Follow Us On

23

May

2019

Thursday

നീതിന്യായവേദിയില്‍ തുണയായ വിശുദ്ധ യൗസേപ്പിതാവ്

നീതിന്യായവേദിയില്‍ തുണയായ വിശുദ്ധ യൗസേപ്പിതാവ്

ഒരിക്കല്‍ ഒരു അക്രൈസ്തവ ജുഡീഷ്യല്‍ ഓഫീസര്‍ പായ്ക്ക് ചെയ്ത ഒരു സമ്മാനവുമായി വന്നു പറഞ്ഞു: ‘ഇതൊരു ജീസസിന്റെ രൂപമാണ്.’ വീട്ടില്‍ വന്നശേഷം ഞാന്‍ അത് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഏതാണ്ട് രണ്ടരയടി നീളമുള്ള യൗസേപ്പിതാവിന്റെ ഒരു രൂപം! എനിക്കത് വലിയ സന്തോഷമായി. കേരള ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് കെ. ഏബ്രഹാം മാത്യു പറയുന്നു…

ജസ്റ്റീസ് കെ. എബ്രാഹം മാത്യു

”ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞാന്‍ യൗസേപ്പിതാവിനെക്കുറിച്ച് പഠിക്കുവാന്‍ ഒരുങ്ങിയത്. പൂര്‍ണ ഗര്‍ഭിണിയായ മാതാവുമൊത്ത് ബത്‌ലഹേമിലേക്കുള്ള യാത്രയിലും ഈജിപ്തിലേക്കുള്ള പലായനത്തിലും തിരിച്ച് നസ്രത്തിലേക്കുള്ള തിരിച്ചുവരവിലുമൊക്കെ വെറുമൊരു യാത്രാസംരക്ഷകന്‍ മാത്രമായിരുന്നില്ല ഈ പുണ്യവാന്‍. ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതയാത്രയായിരുന്നു അത്. ആ ജീവിതയാത്രയെയാണ് വിശുദ്ധ യൗസേപ്പ് സംരക്ഷിച്ച് പൂര്‍ണമാക്കിയത്. അതുകൊണ്ടുതന്നെ ഏതൊരു യാത്രികനും അവന്റെ സാധാരണ യാത്രകള്‍ക്കും ജീവിതയാത്രകള്‍ക്കും ആശ്രയിക്കാവുന്ന സംരക്ഷകനാണ് വിശുദ്ധ യൗസേപ്പിതാവ്. ഈ ബോധ്യം കിട്ടിയതില്‍പിന്നെ എവിടേക്ക് യാത്ര പുറപ്പെട്ടാലും യൗസേപ്പിതാവിന്റെ സംരക്ഷണവും സഹായവും പ്രത്യേകം ചോദിച്ചിട്ടാണ് പുറപ്പെടുന്നത്. ജീവിതയാത്രയിലും എന്റെ സംരക്ഷകന്‍ ഈശോയുടെ വളര്‍ത്തുപിതാവുതന്നെയാണ്”.

പറയുന്നത് വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും ക്രിസ്തീയതയുടെ നന്മ പ്രകാശിപ്പിക്കാന്‍ കഴിഞ്ഞ ജസ്റ്റിസ് കെ. എബ്രാഹം മാത്യു.

2014 ജനുവരിയില്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിക്കപ്പെട്ട അദേഹം യൗസേപ്പിതാവിന്റെ തികഞ്ഞ ഭക്തനും ആ പുണ്യവാന്റെ ജീവിതവഴികളെ സ്‌നേഹിച്ച് മുന്നേറാന്‍ ആഗ്രഹിച്ച വ്യക്തിയുമാണ്. രണ്ട് മാസം മുമ്പ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചുവെങ്കിലും ആ പുണ്യവാന്റെ ജീവിതത്തിലുണ്ടായിരുന്ന നീതിബോധവും വിശുദ്ധിയും ഇന്നും തന്നെ സ്വാധീനിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് സത്യസന്ധനായ ഈ ന്യായാധിപന്‍ സാക്ഷ്യപ്പെടുത്തുന്നു.

ദേവികുളത്ത് അന്ന് ഏറ്റവും അടുത്തുള്ളത് ജയിലും പള്ളിയുമായിരുന്നു. കടകളോ മറ്റ് യാതൊരുവിധ സ്ഥാപനങ്ങളോ അക്കാലത്ത് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും തൊട്ടടുത്തുള്ള പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമായിരുന്നു. ആയിടെ ജീവിതത്തില്‍ ഏറെ വിഷമകരമായ സംഭവമുണ്ടായി. അങ്ങനെയാണ് പോട്ടയില്‍ ഏകദിനധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പോകുന്നത്. അവിടെ ചെന്നതുമുതല്‍ കേള്‍ക്കുന്ന തിരുവചനത്തിന്റെ സാരാംശം ഇതായിരുന്നു. ”ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല.” പിന്നീട് ജീവിതത്തെ മുഴുവന്‍ സ്വാധീനിച്ച തിരുവചനമായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഷ്ടമോ നഷ്ടമോ നേട്ടമോ കോട്ടമോ എന്തുതന്നെയായാലും ദൈവം അറിഞ്ഞുതന്നെയാണ് അതൊക്കെ സംഭവിക്കുന്നതെന്നുള്ള ആഴമായ ബോധ്യം ഹൃദയത്തില്‍ എപ്പോഴും അലയടിക്കാന്‍ തുടങ്ങി. പ്രമോഷനുകളും സ്ഥലംമാറ്റങ്ങളും മൂലം കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെ സേവനമനുഷ്ഠിക്കാന്‍ ദൈവം ഇടവരുത്തി.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി, ജില്ലാ ജഡ്ജി, കേരള ജുഡീഷ്യല്‍ അക്കാദമിയുടെ അഡീഷണല്‍ ഡയറക്ടര്‍, ഡയറക്ടര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ തുടങ്ങിയ നിലകളിലൊക്കെ ഇതിനിടയില്‍ സേവനം ചെയ്യുകയുണ്ടായി. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടായി. അവിടെയെല്ലാം ദൈവവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഹൈക്കോടതി ജഡ്ജി ആയിരിക്കുമ്പോഴും പലവിധ ആരോപണങ്ങള്‍ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. ദൈവം അറിയാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല എന്ന ഉറച്ച ബോധ്യമായിരുന്നു അതൊക്കെ അതിജീവിക്കാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് ജസ്റ്റിസ് വ്യക്തമാക്കുന്നു.

യൗസേപ്പിതാവ് ഞങ്ങളുടെ കുടുംബത്തില്‍

യൗസേപ്പിതാവിന്റെ സംരക്ഷണവും സഹായവും എന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടായ ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. എന്റെ അമ്മച്ചിക്ക് മൂത്ത പെണ്‍ക്കുഞ്ഞുങ്ങള്‍ക്കുശേഷം ഒരു ആണ്‍കുട്ടി വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്‍പ്രകാരം വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുകയും നേര്‍ച്ച നേരുകയും ചെയ്തു. അങ്ങനെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ ജോസ് ജനിക്കുന്നത്. ഞാനാണെങ്കില്‍ കുഞ്ഞുന്നാളില്‍ വീട്ടില്‍ കുറച്ചൊക്കെ അസ്വസ്ഥത ഉണ്ടാക്കിയിരുന്ന കുട്ടിയാണെന്നും യൗസേപ്പിതാവിന് എന്നെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് എന്നില്‍ മാറ്റങ്ങള്‍ ഉണ്ടായതെന്നും അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.

നമുക്കൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാതാവ് നാം ആവശ്യപ്പെടാതെതന്നെ നമുക്കരികിലേക്ക് ഓടിയെത്തും. എന്നാല്‍ യൗസേപ്പിതാവാകട്ടെ നമുക്കൊരു അപകടം ഉണ്ടായാല്‍ അവിടെനിന്ന് നമ്മെ എടുത്തുകൊണ്ട് ഓടി രക്ഷപ്പെടുത്തും. ഈയൊരു അനുഭവം എന്റെ വ്യക്തിജീവിതത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും ദര്‍ശിക്കാന്‍ ഇടവന്നിട്ടുണ്ട്. കുടുംബത്തില്‍പെട്ട ഒന്നുരണ്ടുപേര്‍ ഉറക്കക്കുറവുമൂലം ക്ലേശിക്കുന്ന വിവരം ഞാന്‍ അറിയുകയുണ്ടായി. ആ സമയത്താണ് മാര്‍പാപ്പയുടെ ഇഷ്ടപ്പെട്ട തിരുസ്വരൂപമായ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം പ്രചാരത്തിലാകുന്നത്. അവര്‍ക്ക് ഞാന്‍ ഈ തിരുസ്വരൂപങ്ങള്‍ വാങ്ങി നല്‍കി. അത്ഭുതമെന്നു പറയട്ടെ, ആ വ്യക്തികള്‍ പ്രസ്തുത പ്രശ്‌നങ്ങളില്‍നിന്ന് വിമുക്തരായി.

ഭക്തരെ സ്‌നേഹിക്കുന്ന താതന്‍

ഒരിക്കല്‍ ഒരു സിസ്റ്റര്‍ വീട്ടില്‍ വന്നു. എന്നെ നേരിട്ട് കാണാതിരുന്നതുകൊണ്ട് എനിക്ക് നല്‍കണമെന്ന് പറഞ്ഞ് യൗസേപ്പിതാവിന്റെ സ്തുതിക്കായുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങിയ കൊച്ചുപ്രാര്‍ത്ഥനാ പുസ്തകം വീട്ടില്‍ ഏല്‍പിക്കുകയുണ്ടായി. ഇപ്പോഴും ഞാനത് മുടങ്ങാതെ ചൊല്ലാറുണ്ട്. യൗസേപ്പിതാവ് നേരിട്ട് എന്റെ കൈകളില്‍ തന്ന അനുഭവമായിരുന്നു അത്.

മറ്റൊരിക്കല്‍ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട് അക്രൈസ്തവ ജുഡീഷ്യല്‍ ഓഫീസര്‍ പായ്ക്ക് ചെയ്ത ഒരു സമ്മാനവുമായി വന്നു പറഞ്ഞു: ‘ഇതൊരു ജീസസിന്റെ രൂപമാണ്.’ വീട്ടില്‍ വന്നശേഷം ഞാന്‍ അത് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഏതാണ്ട് രണ്ടരയടി നീളമുള്ള യൗസേപ്പിതാവിന്റെ രൂപം! എനിക്കത് വലിയ സന്തോഷമായി. എന്റെ പഠനമുറിയില്‍ ഞാനത് വയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുവരുന്നു.

നീതിമാനായ യൗസേപ്പിതാവ്

നീതിയും ന്യായവും ധാര്‍മികതയും ഒന്നുചേരുമ്പോഴാണ് നീതിന്യായ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നത്. നീതിയായി കാണുന്ന പലതും ധാര്‍മികമാകണമെന്നില്ല. ഒരു ക്രൈസ്തവ വിശ്വാസിയായ ന്യായാധിപന്‍ എന്ന നിലയില്‍ നിയമവും ധാര്‍മികതയും വിശ്വാസവും തമ്മിലുള്ള ആന്തരികസംഘട്ടനം ഉണ്ടാകുക സ്വാഭാവികമാണ്. സെന്റ് അഗസ്റ്റിന്‍ പറയുന്ന ഒരു കാര്യം എപ്പോഴും ഞാന്‍ എന്റെ ജുഡീഷ്യല്‍ പരിശീലന ക്ലാസുകളില്‍ പറയാറുണ്ട്. അതിതാണ്: ”ഓരോ പാപിക്കും ഒരു ഭാവികാലമുണ്ട്; ഓരോ വിശുദ്ധനും ഒരു ഭൂതകാലമുണ്ട്.” കുറ്റം ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടുമ്പോഴും അയാള്‍ നശിക്കാന്‍ നാം ആഗ്രഹിക്കരുത്. യൗസേപ്പിതാവിന്റെ ദര്‍ശനം ഇത്തരത്തിലുള്ള ഒന്നായിരുന്നു. മാതാവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴും അവളെ നശിപ്പിക്കണമെന്നോ സമൂഹമധ്യത്തില്‍ പരിഹാസപാത്രമാക്കണമെന്നോ യൗസേപ്പിതാവ് ചിന്തിച്ചിട്ടില്ല. അവള്‍ തെറ്റുകാരിയല്ലെന്നും അവളെ സ്വീകരിക്കാന്‍ മടിക്കേണ്ടതില്ലെന്നും ദൈവദൂതന്‍ പറഞ്ഞപ്പോള്‍ പിന്നെ ഒട്ടും സംശയിക്കാതെ ഭാര്യയായി അവളെ സ്വീകരിച്ചു. യൗസേപ്പിതാവിന്റെ ധാര്‍മികതയിലൂന്നിയ നീതിബോധം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചില വിധിന്യായങ്ങളുടെ സമയത്ത് ശരിയായവ മാത്രം ചെയ്യാനുള്ള ഉള്‍ക്കാഴ്ച യൗസേപ്പിതാവ് എനിക്ക് നല്‍കി സഹായിച്ചിട്ടുണ്ട്.

ഉറക്കത്തിലും ദൈവത്തോടൊപ്പം

ഏതു നേരവും ദൈവാനുഭവത്തില്‍ ആയിരുന്ന യൗസേപ്പിതാവ് ഉറക്കത്തില്‍പോലും ദൈവസമ്പര്‍ക്കം നഷ്ടപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാണ് യൗസേപ്പിതാവ് സ്വപ്‌നം കണ്ടത്. ഈ സ്വപ്‌നങ്ങളൊക്കെയും യൗസേപ്പിതാവിലൂടെ ദൈവം നടത്താന്‍ നിശ്ചയിച്ച മഹത്പദ്ധതികളായിരുന്നു. ദൈവഹിതമാണെന്നറിഞ്ഞാല്‍ ഉടനെ ഉറക്കത്തില്‍നിന്നും എഴുന്നേറ്റ് അതിനുവേണ്ടി ഓടാന്‍ തയാറാകുമായിരുന്നു. ഒരു ന്യായാധിപന്‍ ദൈവാനുഭവത്തില്‍ ആയിരിക്കുകയാണെങ്കില്‍ ഇത്തരം സ്വപ്‌നങ്ങളോ ഉള്‍വിളികളോ തീര്‍ച്ചയായും ലഭിക്കും. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതിലല്ല, നീതിയും ന്യായവും ധാര്‍മികതയും ഉള്‍ച്ചേരുന്നവിധം ദൈവഹിതം ശരിയായി നടപ്പിലാക്കാന്‍ കഴിയും എന്നതാണ് ഇതിലെ പ്രസക്തമായ കാര്യം. അങ്ങനെ വരുമ്പോള്‍ മുന്നോട്ടുള്ള യാത്ര യൗസേപ്പിതാവിനെപ്പോലെ ക്ലേശകരമായിരിക്കാം. പക്ഷേ അന്തിമ വിജയം നേടുന്നത് സത്യം മാത്രമായിരിക്കും.

”ജീവിതത്തില്‍ ആരവങ്ങളില്ലാതെ നിശബ്ദനായി തന്റെ ജോലികളും ഉത്തരവാദിത്വങ്ങളും നിര്‍വഹിച്ച പുണ്യവാനായിരുന്നു യൗസേപ്പിതാവ്. ദൈവഹിതം നടപ്പാക്കാനുള്ള ഉപകരണമായി യൗസേപ്പിതാവ് നിലകൊണ്ടു. ന്യായാധിപ ജോലിയോടൊപ്പം ഞാന്‍ ചെയ്തിരുന്ന നിയമാധ്യാപന സേവനങ്ങളില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക എന്നെ സ്വാധീനിച്ചിട്ടുണ്ട്. അനേകരുടെ ഹൃദയങ്ങളില്‍ കയറിപ്പറ്റാനും അവര്‍ക്ക് ആശ്വാസമാകുവാനും മുന്നോട്ടുള്ള ജീവിതത്തില്‍ ഇടറാതെ മുന്നേറുവാനും ദൈവം എന്നെ ഉപകരണമാക്കിയിട്ടുണ്ട്. എന്റെ ക്രിസ്തീയ വിശ്വാസവും അതിനെന്നെ സഹായിച്ചിട്ടുണ്ട്.”
അള്‍ത്താര ബാലനായി വളര്‍ന്ന്, വിശുദ്ധ കുര്‍ബാനയെ സ്‌നേഹിച്ച് മുന്നേറിയ ഈ ന്യായാധിപന്‍ അതിനൊക്കെ തന്നെ പ്രേരിപ്പിച്ച മാതാപിതാക്കളെ നന്ദിയോടെ ഓര്‍ക്കുന്നു. അപ്പച്ചന്റെ സഹോദരനായ ജസ്യൂട്ട് വൈദികനും കുടുംബത്തിലെ കന്യാസ്ത്രീമാരും സഹോദരങ്ങളുമൊക്കെ ഈ ആത്മീയ വളര്‍ച്ചയില്‍ തന്നെ താങ്ങിയ കരങ്ങളാണെന്നതില്‍ ജസ്റ്റിസ് എബ്രാഹം മാത്യുവിന് അഭിമാനമുണ്ട്.

വൈക്കത്തിനടുത്ത ചെമ്പ് സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കാക്കനാടിനു സമീപം പടമുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?