Follow Us On

29

March

2024

Friday

ഹൃദയംകൊണ്ട് നിര്‍വഹിക്കേണ്ട ജോലി

ഹൃദയംകൊണ്ട്  നിര്‍വഹിക്കേണ്ട ജോലി

ഒരു നല്ല അധ്യാപകനാകാന്‍ ഒരാള്‍ക്ക് ബുദ്ധിശക്തിയുണ്ടായാല്‍ പോരാ,  ഹൃദയമുണ്ടായിരിക്കണമെന്ന് പറഞ്ഞത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. സക്കീര്‍ ഹുസൈനാണ്.

പ്രഫ.തോമസ് കണയംപ്ലാവന്‍
(റിട്ട. പ്രഫസര്‍ )

1991-ലാണ് ഞാന്‍ ചങ്ങനാശേരി എസ്.ബി കോളജില്‍നിന്ന് ഫസ്റ്റ് ഗ്രേഡ് പ്രഫസറായി റിട്ടയര്‍ ചെയ്യുന്നത്. തുടക്കത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജില്‍ ലക്ചററായി ഒരുവര്‍ഷത്തിലധികം സേവനം ചെയ്തു. പിന്നെ മാതൃകലാലയത്തിലേക്ക് പോന്നു; അവിടെ 31 വര്‍ഷം പഠിപ്പിച്ചു. അങ്ങനെ കോളജില്‍ 32 വര്‍ഷത്തെ സേവനം. റിട്ടയര്‍ ചെയ്തശേഷം പവ്വത്തില്‍ പിതാവിന്റെ ആഗ്രഹമനുസരിച്ച് കുറിച്ചി മൈനര്‍ സെമിനാരിയില്‍ പത്തുവര്‍ഷത്തോളം വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. അങ്ങനെ 42 വര്‍ഷം അധ്യാപകനായിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എല്ലാ തൊഴിലിനും മഹത്വമുണ്ട്. ദൈവപുത്രന്റെ വളര്‍ത്തുപിതാവും തൊഴിലാളികളുടെ സ്വര്‍ഗീയ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പ് ആശാരിപ്പണിയാണ് തിരഞ്ഞെടുത്തത്. ബാലനായ ഈശോയും ആ പണിയില്‍ അദ്ദേഹത്തെ സഹായിച്ചിരിക്കണം. അധ്വാനത്തിന്റെ മഹത്വവും വിശുദ്ധീകരണശക്തിയും സഭ ഊന്നിപ്പറയുന്നു. ആര്‍ഷഭാരതത്തിന്റെ ഒരു വിശിഷ്ട പാരമ്പര്യമാണ് ഗുരുഭക്തി. ‘ഗുരുര്‍ ദേവോ ഭവ’ എന്നു വിശ്വസിക്കുന്ന ഭാരതീയര്‍ ഇക്കാര്യത്തില്‍ മറ്റാരുടെയും പിമ്പിലല്ല. ഞാന്‍ പഠിക്കാന്‍ തുടങ്ങിയ കാലംതൊട്ട് എനിക്ക് അധ്യാപനത്തോട് പ്രത്യേകമായൊരു താല്‍പര്യമുണ്ടായിരുന്നു. എന്റെ ഗുരുക്കന്മാരെല്ലാവരെയും ഞാന്‍ സ്‌നേഹാദരവുകളോടെ ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പതിനാലാം വയസില്‍ ആദ്യമായി എന്നെക്കൊണ്ട് കവിത എഴുതിച്ച പ്രിയപ്പെട്ട എ.എസ്. തോമസ് സാറിനെയും എന്നെ ധനശാസ്ത്രം പഠിപ്പിച്ച പ്രതിഭാശാലികളും സ്‌നേഹസമ്പന്നരുമായ പ്രഫ. പി.ആര്‍. കൃഷ്ണയ്യര്‍, പ്രഫ. സി. ഇസഡ്. സ്‌കറിയ എന്നിവരെയും പ്രത്യേകം സ്മരിക്കുന്നു.
കോളജ് അധ്യാപകനാവുക എന്നത് എന്റെ ചിരകാല സ്വപ്‌നമായിരുന്നു. അധ്യാപനത്തിലൂടെയും സാഹിത്യരചനയിലൂടെയും ക്രിസ്തുവിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കുകയെന്ന ഒരു ദൗത്യബോധം എന്നെ ഗ്രസിച്ചിരുന്നു. ഇതാണ് എന്റെ ദൈവവിളി എന്നു ഞാന്‍ തിരിച്ചറിഞ്ഞു. കോളജില്‍ ധനശാസ്ത്രം, രാഷ്ട്രശാസ്ത്രം, ചരിത്രം എന്നിവയാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്. നോട്ടുകള്‍ വേണ്ടപോലെ തയാറാക്കിയാണ് ക്ലാസില്‍ പോയിരുന്നത്. വിഷയാപഗ്രഥനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം പകര്‍ന്നു കൊടുക്കാനും ബോധപൂര്‍വം ശ്രമിച്ചിരുന്നതുകൊണ്ട് പഠനം അവര്‍ക്ക് ഭാരമായി തോന്നിയില്ല.

എല്ലാറ്റിനും ഉപരിയായി വിദ്യാര്‍ത്ഥികളെ മക്കളെപ്പോലെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഓരോ ദിവസവും ദിവ്യബലിയില്‍ സംബന്ധിച്ച്, ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷമാണ് ക്ലാസില്‍ പോയിരുന്നത്. ഈശോയോടുള്ള വ്യക്തിപരമായ സ്‌നേഹമായിരുന്നു എന്റെ ശക്തിസ്രോതസ്. അതോടൊപ്പം ദൈവമാതാവിനോടുള്ള ഭക്തിയും സ്‌നേഹവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. എന്റെ ക്ലാസുകളും സാഹിത്യ രചനകളും വിജയിക്കാനുള്ള മറ്റൊരു കാരണം ഭാര്യയുടെ നിരവ്യാജമായ സ്‌നേഹവും ശുശ്രൂഷയും പ്രചോദനവുമായിരുന്നു.

പ്രീഡിഗ്രി മുതല്‍ എം.എ വരെയുള്ള ക്ലാസുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഞാന്‍ രചിച്ച ഒന്നര ഡസന്‍ പാഠപുസ്തകങ്ങളിലൂടെ കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അകലെയിരുന്ന് പഠിപ്പിക്കാനും ദൈവം എനിക്കവസരം നല്‍കി. ഒരു നല്ല അധ്യാപകനാകാന്‍ ഒരാള്‍ക്ക് ബുദ്ധിശക്തിയുണ്ടായാല്‍ പോരാ, ഹൃദയമുണ്ടായിരിക്കണമെന്ന് പറഞ്ഞത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. സക്കീര്‍ ഹുസൈനാണ്. ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ചിരുന്നതുകൊണ്ട് സമരകാലങ്ങളില്‍പോലും അവര്‍ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. അധ്യാപകനെന്ന നിലയില്‍ എനിക്ക് കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല. ക്ലാസിലെ അച്ചടക്കം ഒരിക്കലും ഒരു പ്രശ്‌നമായി മാറിയിട്ടില്ല. ഓരോ ക്ലാസും ഒരനുഭവമായിരുന്നു.

എന്റെ വൈദിക വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേര്‍ വൈദികരായി. അവരില്‍ രണ്ടുപേര്‍ സഭയില്‍ ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബംഗ്ലാദേശിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും. മറ്റു വിദ്യാര്‍ത്ഥികളില്‍ പലരും പ്രശസ്തരായി. രാഷ്ട്രീയ മണ്ഡലത്തില്‍ ഇന്നും ശോഭിക്കുന്നവരാണ് ഉമ്മന്‍ചാണ്ടി, കെ.സി. ജോസഫ് എന്നിവര്‍.

എന്റെ വിദ്യാര്‍ത്ഥികള്‍ ഇന്നും എന്നെ സ്‌നേഹപൂര്‍വം സ്മരിക്കുന്നു എന്നതാണ് എനിക്ക് കിട്ടിയ വലിയ സമ്മാനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?