Follow Us On

09

April

2020

Thursday

കണക്കുകൂട്ടല്‍

കണക്കുകൂട്ടല്‍

”യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു” (യോഹ. 18:36).

എത്രയെത്ര കണക്കുകൂട്ടലുകളിലാണ് നാം ജീവിതം നെയ്‌തെടുക്കുന്നത്. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍, നാളെ നേടേണ്ട ലക്ഷ്യങ്ങള്‍, എഴുതി തീര്‍ക്കേണ്ട അധ്യായങ്ങള്‍ എന്നിങ്ങനെ പലതും. കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നാമാകെ പരിഭ്രമിക്കും. കടുത്ത വേനലില്‍ പെട്ടെന്ന് പെയ്ത മഴയില്‍ കുടയില്ലാതെ അകപ്പെട്ട കുഞ്ഞിന്റെ വിഭ്രാന്തിയാണ് ചിലര്‍ക്കെങ്കിലും. നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ എന്തൊക്കെയോ ദൈവനിയോഗം പൂര്‍ത്തിയാകുന്നുവെന്ന് ഗ്രഹിക്കാനുള്ള വെളിച്ചം കിട്ടിയാല്‍ നിങ്ങള്‍ക്ക് ശാന്തമായി ഇത്തരം അനുഭവങ്ങളെ നേരിടാനാകും.

നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നവനാണ് ക്രിസ്തു. അവന്റെ ജനനത്തിലേ നാമാകെ അമ്പരന്നുപോയി. രാജകുമാരന്‍ നാടോടികുഞ്ഞുങ്ങളെപ്പോലെ പിറന്നു വീഴുന്നു. സാധാരണമായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ചെറുപ്പകാലം മുഴുവന്‍ ആശാരിയുടെ ജോലിയും വേദപഠനവുമായി മുന്നോട്ടു ചരിക്കുന്നു. അവനോടൊപ്പം കൂട്ടുചേര്‍ന്നവരോ ജീവിതത്തില്‍ നാം എന്നും കണ്ടുമുട്ടുന്ന സാധാരണക്കാര്‍. ദൈവപുത്രനെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്തകള്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും എത്രയോ അകലെയാണ്.

ക്രിസ്തുവിനെക്കുറിച്ചുള്ള മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി എന്നതിനപ്പുറം അവന്‍ പ്രവേശിച്ചതും വന്‍കാര്യങ്ങള്‍ ചെയ്തതും കണക്കുകൂട്ടലുകള്‍ തെറ്റിയ ഇടങ്ങളിലേക്കാണ്. യോഹന്നാന്റെ സുവിശേഷമനുസരിച്ച് ക്രിസ്തു ആദ്യം സന്ദര്‍ശിച്ച വീടിന്റെ കാര്യമെടുക്കാം. കാനായിലെ കല്യാണവീടാണിത്. ഒരുക്കങ്ങള്‍ എല്ലാം നന്നായി ക്രമപ്പെടുത്തിയിരുന്ന വീട്.

നല്ല മുഹൂര്‍ത്തം; മൂന്നാം ദിവസം. നല്ല അതിതികള്‍; മറിയവും ശിഷ്യരും പരിസരവാസികളും. നല്ല വധൂവരന്മാര്‍. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറുപേരെ കല്യാണം വിളിച്ചിട്ട് ആരും മുന്നൂറുപേരുടെ സദ്യയുണ്ടാക്കില്ല. എല്ലാം മനോഹരമായി ക്രമപ്പെടുത്തും. അന്നു കാനായിലും അതുപോലെതന്നെ ചെയ്തു. എന്നിട്ടും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും വിശുദ്ധജീവിതം നയിച്ചാലും ചിലപ്പോള്‍ പിശകുകള്‍ വരാം.

യഥാര്‍ത്ഥത്തില്‍, കാനായില്‍ കണക്കു തെറ്റിയതല്ല, തെറ്റിച്ചതാണ്. നിങ്ങളുടെ ജീവിതത്തില്‍ ചിലതു നിവര്‍ത്തിതമാകാന്‍ ഇങ്ങനെയൊക്കെ സംഭവിച്ചേ മതിയാകൂ. സകല ഒരുക്കങ്ങള്‍ക്കുശേഷവും ജീവിതത്തില്‍ ചിലത് മങ്ങിപ്പോകുന്നുവെങ്കില്‍, തെറ്റിപ്പോകുന്നുവെങ്കില്‍ അതവന്റെ പ്രവൃത്തിതന്നെ.
വലിയൊരു സുവിശേഷ സമ്മേളനമൊരുക്കി, ആഫ്രിക്കയില്‍. അയ്യായിരം പേര്‍ക്കുള്ള ഒന്നാന്തരം പന്തല്‍ നിര്‍മിച്ചു. തലേ രാത്രിയിലെ ശക്തമായ കാറ്റില്‍ കുറ്റികളടക്കം പന്തലില്‍ തകര്‍ന്നുവീണു.

എല്ലാം തകര്‍ന്നപ്പോള്‍ സംഘാടകരും ആകെ തകര്‍ന്നു. സുവിശേഷകന്‍ പറഞ്ഞു, ഇതു തകര്‍ന്നതല്ല. തകര്‍ത്തതാണ്. കാര്യം പിടികിട്ടിയത് സമ്മേളനത്തിന്റെ തിരിതെളിച്ചപ്പോഴാണ്. അന്‍പതിനായിരം പേരിലധികം അവിടെ എത്തിയിരുന്നു, അന്ന്. പന്തല്‍ അവര്‍ പൊളിച്ചടക്കുംമുമ്പേ ദൈവമതു ചെയ്തു എന്നേയുള്ളൂ.
കാനായില്‍ മറിയത്തിന് ചിലത് പറയാനുണ്ട്. ക്രിസ്തുവിന് ചിലത് പ്രവര്‍ത്തിക്കാനുണ്ട്. കുടുംബത്തിന് ചിലത് ഒരുക്കാനുമുണ്ട്.

ഇന്നതിന്റെ രഹസ്യം നമുക്ക് പിടികിട്ടുന്നുണ്ട്. എന്നിട്ടും നാം ക്ഷുഭിതരാകും, ചില പ്ലാനുകള്‍ പൊട്ടിത്തകരുമ്പോള്‍. നമ്മുടെ കൊച്ചുകൊച്ചു സ്വപ്നഗോപുരങ്ങള്‍ തകര്‍ന്നെങ്കിലേ ദൈവത്തിന്റെ ഉന്നതമായ സ്വപ്നം നമ്മില്‍ സംഭവിക്കുകയുള്ളൂ.

കാനായില്‍ നടന്ന കല്യാണത്തിന് വീഞ്ഞു തീര്‍ന്നതിനൊപ്പം ആ കുടുംബത്തിന്റെ അഭിമാനവും സല്‍പ്പേരും ഒക്കെ നഷ്ടമായി. ശരിയാണ്, ഏഴുനാള്‍ നീണ്ടുനില്‍ക്കുന്ന യഹൂദകല്യാണത്തില്‍ വീഞ്ഞു തീര്‍ന്നുപോകാന്‍ പാടില്ലായിരുന്നു. പക്ഷേ അന്നത് തീര്‍ന്നുപോയതിനാലാണ് രക്ഷകന്റെ ആദ്യാത്ഭുതം മനുഷ്യന് കാണാനായത്. ക്രിസ്തുവിന് രക്ഷാകരമായ പീഡാനുഭവ സമയത്തിലേക്ക് പ്രവേശിക്കാനായത്.

ആ വീട്ടിലെ മംഗല്യം മാനവരാശി ഉള്ളിടത്തോളം കാലം പങ്കുവയ്ക്കപ്പെടുന്നത്. മൗനിയായ മറിയത്തിന് മഹത്വമേറിയ ശുശ്രൂഷകയാകാന്‍ കഴിഞ്ഞത്. സ്മാരകമാകാനും ശ്രേഷ്ഠമാകാനും ചിലതെല്ലാം തകിടം മറിയണം. അന്ന് ജറുസലെമിലേക്കുള്ള വഴിയെ ഈശോ പീഡാനുഭവ സംഭവങ്ങളെ മുന്‍കൂട്ടി വെളിപ്പെടുത്തുകയായിരുന്നു, പന്ത്രണ്ടുപേരോടും. തുടര്‍ന്നു വരുന്ന ഭാഗം കാണുമ്പോള്‍ നാം അമ്പരന്നുപോകും.

കാരണം സെബദിയുടെ മക്കള്‍ യാക്കോബും യോഹന്നാനും ക്രിസ്തുവിന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള അവസരം തരണമെന്ന് പറഞ്ഞ് അവനെ സമീപിക്കുകയാണ്. ഗുരു പറയുന്നതും ശിഷ്യര്‍ മനസിലാക്കുന്നതും തമ്മിലുള്ള അന്തരം എത്രയോ ഭീകരമെന്ന് തോന്നിപ്പോകും. നിങ്ങള്‍ സത്യത്തില്‍ എന്താണ് ചോദിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? (മര്‍ക്കോ. 10:38). നാം ദൈവത്തോട് ചോദിക്കുന്നതിന്റെ അര്‍ത്ഥംപോലും പലപ്പോഴും നാം അറിയുന്നില്ല.

അവരുടെ സ്വപ്നങ്ങള്‍ അവന്‍ കീഴ്‌മേല്‍ മറിക്കുന്നത് കാണുക. ആദ്യമായി രക്തസാക്ഷിത്വം വഹിക്കുന്ന ശിഷ്യന്‍ യാക്കോബാണ് (അപ്പ. 12). അവനെ വാളിനിരയാക്കി എന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചോദിച്ചത് തന്നെ കിട്ടി! യോഹന്നാനെ പാത്‌മോസിലേക്ക് നാടും കടത്തി! ഇവരുടെ സാമാന്യ കണക്കുകൂട്ടലുകള്‍ തകര്‍ത്തുകൊണ്ട് ഇന്നവര്‍ സ്മാരകങ്ങളാണ്.

നിന്റെ ശുശ്രൂഷയിലും കുടുംബത്തിലും സ്വകാര്യതയിലും ചിലത് കീഴ്‌മേല്‍ മറയുന്നുണ്ടോ? ക്രിസ്തുവിന് ചിലത് നിന്നില്‍ പ്രവര്‍ത്തിക്കാനുണ്ട്. മറിയത്തിന് ചിലത് പറയാനുണ്ട്. നമുക്ക് ചിലത് ക്രമപ്പെടുത്താനുമുണ്ട്.

പ്രാര്‍ത്ഥന: എന്റെ പദ്ധതികള്‍ തകിടം മറിയുമ്പോള്‍ തകര്‍ന്നുപോകാതെ അതിനു പുറകിലുള്ള ദൈവപദ്ധതിയെ ധ്യാനിക്കാന്‍ ഈശോയെ, എന്നെ പഠിപ്പിക്കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

*****************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?