച്ചത്. ഭാര്യയാകാനുള്ള വ്യക്തി ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ വേണമെങ്കില്‍ ഉപേക്ഷിക്കാം. പരസ്യമായി ഉപേക്ഷിച്ചാല്‍ ആ സ്ത്രീക്ക് പിന്നെ വിവാഹിതയാകാന്‍ പറ്റില്ല. പുരുഷന് വിവാഹിതനാകാം.

അവള്‍ ഒറ്റപ്പെടും. അതൊഴിവാക്കാനായ് അവളെ രക്ഷിക്കാന്‍ തീരുമാനിച്ച നീതിമാന്‍.  രഹസ്യമായി ഉപേക്ഷിച്ചാല്‍ ഭര്‍ത്താവിന് പിന്നീട് വിവാഹിതനാകാന്‍ പറ്റില്ല. അവന്‍ ശിക്ഷിക്കപ്പെട്ടവനായി ഒറ്റപ്പെട്ട് സമൂഹത്തില്‍ ജീവിക്കണം. ഈ ശിക്ഷ സ്വയം ഏറ്റെടുക്കാന്‍ തയാറായ നീതിമാന്‍.(മത്താ:1.19). ഈ വല്‍സല പിതാവ് നമുക്ക് സ്വന്തമാകണം. നമ്മള്‍ അതുവഴി അനുഗ്രഹിക്കപ്പെടും.

മാതൃക നല്‍കി ജീവിച്ചയാള്‍

ആ വലിയ വിശുദ്ധന്റെ ഒരൊറ്റ വാക്കും വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം നീതിയുടെയും സ്‌നേഹത്തിന്റെയും വിശ്വസ്ഥതയുടെയും ബഹിര്‍സ്ഫുരണമായിരുന്നു; നിശബ്ദമായ പ്രഘോഷണമായിരുന്നു.

വാക്കുകളേക്കാള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നിശബ്ദമായ സത്പ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തിയെന്ന് തെളിയിച്ചവനാണ് ഈ പിതാവ്. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ മറ്റുള്ളവര്‍ക്ക് മാതൃകയായി ദൈവത്തിന് പ്രീതികരമായി ചരിക്കുന്നവനെ ദൈവം സുസ്ഥിരനാക്കും (സങ്കീ.37:23).

ഉത്തമ തൊഴിലാളി

സ്വന്തം തൊഴില്‍ വഴി കുടുംബത്തിനും അയല്‍പക്കക്കാര്‍ക്കും പ്രിയങ്കരനായ തൊഴിലാളിയായിരുന്നു വിശുദ്ധന്‍. അനുദിന ജീവിതത്തില്‍ തൊഴിലിന്റെ മഹാത്മ്യം ഉയര്‍ത്തികാട്ടി മാതൃക നല്‍കുന്നവന്‍. ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന മാതൃക. തൊഴിലിന്റെ അന്തസും അഭിമാനവും മനസിലാക്കാത്ത തലമുറക്ക് ഒരു സത് മാതൃക.

അനുദിന ജോലി ദൈവമഹത്വത്തിനു കാരണമാകുന്നതുപോലെതന്നെ സമൂഹത്തില്‍ ഉയര്‍ച്ചയുണ്ടാക്കുമെന്നും സ്വന്തം കുടുംബത്തിന്റെ ഉന്നതിക്ക് കാരണമാകുമെന്നും ഈ പിതാമഹന്‍ പഠിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തിലെ എല്ലാജോലിക്കാരും തിരിച്ചറിയേണ്ട സത്യം; തൊഴിലിനെ സ്‌നേഹിക്കാം, ആദരിക്കാം…

നല്ല കുടുംബനാഥനും ജീവിതപങ്കാളിയും നേതാവും തൊഴിലാളിയും സ്വാര്‍ത്ഥരഹിതനും മാതൃകയും അനുസരണയുള്ളവനുമാകാനുള്ള ദൈവവിളി ലഭിച്ച വിശുദ്ധ യൗസേപ്പിതാവ്. ദൈവം സ്വന്തമാക്കിയ, ഭാഗ്യവാനായ യൗസേപ്പ്. ആ നാമം ഉന്നതമാണ്. യഹോവഉയര്‍ത്തും അഥവാ യഹോവയായ ദൈവം കൂട്ടിചേര്‍ക്കും എന്നര്‍ത്ഥമുള്ള യൗസേപ്പ് എന്ന നാമം. ആ വിശുദ്ധ യൗസേപ്പിതാവ് നമുക്ക് വഴികാട്ടിയാകട്ടെ.

ഫാ. ലോറന്‍സ് തൈക്കാട്ടില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?