Follow Us On

09

April

2020

Thursday

തോട്ടം

തോട്ടം

”അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു” (യോഹ. 19:41).

മാനവരാശിയുടെ ചരിത്രം ആരംഭിക്കുന്നത് തോട്ടത്തിലാണ്; അതിന്റെ ഒടുക്കവും തോട്ടംതന്നെ. ഉല്‍പത്തിയില്‍ തുടങ്ങിയ തോട്ടത്തിലേക്ക് വെളിപാട് ഒടുക്കം കൂട്ടിക്കൊണ്ടുപോകുന്നു. തോട്ടത്തിന്റെ ഗ്രീക്കുപരിഭാഷയാണ് പറുദീസ. അന്ന് പറുദീസയ്ക്ക് പുറത്തായത് ജീവന്റെ വൃക്ഷത്തില്‍നിന്നും പറിച്ചിട്ടാണ് (ഉല്‍. 3:22).

ഇന്ന് പറുദീസയില്‍ പ്രവേശിക്കുന്നത് ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനാണ് (വെളി. 22:14). ദൈവവും മനുഷ്യനും മൃഗങ്ങളുമൊക്കെ ഒരുമിച്ചു പാര്‍ത്തു ഏദെനില്‍. മനുഷ്യന്റെ പതനവും ആ തോട്ടത്തിലായിരുന്നു. മനുഷ്യന്റെ ജീവിതം എന്നും തോട്ടത്തിലാണ്, വീഴുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന തോട്ടത്തില്‍.

തോട്ടത്തിന്റെ ഉടയവന്‍ തോട്ടക്കാരനായി നിയോഗിച്ചവനാണ് ആദം. സൃഷ്ടിക്കു മുഴുവന്‍ പേരിടാന്‍ അധികാരമുള്ളവന്‍. വെറുതെ പേരിടുകയല്ല, മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും സ്വഭാവമറിഞ്ഞ് അതിനെ തോട്ടത്തില്‍ യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. പേരിടുമ്പോള്‍, പേരുചൊല്ലി വിളിക്കുമ്പോള്‍ ആദത്തിന് അതിന്റെമേല്‍ അധികാരം ഉണ്ടാകുന്നു. പക്ഷേ സകലതും താറുമാറായി.

തോട്ടക്കാരന്‍ ഉടമസ്ഥനാകാന്‍ ശ്രമിച്ചപ്പോള്‍. അവന്‍ പേരിട്ട് വിളിച്ച മൃഗങ്ങള്‍പോലും അവന് എതിരായി. തോട്ടക്കാരനെ പുറത്താക്കാതെ വഴിയില്ല. ക്രിസ്തു ഉത്ഥാനം ചെയ്തത് തോട്ടത്തിലാണെന്നും ആദ്യമവനെ കണ്ടപ്പോള്‍ തോട്ടക്കാരനായി തോന്നിയെന്നും മറിയം മഗ്ദലന പറയുന്നതു ശ്രദ്ധിക്കുക. മനുഷ്യവംശത്തിന്റെ എന്നത്തെയും തോട്ടക്കാരന്‍ ക്രിസ്തുതന്നെ.

രണ്ടു തോട്ടങ്ങള്‍ വളരെ പ്രധാനമാണ്. ഏദെനും ഗത്‌സെമനും. പരീക്ഷകളുടെ സ്ഥലമാണ് രണ്ടും. ആദ്യ ആദം വീഴുന്നത് ഏദെനിലെങ്കില്‍, രണ്ടാം ആദം പിടിച്ചുനില്‍ക്കുന്നത് ഗത്‌സെമനിലാണ്. ആദ്യ ആദം ഏദെനില്‍ ദൈവത്തെ തനിച്ചാക്കി. രണ്ടാം ആദം ഗത്‌സമെനില്‍ ദൈവത്തെ ചേര്‍ത്തുപിടിച്ചു. ഏദെനില്‍ അനുസരണക്കേടിന്റെ കനിയില്‍ മാനവരാശിയുടെ ചരിത്രം മാറി. ഗത്‌സെമനില്‍ അനുസരണത്തിന്റെ പാനപാത്രത്തില്‍ രക്ഷയുടെ ചരിത്രം കൊടിയേറി (റോമാ. 5:12-16).

വീടിനു ചുറ്റും തോട്ടം ഉണ്ടാക്കുന്ന തിരക്കിലാണ് നാം. യഥാര്‍ത്ഥത്തില്‍ തോട്ടത്തിന് നടുവിലല്ലേ നമ്മുടെ വീട്. ചെടികളില്‍ ഇതള്‍ വിരിയുന്നതും മൊട്ടിടുന്നതും പൂവിടുന്നതും അതു കൊഴിയുന്നതുമൊക്കെ വീട്ടിലിരുന്നത് കാണാം. ആ പൂവാണ് നാമൊക്കെ. ആടിയുലയുമ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ തോട്ടക്കാരനായ ക്രിസ്തുവുണ്ട്. വരണ്ടുണങ്ങുമ്പോള്‍ ജലം തരാനും കൊഴിഞ്ഞു വീഴുമ്പോള്‍ വീണ്ടും പുഷ്പിക്കാനും ഈ തോട്ടക്കാരന്‍ എല്ലാം ചെയ്യുന്നു. ഉദ്യാനം നോക്കി ജീവിതം കൊണ്ടുപോകുന്നവര്‍ക്ക് നിരാശ വരില്ല. തോട്ടത്തിന് നിങ്ങളെ വിഷമിപ്പിക്കാനാവില്ല.

യോഹന്നാന്‍ എഴുതി: ‘ക്രെദ്രോണ്‍ അരുവിയുടെ അക്കരെ ഒരു തോട്ടം ഉണ്ടായിരുന്നു’ (യോഹ. 18:1). ഒലിവുമലയുടെ അടിവാരത്തുള്ള കൃഷിസ്ഥലമാണിത്. എണ്ണ ആട്ടിയെടുക്കുന്ന ചക്ക് അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ആ കൃഷിസ്ഥലത്തെ ഗത്‌സമെനി എന്നു വിശേഷിപ്പിച്ചത്. യേശുവും ശിഷ്യന്മാരും ഇടയ്ക്കിടെ അവിടെ പോകും, വിശ്രമിക്കും. എന്നാല്‍ അവന്‍ കുരിശില്‍ മരിക്കേണ്ടതിന്റെ രാത്രിയില്‍ പോയത് ആ ചക്കില്‍ തന്റെതന്നെ ജീവനെ ആട്ടിയെടുക്കാനാണ്.

ഒലിവിന്‍ കായ്കള്‍ ചക്കില്‍ ആട്ടിയെടുക്കുന്നതുപോലെ ഗത്‌സെമനില്‍ അവന്‍ ആത്മനാ പിഴിഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്, പുരോഹിതരുടെയും പീലാത്തോസിന്റെയും കയ്യപ്പായുടെയും മുമ്പില്‍ മണിക്കൂറുകള്‍ അവര്‍ ചതഞ്ഞമര്‍ന്നു. നീണ്ട മണിക്കൂറുകള്‍ കുരിശുമായി നടക്കുമ്പോള്‍ ആ ശരീരം തകര്‍ന്നത് വ്യാഖ്യാനിക്കാനാവില്ലല്ലോ. ഒടുക്കം കാല്‍വരിക്കുന്നില്‍ കുരിശിലുയരുമ്പോള്‍ ഒലിവുകായില്‍നിന്നും എണ്ണയൊഴുകുംപോലെ അവസാന തുള്ളിപോലും ഊറ്റിയെടുക്കപ്പെട്ടു.

അടക്കം ചെയ്യുമ്പോള്‍ തിരഞ്ഞെടുത്തതും ഒരു തോട്ടംതന്നെ. അരിമത്തിയാക്കാരന്‍ ജോസഫിന്റെ തോട്ടത്തിലെ കല്ലറ (യോഹ. 19:41). സുന്ദരമായതു നിര്‍മിച്ചപ്പോഴും മരണമെന്ന ചിന്ത ഈ മനുഷ്യന്‍ സൂക്ഷിച്ചു. യഹൂദരോടുള്ള ഭയം നിമിത്തമാണ് ശിഷ്യനാകാന്‍ പറ്റാതെപോയതെന്ന് യോഹന്നാന്‍ പറയുന്നുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ ശരീരം അവനെ തേടിയെത്തി.

സുന്ദര ഉദ്യാനമെന്ന് കരുതി ജീവിക്കുന്നതിനിടയില്‍ നിത്യതയ്ക്ക് ഒരല്പം ഇടം നിങ്ങള്‍ നല്‍കിയാല്‍ ക്രിസ്തു നിങ്ങളെ തേടിവരാതിരിക്കില്ല. നിങ്ങളുടെ തോട്ടങ്ങളില്‍ അവന്‍ വിശ്രമിക്കും, ഉത്ഥാനം ചെയ്യും.

പ്രാര്‍ത്ഥന: രക്ഷകനായ യേശുവേ, എന്റെ ജീവിത ഉദ്യാനത്തില്‍ നിനക്കൊപ്പം ചരിക്കുമ്പോള്‍ എനിക്ക് കൃപ തരണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?