Follow Us On

09

April

2020

Thursday

ആഞ്ഞൂസ് ദേയി

ആഞ്ഞൂസ് ദേയി

”യേശു തന്റെ അടുത്തേക്ക് വരുന്നതുകണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29).

ഒരുമിച്ചു വളര്‍ന്നവരാണ് യേശുവും യോഹന്നാനും. ആറുമാസത്തെ പ്രായവ്യത്യാസമേയുള്ളൂ ബന്ധുക്കളായ ഇവര്‍ തമ്മില്‍. എന്നിട്ട് യേശുവിനെ ഈ ഭൂമിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ കുഞ്ഞാട് (ആഞ്ഞൂസ് ദേയി). ജറുസലെം ദൈവാലയത്തിലേക്ക് അപ്പോഴും മനുഷ്യര്‍ ബലിക്കായി ആടുകളെയും കാളകളെയും കൊണ്ടുപോകുന്നുണ്ട്. ജറുസലെം കണ്ടല്ല, മണംകൊണ്ടറിയാം എന്നാണ് പറയുക.

നിരന്തര ബലിയുടെ രക്തത്തിന്റെ ഗന്ധം പരിസരം മുഴുവനിലുമുണ്ട്. ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കാന്‍ ഒരു കുഞ്ഞാട് വേണം. ഇതറിയാവുന്ന മനുഷ്യക്കിടയിലാണ് പ്രവാചകശ്രേണിയിലെ അവസാന കണ്ണിയായ സ്‌നാപകന്റെ സാക്ഷ്യം. തീക്ഷ്ണതകൊണ്ട് ജ്വലിച്ചപ്പോള്‍ ഏലിയായെന്നുപോലും സംശയിച്ചിരുന്നു, സ്‌നാപകനെ കണ്ടപ്പോള്‍. അവന്റെ ശബ്ദം ജറുസലെമിലെ ബലിയര്‍പ്പകരെയും ബലിവസ്തുക്കളെയും ഒരുപോലെ ഞെട്ടിച്ചു. അവന്‍ വീണ്ടും ആവര്‍ത്തിച്ചു: ”ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29).

എന്താണിതിനര്‍ത്ഥം? ആരാണീ കുഞ്ഞാട്? മൃഗങ്ങളുടെ ബലിക്കോ അവയുടെ രക്തത്തിനോ മനുഷ്യന്റെ പാപക്കറകള്‍ കഴുകാനാവില്ലെന്ന് എല്ലാക്കാലത്തും മനുഷ്യനറിയാം. കാരണം മൃഗങ്ങള്‍ക്ക് പാപം ചെയ്യാനാകില്ല. ഒരു മൃഗത്തിനും പാപം ചുമക്കുക സാധ്യവുമല്ല (ഹെബ്രാ. 10:4). അപ്പോള്‍ എന്താണ് ബലികള്‍ ചെയ്യുന്നത്? ഇതൊരു നിഴലാണ്, നടക്കാനിരിക്കുന്ന ചിലതിന്റെ സൂചനകള്‍. പൊരുള്‍ കാണാനിരിക്കുന്നതേയുള്ളൂ. പാപപരിഹാരത്തിനായി ഉപയോഗിക്കുന്ന ആട് കറയില്ലാത്തതായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട് (ലേവ്യ. 4:32). ക്രിസ്തുവല്ലാതെ കറയില്ലാത്ത ഏത് ആട്ടിന്‍കുട്ടിയാണുള്ളത്? ഈ കുഞ്ഞാടിന്റെ നിഴല്‍ എവിടെയും കാണാം.

ഒരു പിതാവ് സ്വന്തം മകനുമായി പോകുന്ന ബലിയാണ് ആദ്യം നാം ഓര്‍മിക്കുന്നത്. അബ്രഹാം ഇസഹാക്കിനെകൂട്ടി മോറിയാ മലയിലേക്ക് പോകുന്നത്. പോകുന്ന വഴിക്ക് മകന്‍ ചോദിക്കുന്നുണ്ട്, അപ്പാ, വിറകുണ്ട്, തീയുമുണ്ട്. ബലിക്കുള്ള കുഞ്ഞാടെവിടെ? മലമുകളില്‍ ചെല്ലുമ്പോള്‍ ദൈവം തരുമെന്നു പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു, ആ അപ്പന്‍. അവര്‍ക്കായി മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരാടിനെ ദൈവം ഒരുക്കിവച്ചിരുന്നു. ദുഃഖവെള്ളിയാഴ്ചയും ഇതുപോലെ ഒരു മകന്‍ മരക്കഷണവുമായി പോകുന്നുണ്ട്, കാല്‍വരിക്കുന്നിലേക്ക്.

മുകളില്‍ ചെല്ലുമ്പോള്‍ ബലിക്കുള്ള കുഞ്ഞാടിനെ ദൈവം ഒരുക്കിയേക്കുമോ? അന്നത് ദൈവം ഒരുക്കിയില്ല. കാരണം ക്രിസ്തുവിനെക്കാള്‍ നല്ല കുഞ്ഞാട് അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. മോറിയാമലയും കാല്‍വരിക്കുന്നും ഒരേ മലയുടെ രണ്ട് ഭാഗങ്ങളാണെന്നുകൂടി ഓര്‍ക്കണം. മാനവരാശിക്ക് പരിക്കു പറ്റാതിരിക്കാന്‍, അവരെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാന്‍ യേശുതന്നെ കുഞ്ഞാടായി അറുക്കപ്പെടണം. അതവിടെ സംഭവിച്ചു. കുടുംബത്തിലും സമൂഹത്തിലുമൊക്കെ ബലിക്കുള്ള കുഞ്ഞാടാകുന്നവരുണ്ട്, നമ്മില്‍ ചിലര്‍.

കുടുംബത്തിന് താങ്ങും തണലുമാകാന്‍ നിരന്തരം വേദനയുടെ കാല്‍വരി കയറുന്നവരില്ലേ. പ്രിയപ്പെട്ടവര്‍ ആകസ്മികമായി കടന്നുപോയപ്പോള്‍ എടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ആ ഭാരം മുഴുവന്‍ ചുമന്ന് നീങ്ങാന്‍ നിങ്ങള്‍ക്ക് ഇടവന്നിട്ടുണ്ടോ? ബലിയുടെ കുഞ്ഞാടാണ് നീ. മറുനാട്ടില്‍ കൊടുംചൂടിലും അതിശൈത്യത്തിലും അധ്വാനിച്ച് കുടുംബത്തെ കരേറ്റാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതകഥ വായിക്കുക.

സഹജര്‍ ചെയ്ത കുറ്റത്തിന്റെ അപമാനഭാരത്തില്‍ നാളുകള്‍ തള്ളിനീക്കുന്നവര്‍. ക്രിസ്തുവെന്ന കുഞ്ഞാടിന്റെ ബലിയില്‍ പങ്കുചേരുന്നവരാണ് നിങ്ങള്‍. പിന്നെ ആകെ ഒരാശ്വാസം കുഞ്ഞാടിനെ കരങ്ങളിലേന്തി നില്‍ക്കുന്ന ക്രിസ്തുവിനെ കാണുമ്പോഴാണ്. അവന്റെ കൈകളിലാണല്ലോ നാമെന്ന തിരിച്ചറിവ്.
പഴയ നിയമത്തിലെ ബലിയര്‍പ്പണത്തിന്റെ മൂന്നു പശ്ചാത്തലങ്ങള്‍ വളരെ ശ്രദ്ധേയമാണ്: ഒന്ന്, പാപപരിഹാരത്തിന്റെ ബലിക്കുള്ള കുഞ്ഞാട്. രണ്ട്, പെസഹായുടെ കുഞ്ഞാട്. മൂന്ന് അനുദിന പരിഹാര ബലിക്കുള്ള കുഞ്ഞാട്.

ആണ്ടുവട്ടത്തിലൊരിക്കല്‍ നടത്തപ്പെടുന്ന പാപപരിഹാരബലി പുരോഹിതന്റെയും ബലിപീഠത്തിന്റെയും ജനത്തിന്റെയും വിശുദ്ധീകരണത്തിനുള്ളതാണ്. ഈ ദിനത്തില്‍ മഹാപുരോഹിതന്‍ പരിഹാലബലിക്കായി രണ്ട് ആണ്‍കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും തനിക്കും തന്റെ കുടുംബത്തിനുമായി അര്‍പ്പിക്കണം. തനിക്കുവേണ്ടി ബലിയര്‍പ്പിക്കുക എന്നു പറഞ്ഞാല്‍ പുരോഹിതനായ അഹറോന്‍ പുരോഹിതഗോത്രത്തിനുവേണ്ടി ബലിയര്‍പ്പിക്കണം.

പുരോഹിത ഗോത്രത്തിന്റെ തിന്മകളാണ് ആദ്യം കഴുകേണ്ടത്. പുരോഹിതന്‍ വിശുദ്ധീകരിക്കപ്പെട്ടാല്‍ ജനവും വിശുദ്ധീകരിക്കപ്പെടുമല്ലോ. തന്റെ കുടുംബത്തിനായി പരിഹാരബലിയര്‍പ്പിക്കുക എന്നുപറഞ്ഞാല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിനുവേണ്ടി ബലിയര്‍പ്പിക്കുക. അങ്ങനെ ‘ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയും തിന്മകളും പാപങ്ങളും നിമിത്തം അശുദ്ധമാക്കപ്പെട്ട വിശുദ്ധ ജനത്തിനും വിശുദ്ധ സ്ഥലത്തിനുംവേണ്ടി അഹറോന്‍ പാപപരിഹാരം ചെയ്യണം’ (ലേവ്യ. 16:6).

കഴിഞ്ഞ വര്‍ഷത്തെ പാപപരിഹാരബലിയര്‍പ്പിക്കുന്ന സമയത്ത് മാത്രമാണ് പുരോഹിതന് ഉച്ചത്തില്‍ ദൈവനാമം ഘോഷിക്കാന്‍ അവസരമുള്ളത്. ഒരാളുടെ പേര് വിളിക്കുക എന്നു പറഞ്ഞാല്‍ അയാളുടെമേല്‍ നിയന്ത്രണം നേടുക എന്നോ കര്‍ത്തൃത്വം നേടുക എന്നൊക്കെ അര്‍ത്ഥമുണ്ട്. യാഹ്‌വെയെ വിളിച്ച് അന്നവര്‍ പ്രാര്‍ത്ഥിക്കുന്നു. ബലിമൃഗത്തിന്മേലാണ് പരിഹാരം. കുറിയിട്ട് തിരഞ്ഞെടുക്കുന്ന ആടിന്റെമേല്‍ ഇസ്രായേലിന്റെ പാപങ്ങള്‍ മുഴുവന്‍ ആരോപിക്കും.

ആടിന്റെ തലയില്‍ കൈവച്ച് അഹറോന്‍ ജനത്തിന്റെ അകൃത്യങ്ങളും പാപങ്ങളും ഏറ്റുപറയണം. പാപപരിഹാരബലിയുടെ പ്രധാന ഭാഗങ്ങളിലൊന്നണിത്. ഒരാള്‍ക്കും അധികകാലം പാപത്തിന്റെ ഭാരം പേറാനാകില്ലല്ലോ. അതെവിടെയെങ്കിലും ഇറക്കിവച്ചേ മതിയാകൂ. അന്നും ഇന്നും അങ്ങനെതന്നെ. തുടര്‍ന്ന് തിരഞ്ഞെടുത്ത ആളുടെ കൈവശം ഇതിനെ കൊടുത്തുവിടും, മരുഭൂമിയില്‍ ഉപേക്ഷിക്കാന്‍ (ലേവ്യ. 16:21-22).

മരുഭൂമിയില്‍ ഈ ആട് കണ്ണില്‍നിന്നു മറയുമ്പോള്‍ ജനത്തിന്റെ പാപവും മാഞ്ഞുപോയി. ഇതാണ് ബലി. കുരിശിലേറ്റിയ വര്‍ഷവും ഇതുതന്നെ നടന്നു. പക്ഷേ, ആ വര്‍ഷം മാത്രം ആ ആട് തിരിച്ചുവന്നു! കാരണം വ്യക്തം. പാപങ്ങള്‍ വഹിക്കാന്‍ തയാറുള്ള കുഞ്ഞാടായ ക്രിസ്തു തയാറായി കഴിഞ്ഞിരുന്നു. ഇനിയൊരിക്കലും നിങ്ങള്‍ മറ്റു ബലിമൃഗങ്ങളെ തിരയേണ്ടതില്ല. കാളകളുടെയും കുഞ്ഞാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍ കഴിയില്ല (ഹെബ്രാ. 10:4).

രണ്ടാമത്തെ ആടിനെ കൊന്ന്, അതിന്റെ രക്തം ബലിപീഠത്തിലും അര്‍പ്പകന്റെമേലും തളിച്ച് ശുദ്ധി വരുത്തുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത ബലികള്‍ ഇനി ആവശ്യമില്ലെന്നു പറഞ്ഞാണ് ക്രിസ്തു ബലിയായി മാറിയത് (ഹെബ്രാ. 9:9). ഇനിയൊരിക്കലും ഇത്തരം ബലികള്‍ ആവര്‍ത്തിക്കേണ്ടതില്ല.

മറ്റൊരു ബലി പെസഹാക്കുഞ്ഞാടിന്റേതാണ്. അടിമത്തത്തില്‍നിന്നും ദൈവം ഇസ്രായേലിനെ രക്ഷിച്ചതിന്റെ ഓര്‍മയാണ് പെസഹാ. മോശയുടെ നിയമപ്രകാരം ഒരു കുഞ്ഞാടിനെ തിരഞ്ഞെടുത്ത് ബലിയായി അര്‍പ്പിക്കണം. അതിന്റെ കുറച്ച് രക്തമെടുത്ത് പെസഹാ ആചരിക്കുന്ന ഭവനത്തിന്റെ കട്ടിളപ്പടിയിന്മേലും മേല്‍പ്പടിയിന്മേലും പുരട്ടണം. മാംസം ചുട്ടെടുത്ത് ഭക്ഷിക്കണം (പുറ. 12:6-11).

ഇസ്രായേലിന്റെ ഒരുമയുടെ വിരുന്നാണിത്. ആദ്യപെസഹായില്‍ സംഹാരദൂതനില്‍ ഇസ്രായേലിന്റെ മോചനം നടന്നത് തുടര്‍ന്ന് ആണ്ടുതോറും അവര്‍ ആഘോഷിച്ചുപോന്നു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു യേശുവിന്റെ അന്ത്യഭോജനം? തന്റെ മരണസമയമടുത്തു എന്ന് യേശുവിന് അറിയാമായിരുന്നു. ശിഷ്യരോടൊത്ത് മറ്റൊരു പെസഹാ ഭക്ഷിക്കാന്‍ താനിനി ഉണ്ടാകില്ലെന്ന് കൃത്യമായി അവിടുത്തേക്കറിയാം. അതുകൊണ്ട് ശിഷ്യരെ അന്ത്യഭോജനത്തിനായി ക്ഷണിച്ചു.

യഹൂദാചാരക്രമത്തിലല്ല അവനത് ചെയ്തത്. മറിച്ച്, തന്റേതു മാത്രമായൊരു പെസഹാ അവന്‍ സ്ഥാപിച്ചു. തന്നെത്തന്നെ പെസഹാകുഞ്ഞാടായി അവന്‍ പകുത്തു നല്‍കി. എന്നന്നേക്കുമായി അറുക്കപ്പെടുന്ന കുഞ്ഞാട്. ദൈവാലയത്തില്‍ പെസഹാക്കുഞ്ഞാടുകളെ അറക്കുന്ന അതേസമയത്തുതന്നെയാണ് കാല്‍വരിക്കുന്നില്‍ ദൈവത്തിന്റെ കുഞ്ഞാട് അറുക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണി. നിരന്തരം അള്‍ത്താരകളില്‍ നാം ഇന്ന് അര്‍പ്പിക്കുന്ന കുര്‍ബാന അന്നു നടന്നതിന്റെ ബലിയുടെ അര്‍പ്പണവും ആചരണവുമാണ്. കര്‍ത്താവിന്റെ സഭയിലെ മക്കള്‍ ഒന്നുചേര്‍ന്നു നടത്തുന്ന അനുസ്മരണം (അപ്പ. 20:28).

ഇവയ്ക്കു പുറമെയാണ് അനുദിന പാപ പരിഹാരബലി. എല്ലാ ദിവസവും പ്രഭാതത്തിലും സായാഹ്നത്തിലും ഈ ബലി ചെയ്യണം. സമാഗമ കൂടാരത്തിന്റെ വാതില്‍ക്കല്‍, ദേവാലയത്തിനു പുറത്ത് എല്ലാ ദിവസവും നടക്കുന്ന ബലി (പുറ. 29:38-42). ദൈവം തന്റെ ജനത്തെ സന്ദര്‍ശിക്കുന്ന സമയമാണിത്. എത്രയെത്ര കുഞ്ഞാടുകളാണ് അവിടെ അറുക്കപ്പെടുന്നത്. ഇതിനിടയിലാണ് യോഹന്നാന്റെ വാക്ക്, ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

പാപങ്ങളുടെ പരിഹാരത്തിനായി ക്രിസ്തു ബലിയായി (ഹെബ്രാ. 10:12). പാപം ചെയ്യാത്തവനല്ലേ പാപങ്ങള്‍ക്ക് ബലിയാടാകാന്‍ കഴിയൂ. എല്ലാ കാര്യത്തിനും അവന്‍ നമ്മെപ്പോലെ, പാപമൊഴികെ. അതുകൊണ്ട് യോഹന്നാന്‍ എഴുതി, ”പാപങ്ങള്‍ ഏറ്റെടുക്കാന്‍വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായത്” (1 യോഹ. 3:5). പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ഇനി വേണ്ടേ വേണ്ട. പൊരുള്‍ തെളിഞ്ഞിട്ടും നിഴലില്‍ ചരിക്കരുത് നാം. ഇടറാത്തവനേ ഇടറിയവനായി ബലി ചെയ്യാന്‍ കഴിയൂ.

ഇതിനുപുറമെ, കുഞ്ഞാടിന്റെ ചിത്രം ഇസ്രായേലില്‍ യുദ്ധം ജയിച്ചുവരുന്ന രാജാവിന്റെ കൊടിയില്‍ പതിപ്പിച്ചു വയ്ക്കാറുണ്ട്. കാര്യം വ്യക്തമാണ്. എന്റെയും പടയാളികളുടെയും ബലിയാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത്. ബലിക്കുള്ള കുഞ്ഞാടായി ഞങ്ങളെത്തന്നെ ബോധപൂര്‍വം കൊടുത്തുകൊണ്ട് നിങ്ങള്‍ക്കിന്ന് സ്വാതന്ത്ര്യം ആസ്വദിക്കാം. യേശുവിന്റെ രക്തംമൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അവസരമുള്ളവരായി നാം (ഹെബ്രാ. 10:19).

ബോധപൂര്‍വം സഹിക്കുന്നവരില്‍ ഇന്നും ഈ കുഞ്ഞാട് ഉണ്ട്. മറ്റു ള്ളവര്‍ക്കായി വേദനിക്കുന്നവരില്‍ ഈ കുഞ്ഞാടിന്റെ സഹനം നിലനില്‍ക്കുന്നു. പാപപരിഹാരത്തിന്റെ രഹസ്യത്തെ യുക്തിചിന്തയെന്ന ധാര്‍ഷ്ഠ്യത്തിന്റെ ബലിപീഠത്തില്‍വച്ച് കൊന്നുകളയരുത് (ബനഡിക്ട് പതിനാറാമന്‍ പാപ്പ).

പ്രാര്‍ത്ഥന: ഞങ്ങള്‍ക്കായി ബലിയായ ദൈവത്തിന്റെ കുഞ്ഞാടേ, ജീവിതബലികളില്‍ എന്നും കൂട്ടായിരിക്കണമേ. എല്ലാ ദിനരാത്രങ്ങളിലും നിന്റെ ബലിയില്‍ കൂട്ടുചേരാന്‍ എന്നെയും അനുവദിക്കണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?