Follow Us On

28

March

2024

Thursday

ഇത് ഉപവാസത്തിന്റെ കാലം

ഇത് ഉപവാസത്തിന്റെ കാലം

നോമ്പുകാലം ഉപവാസത്തിന്റെ കാലമാണ്. തിന്മയെ വര്‍ജ്ജിക്കുകയും നന്മയെ ആലിംഗനം ചെയ്യുക എന്നതാണ് ദൈവം ആഗ്രഹിക്കുന്ന ഉപവാസം. ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മോട് ഇപ്രകാരം പറയുന്നു. ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?

വിശക്കുന്നവനുമായി ആഹാരം പങ്കുവെയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (ഏശയ്യാ 58 :67). എന്താണ് വര്‍ജ്ജിക്കേണ്ടത്? എന്താണ് സ്വായത്തമാക്കി ജീവിക്കേണ്ടത്? എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില ചിന്തകളുടെ വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ് ഞാനിവിടെ..

നിഷേധാത്മകവും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ സംസാരവും പെരുമാറ്റവും ഉപേക്ഷിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാക്കുകള്‍ ഉപയോഗിക്കുക. നെഗറ്റീവ് എനര്‍ജിക്കു പകരം പോസിറ്റീവ് എനര്‍ജി പങ്കുവെയ്ക്കുക. മരണസംസ്‌ക്കാരത്തില്‍ ജീവിക്കാതെ ജീവന്റെ സംസ്‌ക്കാരം വളര്‍ത്തുക. വിദ്വേഷസംസ്‌ക്കാരം പ്രചരിപ്പിക്കാതെ സ്‌നേഹവിപ്ലവം നടപ്പിലാക്കുക

അസംതൃപ്തിയുടെ ജീവിതശൈലി ഉപയോഗിച്ച് സംതൃപ്തിയോടും കൃതജ്ഞതയോടും കൂടെജീവിക്കുക. ദൈവം തരുന്നതൊക്കെ മധുരോദാരമെന്ന് കരുതിജീവിക്കുക.

കോപം വെടിഞ്ഞ് ഹൃദയശാന്തതയും എളിമയും ക്ഷമയും സ്വായത്തമാക്കുക. സൂര്യാസ്തമയം നിങ്ങള്‍ കോപിച്ചിരിക്കുന്നതായി കാണരുതെന്നാണ് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത്.

ദോഷൈകദൃക്കുകളായി ജീവിക്കാതെ പ്രത്യാശയുള്ള ഗുണൈകദൃക്കുകളാവുക. പ്രത്യാശ ഒരു ഉറപ്പാണ്. ദൈവത്തിലുള്ള ശരണമാണ്. അത് ദൈവത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന പുണ്യ മാണെന്നാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ പറയുന്നത്.

ആകുലതകള്‍ ഉപേക്ഷിച്ച് ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തില്‍ ജീവിക്കുക. ആത്മാവില്‍ ദരിദ്രരാകുകയാണാവശ്യം.

 പരാതികള്‍ ഉപേക്ഷിച്ച് മറ്റുള്ളവരില്‍ നന്മ കാണുന്നവരായിത്തീരുക.

 സംഘര്‍ഷഭാവങ്ങളും വിഭാഗീയതകളും ഉപേക്ഷിച്ച് പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും ജീവിതം നയിക്കുക.

വൈരാഗ്യവും വാശിയും ഉപേക്ഷിച്ച് ഹൃദയം ആനന്ദം കൊണ്ട് നിറയ്ക്കുക.

സ്വാര്‍ത്ഥത വെടിയുക. മറ്റുള്ളവരോടുള്ള കരുണയില്‍ വളരുക.

മാപ്പ് നല്‍കാത്ത മനോഭാവം ഉപേക്ഷിച്ച് അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുക.

നിശബ്ദതയുടെ സൗന്ദര്യത്തില്‍ മറ്റുള്ളവരെ ഹൃദയം കൊണ്ടുംചെവി കൊണ്ടും കണ്ണുകള്‍ കൊണ്ടും ശ്രവിക്കുക.

. സംഘര്‍ഷങ്ങളും വിഭാഗീയതയും പൈശാചികമാണെന്ന് തിരിച്ചറിഞ്ഞ് അവയില്‍ നിന്നൊക്കെ പിന്മാറുക. വാള്‍എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന ദൈവവചനം ഓര്‍ക്കുക.
ഈ നോമ്പുകാലം എങ്ങിനെ അര്‍ത്ഥപൂര്‍ണ്ണമാക്കാമെന്നതിന് താഴെപറയുന്ന ചിലകാര്യങ്ങളും അഭ്യസിക്കുക.

.ക്രിസ്തുമതം ഉയിര്‍പ്പിന്റെ ആനന്ദത്തിന്റെ മതമാണ്. ഒരു ക്രിസ്ത്യാനി ആനന്ദിച്ചാഹ്ലാദിക്കുന്നവനായിരിക്കണം. ആനന്ദം മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുത്ത് ജീവിക്കുക.

.കൃതജ്ഞതയുടെ ജീവിതത്തിലായിരിക്കുക. നന്ദി ഹൃദയത്തിന്റെ ഓര്‍മ്മയാണ്. ദൈവത്തോടും മനുഷ്യരോടും നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്.

നിങ്ങളുടെ ജീവിതം എപ്പോഴും സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തലാകട്ടെ. കൂടെയുള്ളവരെ നിങ്ങളുടെസ്‌നേഹം വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും മനസിലാക്കികൊടുക്കുക. എല്ലാവരും ആഗ്രഹിക്കുന്നത് സ്‌നേഹാനുഭവങ്ങളാണ്. ആ അനുഭവത്തിലേയ്ക്ക് മറ്റുള്ളവരെ നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

.മറ്റുള്ളവരുടെ സന്തോഷത്തിന്റയും വേദനയുടെയും കഥകള്‍ സ്‌നേഹപൂര്‍വ്വം കേള്‍ക്കുക. ഓരോ മനുഷ്യനും ഓരോ ജീവിതകഥയുണ്ട്.

 മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കുകയും അവ അംഗീകരിക്കുകയും ചെയ്യുക.

മറ്റുള്ളവരെ തിരുത്തുന്നത് സ്‌നേഹപൂര്‍വ്വം മാത്രമായിരിക്കണം.

നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.
നോമ്പുകാലം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുവാനുള്ള തീര്‍ത്ഥാടനമാണ്. നന്മയുടെ ജീവിതം നയിച്ച് ഉത്ഥാനാനുഭവത്തിലേക്ക് നടന്നടുക്കാം.

ബിഷപ് ഡോ. വര്‍ഗിസ് ചക്കാലക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?