Follow Us On

04

June

2023

Sunday

ദൈവകാരുണ്യം പ്രഘോഷിക്കപ്പെടുമ്പോള്‍

ദൈവകാരുണ്യം പ്രഘോഷിക്കപ്പെടുമ്പോള്‍

അന്ന് ശാലോം ഫെസ്റ്റിവലില്‍ ദൈവകരുണയെക്കുറിച്ചായിരുന്നു പ്രസംഗിച്ചത്. പ്രസംഗപീഠത്തില്‍നിന്ന് താഴേക്കിറങ്ങിയപ്പോള്‍ ഒരു സഹോദരി ചോദിച്ചു: ‘കരുണയുടെ ഈ വര്‍ഷത്തില്‍ അച്ചന്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘കരുണയെ ധ്യാനിക്കുന്നു, അതെക്കുറിച്ച് എഴുതുന്നു, പ്രസംഗിക്കുന്നു. ദൈവകരുണയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു.’ ‘ഇത് പലര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്. നമ്മുടേതായി ഒരു പ്രത്യേക കാര്യം നാം ചെയ്യണം.’ അവര്‍തന്നെ അത് നിര്‍ദേശിച്ചു. ‘എവിടെയാണ് അച്ചന്‍ കൂടുതല്‍ സമയം ചെലവിടുന്നത്?’ ഞാന്‍ പറഞ്ഞു, ‘ഇപ്പോഴത്തെ നിലയില്‍ ഏറെ സമയം എയര്‍പോര്‍ട്ടില്‍ ഇരിക്കുന്നുണ്ട്. ശുശ്രൂഷകള്‍ക്കായി യാത്ര ചെയ്യുന്നതിനിടയിലാണിത്.’ ‘അവിടെ കുമ്പസാരത്തിന് ഒരവസരം ഒരുക്കിക്കൂടെ? പള്ളിയില്‍ വരാത്ത ആളുകളല്ലേ അവിടെ വരുന്നതില്‍ അധികവും? ഇത് അവര്‍ക്കൊരു വീണ്ടുവിചാരത്തിന് അവസരമൊരുക്കിയാലോ?’ ആ സഹോദരിയുടെ നിര്‍ദേശം കൊള്ളാമെന്ന് എനിക്കു തോന്നി.

അന്ന് ഒരു എയര്‍പോര്‍ട്ടില്‍ ഏതാണ്ട് മൂന്നര മണിക്കൂര്‍ വെയിറ്റ് ചെയ്യണമായിരുന്നു. ഒരു ചായ കുടിച്ചു. എല്ലാവര്‍ക്കും എളുപ്പം കാണാവുന്ന ഒരിടത്ത് ഇരുപ്പുറപ്പിച്ചു. മുന്‍കൂട്ടി തയാറാക്കി വച്ചിരുന്ന പേപ്പര്‍ പുറത്തെടുത്തു. അതില്‍ ‘കണ്‍ഫഷന്‍ അവയ്ലബിള്‍’ എന്നെഴുതിയിട്ടുണ്ട്. ഒരു ചെറിയ മരക്കഷണത്തില്‍ ഈ ബോര്‍ഡ് കുത്തിനിര്‍ത്തി, കൊന്തയും പിടിച്ച് ശാന്തമായി ഇരുന്നു. ചുറ്റും നോക്കി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ, വരുന്നുണ്ടോ എന്നറിയാന്‍. ഏറെ കാത്തിരുന്നിട്ടും ആരെയും കാണാനില്ല. അധികമാരും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിക്കുന്നവരാകട്ടെ പുച്ഛഭാവത്തില്‍ ഒരു ചിരിയും!

കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പോലീസുകാര്‍ എന്റെ അടുത്തേക്ക് വന്നു. ഞാനാകെ പകച്ചു. അവര്‍ പറഞ്ഞു, ‘സര്‍, വില്‍പന ഇവിടെ അനുവദനീയമല്ല.’ ഞാന്‍ പറഞ്ഞു: ഞാന്‍ വില്‍ക്കുകയല്ല, ഞാനാര് എന്നെഴുതിയിരിക്കുന്നതാണ്. ഇതാണ് എന്നെ ഞാനാക്കുന്നത്. എങ്കില്‍ ഓകെ എന്ന് അവര്‍. വെല്ലുവിളി എവിടെയുണ്ടോ അവിടെ സുവിശേഷത്തിനുള്ള നിലം തയാറാക്കി വച്ചിട്ടുണ്ട്.

ഞാന്‍ നോക്കുമ്പോള്‍ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീ തൊട്ടടുത്ത കടയിലിരുന്ന് തുടര്‍ച്ചയായി വൈന്‍ കുടിച്ചുകൊണ്ടിരിക്കുന്നു. ബോട്ടിലുകള്‍ ഞാന്‍ എണ്ണുന്നുണ്ട്, കൊന്ത ചൊല്ലുന്നതിനൊപ്പം. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ ഈ വെളുപ്പാന്‍കാലത്ത് ഇത്രയധികം അവര്‍ കുടിക്കില്ല. രോഗികള്‍ക്കാണല്ലോ വൈദ്യനെക്കൊണ്ടാവശ്യം. ഞാനവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അധികം വൈകാതെ അവര്‍ എഴുന്നേറ്റു. എന്നെ ലക്ഷ്യംവച്ച് വരികയാണെന്ന് ഞാന്‍ മനസിലാക്കി. വന്നപാടെ അവര്‍ എന്റെ കാലില്‍ വീണു. സത്യത്തില്‍ ഞാന്‍ പേടിച്ചുപോയി. വലിയ ശരീരമുള്ള ഒരു സ്ത്രീ എന്റെ കാലില്‍. അവര്‍ കുമ്പസാരിക്കണമെന്ന് പറഞ്ഞു. കുമ്പസാരിച്ചു, കരഞ്ഞു. യേശുവില്‍ നിറയാന്‍ തുടങ്ങി. കുമ്പസാരത്തിനു ശേഷം അവര്‍ പങ്കുവച്ചകാര്യം എന്നെ നടുക്കി.

രണ്ടാമത്തെ ജീവിതപങ്കാളിയും തന്നെ വഞ്ചിച്ചു എന്നറിഞ്ഞ അവള്‍ അയാളെ കൊല്ലാനുള്ള യാത്രയിലായിരുന്നു. ആദ്യപങ്കാളിയില്‍ ജനിച്ച മകന്‍ അതിനുള്ള തോക്കും തയാറാക്കി കൊടുത്തു. ഒരു യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന ഇവരുടെ മുഴുവന്‍ ബാങ്ക് ബാലന്‍സും അയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. അയാളുടെ ധൂര്‍ത്തിനെക്കുറിച്ച് പലവട്ടം മകന്‍ പറഞ്ഞെങ്കിലും ഇവള്‍ അതെല്ലാം ക്ഷമിച്ചു. ഇപ്പോഴാണ് അറിയുന്നത് അയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന്. അതോടെ ഇവളുടെ ഹൃദയം തകര്‍ന്നു. നിരാശയും വെറുപ്പും ഇവളെ അന്ധയാക്കി. ഇനി വഴിയൊന്നുമില്ല, അയാളെ കൊല്ലുകതന്നെ. അയാളെക്കുറിച്ചോര്‍ക്കുമ്പോഴുള്ള വിഷമം മാറ്റാനാണ് വീഞ്ഞു കുടിച്ചത്. എന്നാല്‍, ഈ കുമ്പസാരവും പങ്കുവയ്ക്കലും അവളുടെ വഴി മാറ്റാന്‍ ദൈവം അനുവദിച്ചു. മകനോടവള്‍ കാര്യം പറഞ്ഞു. യേശുവിന്റെ സ്നേഹം അവളെ വേട്ടയാടി എന്ന്, യേശുവിന്റെ സ്നേഹത്തിന്റെ പിടിയില്‍ അവളുടെ വെറുപ്പിന് അറുതി വന്നെന്ന്.

ആ സ്ത്രീ നന്ദി പറഞ്ഞ് നടന്നുപോയപ്പോള്‍ ഞാനോര്‍ത്തു, ദൈവകരുണ പ്രസംഗിക്കേണ്ടതും കാണിക്കേണ്ടതും പള്ളിക്കകത്ത് എന്നതിനെക്കാള്‍ അതിനു പുറത്താണല്ലോ എന്ന്. നിരന്തരം ദേവാലയങ്ങളിലെത്തുന്നത് പത്തുശതമാനത്തില്‍ താഴെ വിശ്വാസികളാണ്. പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്പിലുമൊക്കെ. ഇത്തരം ഇടങ്ങളില്‍ സുവിശേഷം കൊടുക്കേണ്ടത് പൊതുനിരത്തിലല്ലേ. ഓഫീസുകളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍, എയര്‍പോര്‍ട്ടുകളില്‍, കളിസ്ഥലങ്ങളില്‍, വിദ്യാലയങ്ങളില്‍, ആതുരാലയങ്ങളില്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍. ദൈവകരുണ പ്രസംഗിക്കാനും പ്രചരിപ്പിക്കാനും പള്ളിയെത്തുംവരെ കാത്തുനില്ക്കേണ്ടതില്ല. അത് എവിടെയും ശക്തമാണ്. ”നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും; ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും” (സുഭാഷിതങ്ങള്‍ 6:22).

ഇസ്രായേലിനെ വെല്ലുവിളിച്ച് നിലകൊണ്ട ഫിലിസ്ത്യന്‍ ഗോലിയാത്തിനെ ഓര്‍മയില്ലേ? അവനെ തടുക്കാന്‍ ആരുമില്ല. ആര്‍ക്കുമതിന് കഴിഞ്ഞില്ല. ദാവീദ് എന്ന ഇടയബാലന്‍ അവിടെ എത്തുംവരെ അവനവിടെ കാത്തുനിന്നു. ഇതിനിടെ ആ ഫിലിസ്ത്യന്റെ നടപടി എന്നെ ഏറെ ആകര്‍ഷിച്ചു. ഈ മല്ലന്‍ മുടങ്ങാതെ നാല്പതു ദിവസവും രാവിലെയും വൈകിട്ടും ദൈവത്തെയും ജനത്തെയും നിന്ദിക്കുന്നു. പിശാച് എത്ര കൃത്യനിഷ്ഠയോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് കാണുക. അവന് അവധിയില്ല. ശത്രുസൈന്യം അവധിയില്ലാതെ പൊരുതുമ്പോള്‍ ദൈവജനവും ശുശ്രൂഷകരും നീണ്ട അവധികളെടുത്താലോ? അടുത്തയിടെ ഫ്രാന്‍സിസ് പാപ്പ വൈദികരോട് പറഞ്ഞു: ‘വൈദികശുശ്രൂഷ സമയബന്ധിതമല്ല. വെറുമൊരു ഉദ്യോഗവുമല്ല അത്. കാലത്തും അകാലത്തും ജനത്തിന് ലഭ്യമാകണം.’

പ്രാര്‍ത്ഥന: ദൈവമേ, അങ്ങയുടെ സ്‌നേഹത്തിനൊത്തവണ്ണം മുന്നോട്ട് നീങ്ങുവാന്‍ എന്നെ അനുഗ്രഹിക്കണമേ!

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?