Follow Us On

06

August

2020

Thursday

മടക്കയാത്ര

മടക്കയാത്ര

”മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്ക് പോവുകയും വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും. ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും; ആത്മാവ് അതിന്റെ ദാതാവായ ദൈവത്തിങ്കലേക്കും” (സഭാ. 12:5-7).

‘നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്താണ്?’ ആ വര്‍ഷം വേദോപദേശ പരീക്ഷയിലെ അവസാനചോദ്യം ഇതായിരുന്നു. നേടിയെടുക്കേണ്ട ഉദ്യോഗങ്ങളുടെയും അതിനായി ചവിട്ടിക്കയറേണ്ട മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ ഒരു പരമ്പരതന്നെ എഴുതി തയാറാക്കി. സ്വര്‍ഗത്തെക്കുറിച്ചോ നിത്യജീവിതത്തെക്കുറിച്ചോ ധ്യാനിക്കാന്‍ അധികം ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അധ്യാപകര്‍ വിഷമിച്ചു.

നിത്യത എന്ന സത്യത്തെ വല്ലാതെ മറച്ചുപിടിക്കുന്നുണ്ട്, അനിത്യമായ ഈ പ്രപഞ്ചം. ശാന്തതയെ എന്നും ശബ്ദകോലാഹലങ്ങള്‍ തല്ലിക്കെടുത്തുന്നത് കാണുക. ശാന്തമായിരുന്നാല്‍ നിങ്ങളുടെ വാല്മീകത്തില്‍ നിത്യസത്യങ്ങള്‍ തെളിയാന്‍ തുടങ്ങും. മരണമെന്ന സത്യം ഒരാളെയും ഒഴിവാക്കാത്തതെന്ന കാര്യം മറച്ചുപിടിക്കാന്‍ ജീവിതവ്യഗ്രതയില്‍ അമരുകയല്ലേ നാം.

മരണത്തെ സ്വഭവനത്തിലേക്കുള്ള മടക്കയാത്രയായി നിര്‍വചിച്ചത് മദര്‍ തെരേസയാണ്. ഈ ഭൂമിയിലെ വിപ്രവാസത്തിനുശേഷം സ്വഗൃഹത്തില്‍ എത്തിച്ചേരണം നമുക്ക്. നിങ്ങള്‍ എവിടെനിന്നു വന്നു, എവിടേക്കു പോകുന്നു എന്നീ രണ്ടു ചോദ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കുറെക്കൂടി കുലീനമാക്കാന്‍ സഹായിക്കും. മരണത്തെ ധ്യാനിച്ചാല്‍ ജീവിതത്തിന്റെ അന്തഃസത്ത പിടികിട്ടുമെന്ന് ചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞതും ഇതുകൊണ്ടാവണം.

മരണത്തെ എപ്പോഴാണ് ധ്യാനിക്കേണ്ടത്? ഐസിയു യൂണിറ്റില്‍ കിടക്കുമ്പോഴോ ജീവിതത്തിന്റെ സായാഹ്നത്തിലോ? ഇവ രണ്ടിലുമല്ല, നിറയൗവനത്തില്‍. ഗദ്‌സെമനില്‍ യേശു എന്തു ചെയ്യുകയായിരുന്നു? കാര്യമായ മരണധ്യാനം നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മണിക്കൂറുകളെ കുറെക്കൂടി ബലത്തോടെ നേരിടാനായിരുന്നു അത്.

മരണത്തെ ധ്യാനിക്കുന്നത് ഒരിക്കലും ഭയപ്പെടാനല്ല, അങ്ങനെ ആവുകയും അരുത്. മരണത്തെ ഭയപ്പെടാത്തവിധം ജീവിക്കുന്നതല്ലേ യഥാര്‍ത്ഥജീവിതം (ആവിലായിലെ വിശുദ്ധ കൊച്ചുത്രേസ്യ). ക്രിസ്തു കൂടുതല്‍ മനോഹരമായി ഒരു പോരാളിയെപ്പോലെ ജീവിച്ചത് തോട്ടത്തില്‍നിന്നു പുറത്തിറങ്ങിയ സമയം മുതലാകണം. ലക്ഷ്യത്തോടടുക്കുമ്പോള്‍ ഓട്ടക്കാരന്റെ ഓജസ് വര്‍ധിക്കും, വേഗത കൂടും. ജീവിതം ധന്യമാക്കാന്‍ ജീവിതാന്ത്യം ചിന്തിച്ചാല്‍ മതി.

മനുഷ്യര്‍ക്കിടയില്‍ രണ്ടു ഭയങ്ങള്‍ എക്കാലത്തും പ്രബലമായിരുന്നു: മരിച്ചാല്‍ എനിക്ക് എന്തു സംഭവിക്കും? മറ്റുള്ളവര്‍ക്ക് എന്തു സംഭവിക്കും? ക്രിസ്തു ഇവയ്ക്ക് രണ്ടിനും ഉത്തരം തരുന്നുണ്ട്. ഞാന്‍ മുമ്പേ പോകുന്നു. നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ നിങ്ങളുടെ അടുത്തുവന്ന് കൂട്ടിക്കൊണ്ടുപോകും (യോഹ. 14:2). ഇവിടെ നിശ്ചയമായ ഒരുറപ്പിലാണ് നാം. നമുക്കൊരു ഭവനമുണ്ട്. നിത്യമായ ഭവനം.

അനിത്യമായതിനെ എത്രകണ്ട് നിങ്ങള്‍ ചേര്‍ത്തുപിടിക്കുന്നുണ്ട് എന്നറിയുന്നത് നിത്യഭവനത്തെക്കുറിച്ചുള്ള ചിന്തയില്‍ നിങ്ങള്‍ കാണിക്കുന്ന ഉത്സാഹത്തില്‍ നോക്കിയാല്‍ മതി. മരണമെന്ന വാതിലിലൂടെ മാത്രമേ അവിടെയെത്താനാകൂ എന്നറിയുമ്പോള്‍ ഞടുങ്ങലുണ്ട്. എങ്കിലും ചെല്ലുന്നിടം എനിക്കുമുമ്പേ പോയവര്‍ വസിക്കുന്നിടം ആണെന്നുള്ളത് സന്തോഷത്തിന് കാരണമാകുന്നു.

മരണത്തെ മുഖാമുഖം കണ്ട ഒരാള്‍ക്ക് ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ അവസരം ലഭിച്ചു. പത്രപ്രവര്‍ത്തകര്‍ ചോദിച്ചു, മരിക്കുമെന്ന് ഉറപപായി തകര്‍ന്നു വീഴുന്ന സമയത്ത് ഉള്ളിലുദിച്ച ചിന്ത എന്തായിരുന്നു? ‘കുറച്ചുകൂടി സ്‌നേഹിക്കാമായിരുന്നു, പ്രിയരെ പരിഗണിക്കാമായിരുന്നു, പലതും വിട്ടുകളയാമായിരുന്നു.’ മരണത്തോളം കാത്തിരിക്കരുത്, സ്‌നേഹിക്കാന്‍. അന്ത്യത്തിനായി നില്‍ക്കരുത്, വഴക്കു മാറ്റാനും പുഞ്ചിരിക്കാനും. ഒരു ടെക്സ്റ്റ് മെസേജില്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ പലതും ആരാദ്യം അയക്കുമെന്ന് തീരുമാനിക്കാന്‍ വൈകരുത്. സ്‌നേഹത്തില്‍ നിറഞ്ഞ നിങ്ങള്‍ത്തന്നെ ആദ്യം അത് അയക്കുക. പ്രതിദിനം മരിച്ചുകൊണ്ടിരിക്കയല്ലേ നാം (1 കോറി. 13:31).

എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാനും തയാറാണെന്ന് പറഞ്ഞത് വിശുദ്ധ കൊച്ചുത്രേസ്യയാണ്. ഞാന്‍ മരിക്കുകയല്ല, ജീവനിലേക്ക് പ്രവേശിക്കുകയാണെന്ന്. തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാകുന്നത് (സങ്കീ. 116:15) അതവര്‍ ഏറെ ആഗ്രഹിച്ചു എന്നുള്ളതുകൊണ്ടാണ്. വീട്ടിലേക്ക് പഠനം കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്ന കുഞ്ഞിന്റെ വെപ്രാളമാണ് നിത്യതയെ ഗൗരവത്തോടെ എടുക്കുന്നവര്‍ക്കുള്ളത്.

സ്വര്‍ഗവാതില്‍ തുറന്നിട്ട് കാത്തിരിപ്പുണ്ട്, നമ്മുടെ പിതാവ്. വിശുദ്ധ സിപ്രിയാന്‍ ആദ്യ നൂറ്റാണ്ടിലെ ക്രിസ്ത്യാനികളോടു പറഞ്ഞു, ‘നമുക്കു വേഗം യാത്രയാകാം, നമ്മുടെ പിതൃഭവത്തിലേക്ക്. വേഗം!’ സ്വന്തം ജന്മനാടിനെക്കുറിച്ചുള്ള പ്രവാസികളായ മനുഷ്യവംശത്തിന്റെ വിലാപമാണ് ജീവിതമെന്ന് വിശുദ്ധ അഗസ്റ്റിന്‍. മാനസാന്തരാനുഭവം ലഭിച്ചശേഷം അഗസ്റ്റിന്‍ നടത്തുന്ന ആദ്യപ്രഭാഷണം ഈ മടക്കയാത്രയെക്കുറിച്ചായിരുന്നു: ‘ഓ, വിശുദ്ധ സ്വര്‍ഗമേ, എത്ര കഠിനാധ്വാനംകൊണ്ടും ഭാരപ്പെട്ട ത്യാഗംമൂലവും നിന്നെ നേടാന്‍ ആരാണ് തയാറാകാത്തത്?’

നിത്യതയുടെ തീരത്തിരുന്നുകൊണ്ട് കടന്നുപോയ വഴികളെ ആഴമായി ധ്യാനിക്കുമ്പോള്‍ ഒരു കാര്യം പിടികിട്ടും. ജീവിതം വച്ചുനീട്ടിയ പുഷ്പങ്ങള്‍ മാത്രമല്ല, മുള്ളുകളും ശ്രേഷ്ഠംതന്നെ. നിത്യതയുടെ തുറമുഖമണയാന്‍ ഇവയെല്ലാം കൂടിയേ തീരൂവെന്ന് എന്റെ ഉടയവനറിയാം. കാനാനിലേക്ക് യാത്ര തിരിക്കുമ്പോള്‍ മോശയ്ക്ക് നല്‍കിയ വടിയാണ് ഇന്നിലെ നമ്മുടെ ജീവിതകുരിശ്.

ചെങ്കടല്‍ പിന്നിടാനും പാറയെ പിളര്‍ക്കാനും മാത്രമല്ല ഇത്; നിങ്ങളെ ചേര്‍ത്തുപിടിക്കാനും താങ്ങിനിര്‍ത്താനുമൊക്കെ ഇതു കൂടിയേ തീരൂ. കുരിശുയാത്രയാണീ ജീവിതം ഈയര്‍ത്ഥത്തില്‍. സങ്കടങ്ങള്‍ കിനിഞ്ഞിറങ്ങുമ്പോള്‍, ലോകത്തിന്റെ ദംശനങ്ങള്‍ ഏല്‍ക്കുമ്പോള്‍ എല്ലാം ഈ കുരിശില്‍ നോക്കിയാല്‍ മതി. അതു നമ്മെ താങ്ങിനിര്‍ത്തും. തളരുമെന്നു തോന്നുമ്പോള്‍ കൂടുതല്‍ ചേര്‍ത്തുപിടിക്കുക.

സ്വര്‍ഗീയ കാനാനിലേക്ക് നീങ്ങാനാകും, നമുക്ക്.സ്വര്‍ഗഭവനത്തിലേക്ക് രണ്ടു വാതില്‍ ഉണ്ടെന്ന് വിശുദ്ധ ഫൗസ്റ്റീന: ഒന്ന്, നീതിയുടെ വാതില്‍. രണ്ട്, കരുണയുടെ വാതില്‍. ആദ്യവഴിയിലൂടെ യാത്ര ചെയ്യാന്‍ കാര്യമായ ശ്രമങ്ങള്‍ വേണ്ടിവരും. മഹാകരുണയുടെ വഴിയിലാണ് നമ്മുടെ ശ്രദ്ധ. അതിലൂടെ എങ്ങനെയും പ്രവേശിച്ച് നിത്യത്തീരത്തണയണം.

പ്രാര്‍ത്ഥന: സ്വര്‍ഗഭവനത്തെ ധ്യാനിച്ച് നടവഴികളിലെ കുരിശുകളെ സന്തോഷപൂര്‍വം വഹിക്കാന്‍, സ്വര്‍ഗപിതാവേ എനിക്ക് കരുത്തു പകരണമേ!

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?