Follow Us On

09

April

2020

Thursday

ഒരു മണിക്കൂര്‍

ഒരു മണിക്കൂര്‍

അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നത് കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്ക് കഴിഞ്ഞില്ലേ (മര്‍ക്കോ 14:37)

ഉറങ്ങിപ്പോയ ശിഷ്യരും ഉണര്‍ന്നിരിക്കുന്ന ഗുരുവും തമ്മില്‍ ഒരു കല്ലേറു ദൂരമേയുള്ളൂ. ഒട്ടേറെ ദൂരം ഗുരുവിനൊപ്പം യാത്ര ചെയ്തവര്‍ നിര്‍ണായക സമയത്ത് ആ ഒരു കല്ലേറുദൂരം യാത്ര ചെയ്യാന്‍ ആയില്ല എന്നത് വേദനാജനകമാണ്. നിദ്രാടനം പ്രലോഭനമാണ്. ജാഗ്രത നഷ്ടമാക്കി ചടഞ്ഞിരിക്കാനുള്ള പ്രലോഭനം. യഹൂദരുടെ ഉറക്കസമ്പ്രദായം യാമങ്ങള്‍ തിരിച്ചാണ്. അത്താഴം കഴിഞ്ഞ് കുറെയുറങ്ങി പിന്നെ എഴുന്നേല്‍ക്കും വീണ്ടും ഉറങ്ങും. കുറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വേണമെങ്കില്‍ പിന്നെയും എഴുന്നേല്‍ക്കും.

അന്ന്, ക്രിസ്തു കുരിശില്‍ മരിക്കേണ്ടതിന്റെ തലേ രാത്രി അവരുറങ്ങിയത് എന്തുകൊണ്ട്? പീലാത്തോസും പ്രെത്തോറിയവും പുരോഹിതപ്രമാണികളുമൊക്കെ പതിവിലേറെ ഉണര്‍ന്നിരുന്ന് കുരിശുമരത്തിന്റെ നീളവും ക്രിസ്തുവിന്റെ ആയുസും ഒക്കെ തിട്ടപ്പെടുത്തുന്ന സമയമാണിതെന്ന് ഓര്‍ക്കണം. പ്രകാശത്തിന്റെ മക്കള്‍ നിദ്രാടനത്തില്‍ മുഴുകുമ്പോള്‍ അന്ധകാരത്തിന്റെ സന്തതികള്‍ കുരുക്കള്‍ നീക്കുന്നു. അന്നും ഇന്നും ഇതു തന്നെ.

രാപ്പകല്‍ പരീക്ഷയ്‌ക്കൊരുങ്ങി പരീക്ഷയുടെ ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ട് പരീക്ഷ എഴുതാന്‍ പറ്റാതെ പോയ ചിലരെ കണ്ടിട്ടുണ്ട്. അവര്‍ക്കിനിയും പരീക്ഷയുണ്ട് എന്നാശ്വസിക്കാം. ക്രിസ്തുവിന്റെ ശിഷ്യര്‍ക്ക് ഇനിയൊരവസരം ഇല്ലെന്നോര്‍ക്കുക. ഗെത്‌സമനിലെ ഒരു മണിക്കൂറിന് ഗുരുവിനൊപ്പം ജീവിച്ച മൂന്ന് വര്‍ഷത്തെക്കാള്‍ ദൈര്‍ഘ്യമുണ്ട്. കാരണം, അവന്‍ ജീവിച്ചത് ഈ മണിക്കൂറിനായിരുന്നു.

സ്വന്തം ഹിതം പിതാവിന്റെ ഹിതത്തിന്റെ ബലിക്കല്ലില്‍ ഹോമം ചെയ്യുന്ന മണിക്കൂറിന്. ശിഷ്യരുടെ അലംഭാവം ക്രിസ്തുവിന്റെ വേദന കൂട്ടുന്നുണ്ട്. വിയര്‍പ്പ് രക്തത്തുള്ളികളായി വീണത് തനിക്കുവേണ്ടിയല്ല, വളര്‍ത്തി കൂടെ കൊണ്ടു നടന്ന ശിഷ്യര്‍ക്കു വേണ്ടി കൂടിയാണ്. ഞാന്‍ നിനക്കൊപ്പം ജയിലില്‍ പോകാനും മരിക്കാനും പോലും ഒരുക്കമാണെന്നു പറഞ്ഞ പത്രോസിന്റെ കൂര്‍ക്കംവലിയാണ് എല്ലാവര്‍ക്കും മുമ്പില്‍ (ലൂക്ക: 22:33).

എല്ലായ്‌പ്പോഴും കൂടെകൊണ്ടുനടന്ന ശിഷ്യരില്‍ മൂന്ന് പേരുണ്ട്: പത്രോസ്, യാക്കോബ്, യോഹന്നാന്‍. താബോറിന്റെ വെളിപാടിലും രാജകീയപ്രവേശനത്തിന്റെ ചുവടുകളിലും അവരുണ്ടായിരുന്നു. എന്നിട്ടും നിര്‍ണായക സമയത്ത് അവരുറങ്ങി. കാര്യം ഇത്രയേയുള്ളൂ: മനുഷ്യന്റെ വാക്കുകളില്‍ നിങ്ങളുടെ പ്രത്യാശ അര്‍പ്പിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ നിരാശപ്പെടും. മൊത്തം ബൈബിളിന്റെ മധ്യത്തിലുള്ള വചനമായി പറയുന്നത് സങ്കീര്‍ത്തനം 118:8 ആണ്.

”മനുഷ്യനില്‍ ആശ്രയം വയ്ക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതാണ് നല്ലത്” തനിയെ എന്നും പ്രാര്‍ത്ഥിക്കാന്‍ പോയിരുന്ന യേശു തന്റെ ആത്മനൊമ്പരത്തിന്റെ ഏറ്റം കടുത്ത സമയമായതുകൊണ്ട് മൂവരെ ചേര്‍ത്തുകൊണ്ടുപോയത് ഒരു ദൈവം മനുഷ്യന്റെ സഹായം തേടുന്ന സമയമാണെന്നോര്‍ക്കുക. ഏകനായിരിക്കുന്ന നല്ലതല്ലെന്നു കണ്ട് ആദത്തിന് ഇണയെകൊടുത്ത ദൈവത്തിന്റെ പുത്രനെ നാം വീണ്ടും തനിയെയാക്കി.

നമ്മുടെ മഹത്വത്തിന്റെ താബോറില്‍ നമുക്കൊപ്പം ഉണര്‍ന്നിരിക്കാന്‍ പലരും കാണും. എന്നാല്‍, നമ്മുടെ വേദനയുടെ ഗെത്സമനില്‍ ഒരാളും ഉണ്ടാകില്ല എന്നറിയുക. തനിയെ ആകാതെ തരമില്ല. കുരിശിലെ ക്രിസ്തു യുദ്ധത്തില്‍ തോറ്റ പോരാളിയല്ല, മറിച്ച് ജീവന്‍ കൊടുത്തും യുദ്ധം ജയിക്കുന്ന പടനായകനാണ്. എന്നാല്‍ തോട്ടത്തിലെ ക്രിസ്തുവാകട്ടെ ഇടറുന്ന പോരാളിയും പതറുന്ന പടനായകനുമെന്നു തോന്നിപ്പിക്കും വിധത്തിലാണ് പെരുമാറ്റം. മനുഷ്യന്‍ ക്രിസ്തുവിനെ കൈവിട്ടതും തനിയ ആക്കിയതും കുരിശിലല്ല, തോട്ടത്തിലാണ്. പക്ഷേ ദൈവത്തെ തോട്ടത്തില്‍ തനിയെ ആക്കിയ ആദിമനുഷ്യന്റെ ശരിക്കും പിന്‍ഗാമികള്‍ തന്നെ.

മത്സരത്തിനൊരുങ്ങുന്ന ഫുട്‌ബോള്‍ ടീം ഗോളിയൊഴികെ ഒരാളും പരിശീലനത്തിന് നേരത്തെ വരില്ല. കോച്ച് അയാളെ കാര്യമായി പ്രശംസിച്ചു. താന്‍ മാത്രമാണെന്റെ ഒരാശ്രയം. നീയെങ്കിലും സമയത്തിന് വരുന്നുണ്ടല്ലോ. അയാള്‍ പറഞ്ഞു: അതു സാര്‍, മത്സരദിവസം എന്റെ കല്യാണമാണ്. അന്ന് ഞാനുണ്ടാവില്ല. അതുകൊണ്ട് കോച്ചിംഗിന് കൃത്യസമയത്തു തന്നെ എത്താമെന്നു കരുതി.

പരിശീലന കളരിയില്‍ പയറ്റുന്ന പലരും യുദ്ധക്കളത്തിനു പറ്റിയവരല്ല. നന്നായി പരിശീലിക്കും യുദ്ധ സമയത്ത് ഉറങ്ങും, കാര്യമായിത്തന്നെ. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതിസന്ധികളെ നാം തനിയെ നേരിടണം. സകലതും പക്ഷേ അങ്ങനെ നേരിടണമെങ്കില്‍ ഒരു മണിക്കൂറിന്റെ ഉണര്‍വില്‍ നാം ഇരിക്കണം. എന്താണിതിനര്‍ത്ഥം? ലളിതമായി പറഞ്ഞാല്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ ദൈവതിരുമുമ്പില്‍ ചിലവിട്ടാല്‍ ഏതു പ്രലോഭനത്തെയും നിങ്ങള്‍ക്ക് നേരിടാനാകും.

ആ ഒരു മണിക്കൂര്‍ കണ്ടെത്തുകയാണ് പ്രധാനം. കണ്ടെത്തിയാല്‍ തനിയെയിരിക്കാന്‍ നിങ്ങള്‍ക്കൊരു തോട്ടവും തളരുമെന്ന് കണ്ടാല്‍ ഒരു ദൈവദൂതനെയും ഒരുക്ക വച്ചിട്ടുണ്ട് ദൈവം. ഉണര്‍ന്നിരിക്കുന്നവന്റെ അവകാശമാണിത്. ദിവസവും ഒരു മണിക്കൂര്‍ അവനൊപ്പം ചിലവിട്ടാല്‍ ഒരു ദിവസവും നിങ്ങള്‍ക്ക് തനിയെ എന്നു തോന്നില്ല. കാരണം, ആ ചൈതന്യം ശേഷിക്കുന്ന മണിക്കൂറുകളെ പ്രകാശമാനമാക്കും.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഇതേക്കുറിച്ചുള്ള ധ്യാനം കാണുക: ”തന്റെ അവസാനത്തേതും ആത്യത്തികവുമായ ഒറ്റപ്പെടലിലൂടെ കടന്നുപോത് ഇവിടെ വച്ചാണ്; ഏകാന്തതയുടെ നീര്‍ക്കയത്തിലൂടെ രക്ഷകന്‍ കടന്നുപോയത് ഇവിടെ വച്ചാണ്. മനുഷ്യാവസ്ഥയുടെ ഏറ്റവും ആഴമേറിയ വേദനയിലൂടെ രക്ഷകന്‍ കടന്നുപോയത് ഇവിടെ വച്ചാണ്; പാപത്തിന്റെയും തിന്മയുടെയും അത്യഗാധഗര്‍ത്തത്തില്‍ നിന്നുമുയരുന്ന നാരീകയശക്തിയുടെ കാരിരുമ്പാണികള്‍ രക്ഷകന്റെ ആത്മാവിലൂടെ തുളച്ചുകയറിയത് ഇവിടെ വച്ചാണ്.

തന്റെ ആസന്നമരണത്തിന്റെ അനിഷ്ടദര്‍ശനമുണ്ടായതും അപായ സൂചനയില്‍ ചങ്ക് തകര്‍ന്നുപോയതും ഇവിടെ വച്ചാണ്. ഒറ്റുകാരന്റെ കപടചുംബനവും എല്ലാ ശിഷ്യരും യേശുവിന്റെ ഏകാന്തതയിലേക്ക് തള്ളിയിട്ട് ഓടിമറഞ്ഞു. ഇവടെ വച്ചാണ് എനിക്കുവേണ്ടി എന്നെപ്രതി തന്റെ വിധിയുമായി മത്സപ്പിടുത്തത്തിന്റെ ബലാബലം നടത്തിയത് ഇവിടവച്ചു തന്നെ”  യേശു ഗത്സെമന്‍ തോട്ടത്തില്‍ വച്ചു തന്നെ തന്നോട് മരിച്ചുകഴിഞ്ഞിരുന്നു. പിന്നെ, കാല്‍വരിയില്‍ ക്രൂശിച്ചെന്നേയുള്ളൂ.

പ്രാര്‍ത്ഥന
പരമപിതാവേ, ആ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ എനിക്കാകാത്തതുകൊണ്ട് ആ ഒരു കല്ലേറുദൂരം ഇനിയും പിന്നിടാന്‍ എനിക്കാവുന്നില്ല. എന്നെ ക്രിസ്തുവിന്റെ ഉണര്‍വിലേക്ക് ചേര്‍ത്ത് പിടിക്കണമേ…

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?