Follow Us On

29

February

2024

Thursday

സ്‌നേഹം അടുപ്പമാണ്, അകലവുമാണ്‌

സ്‌നേഹം അടുപ്പമാണ്, അകലവുമാണ്‌

”അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്ക് ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്തവന്‍ കരുണാപൂര്‍വം നിങ്ങള്‍ക്ക് ജീവനും ശ്വാസവും വീണ്ടും നല്‍കും” (2 മക്ക. 7:22-23).

സ്‌നേഹം, അത് അടുപ്പമാണ്. ഇഴയടുപ്പം. ഏറെ കൈമാറ്റങ്ങള്‍ സ്‌നേഹത്തിലുണ്ട്. ആശയങ്ങളും അവകാശങ്ങളും ആലോചനകളും ആഭിമുഖ്യങ്ങളും ഒക്കെ അതില്‍പെടും. കൂടുതല്‍ അടുക്കുമ്പോള്‍ ഹൃദയത്തിന്റെ കൈമാറ്റംപോലും സംഭവിക്കും. രണ്ടുപേര്‍ക്കിടയിലെ കാരണങ്ങള്‍ ഗണിച്ചെടുക്കാനാവാത്ത സ്വാതന്ത്ര്യമാണീ സ്‌നേഹം. സ്‌നേഹിക്കുന്നവര്‍ക്ക് കരുതലുണ്ട്, മറ്റുള്ളവര്‍ക്ക് മുന്‍കരുതലും!

സ്‌നേഹത്തില്‍ സമര്‍പ്പണവുമുണ്ട്. പരസ്പര സമര്‍പ്പമത്തിന് നിങ്ങള്‍ നല്‍കുന്ന ചുങ്കമാണ് സ്‌നേഹം. എല്ലാ സമര്‍പ്പണത്തിലും കുറച്ചൊക്കെ വേദനയുമുണ്ടല്ലോ. എന്തൊരു സ്വാതന്ത്ര്യമാണ് സ്‌നേഹിക്കുന്നവര്‍ക്കിടയില്‍. അവള്‍ക്ക് എന്നെ മനസിലാകും എന്നറിയുമ്പോള്‍ എന്തൊരു ആശ്വാസമാണ്. അവന് എന്നെ ശരിക്കും അറിയാം എന്നു പറയാന്‍ ഭാഗ്യം ലഭിക്കുന്ന സ്ത്രീകളെ കാണുക. അവിടെ ചിരിക്കാം, ചിരിക്കാതിരിക്കാം, സ്‌നേഹം പ്രകടിപ്പിക്കാം, പ്രകടിപ്പിക്കാതിരിക്കാം.

ജീവിതത്തിന്റെ സ്വകാര്യതകള്‍പോലും പങ്കുവച്ചതുകൊണ്ട് നിങ്ങള്‍ക്കിടയില്‍ ചരിക്കുന്ന സ്വാതന്ത്ര്യമാണിത്. അടുപ്പം നിങ്ങള്‍ക്കു നല്‍കിയ ആനന്ദം എത്രയോ വലുതെന്ന് തിരിച്ചറിയന്നത് അതിന് വിള്ളലുകള്‍ സംഭവിക്കുമ്പോഴല്ലേ. സ്‌നേഹത്തിന്റെ അടുപ്പം മാനവരാശിയുടെ മുഴുവന്‍ സ്വപ്നഭൂമിയാണ്.

സ്‌നേഹം അടുപ്പം മാത്രമല്ല, അകലവുമാണ് എന്നു തിരിച്ചറിയുക. സ്‌നേഹത്തില്‍ നിങ്ങള്‍ സൂക്ഷിക്കേണ്ട അകലം കാത്തില്ലെങ്കില്‍, ഉന്നതമായ പലതും നിങ്ങള്‍ക്ക് കൈമോശം വരും. സ്‌നേഹത്തില്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ച പലതിനെയും ബലി ചെയ്‌തെങ്കിലേ സ്‌നേഹത്തിന്റെ ഉറവിടമായവന്‍ നിങ്ങളില്‍ ചരിക്കൂ. വചനത്തിലെ മൂന്നുപേരെ ശ്രദ്ധിക്കുക.

ഒന്ന്, അബ്രഹാമാണ്. നൂറാം വയസില്‍ അദ്ദേഹത്തിന് കിട്ടിയ കനകമാണ് ഇസഹാക്ക്. ഒരാളെയല്ല, ഒരു ജനതയെയാണ് അബ്രഹാം ഇസഹാക്കില്‍ കണ്ടത്. വാഗ്ദാനപുത്രനാണവന്‍. ചുക്കിച്ചുളിഞ്ഞ ആ ശരീരത്തില്‍ ചാഞ്ഞിരുന്നും കൈത്തണ്ടയില്‍ വിശ്രമിച്ചും ഇസഹാക്ക് വളര്‍ന്നു. എനിക്ക് ചിരിക്കാന്‍ ദൈവം അനുവാദം തന്നിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഇസഹാക്ക് എന്ന പേര് അവന് നല്‍കിയത്.

ചിരിയും കളിയുമായി അവന്‍ വളര്‍ന്നു. അവനെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം മുഴുവന്‍. അങ്ങനെയിരിക്കെയാണ് അവനെ ബലി ചെയ്യണം എന്ന കല്പന കേള്‍ക്കുന്നത്. ഒരു നൂറു ചോദ്യങ്ങള്‍ അവന്റെ നെഞ്ചിലൂടെ കടന്നുപോയിരിക്കുമോ? തട്ടിയെടുക്കാനായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് ഇവനെ തന്ന് ഞങ്ങളെ കൊതിപ്പിച്ചത്?

എന്തപരാധം ചെയ്തിട്ടാണ് ചിരിയുടെ ആയുസ് ഇത്രയേറെ വെട്ടിക്കുറച്ചത്? വേറെ എന്തു വേണമെങ്കിലും ചോദിക്കാമായിരുന്നല്ലോ, ഈ കുഞ്ഞിനെയൊഴികെ. ഇവനെ കുരുതി കഴിച്ചാല്‍ വാഗ്ദാനം എങ്ങനെ നിറവേറും? അബ്രഹാം ഇതൊന്നും ചോദിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ഇത്രയെങ്കിലും ചോദിക്കാതെ ഉല്‍പത്തിയുടെ ആ താളുകള്‍ മറിക്കാന്‍ നമുക്കാവില്ല.

അബ്രഹാം ഉടനെതന്നെ മകനെയും കൂട്ടി യാത്രയായി. ചങ്കു പറിയുന്ന ചോദ്യം ഒക്കെ യാത്രയ്ക്കിടയില്‍ ചോദിക്കുന്നുണ്ട്: അപ്പാ, വിറകുണ്ട്, തീയുണ്ട്. ബലിക്കുള്ള കുഞ്ഞാടെവിടെ? (ഉല്‍. 22:7). ദൈവം തരുമെന്ന് ആശ്വസിപ്പിച്ച് ആ യാത്ര ബലിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. അബ്രഹാം ഇസഹാക്കിനെ സ്‌നേഹിച്ചു. പക്ഷേ, ദൈവത്തിലുപരി സ്‌നേഹിച്ചില്ല. നിന്റെ സ്‌നേഹത്തെ ബലി ചെയ്തും എന്നെ സ്‌നേഹിക്കണമെന്ന് പറഞ്ഞപ്പോള്‍ അബ്രഹാം തകര്‍ന്നില്ല. അതാണയാളുടെ മഹത്വം. സ്‌നേഹത്തില്‍ കൃത്യമായി പാലിക്കേണ്ട അകലം കാത്തു.

ഒരമ്മയെ നാം കാണുന്നുണ്ട്, മക്കബായരുടെ പുസ്തകത്തില്‍. ഒരമ്മയും ഏഴുമക്കളും. വിധവയായ ആ സ്ത്രീ ജീവിച്ചത് ഈ മക്കള്‍ക്കുവേണ്ടിയാകും. അവരുടെ വളര്‍ച്ചയും തളര്‍ച്ചയും അമ്മയുടെ മുമ്പിലുണ്ട്. അങ്ങനെയിരിക്കെയാണ് ദൈവനിയമം തെറ്റിക്കാന്‍ രാജാവിന്റെ കല്‍പന വരുന്നത്. രണ്ടു സാധ്യതകളേയുള്ളൂ: ഒന്നുകില്‍ രാജകല്‍പന പാലിച്ച് ശിഷ്ടകാലം താന്‍ സ്‌നേഹിച്ചതിനെ ചേര്‍ത്തുപിടിച്ച് ജീവിക്കുക. അല്ലെങ്കില്‍ ദൈവനിയമത്തിനായി താന്‍ ചേര്‍ത്തുപിടിച്ചതിനെയൊക്കെ ബലി ചെയ്യുക. കടുത്ത വെല്ലുവിളിയാണ്. സ്‌നേഹിക്കുന്നവര്‍ക്കല്ലേ അത് ബലി ചെയ്യേണ്ടി വരുമ്പോള്‍ നോവ് അനുഭവപ്പെടുകയുള്ളൂ. അവള്‍ സ്‌നേഹിച്ചിരുന്നു, ഒരുപാട്. ഈ മക്കളെ. പക്ഷേ നിര്‍ണായകമായ സമയത്ത് അവള്‍ ആ സ്‌നേഹത്തില്‍ സൂക്ഷിക്കേണ്ട അകലവും വ്യക്തമാക്കി.
അവളുടെ മുമ്പില്‍ മക്കള്‍ ഓരോരുത്തരായി തകര്‍ക്കപ്പെടുകയാണ്. ക്രൂരമായി കുഞ്ഞുങ്ങളെ കൊന്നുകളയുന്നു. ഏറ്റവും ഒടുവില്‍ ഇളയപുത്രന്‍ മരണത്തിനായി കാത്തുകിടക്കുമ്പോള്‍ രാജാവ് ചോദിച്ചു, നിനക്ക് ഉന്നത സ്ഥാനമാനങ്ങളും ധനവും തരാം. ദൈവനിയമത്തെ നിഷേധിച്ച് കൂടെ നില്‍ക്കുമോ? പുത്രനെ ചേര്‍ത്തുപിടിച്ച് ആ അമ്മ പറഞ്ഞു, മോനെ, നിന്നെ ഞാന്‍ സ്‌നേഹിച്ചു. ഒരുപാട് സ്‌നേഹിച്ചു. ഒന്‍പതുമാസം ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലത്തോളം മുലയൂട്ടി.

ഇന്നുവരെ പോറ്റിവളര്‍ത്തി (2 മക്ക. 7:27). എങ്കിലും മോന് ജീവന്‍ തന്നത് ഞാനല്ല. അവയവങ്ങള്‍ തന്നതും ഞാനല്ല. നിന്റെമേല്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെനിക്ക്. അതിനാല്‍ ദൈവനിയമത്തിനായി നിലകൊള്ളുക (2 മക്ക. 7:22). നിങ്ങളെന്തിന് എന്നെ വധിക്കാന്‍ വൈകുന്നു എന്നു ചോദിച്ചുകൊണ്ടാണ് പിന്നീട് ആ ചെറുപ്പക്കാരന്‍ അമ്മയുടെ വിരല്‍തുമ്പില്‍നിന്ന് വാളിന്‍മുനയിലേക്ക് ഓടിപ്പോയത്. അമ്മേ, നിനക്കെങ്ങനെ ഇതുപോലെ കുഞ്ഞുങ്ങളെ സ്‌നേഹിക്കാനും സമര്‍പ്പിക്കാനും കഴിഞ്ഞു. സ്‌നേഹങ്ങള്‍ ബലി ചെയ്യേണ്ടി വരുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഭാരം എത്രയോ വലുതാണ്.

മൂന്നാമത്തേത് മറിയമാണ്. വലിയൊരു നിയോഗം അവളില്‍ സൗഭാഗ്യമായി മാറിയിരുന്നു. ദൈവപുത്രനെ വഹിക്കാനുള്ള സൗഭാഗ്യം. അവളുടെ മാറില്‍ കിടന്നും അവള്‍ക്കൊപ്പം സന്ധ്യാജപങ്ങള്‍ ചൊല്ലിയും സങ്കീര്‍ത്തനങ്ങള്‍ വായിച്ചുമൊക്കെയാണ് അവന്‍ വളര്‍ന്നത്. ഏതൊരമ്മയും സ്വന്തം മകനില്‍ ഉള്ള അധികാരവും അടുപ്പവും തീര്‍ച്ചയായും ഇവര്‍ക്കിടയിലുമുണ്ട്. എന്നിട്ടും നിര്‍ണായക സമയത്ത് മറിയം സൂക്ഷിക്കേണ്ട അകലം സൂക്ഷിച്ചു. ഈ മകന്‍ തന്റേതു മാത്രമല്ല എന്നു വ്യക്തമായ ധാരണയുണ്ടവള്‍ക്ക്.

മാറു പിളര്‍ക്കുന്ന സംഭവങ്ങളും വാര്‍ത്തകളും എന്നും അവളുടെ കണ്‍മുമ്പിലുണ്ട്. ഒടുക്കം കുറ്റവാളിയെപ്പോലെ കുരിശിലേക്ക് വലിച്ചിഴയ്ക്കുമ്പോഴും മറിയം അവിടെ ഉണ്ടെന്നോര്‍ക്കുക. ഒരു കുഞ്ഞിന്റെ കാലില്‍ മുള്ളു തറച്ചാല്‍ പെറ്റ തള്ളക്ക് മാറിനിന്ന് നോക്കിനില്‍ക്കാനാവില്ല. എന്നിട്ട് സ്വന്തം മകന്റെ ശരീരം ഉഴവുചാലുകളായി തീരുന്നതിന് സാക്ഷിയാകേണ്ടി വന്ന മറിയമെന്ന അമ്മയെ എങ്ങനെ നാം ധ്യാനിച്ചെടുക്കും? അവള്‍ സ്‌നേഹിച്ചു. അടുപ്പവും അകലവും സൂക്ഷിച്ച് സ്‌നേഹിച്ചു.

സ്‌നേഹബന്ധങ്ങളില്‍ കൃത്യമായ അകലം സൂക്ഷിക്കുന്ന അപ്പനും അമ്മയും മാത്രമല്ല നമുക്കിടയിലുള്ളത്. അത്തരം മക്കളുമുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ ശിവചന്ദ്രയുടെ അമ്മയുടെ സാക്ഷ്യം ഓര്‍മയുണ്ടല്ലോ: ”കഴിഞ്ഞ മാസം മകന്‍ വന്നപ്പോള്‍ തിരികെ പോകരുത് എന്നു ഞാന്‍ ആവശ്യപ്പെട്ടതാണ്.

ഒരു മകന്‍ മരിച്ച എനിക്ക് ഏക ആശ്വാസം അവനായിരുന്നു. അമ്മയാണ് എനിക്ക് ജന്മം നല്‍കിയതെങ്കിലും എന്റെ ജീവന്‍ രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്നാണ് അന്നവന്‍ മറുപടി പറഞ്ഞത്. മരിക്കുകയാണെങ്കില്‍ പട്ടാളക്കാരനായി മരിക്കണം എന്നും അവന്‍ എന്നോട് പറഞ്ഞു!”
ഉന്നത കാര്യങ്ങളെ ധ്യാനിക്കുന്നവര്‍ക്ക് സ്‌നേഹത്തിന്റെ അകലം ബാധ്യതയല്ല. ആവേശമാണ്.

പ്രാര്‍ത്ഥന: ഒരുപാടു സ്‌നേഹങ്ങള്‍ എന്നെ കൊതിപ്പിക്കുന്നു. ഒരു ബലി എന്നെ കാത്തുനില്‍ക്കുന്നു. ഈശോയെ സ്‌നേഹങ്ങളൊക്കെ ബലി ചെയ്ത് നിന്റെ ബലിയെ സ്‌നേഹിക്കാന്‍ കൃപ തരണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

******************************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?