Follow Us On

02

April

2020

Thursday

പകരക്കാരന്‍

പകരക്കാരന്‍

”ആ വര്‍ഷത്തെ പ്രധാന പുരോഹിതനായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലേ” (യോഹ. 11:49-50).

കഴിഞ്ഞയാണ്ടിലെ നോമ്പുധ്യാനം നടത്തിയത് ചിക്കാഗോയിലെ മൊണ്ടലെയ്ന്‍ സെമിനാരിയിലായിരുന്നു. തൊണ്ണൂറ് വയസ് പ്രായമുള്ള മോണ്‍. ജോണ്‍ എസെഫ് ആയിരുന്നു ധ്യാനഗുരു. ആദ്യവാക്കുകള്‍ തന്നെ ഒരുപാട് സ്വാധീനിച്ചു. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഉണ്ടായ ഒരു സംഭവം വിവരിച്ചുകൊണ്ടാണ് പ്രഭാഷണം തുടങ്ങിയത്. 1952-ല്‍ പട്ടം സ്വീകരിച്ച ഫാ. ജോണ്‍ ഒരു സഹവികാരിയായി നിയോഗിക്കപ്പെട്ടു.

ഒരാണ്ട് കഴിഞ്ഞപ്പോള്‍ അവധിക്ക് വീട്ടില്‍ പോയതായിരുന്നു, അപ്പോള്‍. മാതാപിതാക്കളോടും ഏകസഹോദരിയോടുംകൂടി ഉല്ലസിച്ച് സമയം ചെലവിടന്നതിനിടയിലാണ് പെട്ടെന്നൊരു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തി. പരിശോധിച്ച് റിസല്‍ട്ട് വന്നപ്പോള്‍ അച്ചന് മാരകമായ ഒരു രോഗമാണെന്നും ഒരു വര്‍ഷത്തിലധികം ആയുസില്ലെന്നും അറിഞ്ഞു.

ഇതവര്‍ പരസ്പരം പങ്കുവയ്ക്കുമ്പോള്‍ കുഞ്ഞുപെങ്ങളില്‍നിന്നും മറച്ചുപിടിക്കും എന്നുറപ്പു വരുത്തിയിരുന്നു. അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍പോലും പ്രായമായിട്ടില്ല. അവധി കഴിഞ്ഞ് അച്ചന്‍ പള്ളിയിലേക്ക് പോയി. തന്റെ ശുശ്രൂഷകള്‍ തുടര്‍ന്നു. വൈദ്യശാസ്ത്രം പറഞ്ഞ ആയുസിനപ്പുറവും അച്ചന്‍ മുന്നോട്ടു ചരിച്ചു.

പക്ഷേ, അതിനിടെ വീട്ടില്‍നിന്നും ഒരു സന്ദേശം അച്ചന് കിട്ടി. ഏകപെങ്ങള്‍ക്ക് മാരകരോഗം. തന്റെ രോഗവിവരത്തെക്കാള്‍ അച്ചനെ ഇത് ഏറെ വേദനിപ്പിച്ചു. വേഗമച്ചന്‍ വീട്ടിലെത്തി. അവളെ ആശ്വസിപ്പിക്കുന്നതിനിടയില്‍ ഒരു രഹസ്യം അവള്‍ അച്ചനോട് പറഞ്ഞു: ”ജോണ്‍, ഒരു വര്‍ഷം മുമ്പ് നിനക്കൊരു മാരകരോഗം ഉണ്ടായ കാര്യം ഞാനറിഞ്ഞിരുന്നു.

പപ്പയും മമ്മിയും നിന്റെ കാര്യം പറഞ്ഞ് കരയുന്നത് മറഞ്ഞിരുന്ന് ഞാന്‍ കേട്ടു. ഉടനെതന്നെ ഞാന്‍ ഈശോയുടെ അടുത്തുചെന്നു പറഞ്ഞു, ഈശോയെ, എന്റെ ചേട്ടായി അച്ചനാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്തുതീര്‍ക്കാനുണ്ട്. ഏറെ കാര്യങ്ങള്‍ ജനം അദ്ദേഹത്തില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട്, എന്റെ നീണ്ട ആയുസ് ചേട്ടായിക്ക് കൊടുക്കുക. ചേട്ടായിയുടെ രോഗം എനിക്ക് തരിക!

ഇതു പറഞ്ഞിട്ട് ഫാ. ജോണ്‍ പറഞ്ഞു: ‘അവള്‍ ഇത്തരമൊരു പ്രാര്‍ത്ഥന നടത്തുമെന്ന് ഞാനറിഞ്ഞിരുന്നെങ്കില്‍, എങ്ങനെയും അവളെ ഞാനതില്‍നിന്നും തടയുമായിരുന്നു.’ ഈ സംഭവം ഫാ. ജോണിന്റെ ജീവിതത്തെ അപ്പാടെ മാറ്റി. ധ്യാനിക്കുന്ന ഞങ്ങളുടെ കണ്ണുകളില്‍ നോക്കി വയോധികനും വിശുദ്ധ ജീവിതത്തിന്റെ ഉടമയുമായ ഫാ. ജോണ്‍ പറഞ്ഞു: ‘നിങ്ങള്‍ക്കുവേണ്ടി മരിച്ച ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ നിങ്ങളുടെ ജീവിതം തീര്‍ച്ചയായും മാറിയിരിക്കും.’

ഈ വരികള്‍ എന്നിലാകെ അലയടിച്ചുകൊണ്ടിരുന്നു. മുറിയില്‍ തൂക്കിയിട്ടിരിക്കുന്ന കുരിശുരൂപത്തില്‍ നോക്കി ഞാന്‍ എന്നോടുതന്നെ ചോദിച്ചു: എനിക്കുവേണ്ടി മരിച്ചവനാണ് നീയെന്ന് സത്യത്തില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കന്നുണ്ടോ? എന്റെ അപരാധങ്ങള്‍ക്ക് പരിഹാരമായി, പകരക്കാരനായവനാണ് ഈ കുരിശിലെന്ന് എന്റെ ചങ്കില്‍ ഉറച്ച ബോധ്യം എനിക്കുണ്ടോ?

ഒരാള്‍ മറ്റുള്ളവരുടെ പാപത്തിന് പരിഹാരം ചെയ്യുക, ബലിയായിത്തീരുക. മതങ്ങളുടെ ചരിത്രത്തോളം പഴക്കമുണ്ട് ഈ ആശയത്തിന്. തിന്മയ്ക്കു പരിഹാരം ചെയ്യണം. നന്മയും നീതിയും പുനഃസ്ഥാപിക്കണം. തെറ്റില്‍ നിപതിക്കുന്നവനെ സ്വതന്ത്രനാക്കാന്‍ എന്താണു വഴി? പകരക്കാരന്‍ ആകാന്‍ തയാറുള്ളവന്റെമേല്‍ കുറ്റമാരോപിക്കുക, അവനെ ബലി ചെയ്യുക.

മനുഷ്യന്റെ അപരാധത്തിന് മൃഗത്തെ ബലി ചെയ്യുന്ന ചരിത്രം ഏറെയുണ്ട്. ഉദാഹരണത്തിന്, സ്‌പെയിനില്‍ ഒരാഴ്ച നീളുന്ന ഒരുത്സവം അടുത്തകാലംവരെ ഉണ്ടായിരുന്നു. ഉത്സവത്തിന് സമാപനം കുറിക്കുന്നത് ഒരാടിനെ വലിയൊരു കെട്ടിടത്തിന്റെ മുകളില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞുകൊണ്ടാണ്. ആട്ടിന്‍കുട്ടി പല കഷണങ്ങളായി ചിന്നിച്ചിതറുമ്പോള്‍ സ്വന്തം അപരാധങ്ങള്‍ മാഞ്ഞുപോയി എന്നുപറഞ്ഞ് ജനം ആര്‍പ്പുവിളിക്കും.

പ്രാകൃത മതസമ്പ്രദായങ്ങളില്‍ നരബലിയും ഈ ലക്ഷ്യംവച്ചുതന്നെയായിരുന്നു. യഹൂദ പശ്ചാത്തലത്തില്‍ ജറുസലേം ദൈവാലയത്തില്‍ ബലി ചെയ്തിട്ടുള്ള ആടുകളുടെ എണ്ണം ഗണിച്ചെടുക്കുക എളുപ്പമല്ല. പക്ഷേ, ഇവയ്‌ക്കൊന്നും മനുഷ്യന്റെ അന്തഃരംഗത്തെ ശുദ്ധമാക്കാനുള്ള കഴിവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇവയൊന്നും സ്വയം അര്‍പ്പിക്കുകയല്ല, നാമവയെ പിടിച്ചുകെട്ടി അര്‍പ്പിക്കുകയാണ്. മാത്രവുമല്ല, വെറും പകരക്കാരന് പാപമേറ്റെടുക്കാനാവില്ല. അതിന് പ്രതിപുരുഷന്‍ തന്നെ വേണം. നമ്മുടെ സത്തയെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രതിപുരുഷന്‍. അവനെയാണ് കാലങ്ങളായി മാനവകുലം പ്രതീക്ഷിച്ചിരുന്നത്.

സ്വയം മറ്റുള്ളവര്‍ക്കായി പരിഹാരബലിയാവുക. ഇതിന് പഴയനിയമത്തില്‍ പല ഉദാഹരണങ്ങളുണ്ട്. മോശയെന്ന പകരക്കാരനെ കാണുക. സീനായില്‍വച്ച് ജനം ബിംബാരാധന നടത്തിയപ്പോള്‍ ദൈവത്തിന്റെ കോപം കിനിഞ്ഞിറങ്ങി. ജനം മുഴുവന്‍ നശിക്കുമെന്നായപ്പോള്‍ ജനനേതാവായ മോശ ദൈവത്തിനുമുമ്പില്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥന കാണുക: ”അവിടുന്ന് കനിഞ്ഞ് അവരുടെ പാപം പൊറുക്കണം.

അല്ലെങ്കില്‍ അവിടുന്ന് എഴുതിയിരിക്കുന്ന പുസ്തകത്തില്‍നിന്നും എന്റെ പേര് മായിച്ചുകളഞ്ഞാലും” (പുറ. 32:32). എന്റെ പ്രിയര്‍ പ്രവേശിക്കാത്ത കാനാനിലേക്ക് എനിക്ക് പോകണ്ട. അവരുടെ പേരില്ലാത്ത ജീവന്റെ പുസ്തകത്തില്‍നിന്നും എന്റെയും പേരെടുത്തു മാറ്റുക. എന്തൊരു പ്രാര്‍ത്ഥനയാണിത്! പാപം ചെയ്തവരെയാണ് ഞാന്‍ പുസ്തകത്തില്‍നിന്നും തുടച്ചുനീക്കുന്നതെന്ന് ദൈവം പറയുന്നുണ്ടെങ്കിലും മോശ ജനത്തിന്റെ പകരക്കാരനാവുകയാണ്.

ജനത്തിന്റെമേലുള്ള വിധിയെല്ലാം ഏറ്റെടുത്ത് മോശ ബലിയാകുന്നു. അവസാനം ഇസ്രായേലിനുവേണ്ടി, അവര്‍ക്കു പകരമായി സഹനങ്ങള്‍ ഏറ്റെടുത്ത് വിശുദ്ധ നാടിനു പുറത്തുവച്ച് മരിക്കുന്ന മോശയെ കാണുക. ഏശയ്യാ 53-ല്‍ കാണുന്ന സഹനദാസന്‍ ഇതുപോലെതന്നെ അനേകരുടെ തിന്മകള്‍ ഏറ്റുവാങ്ങുന്ന പ്രതിപുരുഷനല്ലേ?

ഇനി, കയ്യാഫാസിന്റെ വാക്കുകളിലേക്ക് വരാം. ക്രിസ്തുവിനെ ക്രൂശിലേറ്റിയ ആ വര്‍ഷത്തെ പ്രധാന പുരോഹിതനാണ് കയ്യാഫാസ്. അനേകര്‍ക്കുവേണ്ടി മരിക്കാന്‍ ഒരാളെ വേണമെന്ന അയാളുടെ വാക്കുകളെ പരിശോധിക്കുക: ‘ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുക.’ യോഹന്നാന്‍ പ്രത്യേകം കൂട്ടിച്ചേര്‍ത്തു: ”അവന്‍ ഇതു സ്വമേധയ പറഞ്ഞതല്ല; പ്രത്യുത ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍ ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രവചിക്കുകയായിരുന്നു” (യോഹ. 11:51).

അതുവരെ ആലോചനാസംഘം യേശുവിനെ മരണശിക്ഷയ്ക്ക് വിധിക്കുന്നതിനെക്കുറിച്ച് ഭയപ്പെട്ടിരുന്നു. പ്രധാന പുരോഹിതനും സംഘവും ദൈവദൂഷണക്കുറ്റം ക്രിസ്തുവില്‍ കാണുകയും ഈ പ്രസ്താവന പറയുകയും ചെയ്തതോടെ അവരുടെ സന്ദേഹം മാറി.

ദൈവശാസ്ത്രപരമായിട്ടേ ക്രിസ്തുവിനെ ക്രൂശിക്കാവൂ! കയ്യാഫാസ് മേലങ്കി കീറിക്കൊണ്ടാണ് പ്രസ്താവിച്ചത്: ”ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു” (മത്താ. 26:65). ദേഷ്യം വന്നതുകൊണ്ട് മേലങ്കി കീറിയതല്ല, ഒരാള്‍ ദൈവദൂഷണം പറയുമ്പോള്‍ അവര്‍ക്കുനേരെ ന്യായാധിപസംഘത്തിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്നയാള്‍ അതൊരു മഹാപരാധമാണെന്നു കാണിക്കാന്‍ അങ്ങനെ ചെയ്യേണ്ടിയിരിക്കുന്നു.

മാത്രവുമല്ല, ഒരു ജനത്തെ മുഴുവന്‍ രക്ഷിക്കാന്‍ ഒരു മനുഷ്യന്റെ മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലെങ്കില്‍ ആ മനുഷ്യനെ മരണത്തിന് വിധിക്കുന്നത് താരതമ്യേന ലഘുവായ തിന്മയായി പരിഗണിച്ചു, അവര്‍. സ്വാഭാവികമായ വിസ്താരത്തിനിടയില്‍ അവരെടുത്ത പ്രായോഗികമായ തീരുമാനം കാലങ്ങളായുള്ള പ്രവചനങ്ങളുടെയും കാത്തിരിപ്പിന്റെയും പൂര്‍ത്തീകരണമായി മാറി.

ജനത്തിന്റെ അപരാധങ്ങള്‍ക്കുവേണ്ടി ആരു മരിക്കും എന്ന ചോദ്യം ചരിത്രത്തിന്റെ ഇടനാഴികകളില്‍ മുഴങ്ങിയത് ക്രിസ്തുവിനുവേണ്ടി ആയിരുന്നു. വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു (ഹെബ്രാ. 11:9). മറ്റുള്ളവര്‍ നിലനില്‍ക്കാന്‍, നന്മ എന്നും പൂത്തുലയാന്‍ ക്രിസ്തു നിലംപരിശായി.

ആ ആണ്ടിലെ പ്രധാന പുരോഹിതന്റെ വിധിയിലൂടെ എന്നേക്കും പുരോഹിതനായ ക്രിസ്തു ക്രൂശിലേറി. അവനാണ് യഥാര്‍ത്ഥ പകരക്കാരന്‍.
ജീവിതയാത്രയില്‍ പകരക്കാര്‍ ആകാനുള്ള നിയോഗം നമുക്കുമുണ്ട്. നിരന്തരം ധ്യാനിക്കുന്ന ചൈതന്യം നാം ആയിത്തീരേണ്ടേ. കുമ്പസാരം കേട്ട് ആശ്രമത്തില്‍ തിരിച്ചെത്തുന്ന വൈദികന്‍ അരയിലെ മുള്ളരഞ്ഞാണത്തിന്റെ അടരുകള്‍ മേനിയോട് ഇറുക്കി വേദനിപ്പിക്കുന്നത് എന്തിനായിരുന്നു?

അമേരിക്കയിലെ സ്പാനിഷ് മിഷനറിയായിരുന്ന ഫാ. ജൂണിപ്പെറോ സേറെ പാപത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ കല്ലെടുത്ത് ശരീരത്തെ വേദനിപ്പിക്കുമായിരുന്നു. അനുതാപ വിവശരായി കേള്‍ക്കാരും എന്റെ പിഴ പറയും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഈ മിഷനറി നൂറുകണക്കിന് കുരിശുപള്ളികളാണ് കാലിഫോര്‍ണിയായില്‍ പണിതുയര്‍ത്തിയത്.

ഏറെ വേദനിക്കുന്ന ഒരു സുഹൃത്തിന്റെയോ അകാരണമായി കുറ്റം വിധിക്കപ്പെടുന്ന ഒരു സഹോദരിയുടെയോ കുറ്റം നിങ്ങള്‍ ഏറ്റെടുക്കുമ്പോഴും പകരക്കാരുടെ പട്ടികയില്‍ എണ്ണപ്പെടുകയാണ്. പൊട്ടിത്തെറിക്കാതെയും തിരിച്ചടിക്കാതെയും ചില കാര്യങ്ങളെ സമചിത്തതയോടെ സ്വീകരിക്കാന്‍ ശ്രമിച്ചുനോക്കൂ.
അവന്‍ നമ്മുടെ പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പാപപരിഹാരത്തിന്റെ ബലി ആകാനല്ല, ആ ബലി ആയവനില്‍ സകലരെയും ചേര്‍ത്തുപിടിക്കാന്‍.

പ്രാര്‍ത്ഥന: പിഴയാളിയായ എന്നെ വെറുതെ വിടാന്‍ സ്വപുത്രനെ കുരിശിലേക്ക് പറഞ്ഞുവിട്ട പരമപിതാവേ, ക്രൂശിതന്റെ പാതയില്‍ സഞ്ചരിക്കാന്‍ എന്നെയും ഒരുക്കണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?