Follow Us On

22

July

2019

Monday

ടോക്കിയോ സിറ്റിയില്‍ അന്നു സംഭവിച്ചത്‌

ടോക്കിയോ സിറ്റിയില്‍ അന്നു സംഭവിച്ചത്‌

നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ ഇടപെടല്‍ ബോധ്യമാകുന്ന ധാരാളം അനുഭവങ്ങള്‍ നമുക്ക് പറയാനുണ്ടാകും. വാര്‍ധക്യത്തില്‍ എത്തിനില്‍ക്കുന്ന എനിക്ക് സ്വന്തം ജീവിതാനുഭവങ്ങളുടെ ചുരുള്‍ അഴിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഇടപെടല്‍ ബോധ്യപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ എടുത്തുപറയാന്‍ കഴിയും. ആ അനുഭവങ്ങളിലൊന്ന് പങ്കുവയ്ക്കാം.

35 വര്‍ഷങ്ങള്‍ക്കുമുമ്പ് 1983-ല്‍ എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണ ഭാഗമായി ഒരാഴ്ച ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ താമസിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണിത്. ടോക്കിയോ സിറ്റിയില്‍ എത്തിയ ആദ്യദിനം സന്ധ്യ കഴിഞ്ഞ് ഹോട്ടലില്‍നിന്നും ഒറ്റക്ക് പുറത്തിറങ്ങി. മഹാനഗരം കാണുവാനുള്ള ജിജ്ഞാസയില്‍ പല റോഡുകളും ക്രോസ് ചെയ്തു നടന്നു മുന്നോട്ട് നീങ്ങി.

എന്നാല്‍ അര മണിക്കൂറിനു ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ എത്ര ശ്രമിച്ചിട്ടും അവിടേക്കുള്ള റോഡും ഹോട്ടലും കാണാനായില്ല. ഇന്നത്തെപ്പോലെ മൊബൈ ല്‍ ഫോണുകളോ മറ്റു സംവിധാനങ്ങ ളോ അന്ന് ഉണ്ടായിരുന്നില്ല. എവിടേക്ക് പോകണമെന്ന് അറിയാതെ ഞാന്‍ വിഷമിച്ചു. ഓരോ വളവ് കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴും കാണുന്നത് താമസിക്കുന്ന ഹോട്ടലിന് മുന്നിലുള്ള കെട്ടിടങ്ങള്‍പോലെയാണ്.

എന്നാല്‍ അതൊന്നും ആ ഹോട്ടല്‍ ആയിരുന്നി ല്ല. രാത്രി വൈകുന്തോറും ഞാന്‍ ഏറെ അസ്വസ്ഥനായി. വഴിയാത്രക്കാര്‍ കുറഞ്ഞ വിജനമായൊരു റോഡിലായിരുന്നു അപ്പോള്‍. എങ്ങോട്ട് പോകണമെന്നറിയാതെ ഞാന്‍ വലഞ്ഞു. ഒടുവില്‍ റോഡിന്റെ ഫുട്പാത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു.
”നഗരം കാണുവാനുള്ള എന്റെ ലൗകിക വ്യഗ്രതയില്‍ നിന്നുണ്ടായ ഈ ദുരവസ്ഥയെ ഓര്‍ത്ത് ഞാന്‍ ഈ നിമിഷം പശ്ചാത്തപിക്കുന്നു.

അങ്ങയുടെ കരം നീട്ടി എനിക്ക് യഥാര്‍ത്ഥ വഴി കാണിച്ചു തരണമേ!” പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മനസില്‍ ഒരു പ്രകാശം നിറയുന്നതായി അനുഭവപ്പെട്ടു. അതിനുശേഷം ആത്മവിശ്വാസത്തോടെ മുമ്പോട്ടു നടക്കാന്‍ തുടങ്ങി. അടുത്ത ജംഗ്ഷനില്‍ എത്താറായപ്പോള്‍ പാവപ്പെട്ട ഒരു ജപ്പാന്‍കാരന്‍ സൈക്കിളില്‍ വരുന്നതു കണ്ടു. വഴി ചോദിക്കുവാന്‍ ഒരാളെ കണ്ടെത്തിയ സന്തോഷമായിരുന്നു എനിക്ക്.

‘ഫെയര്‍മോണ്ട് ഹോട്ടലിലേക്കുള്ള വഴി പറഞ്ഞു തരാമോ?’ എന്ന് ഇംഗ്ലീഷില്‍ ഞാന്‍ അയാളോട് ചോദിച്ചു. ജാപ്പനീസ് ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ആ സാധു മനുഷ്യന്‍ തന്റെ സൈക്കിളില്‍ നിന്നിറങ്ങി അതുരുട്ടി ഫുട്പാത്തില്‍ വച്ചശേഷം എന്റെ അടുത്തേക്ക് വന്ന് ശിരസു കുനിച്ച് അഭിവാദ്യമര്‍പ്പിച്ചു. നാം കൈകൂപ്പുകയും ഷേക് ഹാന്റ് കൊടുക്കുകയും ചെയ്യുന്നതുപോലെ ശിരസ് നമിക്കുക എന്ന താണ് ജപ്പാന്‍കാരുടെ അഭിവാദന രീതി.

അയാള്‍ എന്നോട് എന്തൊക്കെ യോ ജാപ്പനീസ് ഭാഷയില്‍ ചോദിച്ചെങ്കിലും എനിക്ക് അതൊന്നും തെല്ലും മനസിലാക്കാന്‍ കഴിഞ്ഞില്ല. കൂടെ വരൂ എന്നാംഗ്യം കാട്ടിയ ശേഷം അയാള്‍ എന്നെയും കൂട്ടി മുന്നോട്ട് നടന്നു. ഒന്നു രണ്ടു വളവുകള്‍ കഴിഞ്ഞപ്പോള്‍ ദൂരെ ഹോട്ടലിന്റെ ബോര്‍ഡ് കാണാവുന്ന സ്ഥലത്തെത്തി. ഞാന്‍ ആ നല്ല മനുഷ്യനോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. ‘ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്’എന്ന ബൈബിള്‍ വചനം എനിക്കു ബോധ്യപ്പെട്ട മഹത്തായ നിമിഷമായിരുന്നു അത്.

നാം ഹൃദയ വിശുദ്ധിയോടു കൂടി യേശുവില്‍ അഭയം തേടുമ്പോള്‍ അവിടുന്ന് വഴികാട്ടിയും സ്‌നേഹിതനുമായി മാറുന്നു. അപ്രതീക്ഷിതമായി നമുക്കുണ്ടാകുന്ന വിഷമഘട്ടങ്ങളില്‍ സകലതും തകര്‍ന്നടിഞ്ഞു എന്നു നാം ചിന്തിക്കുമ്പോള്‍ അനുഗ്രഹത്തിന്റെ വെള്ളിവെളിച്ചം പകരുവാന്‍ ക്രിസ്തു നമ്മെ സഹായിക്കുന്നു. ഇത് ജീവിത സത്യമായി ബോധ്യപ്പെടണം.

ഒപ്പം എല്ലാറ്റിനെ യും നന്‍മയിലേക്കു മാറ്റുന്ന കരുണാമയനായ ദൈവത്തിന് നമ്മോടുള്ള കരുതലില്‍ വിശ്വാസം ഉണ്ടായിരിക്കുകയും വേണം. ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങളാല്‍ മുന്നോട്ടു പോകുവാന്‍ നമുക്ക് ധൈര്യമില്ലാതെ വരുന്ന അവസരങ്ങളില്‍ നമ്മെ കൈപിടിച്ചു നടത്തുവാന്‍ യേശുക്രിസ്തുവിന്റെ ശക്തമായ കരം നമ്മിലേക്കു നീട്ടി രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കും.

ചെറിയാന്‍ കുഞ്ഞ്  
ഡപ്യൂട്ടി ഡയറക്ടര്‍ (റിട്ട.) സ്‌പൈസസ് ബോര്‍ഡ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?