Follow Us On

19

April

2024

Friday

തറവാടുമഹിമ

തറവാടുമഹിമ

”അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുളുകള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും” (വെളി. 5:5).

മലയാളി കുടുംബങ്ങള്‍ ചരിത്രം എഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബയോഗങ്ങളും കുടുംബമഹിമയെ ചിത്രീകരിക്കുന്ന പ്രഭാഷണങ്ങളും കുടുംബവൃക്ഷത്തെ അധികരിച്ചുള്ള ഗ്രന്ഥങ്ങളുമൊക്കെ ഇന്ന് ഏറെ കാണാം. ആഗോളികൃത ലോകത്ത് മനുഷ്യനാകെ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തിന്റെയും തിരിച്ചറിവിന്റെയും പ്രതിഫലനംകൂടിയാണ് തറവാടുകള്‍ അവരുടെ വേരുകള്‍ തേടി യാത്ര നടത്തുന്നത്. ഇതില്‍ വംശാവലി പ്രധാന ഘടകമാണ്.

ചരിത്രങ്ങളിലധികവും വിജയാളിയുടെ പക്ഷത്തുനിന്നുള്ളതാണ്. പരാജിതന്റെ പേരുകള്‍ നിങ്ങളുടെ കുടുംബവൃക്ഷത്തില്‍ ഇടം നല്‍കാന്‍ പൊതുവെ തയാറാകാറില്ല. കുടുംബത്തിന്റെ മഹത്വം കീഴടക്കിയവരുടെയും നേതാക്കന്മാരുടെയും ഭരണകര്‍ത്താക്കളുടെയും പേരുകള്‍ വരുന്നിടത്താണ് എന്നാണ് ധാരണ. ഏതു കുടുംബത്തില്‍ ജനിക്കണം എന്നു തീരുമാനിക്കാന്‍ നമുക്കാര്‍ക്കും ഭാഗ്യം ലഭിച്ചിട്ടില്ല. അത്തരമൊരു അവകാശം ക്രിസ്തുവിന് മാത്രമേയുള്ളൂ. ആരായിരിക്കണം അമ്മയെന്നും അപ്പനെന്നുമൊക്കെ തീരുമാനിക്കാന്‍ നിത്യനായ ദൈവത്തിനാകുമല്ലോ. എന്നിട്ടും പാപികളോടുകൂടെ എണ്ണപ്പെട്ട മനുഷ്യപുത്രന്റെ (ഏശ. 53:12) കുടുംബചരിത്രം നമ്മെ വിസ്മയിപ്പിക്കും. ആര്‍ക്കുവേണ്ടി അവന്‍ ജീവിക്കുകയും മരിക്കുകയും ചെയ്തുവോ അവരെയെല്ലാം തന്റെ കുടുംബവൃക്ഷത്തില്‍ കൂട്ടുചേര്‍ക്കാന്‍ അവന്‍ മറന്നില്ല.
‘നീ ആരുടെ മകനാണ്’ എന്നാണ് ഒരു യഹൂദന്‍ അന്നും ഇന്നും ചോദിക്കുന്നത്. അപ്പന്റെ പേരിനെ കൂട്ടുപിടിക്കാതെ മറുപടി പറയാനാകില്ല. ബര്‍തെമിയൂസ് എന്നാല്‍ തിമയോസിന്റെ മകനെന്നല്ലേ, യോനായുടെ പുത്രനായ ശിമയോന്‍ എന്നല്ലേ പത്രോസിനെ വിളിക്കുക. ബറാബാസെന്നാല്‍ അബ്ബായുടെ മകനെന്നല്ലേ. ഇന്നും ഈ പാരമ്പര്യം പലയിടത്തും തുടരുന്നുണ്ട് എന്നറിയുക.

ഈ പശ്ചാത്തലത്തിലാണ് മത്തായി എഴുതുന്നത് ‘അബ്രാഹത്തിന്റെ പത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലിഗ്രന്ഥം.’ പ്രത്യേകിച്ചും, യഹൂദ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇതു പറയാതെ മുന്നോട്ടു നീങ്ങാനാവില്ല. ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കുന്ന പുസ്തകമാണ് ബൈബിള്‍. പ്രത്യേകിച്ചും പഴയനിയമ ഗ്രന്ഥങ്ങളില്‍. എന്നാല്‍ ഇടയ്ക്കിടയില്‍ രണ്ടുപേരിലൂടെ മാനവരാശി അനുഗൃഹിക്കപ്പെടുമെന്ന് പയുമ്പോള്‍ അബ്രാഹത്തെയും ദാവീദിനെയുമാണ് പ്രത്യേകം പരാമര്‍ശിക്കുന്നത്. ക്രിസ്തുവിന് രണ്ടായിരം വര്‍ഷംമുമ്പ് വാഗ്ദാനം സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച വിശ്വാസികളുടെ പിതാവ് അബ്രഹാം. അതിന് ആയിരം വര്‍ഷം കഴിഞ്ഞപ്പോള്‍ ഇസ്രായേലിന്റെ രാജ്യഭരണം ഏറ്റെടത്ത ദാവീദി. മോറിയായിലാണ് രണ്ടുപേരും ഈ ഉന്നത വാഗ്ദാനം സ്വീകരിക്കുന്നത്. മോറിയായിലാണ് ജറുസലെം പണിയപ്പെട്ടത് എന്നോര്‍ക്കുക. രാജാവും പുരോഹിതനുമായിരുന്നു ദാവീദ്. അങ്ങനെ ക്രിസ്തു ആ പരമ്പരയില്‍ പിറന്നുവീണു. കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. വായിക്കുമ്പോള്‍ നമ്മുടെ യേശുവിന്റെ വീട്ടുകാര്‍ കൊള്ളാമല്ലോ എന്നു പറയും. എന്നാല്‍ പെട്ടെന്ന് അതിന്റെ ഗതി മാറുന്നത് കാണുക.

സാധാരണയായി പുരുഷകേന്ദ്രീകൃതമാണ് അന്നത്തെ ചരിത്രങ്ങള്‍. അസാധാരണ വിജയം വരിച്ച സ്ത്രീകളെയും ചില പഴയനിയമ കൃതികളില്‍പെടുത്താറുണ്ട് എന്നുമാത്രം. അങ്ങനെയിരിക്കെയാണ് മത്തായി ക്രിസ്തുവിന്റെ വംശാവലിയില്‍ നാല് സ്ത്രീകളെ ചേര്‍ത്തിരിക്കുന്നത്. താമാര്‍, റാഹാബ്, റൂത്ത്, ബേത്‌ഷെബ (ഊറിയായുടെ ഭാര്യ). നാലുപേരും വിജാതീയര്‍. റൂത്തൊഴികെ ബാക്കി മൂന്നുപേരും ലൈംഗിക അപചയങ്ങളുടെ തടവുപുള്ളികളാണ്.

പൂര്‍വപിതാവായ യാക്കോബിന്റെ പുത്രന്‍ യൂദായുടെ മരുമകളായിരുന്നു താമാര്‍. അവള്‍ യൂദായുടെ മൂത്തമകന്‍ ഏറിന്റെ ഭാര്യയായിരുന്നു. ആ ബന്ധത്തില്‍ കുഞ്ഞുങ്ങളില്ലാതെ പോയതിനാല്‍ ഏറിന്റെ അനുജനെ വിവാഹം ചെയ്തു. അവനും കുഞ്ഞില്ലാതെ മരിച്ചു. മൂന്നാമത്തെ മകനായ സേലയെ നല്‍കാന്‍ യൂദാ വിസമ്മതിച്ചു. അപ്പോള്‍ താമാര്‍ വേശ്യയുടെ വേഷം കെട്ടി അമ്മായിയപ്പനെ പ്രലോഭിപ്പിച്ചു, വീഴ്ത്തി (ഉല്‍. 38:13-18). ഈ ബന്ധത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു. അതിലൊരുവനാണ് പേരസ്. ഈ ജാരസന്തതിയുടെ പേരുണ്ട്, വംശാവലിയില്‍.

റാഹാബ് ജെറീക്കോയിലെ അറിയപ്പെടുന്ന വേശ്യയാണ്. ജോഷ്വാ അയച്ച ചാരന്മാരെ രക്ഷപെടാന്‍ സഹായിച്ചത് അവളാണ്. ഇസ്രായേല്‍ ജെറീക്കോ കീഴടക്കിയപ്പോള്‍ അവളുടെ കുടുംബത്തെ രക്ഷിച്ചു (ജോഷ്വാ 2:1-24). ജോഷ്വാ റാഹാബിനെ വിവാഹം ചെയ്‌തെന്നും അവരുടെ പിന്‍തലമുറക്കാരില്‍ ജെറമിയ ഉള്‍പ്പെടെ എട്ട് പ്രവാചകന്മാര്‍ ഉണ്ടെന്നും ഒരു പാരമ്പര്യമുണ്ട്.

വിഗ്രഹാരാധനയുടെ പുറകെ പോകുന്ന മൊവാബ് വംശത്തിലാണ് റൂത്തിന്റെ പാരമ്പര്യം. യേശുവിന്റെ വംശാവലിയില്‍ ശോഭയാര്‍ന്ന രൂപമാണ് റൂത്തിനുള്ളത് (റൂത്ത് 1:8-17). അവളുടെ സ്‌നേഹവും ആദരവും ആ കുടുംബത്തെ മനോഹരമാക്കിത്തീര്‍ത്തു. രക്ഷകന്‍ പിറക്കുമ്പോള്‍ പുറംജാതികളിലേക്കുകൂടി രക്ഷയൊഴുകുവാന്‍ കാരണമാകും എന്നതിന്റെ ആദ്യരൂപങ്ങളിലൊന്നാണ് റൂത്ത്.

ഇനി, ഊറിയായുടെ ഭാര്യ ബേത്‌ഷെബായിലേകക് വരിക. ദാവീദും ഈ സ്ത്രീയും നടത്തിയ ഗുരുതര പാപം ചിന്തിക്കുകപോലും എളുപ്പമല്ല. പുതിയ നിയമം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ആദ്യം പറയുന്ന മനുഷ്യനാമമാണ് ദാവീദിന്റേത്. അവന്‍ ആരെന്ന് വിസ്മരിച്ച് അന്യജാതിയില്‍പെട്ടവളുമായി വേഴ്ച നടത്തിയത് എത്ര ഭീകരമാണ്. പുതിയ നിയമത്തില്‍ ‘ഊറിയായുടെ ഭാര്യ’ (മത്താ. 1:6) എന്നു പ്രത്യേകം പറയുന്നത് തീയില്‍ എണ്ണയൊഴിക്കുന്നതിനു സമാനമാണ്. കാരണം ദാവീദിന്റെ പുത്രനല്ലേ ക്രിസ്തു.

എല്ലാവര്‍ക്കുമുണ്ട് മഹത്വത്തിന്റെ കാലവും വീഴ്ചയുടെ കാലവും. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വംശങ്ങള്‍ക്കും സഭയ്ക്കുമെല്ലാം. മഹത്വകാലത്തെ ആഘോഷിക്കുന്ന നാം വീഴ്ചയുടെയും വീണ്ടെടുപ്പിന്റെയും കാലത്തെ അധികമൊന്നും പരാമര്‍ശിക്കാറില്ല. നമ്മുടെ സഭകളുടെയും കുടുംബങ്ങളുടെയും രൂപതകളുടെയുമൊക്കെ ചരിത്രം നോക്കൂ. തിളങ്ങിനിന്ന വികാരിയുണ്ട്, പള്ളിയുടെ തിളക്കത്തിന് കളങ്കം ചാര്‍ത്തിയവരില്ല. വീണ പാപിയില്ല, വീഴാത്ത പുണ്യവാന്മാര്‍മാത്രം. വീണവനും വീണതില്‍നിന്നും എഴുന്നേറ്റവരുമൊക്കെ വേണം, നമ്മുടെ ചരിത്രത്തിന്റെ താളുകളില്‍.

സഭ പുണ്യവാന്മാരുടെ മ്യൂസിയമല്ല, പാപികളുടെ സങ്കേതമാണ് എന്നല്ലേ ഫ്രാന്‍സിസ് പാപ്പ എപ്പോഴും ഓര്‍മിപ്പിക്കുന്നത്. ക്രിസ്തു എന്തുകൊണ്ട് പാപിയുടെയും ചുങ്കക്കാരന്റെയും സുഹൃത്തായി എന്ന് അവന്റെ കുടുംബചരിത്രം വായിച്ചാല്‍ പിടികിട്ടുന്നുണ്ട്. ഇനിയെങ്കിലും അപകര്‍ഷത കൂടാതെ നിങ്ങളുടെ കുടുംബങ്ങളെ പരിചയപ്പെടുത്തൂ. അതില്‍ ഒരുപക്ഷേ, ആത്മഹത്യ ചെയ്തവരും പുറംജാതിക്കാരുമായി വിവാഹം ചെയ്തവരും പള്ളിയില്‍ കയറാത്തവരും ഹീനമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരും ഒക്കെ കാണും. നിങ്ങളുടെ ഇന്നലെകളല്ല നാളയെ നിശ്ചയിക്കുന്നത്. ക്രിസ്തുവിലെത്തിയാല്‍ പിന്നെ ചരിത്രം മാറുകയാണ്. എ.ഡിയും ബി.സിയും ലോകത്തിന്റെ കലണ്ടറിലല്ല, നിങ്ങളുടെ ഉള്ളിലാണ്. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുമുമ്പും അതിനുശേഷവും എന്ന വിധത്തില്‍ നാം വിഭജിക്കപ്പെട്ടിരിക്കുന്നു.

വീണ്ടെടുപ്പിന്റെ ഓര്‍മ നിങ്ങളെ കൂടുതല്‍ വിനീതരാക്കും. നമ്മുടെ തറവാടിന്റെ മഹിമ വീഴാത്ത വിശുദ്ധരെ മാത്രം ചാരിയല്ല, വീണുടഞ്ഞ മണ്‍പാത്രങ്ങളെക്കൂടി ചേര്‍ത്തുവയ്ക്കുന്നതാണ്.

പ്രാര്‍ത്ഥന: വീഴാത്ത യോഹന്നാനിലല്ല, വീണുപോയ പത്രോസില്‍ സഭയുടെ താക്കോല്‍ കയ്യാളിച്ച രക്ഷകാ, എന്റെ വീഴ്ചയിലും വീണ്ടെടുപ്പിലും എനിക്ക് നീ കൂട്ടായിരിക്കണമേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?