Follow Us On

29

March

2024

Friday

അരമുറുക്കുക

അരമുറുക്കുക

നോമ്പുകാലത്ത് ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും എല്ലാം കാര്യംവിട്ട് സത്യസന്ധതയുടെ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. എഫേസോസ് ലേഖനത്തിന്റെ ആറാം അധ്യായം പതിനാലാം വാക്യമാണ് പ്രതിപാദനം. തിന്മയെ ചെറുത്തുനില്‍ക്കാന്‍ ദൈവത്തിന്റെ ആയുധം ധരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അതില്‍ ഒന്നാമതായി പറയുന്നത് ഉപവാസമോ ദാനധര്‍മമോ പ്രാര്‍ത്ഥനയോ അല്ല എന്നത് ശ്രദ്ധേയമാണ്. സത്യസന്ധതയുടെ അരമുറുക്കല്‍ നമ്മില്‍ സാധ്യമാകണമത്രേ!

പാലിക്കപ്പെടേണ്ട വലിയ പുണ്യമായി സത്യസന്ധത മാറുന്നു. ഒരു നുണ പറയുന്നതോ അല്പം കള്ളത്തരം കാട്ടുന്നതോ പാപമല്ല എന്ന പൊതുവികാരത്തിന്റെ മുന്നില്‍ ഈ നോമ്പ് നമുക്ക് വെല്ലവിളിയാകട്ടെ. സത്യം പറയുകയും പ്രവര്‍ത്തിക്കുകയും സത്യത്തിനുവേണ്ടി നില്‍ക്കുകയും ചെയ്യുന്നത് ഭോഷത്തമായി ചിത്രീകരിക്കപ്പെടാം. എങ്കിലും സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന തത്വം നമ്മെ പഠിപ്പിച്ചവന്റെ പിന്നാലെയാണ് നാം. അതില്‍ ഉറച്ചു നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയത.

എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന സത്യസന്ധതയുടെ ഒരു ഉദാഹരണം. ഇതിലെ പ്രധാന കഥാപാത്രം 13 വയസുകാരന്‍ ബിനില്‍ ആണ്. എറണാകുളത്തെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ മുന്നിലെ ഭിക്ഷക്കാരനായാണ് ഞാന്‍ അവനെ ആദ്യം കാണുന്നത്. കൊച്ചുപയ്യന്‍ ഭിക്ഷ യാചിക്കുന്നതില്‍ വിഷമം തോന്നിയതുകൊണ്ടാണ് അവനുമായി പരിചയപ്പെട്ടത്. പേരും നാടുമെല്ലാം പറഞ്ഞു.

തുടര്‍ന്ന് ഞാന്‍ കുറച്ച് ഭക്ഷണം വാങ്ങിത്തരട്ടെ എന്നു ചോദിച്ചപ്പോള്‍ വളരെ നിശ്ചയദാര്‍ഢ്യത്തോടെ ഉത്തരം വന്നു. നാലു പേര്‍ക്ക് ഭക്ഷണം വാങ്ങിത്തരാമെങ്കില്‍ വാങ്ങിക്കാം! അവനുമായി ഭക്ഷണത്തിനായി നില്‍ക്കുമ്പോള്‍ ചെറിയ കുടുംബവിവരങ്ങള്‍ ലഭിച്ചു. അപ്പച്ചനും അമ്മയും അനുജത്തിയുമടങ്ങുന്ന നാലാള്‍കുടുംബം. അനുജത്തിക്ക് രണ്ടുവയസ് കുറവ്. ഒമ്പതുവര്‍ഷമായി അപ്പന്‍ മരത്തില്‍നിന്നുവീണ് കിടക്കയിലാണ്. ചില ഫഌറ്റുകളില്‍ പോയി മണിക്കൂറിന് 75 രൂപപ്രകാരം ജോലി ചെയ്ത് അമ്മ കുടുംബം പോറ്റിവന്നു. എന്നാല്‍ ഈ വര്‍ഷം മുട്ടിന് തേയ്മാനം വന്നതിനാല്‍ അതും കൃത്യമായി നടക്കുന്നില്ല.

ഇത്തരമൊരു പ്രതിസന്ധിയുടെ ഘട്ടത്തില്‍ ആ കുടുംബം കണ്ടെത്തിയ ഉപജീവനമാര്‍ഗമാണ് ബിനിലിനെ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ മുന്നില്‍ നിര്‍ത്തി ഭിക്ഷ യാചിക്കുക എന്നത്. എല്ലാ അവധി ദിവസങ്ങളിലും അവന്‍ അവിടെ ഉണ്ടാകും. അന്നുമുതല്‍ എല്ലാ ശനിയാഴ്ചയും ബിനിലിന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് എന്റെയൊരു ശീലമായി.

ഒരു ശനിയാഴ്ച ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഞാന്‍ എത്തുമ്പോള്‍ അവന്‍ ഒരു കിറ്റ് എന്നെ കാണിച്ചിട്ട് പറഞ്ഞു: ‘ഇന്ന് എനിക്ക് ഭക്ഷണം വാങ്ങിത്തരണ്ട. ഉച്ചയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ വന്ന ഒരാള്‍ അഞ്ഞൂറു രൂപ തന്നിട്ട് ഭക്ഷണം വാങ്ങിക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ അതിന് ഭക്ഷണം വാങ്ങി. അതുകൊണ്ട് എനിക്ക് ഭക്ഷണം വേണ്ട! എനിക്ക് അത്ഭുതം തോന്നി. എന്തിനാണ് അവന്‍ ഈ വിവരം എന്നോടു പറഞ്ഞത്.

എന്നാല്‍ എന്നെ കൂടുതല്‍ അതിശയിപ്പിച്ചുകൊണ്ട് അവന്‍ എന്റെനേരെ 500 രൂപ നീട്ടിയിട്ട് പറഞ്ഞു: അയാള്‍ 500 രൂപയുണ്ട് എന്നു പറഞ്ഞ് എനിക്ക് തന്നത് രണ്ട് അഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു. ഒരു അഞ്ഞൂറു രൂപ ഞാന്‍ എന്തു ചെയ്യണം, നേര്‍ച്ചയിടട്ടെ!!! വേണ്ട എന്നു പറഞ്ഞു. ഇനി അയാളെ കണ്ടാല്‍ ഈ വിവരം പറയാം എന്നെല്ലാം പറഞ്ഞ് തിരികെ നടക്കുമ്പോള്‍ അവനോടു മാത്രമല്ല അവന്റെ കുടുംബത്തോടുപോലുമുള്ള എന്റെ ആദരവ് പതിന്മടങ്ങു വര്‍ധിക്കുകയായിരുന്നു.

മത്സ്യമാംസാദികളുപേക്ഷിച്ചും പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ത്യാഗത്തിലുമൊക്കെ നോമ്പുകാലം ആത്മീയതയില്‍ ചെലവഴിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കണം. എന്റെ കൈയില്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഒരു അഞ്ഞൂറിനു പകരം രണ്ടു നോട്ടുകള്‍ വന്നാല്‍ എന്തു ചെയ്യും?

എന്തുകൊണ്ട് സത്യസന്ധതയുടെ ഉന്നത മാനങ്ങളിലേക്ക് കടന്നുചെല്ലാന്‍ ബിനിലിന് സാധിച്ചു എന്നു ചോദിച്ചാല്‍ പത്തുവര്‍ഷമായി കിടന്ന കിടപ്പിലായിട്ടും സത്യത്താല്‍ അരമുറുക്കുന്ന ഒരു പിതാവ് ബിനിലിനുള്ളതുകൊണ്ടാണ്. ഫഌറ്റുകളിലെ എച്ചിലുകള്‍ വാരുമ്പോഴും ദൈവത്തിന്റെ ആയുധം ധരിക്കുന്ന ഒരു അമ്മ അവനുള്ളതുകൊണ്ടാണ്. പ്രിയമുള്ളവരെ, നോമ്പിന്റെ ഇത്തരം യഥാര്‍ത്ഥ ചൈതന്യം ഇളംതലമുറയ്ക്കായി നമുക്ക് പകര്‍ന്നു നല്‍കാം.

ഫാ. ജിമ്മി പൂച്ചക്കാട്ട്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?