Follow Us On

23

May

2019

Thursday

കുടുംബത്തിന്റെ കാവലാളായ വിശുദ്ധന്‍

കുടുംബത്തിന്റെ കാവലാളായ വിശുദ്ധന്‍

തന്റേതല്ലാത്ത പുത്രനെ തന്റേതാക്കി, ദൈവത്തിനു വേണ്ടി വളര്‍ത്തിയ ഔസേപ്പിതാവിനെ കുടുംബത്തിന്റെ മധ്യസ്ഥനായി കാണണം. ദൈവദാനമായ മക്കളെ ദൈവത്തിനുവേണ്ടിത്തന്നെ വളര്‍ത്തണം. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ കാര്യസ്ഥര്‍ മാത്രമായി മാറും. ഇത് യഥാര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വിശുദ്ധനാണ് യൗസേപ്പിതാവ്.

ഡോ. ടോണി മരിയാപുരം

വിശുദ്ധ യൗസേപ്പിതാവ് എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനിച്ചു വളര്‍ന്ന മാതൃ ഇടവക യൗസേപ്പിതാവിന്റെ നാമത്തിലുള്ളതായിരുന്നു, മാലാപറമ്പ് സെന്റ് ജോസഫ് ഇടവക. ആ നിലയ്ക്ക് നല്ലൊരു ആത്മബന്ധം യൗസേപ്പിതാവിനോടുണ്ട്. അപ്പന്‍ ജോസഫ് ജനിച്ചത് യൗസേപ്പിതാവിന്റെ മരണദിനത്തിലാണ്. അപ്പാപ്പന്റെ പേരും ജോസഫ് എന്നായിരുന്നു. അങ്ങനെ യൗസേപ്പിതാവിനോടുള്ള ഭക്തി ബാല്യം മുതലേ ഉണ്ടായിരുന്നു.

2000-ല്‍ തൃശൂര്‍-നെടുപുഴ ജോര്‍ദാനിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനിക്കുമ്പോള്‍ ധ്യാനഗുരു പറഞ്ഞത് ഞാനിന്നും ഓര്‍മിക്കുന്നു. തന്റേതല്ലാത്ത പുത്രനെ തന്റേതാക്കി, ദൈവത്തിന് വേണ്ടി വളര്‍ത്തിയ പിതാവ്.

മാതാപിതാക്കളെ സംബന്ധിച്ച് ഇത് വലിയൊരു ബോധ്യമാണ്. മക്കള്‍ ദൈവദാനമാണ്. ഈ മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തണം. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കള്‍ കാര്യസ്ഥര്‍ മാത്രമാണ്. ഇത് യഥാര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വിശുദ്ധനാണ് യൗസേപ്പിതാവ്.

തിരുവചനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നീതിമാനായ യൗസേപ്പ് എന്നാണ് നാം കാണുന്നത്. യൗസേപ്പിതാവിന്റെ നീതി ലോകത്തിന്റെ നീതി ആയിരുന്നില്ല. ലോകത്തിന്റെ നീതിയാണെങ്കില്‍ അന്നത്തെ യഹൂദ പാരമ്പര്യമനുസരിച്ച് മാതാവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ വിട്ടുകൊടുക്കണമായിരുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്റെ നീതിയെ അതിലംഘിക്കുന്ന നീതിയാണ് യൗസേപ്പിതാവിന്റേത്. മാതാവിനെ രഹസ്യത്തില്‍ ഉപേക്ഷിക്കാതെ ആ ഉത്തരവാദിത്വംകൂടി സ്വയം ഏറ്റെടുക്കുന്ന നീതി. ഈ നീതിബോധം എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു.

ഞാനാദ്യം സ്വകാര്യ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. പാവപ്പെട്ട രോഗികളോട് പ്രത്യേക പരിഗണനകളൊന്നും കാണിക്കേണ്ടതില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. ആശുപത്രിക്ക് വരുമാനമുണ്ടാക്കുകയെന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. എന്നെ സമീപിക്കുന്ന പാവപ്പെട്ട രോഗികളെ ഓപ്പറേഷനുമുമ്പായി പൂര്‍ണമായ അനസ്‌തേഷ്യ നല്‍കാതെ ആ ഭാഗം മാത്രം തരിപ്പിച്ച് വിടുകയായിരുന്നു. അങ്ങനെ വന്നപ്പോള്‍ മാനേജ്‌മെന്റ് അത് ചോദ്യം ചെയ്തു. അനസ്‌തേഷ്യ ചെയ്യുന്നതാണ് ആശുപത്രിക്ക് ലാഭകരം എന്നതായിരുന്നു അവരുടെ നിലപാട്. ഞാന്‍ പറഞ്ഞു, ”ഇതെന്റെ വിശ്വാസപ്രമാണമാണ്. ഇതിന്റെ പേരില്‍ എന്നെ പുറത്താക്കിയാലും കുഴപ്പമില്ല.”

അനസ്‌തേഷ്യക്കുള്ള പണം മുടക്കാന്‍ അവരുടെ കൈയിലില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഞാന്‍ അനസ്‌തേഷ്യ ഒഴിവാക്കിയിരുന്നത്. ഉറച്ച നിലപാടുകളോടെ മുന്നോട്ട് പോയി. അധികം വൈകാതെ ഗവണ്‍മെന്റ് സര്‍വീസില്‍ എനിക്ക് ജോലി കിട്ടി.

ഗവണ്‍മെന്റ് സര്‍വീസില്‍ ‘വര്‍ക്ക് റ്റു റൂള്‍’ ആണ് നിയമം. സമയമനുസരിച്ച് ജോലി ചെയ്യുക. അതായത് എട്ടുമുതല്‍ ഒരുമണിവരെയാണ് കണ്‍സള്‍ട്ടിംഗ് സമയമെങ്കില്‍ സമയത്തുതന്നെ പൂര്‍ത്തിയാക്കണം. അങ്ങനെയുള്ള ജോലി ശൈലിയാണ് ഗവണ്‍മെന്റ് ആശുപത്രികളില്‍ മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. ആ ഒരു കാലഘട്ടത്തിലാണ് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഞാന്‍ അസ്ഥിരോഗ വിദഗ്ധനായി എത്തുന്നത്.

സീനിയേഴ്‌സിന്റെ കൂടെ നില്‍ക്കുമ്പോഴും എന്നാലാവുന്ന വിധത്തില്‍ എക്‌സ്ട്രാ സമയത്തും ജോലി ചെയ്യാന്‍ ഞാന്‍ പരിശ്രമിച്ചു. പിന്നീടൊരു സമയത്ത് ഞാന്‍ ഒറ്റക്കായി. സമയമൊന്നും നോക്കാതെ രാവിലെ വന്നാല്‍ നാലുമണിവരെയൊക്കെ ഒ.പി നീളുന്ന ദിവസങ്ങള്‍. എല്ലാ രോഗികളെയും കണ്ട് എല്ലാവര്‍ക്കും ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്തതിനുശേഷമേ ഞാന്‍ പോയിരുന്നുള്ളൂ.

സാധാരണ പലരും ചെയ്യുന്നത് ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ പിന്നെ എക്‌സറേ എഴുതില്ല. എക്‌സറേ എഴുതിയാല്‍ റിസല്‍ട്ട് വരാന്‍ കാത്തിരിക്കണം. ചിലപ്പോള്‍ കൈയോ കാലോ വലിച്ച് കുഴയിലിടാനുണ്ടാവും. എന്നാല്‍ എക്‌സറേ എഴുതിയെങ്കില്‍ മുഴുവന്‍ രോഗികളെയും പരിശോധിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടേ വീട്ടില്‍ പോകാന്‍ ശ്രമിച്ചിട്ടുള്ളൂ. വീട്ടിലെത്തുമ്പോള്‍ അവിടെയും രോഗികള്‍ കാത്തിരിക്കുന്നുണ്ടാകും. അവരെയും പരിശോധിച്ചശേഷമാണ് വാര്‍ഡില്‍ റൗണ്ട്‌സിന് പോവുക. അങ്ങനെ വരുമ്പോള്‍ രാത്രി 11 വരെയൊക്കെ തുടര്‍ച്ചയായി ജോലി ചെയ്ത കാലഘട്ടമുണ്ടായിരുന്നു. ഇങ്ങനെ ജോലി ചെയ്യാന്‍ എന്നെ സഹായിച്ചത് തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ മാതൃകയാണ്. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ചിലപ്പോഴെങ്കിലും ചില കാര്യങ്ങളില്‍ നമുക്ക് തീരുമാനങ്ങെളടുക്കേണ്ടി വരും. അത് ചിലപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അവര്‍ക്ക് അതിന്റെ ഭാഗമായി കൂടുതല്‍ ജോലി ചെയ്യേണ്ടതായും വരും. പലപ്പോഴും അധികാരികള്‍ ചെയ്യുന്നത് കൂടെയുള്ള ജോലിക്കാരെയൊക്കെ പ്രീണിപ്പിച്ച് അവര്‍ക്ക് അപ്രീതിയുണ്ടാക്കാതെ നിലനില്‍ക്കുക എന്നതാണ്.

എന്നാല്‍ രോഗികള്‍ക്ക് നന്മയാണെങ്കില്‍ അതിനുവേണ്ടി എത്രമാത്രം കഷ്ടപ്പെട്ടാലും ദോഷമല്ല എന്നതാണ് എന്റെ പക്ഷം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെയോ അധികാരികളുടെയോ അപ്രീതി ഉണ്ടായാലും ഞാനത് കാര്യമാക്കിയിരുന്നില്ല. ഇക്കാരണത്താല്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
തൃശൂര്‍നിന്നും പാലക്കാട്ടേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോഴും തിരിച്ച് വരാനുള്ള പരിശ്രമത്തിനിടയിലും ഇങ്ങനെയുള്ള ജീവനക്കാര്‍ ഉള്‍പ്പെടുന്ന സര്‍വീസ് സംഘടനകള്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ അവര്‍ എതിര്‍ക്കുന്നതിനുള്ള കാരണം എന്റെ കുറ്റമല്ലെന്ന് മനസിലാക്കാനും ഞാന്‍ മുറുകെ പിടിച്ച നീതിബോധത്തിനെയാണ് അവര്‍ എതിര്‍ക്കുന്നതെന്ന് മനസിലാക്കാനും അവരോട് ക്ഷമിക്കാനും അത്തരം പ്രശനങ്ങളിലൂടെ കടന്നുപോകുന്നതിനെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കാനും സാധിച്ചിട്ടുണ്ട്.

വിശുദ്ധ യൗസേപ്പിതാവിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത, അത് നല്ല മാതൃകയായി എന്റെ ജീവിതത്തില്‍ പാലിക്കാനായി എനിക്ക് സാധിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?