Follow Us On

09

April

2020

Thursday

രക്ഷയും സ്‌നേഹവും

രക്ഷയും സ്‌നേഹവും

”ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനുമുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (യോഹ. 13:1).

മാനവരാശിയുടെ രക്ഷയ്ക്കായി സ്വന്തം മാറില്‍ ചാഞ്ഞിരുന്ന സ്വപുത്രനെ ഭൂമിയിലേക്ക് വലിച്ചെറിയുക എന്നതല്ലാതെ സ്വര്‍ഗപിതാവിന് മറ്റൊരു വഴിയും ഇല്ലായിരുന്നോ? ഒരുപാടു കാലമായി ഉള്ളില്‍ ഉതിരുന്ന ചോദ്യമായിരുന്നു ഇത്. വചനംകൊണ്ട് പ്രപഞ്ചത്തെയും ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് പാപത്തില്‍ വീണുപോയ മനുഷ്യനെ രക്ഷിക്കാന്‍ തീര്‍ച്ചയായും പല വഴികള്‍ ഉണ്ടാകണം. അവിടുത്തെ അനന്തജ്ഞാനത്തില്‍ പരിഹാരം നിര്‍ദേശിക്കാനാവാത്ത എന്തു പ്രശ്‌നമാണ് ലോകത്തിനുള്ളത്. എന്നിട്ടും എന്തിന് ഇത്രയും ക്രൂരമായ കുരിശുമരണത്തിന് ക്രിസ്തുവിനെ പറഞ്ഞുവിട്ടു.

എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു എന്നു വിളിച്ച് ചങ്കുപൊട്ടി കരയുമ്പോള്‍ ചെവിപൊത്തി മാറിനില്‍ക്കാന്‍ ഈ പിതാവിനെ നിര്‍ബന്ധിച്ചത് എന്തായിരിക്കും. എന്റെ മകനേ, എന്റെ മകനേ, ഞാന്‍ നിന്നെ എന്തുകൊണ്ട് കൈവിട്ടു എന്നു നീ അറിയണം എന്നു തീര്‍ച്ചയായും സ്വര്‍ഗത്തിലെ പിതാവ് അപ്പോള്‍ പറയുന്നുണ്ടാകണം. മകനറിയാവുന്ന ഈ സത്യം മക്കളായ നമുക്ക് പലര്‍ക്കും അറിയില്ല എന്നും ഓര്‍ക്കണം.

ഈയാണ്ടിലെ നോമ്പില്‍ വേദപാരംഗതനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിനൊപ്പമാണ് എന്റെ ധ്യാനം. അദ്ദേഹം ഈ ചോദ്യത്തിന് നല്‍കുന്ന ഒരുത്തരം ഏറെ സ്വാധീനിച്ചു. ‘നിന്റെ രക്ഷയ്ക്ക് ആവശ്യമായത് നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ മതിയാകാതെ വരുന്നു.’ വിശദമാക്കാം. ദൈവത്തിന്റെ ഒരു വാക്കു മതിയാകും ലോകത്തിന്റെ പാപക്കറയും അതിന്റെ പരിണതഫലങ്ങളും തുടച്ചുമാറ്റാന്‍. അനന്ത കാരുണ്യവാനും സര്‍വശക്തനുമായവന് അതിനു കഴിയും.

തീര്‍ച്ചയായും കഴിയും. പക്ഷേ, സ്വര്‍ഗപിതാവിന്റെ മാനവകുലത്തോടുള്ള സ്‌നേഹം ബോധ്യപ്പെടുത്താന്‍ അതു മതിയാവില്ല. സ്വപുത്രനെ കുരുതി കഴിക്കാന്‍ അയച്ചുപോലും നമ്മെ വീണ്ടെടുക്കുന്ന സ്‌നേഹം വെളിപ്പെടുത്താതെ പിതാവിന് മറ്റൊരു വഴിയില്ല. വേദന നിറഞ്ഞ പുറപ്പാടല്ലേ സ്‌നേഹം.

ദൈവപുത്രന്‍ താഴേക്കിറങ്ങുന്നത് ദൈവം താന്‍ ആരെന്നു വെളിപ്പെടുത്താനാണ്. മനുഷ്യവംശത്തെ ദത്തെടുത്ത്, തന്നിലേക്ക് ലയിപ്പിച്ച്, അവരോടു കൂടെയാണ് ക്രിസ്തു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുന്നത്. ദൈവമഹത്വം അവന്‍ വേണ്ടെന്നു വച്ചു. രോഗവും ഭോഗവും മൂലം ചെളിപിടിച്ച നമ്മുടെ പാദങ്ങള്‍ പുണ്യത്തിന്റെ ആ വിശുദ്ധ കരങ്ങള്‍കൊണ്ട് കഴുകിത്തുടച്ചു. എന്തിനാണെന്നോ? ദൈവഭവനത്തിലെ വിരുന്നില്‍ നമ്മെ പങ്കുകാരാക്കാന്‍ (ബനഡിക്ട് പതിനാറാമന്‍ പാപ്പ).

സ്വാഭാവികമായും നിങ്ങള്‍ക്കു ചോദിക്കാം: ആദിമനുഷ്യന്‍ പാപം ചെയ്തില്ലെങ്കില്‍ പുത്രനെ പിതാവ് അയക്കുമായിരുന്നോ? തീര്‍ച്ചയായും അയക്കും. പുത്രനെ പിതാവ് അയക്കുന്നത് മനുഷ്യന്റെ പാപംകൊണ്ടു മാത്രമല്ല, അതിലുപരി അവിടുത്തെ സ്‌നേഹംകൊണ്ടാണ്. പാപമല്ല, സ്‌നേഹമാണ് പുത്രനെ മണ്ണിലേക്ക് പറഞ്ഞുവിട്ടത്.

അതല്ലെങ്കില്‍ പാപത്തെ തടഞ്ഞുനിര്‍ത്താനാവാത്ത ദൈവത്തിന്റെ ബലഹീനതകൊണ്ടാണ് പുത്രനെ അയച്ചതെന്ന് മനുഷ്യന്‍ ചിന്തിച്ചുപോവും. അതല്ല സത്യം. പാപത്തിന് തടഞ്ഞു പിടിക്കാനാവാത്തതാണ് ദൈവത്തിന്റെ സ്‌നേഹമെന്ന് നാമറിയണം. പാപം മാത്രമല്ല അവനെ ക്രൂശിലേറ്റിയത്, സ്‌നേഹമാണ്. സ്‌നേഹം സകലതും സഹിക്കുന്നു എന്ന് പൗലോസ് പറയുന്നത് കേള്‍ക്കുക (1 കോറി. 13:7).

തേനീച്ചകള്‍ മകനെ കുത്താന്‍ വട്ടമിട്ട് പറക്കുമ്പോള്‍ സ്വന്തം അപ്പന്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ച് നിലത്തു കിടന്നു. പറന്നെത്തിയ തേനീച്ചകളുടെ കുത്തൊക്കെ ആ അപ്പനേറ്റു. എന്നെ രക്ഷിക്കാന്‍ എത്രമാത്രം കുത്താണ് അപ്പന്‍ ഏറ്റതെന്നു മകന്‍ വിങ്ങിപ്പറഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു, ഞാന്‍ കുത്തേറ്റത് നിന്നെ രക്ഷിക്കാന്‍ മാത്രമല്ല മോനെ നിന്നെ സ്‌നേഹിക്കാനാണ്.

സ്‌നേഹിക്കുമ്പോള്‍ ചില കുത്തുകള്‍ ഏല്‍ക്കാതെ വഴിയില്ല. വേലക്കാരനെ വിട്ടും വേണമെങ്കില്‍ നിന്നെ രക്ഷിക്കാമായിരുന്നു. അവനും നിന്നെ കെട്ടിപ്പിടിച്ച് നിലത്തു കിടന്നേനെ. പക്ഷേ അപ്പോള്‍ അപ്പന്റെ സ്‌നേഹം നീ എങ്ങനെ അറിയും? സ്‌നേഹത്തിന്റെ പുറപ്പാടാണ് കാല്‍വരിയില്‍ കുത്തേറ്റു കിടക്കുന്ന ക്രിസ്തു.
പാപവും അതില്‍നിന്നുള്ള മോചനവും മാത്രം കേന്ദ്രീകരിച്ച ആത്മീയതയ്ക്ക് ഒരു മൈല്‍ദൂരം പോകാനേ കഴിയൂ.

പത്തു കല്‍പനകളുടെ സാധാരണ നാട്ടുവഴി വിട്ട്, അതിനെ അധികദൂരം പിന്നിലാക്കി, സ്‌നേഹത്തിന്റെ കല്‍പനയുടെ ശ്രേഷ്ഠ വഴിയിലൂടെ മുന്നേറാന്‍ നിര്‍ണായകമായ ചില ചുവടുകള്‍ നാം വച്ചേ മതിയാകൂ. നിത്യജീവന്റെ ആദ്യപടി കയറാന്‍ ഒരു മൈല്‍ദൂരത്തിന്റെ ആത്മീയത പോരേ എന്നു ചോദിച്ചേക്കാം. തീര്‍ച്ചയായും മതിയാകും. പക്ഷേ സ്‌നേഹത്തിന് അതു മതിയാകില്ല. നിന്റെ രക്ഷയ്ക്ക് മതിയായവ നിന്റെ സ്‌നേഹത്തിന് മതിയാവില്ല.

പാപത്തില്‍നിന്നും പതുക്കെ പതുക്കെ മോചനം നേടുന്നയാള്‍ സ്‌നേഹത്തെ ധ്യാനിച്ചില്ലെങ്കില്‍ സ്‌നേഹമില്ലാത്ത നിയമാനുസൃതമാകും ആത്മീയത. അതൊരാളെ നല്ല ഫരിസേയനാക്കും, ക്രിസ്ത്യാനിയാക്കില്ല. സ്വര്‍ഗം കിട്ടാന്‍ നടത്തുന്ന ചുവടുകള്‍ മാത്രമല്ല ക്രിസ്തീയ ജീവിതം, സ്‌നേഹത്തിന്റെ ഉറവിടമായ ക്രിസ്തുവിനെ പുല്‍കലാണ് അത്.

സ്‌നേഹിക്കുന്ന ഒരാള്‍ ഭ്രാന്തനെപ്പോലെ ആ സ്‌നേഹം ജീവിക്കാനും പകര്‍ന്നു നല്‍കാനും ബഹുദൂരം യാത്ര ചെയ്യുമ്പോള്‍ സ്വന്തം ആത്മരക്ഷ എന്ന ഒരൊറ്റ കയറില്‍ കെട്ടിയിടുന്നവന്റെ ചക്രവാളം എത്രയോ ഹ്രസ്വമാകുന്നു എന്നു കാണുക. സ്‌നേഹത്തെ ധ്യാനിച്ചാല്‍ മതിവരില്ല. പാപവും വിടുതലും മടുപ്പിക്കും.

ആ വാക്കുകള്‍പോലും കുറച്ചു കഴിയുമ്പോള്‍ നമ്മില്‍ ഈര്‍ഷ ജനിപ്പിക്കും. സ്‌നേഹമാകട്ടെ എന്നേക്കും നിലനില്‍ക്കും.  അവസാനംവരെ സ്‌നേഹിച്ചു എന്ന വാക്കുകള്‍ കാണുക. സ്‌നേഹത്തിന്റെ അവസാന പ്രവൃത്തി പൂര്‍ത്തിയാകുംവരെ സ്‌നേഹിച്ചു. അതാണ് കുരിശുമരണം.

പ്രാര്‍ത്ഥന: സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോള്‍, സ്വപുത്രനെപ്പോലും കുരിശുമരണത്തിലേക്ക് പറഞ്ഞുവിട്ട സ്വര്‍ഗപിതാവേ, ഇത്രകണ്ട് സ്‌നേഹിക്കാന്‍ എന്തു നന്മയാണ് എന്നിലുള്ളത്? വിലമതിക്കാനാവാത്ത നിന്റെ സ്‌നേഹത്തിനു പകരമായി ഏതുവിധം ഞാന്‍ ജീവിച്ചാല്‍ മതിയാകും!

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?