Follow Us On

01

April

2020

Wednesday

യൂദാസിന്റെ വില്‍പത്രം

യൂദാസിന്റെ വില്‍പത്രം

”പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്ത പ്രധാന പുരോഹിതന്മാരുടെ അടുത്തുചെന്ന് ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്ത് തരും?” (മത്തായി 26:15).

പ്രാര്‍ത്ഥനയുടെ നീണ്ട രാവുകള്‍ക്കുശേഷം രക്ഷകന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടു പേരുടെ യഥാര്‍ത്ഥ ചിത്രം വെളിവാകാന്‍ തുടങ്ങി. ക്രിസ്തുവിന്റെ രാജ്യം ഐഹികമല്ലെന്നും അതിന് പീഡാനുഭവത്തിന്റെ വില കൊടുക്കണമെന്നും പലപ്പോഴും അവന്‍ പറഞ്ഞിട്ടുണ്ട്. അന്നൊന്നും അവരത് കാര്യമായി എടുത്തില്ല. അപ്പം വര്‍ധിപ്പിച്ചതിന്റെ സന്തോഷവും ജനത്തിന്റെ ആര്‍പ്പുവിളിയും ഒക്കെയായിരുന്നു അവരുടെ ഉള്ളില്‍. ഇരുട്ട് പതുക്കെ പതുക്കെ വലയം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രകാശത്തിന്റെ മക്കള്‍ ഓരോരുത്തരായി ഓടിയൊളിക്കാന്‍ തുടങ്ങി.

നിന്റെ കൂടെ നടന്നാല്‍ എന്തു കിട്ടുമെന്ന് പത്രോസ് പലപ്പോഴും ചോദിക്കുന്നുണ്ട്. നൂറിരട്ടി കൃപയും നിത്യജീവനും ഒപ്പം പീഡകളുമാണ് അന്നവന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പീഡകള്‍ ആദ്യം തേടിയെത്തിയപ്പോള്‍, യൂദാസ് ചോദിച്ചു, അവനെ കാണിച്ചുതന്നാല്‍ എന്തു തരും എന്ന്. അഭിഷേകത്തിന്റെ യൂദാസ് എന്ന ശിഷ്യന്‍ ഒറ്റുകാരന്റെ നീചമായ ചതിയിലേക്ക് മാറിയതെങ്ങനെയാണ്? ശ്രേഷ്ഠമായവര്‍ നിലംപതിച്ചാല്‍ വീഴ്ചയുടെ ആഘാതം ഗണിച്ചെടുക്കാനാവില്ല.

ആരായിരുന്നു യൂദാസ്? സ്തുതിക്കപ്പെടേണ്ടവന്‍ എന്നു പേരുകൊണ്ടര്‍ത്ഥമുള്ളവന്‍. സ്‌കറിയോത്തു ദേശത്തുനിന്നുള്ളവന്‍. യൂദായിലെ അധികാരികളുമായി നല്ല ബന്ധമുള്ളവന്‍. സ്വാധീനിക്കാന്‍ മിടുക്കന്‍. യേശുവിന് അപ്പം മുക്കിക്കൊടുക്കുന്നതും യേശുവിനൊപ്പം അപ്പപ്പാത്രത്തില്‍ കൈ ഇടുന്നതും ഇവന്‍തന്നെ. യേശുവിന്റെ വലതുഭാഗത്തു സ്ഥാനം കിട്ടിയവന്‍.

വിരുന്നുശാലയിലെ ഇരിപ്പിട സജ്ജീകരണത്തിന്റെ നിയമമനുസരിച്ച് ഗൃഹനാഥന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാന സ്ഥാനമാണ് ഗൃഹനാഥന്റെ വലതുഭാഗത്തുള്ള ഇരിപ്പിടം. എങ്കിലും അവനില്‍ ദുര്‍ബലമായ ഒരു കണ്ണി ഉണ്ടായിരുന്നു. അറുതിയില്ലാത്ത ദ്രവ്യാസക്തി. അവനതു മറച്ചുപിടിച്ചു. നിത്യപ്രകാശമായവന്റെ കൂടെ സഞ്ചരിക്കുമ്പോഴും ആ ഇരുളടഞ്ഞ മുറിയില്‍ വെളിച്ചം കയറാന്‍ അവന്‍ അനുവദിച്ചില്ല. താക്കീതുകള്‍ നിസാരമായി പരിഗണിച്ചു. അതിന് പുല്ലുവില കല്‍പിച്ചു.

ഒരിക്കലൊരു പെണ്‍കുട്ടി സര്‍വ സമര്‍പ്പണത്തിന്റെ അടയാളമായി കാത്തുസൂക്ഷിച്ച കാശുകുടുക്ക പൊട്ടിച്ച് ഒന്നാംതരം തൈലം വാങ്ങി ക്രിസ്തുവിന്റെ കാലില്‍ പുരട്ടി. അവളുടെ സമര്‍പ്പണമല്ല, തൈലത്തിന്റെ വിലയാണയാളെ വശീകരിച്ചത്. ലോകത്ത് ഇത്രമാത്രം പട്ടിണിപ്പാവങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് ഈ ധൂര്‍ത്ത് എന്നൊരു ചോദ്യവും അവന്‍ ഉയര്‍ത്തി (യോഹ. 12:1-8). കൊള്ളാം, ക്രിസ്തുവിനെക്കാള്‍ നീതിബോധമുള്ള ശിഷ്യന്‍! ദ്രവ്യാസക്തിയുടെ തലതൊട്ടപ്പന്‍ നീതിയുടെ ചിലങ്ക മുഴക്കുന്നതു കേട്ടോ. അന്ന് അവനെണ്ണിയ നാണയത്തുട്ടുകള്‍ അവനെ കാത്തില്ല. പറഞ്ഞ വാക്കുകള്‍ അവനെതിരെതന്നെ തിരിഞ്ഞു.

സഭയുടെ മുഖം വികൃതമാകുന്നത് സമ്പത്ത് വ്യയം ചെയ്യുന്നതുകൊണ്ടല്ല. അവയുടെ പുറകിലെ ചൈതന്യം മങ്ങിപ്പോകുന്നതുകൊണ്ടാണ്. ദ്രവ്യാസക്തിയെ ക്രിസ്തുവിന്റെ ബലിക്കല്ലില്‍ തകര്‍ത്തുടയ്ക്കാതെ നീതിബോധത്തിന്റെ പ്രസംഗങ്ങള്‍ ഉയര്‍ത്തിയാല്‍ ദൈവത്തിന്റെ പരമചൈതന്യത്തിന് നിങ്ങളുടെ ചുവടുകളെ ആശീര്‍വദിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?

ആ മുപ്പതുവെള്ളിക്കാശ് ഒന്നുമല്ല എന്നവനറിയാം. മോഹങ്ങളുടെ ഭരണിയില്‍ എത്ര നിങ്ങള്‍ നിക്ഷേപിച്ചാലും അതു നിറയില്ല. പക്ഷേ അതു നിറയ്ക്കാന്‍ എത്ര ക്രൂരമായ ചുവടുകളും നിങ്ങള്‍ വയ്ക്കും, ഗുരുവിന്റെ വിറ്റു തുലയ്ക്കുന്നതുപോലും. ചങ്കു തകര്‍ന്നൊരു കരച്ചിലും ആവലാതിയും അവനിലുണ്ട്. അതുകൊണ്ടാണ് യൂദാസ് പണക്കിഴി വലിച്ചെറിയുന്നത്. അതവന്‍ എറിയേണ്ടിയിരുന്നത് പുരോഹിതരുടെ മുമ്പിലല്ല, പ്രത്തോറിയത്തിലേക്ക് പോകുന്ന ക്രിസ്തുവിന്റെ മുമ്പിലേക്കായിരുന്നു. ആസക്തികളെ മുഴുവന്‍ ഒടുക്കാന്‍ കഴിവുള്ളവന്റെ മുമ്പിലേക്ക്. അതിനവനായില്ല. കുറ്റബോധത്തിന്റെ ചങ്കിടിപ്പില്‍ സകലതും നശിപ്പിക്കാന്‍ ഒരുമ്പെടുകയാണവന്‍. തന്റെ ജീവനെത്തന്നെയും.

ചില കൈമോശങ്ങള്‍ സകലതും തകര്‍ത്തുകളയും എന്നതു ശരിതന്നെ. ക്രിസ്തുവില്‍ എത്തുവോളം നിങ്ങള്‍ പറയുന്നത് ശരിയാണ്. അവനില്‍ എത്തിയാല്‍ സകലതും തിരിച്ചുനല്‍കാന്‍ അവന് കഴിയും എന്നു നാമറിയണം. യൂദാസ് ക്രിസ്തുവിലേക്ക് നോക്കിയില്ല, തന്നിലേക്കു മാത്രം നോക്കി. വീഴ്ചയെ മാത്രം ധ്യാനിച്ചു. വീണ്ടെടുപ്പിനെക്കുറിച്ച് ചിന്തിക്കാനാവാത്തവിധം പരുക്കുകളില്‍ അവന്‍ ഊളിയിട്ടിറങ്ങി. പാപം ഒന്നിന്റെയും അവസാനമല്ല. നിരാശയാകട്ടെ സകലതിനെയും തകര്‍ത്തുകളയും.

പെറുവിലെ ഹോളിവീക്ക് കര്‍മങ്ങളില്‍ ദുഃഖശനിയാഴ്ചയിലേതു രസകരം തന്നെ. ‘യൂദാസിന്റെ വില്‍പത്രം’ വായനയാണത്. നിരാശനായ യൂദാസ് കെട്ടിത്തൂങ്ങുന്നതിനുമുമ്പ് ഗുരുവിനെ വിറ്റു നേടിയ മുപ്പതു വെള്ളിനാണയങ്ങള്‍ സ്ഥലത്തെ പ്രധാന തോന്ന്യാസികള്‍ക്കായി വീതിച്ചു വില്‍പത്രം എഴുതിവച്ചത്രേ! ആ വില്‍പത്രം പള്ളി കമ്മിറ്റിയംഗം പൊതുജന അറിവിലേക്കായി വായിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിക്കുക.

പറ്റിപ്പും വെട്ടിപ്പുമുള്ള എല്ലാവര്‍ക്കും കിട്ടും ഓരോ ഓഹരി. റോഡു നന്നാക്കാന്‍ കോണ്‍ട്രാക്റ്റ് കൊടുത്ത വകയില്‍ കോഴ വാങ്ങിയ മേയര്‍ക്ക് യൂദാസിന്റെ വക അഞ്ചു നാണയം. കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥന് രണ്ടു നാണയം. ദിവ്യത്വം നടിച്ച് ജനത്തെ പറ്റിച്ച പ്രഘോഷകന് യൂദാസിന്റെ ഓഹരിയായി മൂന്നു നാണയം.

കാപട്യത്തിന്റെ അങ്കി ധരിച്ച് ജനത്തെ വഞ്ചിച്ച നേതാക്കന്മാര്‍ക്ക് ഒരു നാണയം. ഇങ്ങനെയൊരു വില്‍പത്രം വായിക്കുന്നതില്‍ ആര്‍ക്കും പരാതിയുമില്ല. എല്ലാ ആണ്ടിലും പുതിയ ലിസ്റ്റ് അവതരിപ്പിക്കും. ഞാനൊന്നു ചോദിക്കട്ടെ: ഈയാണ്ടിലെ യൂദാസിന്റെ വില്‍പത്രത്തില്‍ നിന്റെ പേരുണ്ടാകുമോ?

പ്രാര്‍ത്ഥന: എന്നിലെ ദുര്‍ബലമായ കണ്ണിയെ തിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ ബലിക്കല്ലില്‍ അതര്‍പ്പിക്കാന്‍ ദൈവമേ, എന്നെ അനുഗ്രഹിക്കണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?