Follow Us On

22

July

2019

Monday

എല്ലാം ദൈവഹിതം മാത്രം…

എല്ലാം ദൈവഹിതം മാത്രം…

മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ ഔസേപ്പച്ചന്‍-മോളി ദമ്പതികളുടെ മകനായ സെബി ജോസഫിന് ജന്മനാ കൈകളില്ല. ഇതിനു പുറമെ വളര്‍ച്ചയില്ലാത്ത കുറുകിയ കാലുകളുമായിട്ടാണ് സെബിമോന്‍ ജനിച്ചത്. ശാരീരിക ന്യൂനതകള്‍ വിജയങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിച്ചാണ് ഈ പരിശ്രമശാലി ഇപ്പോള്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നത്. ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരോട് മത്സരിച്ച്, പഠനത്തിലും സംഗീതത്തിലും തന്റേതായ തനതുശൈലിയില്‍ കഴിവ് തെളിയിക്കുകയാണ് ഈ യുവാവ്.

സെബിയുടെ മാതാപിതാക്കള്‍ ഭ്രൂണഹത്യ വിരുദ്ധ പ്രചരണത്തിലെ ടീം അംഗങ്ങളാണ്. വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഇതിനുവേണ്ടി ക്ലാസുകള്‍ നയിച്ചിരുന്നു. സെബിമോനെ ഗര്‍ഭം ധരിച്ച് ഏഴുമാസമുള്ളപ്പോള്‍ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി സ്‌കാന്‍ ചെയ്തു. സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍, ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടെന്നും ഉടന്‍അബോര്‍ഷന്‍ ചെയ്യുന്നതാണ് നല്ലതെന്നുമാണ് ഉപദേശിച്ചത്. ഏഴുമാസമായതിനാല്‍ അബോര്‍ഷന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സമയമാകുന്നതിന് മുമ്പുള്ള പ്രസവം നടത്തിത്തരാമെന്നും ഡോക്ടര്‍ ദമ്പതികളെ അറിയിച്ചു.

ഓപ്പറേഷനുള്ള തിയതിയും നിശ്ചയിച്ചു. ഡോക്ടറെ കണ്ടശേഷം അവിടെനിന്നും ഇറങ്ങിയപ്പോള്‍ത്തന്നെ മോളി പറഞ്ഞു, എത്ര അംഗവൈകല്യം ഉണ്ടെങ്കിലും നമ്മള്‍ ഈ കുഞ്ഞിനെ വളര്‍ത്തുമെന്ന്. അംഗവൈകല്യമുള്ള ഒരു കുഞ്ഞിനെ ദൈവം തന്നത് അബ്രഹാമിനെ ദൈവം പരീക്ഷിച്ചതുപോലെ ഒരു വിശുദ്ധ പരീക്ഷണമയിരുന്നുവെന്ന് ഔസേപ്പച്ചന്‍ സ്മരിക്കുന്നു.

അബോര്‍ഷനെതിരായി പ്രസംഗിക്കുന്നവര്‍ തന്നെ അബോര്‍ഷന്‍ ചെയ്യുക എന്നത് ഇവര്‍ക്ക് ചിന്തിക്കുന്നതിനും അപ്പുറത്താണ്. അബോര്‍ഷന്‍ വിരുദ്ധക്ലാസുകള്‍ എടുക്കുവാന്‍ പോയിടങ്ങളില്‍ ഔസേപ്പച്ചന്‍-മോളി ദമ്പതികള്‍ തങ്ങളുടെ സ്വന്തം അനുഭവം വിവരിച്ചതിനെ തുടര്‍ന്ന് അബോര്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ച പല ദമ്പതികളും ആ ഉദ്യമത്തില്‍നിന്നും പിന്‍വാങ്ങുകയുണ്ടായെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്‌കൂളില്‍ ചേര്‍ക്കുന്നതിനുമുമ്പ് സെബിയുടെ കഴിവ് അറിയുന്നതിനുവേണ്ടി, ഔസേപ്പച്ചന്‍ ‘അ’ എന്ന അക്ഷരം എഴുതി കാണിച്ചു. അതുപോലെതന്നെ സെബി കാലുകൊണ്ട് എഴുതി. കോമ്പസ് കൊണ്ട് എങ്ങനെ വൃത്തം വരയ്ക്കാമെന്ന് കാണിച്ചുകൊടുത്തു. സെബി അതും കാലിന്റെ സഹായത്തോടെ പൂര്‍ത്തീകരിച്ചു. ഇതില്‍നിന്നും ലഭിച്ച ആത്മവിശ്വാസത്തോടുകൂടിയാണ് മുണ്ടക്കയത്തുള്ള സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളില്‍ സെബിയുടെ സ്‌കൂള്‍ പ്രവേശനത്തിനായി ഇവര്‍ പോകുന്നത്.

ഇന്റര്‍വ്യൂവിനുശേഷം പ്രിന്‍സിപ്പല്‍ സെബിക്ക് അഡ്മിഷന്‍ നല്‍കാമെന്ന് അറിയിച്ചു. പ്രിന്‍സിപ്പലിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സെബിക്ക് ക്ലാസില്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കി. പഠനത്തില്‍ മിടുക്കനായ സെബി എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലെ ‘ബെസ്റ്റ് സ്‌കോളര്‍’ ആയിരുന്നു.
സെബിയുടെ ചേച്ചി അന്നുവിനെ സംഗീതം പഠിപ്പിക്കുമ്പോള്‍ സെബിയും അവിടെ പോയി ഇരിക്കും. തനിക്കും സംഗീതം പഠിക്കണമെന്നുള്ള ആഗ്രഹം സെബി പ്രകടിപ്പിച്ചതിനാല്‍ മ്യൂസിക് ടീച്ചര്‍ ഷാജിമാഷ് സെബിയുടെ വോയ്‌സ് ടെസ്റ്റ് നടത്തി.

വോയ്‌സ് ടെസ്റ്റ് പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു. സംഗീത പരിശീലനത്തോടൊപ്പം സെബി കാലുകള്‍കൊണ്ട് ഓര്‍ഗണ്‍ വായിക്കുവാനും പഠിച്ചു. ഇപ്പോള്‍ സ്റ്റേജ് ഷോകളില്‍ വിസ്മയം തീര്‍ക്കുകയാണ് സെബി. കൈകളില്ലാത്തതിനാല്‍ കാല്‍കൊണ്ട് എഴുതുവാന്‍ പരിശീലനം ലഭിച്ച സെബി, പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സെബിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സി.ബി.എസ്.ഇ, പ്ലസ്ടു പരീക്ഷയ്ക്ക് സഹായിയെ അനുവദിച്ചു.

പ്ലസ്ടുവിന് 94 ശതമാനം മാര്‍ക്ക് സെബി കരസ്ഥമാക്കി. അംഗപരിമിതികളെ മറികടന്ന്, പ്ലസ്ടുവില്‍ ഉന്നതവിജയം കരസ്ഥമാക്കിയതിന് മുണ്ടക്കയം പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനത്തല്‍ സെബിയെ ആദരിക്കുകയും ചെയ്തു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജിലെ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തത് സെബിയായിരുന്നു. അംഗപരിമിതികളെപ്പറ്റി വ്യാകുലപ്പെടാതെ, ദൈവത്തില്‍ ആശ്രയിച്ച് ജീവിതവിജയം കരസ്ഥമാക്കണമെന്ന് സെബി തന്നെക്കാള്‍ മുതിര്‍ന്നവര്‍ക്ക് സന്ദേശം നല്‍കി.

കാലുകൊണ്ട് ഗ്രാഫിക്‌സില്‍ ഡിസൈന്‍ ചെയ്യുന്ന സെബി, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കോളജിലെ വിവിധ സാംസ്‌കാരിക പ്രവര്‍ത്തനമേഖലകളില്‍ അംഗവുമാണ്. താടിയും തോളും കൂട്ടിപ്പിടിച്ചാണ് സെബി ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ സോഫ്റ്റുവെയര്‍ കമ്പനികളുമായി കരാര്‍ ഉള്ള ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയില്‍ സെബി പാര്‍ട്ട്ണറാണ്. സിലിക്കണ്‍ വാലി സ്റ്റാര്‍ട്ട്പ് നടത്തിയ പരിപാടിയില്‍ വിജയിച്ച ടീമിന്റെ പ്രധാന പങ്കാളിയായിരുന്നു സെബി.

ഇന്റേണ്‍ഷിപ്പ് കാലഘട്ടത്തില്‍ ആന്‍ഡ്രോയിഡിന്റെ വികസനത്തിന് നേതൃത്വം നല്‍കി. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ വര്‍ക്ക്‌ഷോപ്പുകളിലും ഇന്റര്‍ കോളജിയേറ്റു മത്സരങ്ങളിലും സെബി വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അമല്‍ജ്യോതി കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ക്ലബിന്റെ സഹസ്ഥാപകനുമാണ്. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന ദൈവാലയത്തിലെ ഗാനശുശ്രൂഷിയുമാണ് ഈ യുവാവ്.

കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്തെ സഹായിക്കുവാന്‍ തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയ സെബി, ഒട്ടേറെ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ച ഒരു ടീമിന്റെ ഭാഗമായിരുന്നു. അറിവുകളിലൂടെയും തമാശകളിലൂടെയും സെബി എല്ലാവരുടെയും പ്രിയ താരമാണ്.
കൂട്ടുകാരും അധ്യാപകരും തരുന്ന സ്‌നേഹവും വാത്സല്യവുമാണ് തന്റെ വിജയത്തിന് പിന്നിലുള്ളതെന്ന് സെബി നന്ദിയോടെ വിനീതനാകുന്നു. തന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും അര്‍ഹതപ്പെട്ട സ്‌നേഹപുരസ്‌കാരങ്ങളാണിവയെന്ന് സെബി അനുസ്മരിക്കുന്നു.

മോളിയുടെ ഉദരത്തില്‍ സെബി രൂപപ്പെടുന്ന കാലങ്ങളില്‍ പിതാവ് ഔസേപ്പച്ചന്‍ ലക്ഷങ്ങളുടെ കടക്കെണിയിലായിരുന്നു. എന്നാല്‍ അംഗപരിമിതികളുള്ള ഗര്‍ഭസ്ഥ കുഞ്ഞിന് ഭ്രൂണഹത്യ വേണ്ടെന്ന് ഔസേപ്പച്ചന്‍-മോളി ദമ്പതികള്‍ തീരുമാനിച്ചതോടെ ദൈവം ഇവരെ സാമ്പത്തികമായി അനുഗ്രഹിച്ചു തുടങ്ങി. സെബിയുടെ ജനനത്തോടുകൂടി കടക്കെണികള്‍ മാറി.

ജീവന്‍ ദൈവദാനമാണ്, അതിനെ നിഗ്രഹിക്കുവാന്‍ മനുഷ്യന് അവകാശമില്ലെന്ന് ഈ ദമ്പതികള്‍ തെളിയിച്ചു.പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ദൈവേഷ്ടം എന്ന മനോഭാവത്തോടെ നേരിട്ടാല്‍ ദൈവാനുഗ്രഹം ഉറപ്പാണെന്ന് ഔസേപ്പച്ചന്‍ പറയുന്നു. ഉപരിപഠനത്തിനായി അമേരിക്കയില്‍ പോകണമെന്നാണ് സെബിയുടെ ആഗ്രഹം. ഡ്രൈവിങ്ങ് പഠിക്കണമെന്നും ആഗ്രഹമുണ്ട്. ഇതിനായി പ്രത്യേക ഡ്രൈവര്‍സീറ്റ് രൂപകല്പന ചെയ്യുന്നത് സംബന്ധിച്ച് കാര്‍ കമ്പനികളുമായി ആശയവിനിമയം നടത്തുന്നു.

സഹോദരന്‍ ജിനോയും ചേച്ചി അന്നുവും സെബിക്ക് താങ്ങും തണലുമാണ്. ജീവിതത്തിലെ ചെറിയ കുറവുകളെ ഓര്‍ത്ത് നിരാശപ്പെടുന്നവര്‍ക്ക് സെബിയുടെ ജീവിതാനുഭവങ്ങള്‍ ഒരു പാഠംതന്നെയാണ്. ജീവിതത്തില്‍ ദുഃഖവെള്ളികളിലൂടെ മാത്രം കടന്നു പോകുന്നവര്‍ക്ക് ഒഴുക്കിനെതിരെ നീന്തി, ഉത്ഥാനാനുഭവം സ്വന്തമാക്കിയ സെബിയുടെ ജീവിതം മാതൃകയാണ്.

തോമസ് തട്ടാരടി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?