Follow Us On

22

September

2023

Friday

കൂട്ടുകാരന്‍

കൂട്ടുകാരന്‍

”ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍ എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു” (യോഹ. 15:15).

ജെസ്‌വിന് പതിനേഴ് വയസായി. കൈയില്‍ കിട്ടുന്ന വായനകള്‍ അധികവും ദൈവനിഷേധത്തെ സാധൂകരിക്കാന്‍ വഴിയിടുന്നതാണ്. അവനത് ആവോളം വായിക്കുന്നു. അന്നവന്‍ വായിച്ച പുസ്തകത്തിന്റെ അവസാന താളും പിന്നിട്ടപ്പോള്‍ അവന്‍ അവനോടുതന്നെ ചോദിച്ചു: സത്യത്തില്‍ ഈ ദൈവത്തിന്റെ ആവശ്യമുണ്ടോ? തന്നെയിരുന്ന് ചോദിച്ചത് പിറ്റേദിവസം പപ്പയോടും ചോദിച്ചു: ‘പപ്പാ, സത്യത്തില്‍ നമുക്കീ ദൈവത്തിന്റെ ആവശ്യമുണ്ടോ?’

ഉള്ളില്‍ വെളിച്ചമുള്ള ആ പപ്പ മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറയാന്‍ തുടങ്ങി: മോനെ, ഇന്ന് നിനക്ക് പപ്പയുടെയും മമ്മിയുടെയും ആവശ്യമുണ്ട്. കാരണം ഭക്ഷണം വേണം, പഠനത്തിന് കാശു വേണം, നല്ല വസ്ത്രം വാങ്ങിക്കിട്ടണം. എന്നാല്‍ അധികം വൈകാതെ നീ തന്നെ അധ്വാനിച്ച് വരുമാനം നേടിത്തുടങ്ങും. കാര്യങ്ങള്‍ സ്വന്തമായി തീരുമാനിക്കും, നടപ്പിലാക്കും. ഇന്നു പപ്പയും മമ്മിയും നിനക്കു ചെയ്തു തരുന്നതൊക്കെ നീ തന്നെത്താന്‍ ചെയ്യും. പിന്നെ നിനക്ക് ഞങ്ങളുടെ ആവശ്യമില്ലെന്നു തോന്നും. കാരണം നീ വലുതായിപ്പോയി.

ഇതുപോലെതന്നെ ദൈവബന്ധത്തിലും. ഒരാള്‍ ദൈവത്തെക്കാള്‍ വലുതായി എന്നു തോന്നിത്തുടങ്ങുമ്പോള്‍ പിന്നെ ദൈവത്തിന്റെ ആവശ്യമില്ല. മോനെ, നീ ദൈവത്തെക്കാള്‍ വലുതായോ? ഇത്ര മാത്രമാണ് പപ്പയുടെ സംശയം. ജെസ്‌വിന് കാര്യം പിടികിട്ടി.  കാര്യങ്ങള്‍ നടത്താന്‍ മാത്രം കൂട്ടുചേര്‍ക്കുന്ന ഒരാളാണ് നിങ്ങളുടെ ദൈവമെങ്കില്‍ ആ ദൈവം നിങ്ങളുടെ വീട്ടുനായക്ക് സമാനമാകുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കിട്ടാനുള്ള ഒരു ഉപകരണം. അതാണോ നമ്മുടെ ദൈവം. തീര്‍ച്ചയായും അതാകാന്‍ പാടില്ല.

ദൈവത്തെ ദൈവമെന്നുപോലും വിളിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു മതപശ്ചാത്തലത്തിലാണ് ക്രിസ്തു നമ്മെ ദൈവത്തെ പിതാവെന്നു വിളിക്കാന്‍ പഠിപ്പിച്ചത്. പിതാവും മക്കളും തമ്മിലുള്ള ബന്ധത്തില്‍ മാത്രം ഒതുങ്ങാതെ, അവന്‍ പറഞ്ഞു, ദൈവം നിങ്ങളുടെ സുഹൃത്താണ്. എനിക്കിഷ്ടപ്പെട്ടവരെയാണ് ഞാനെന്റെ സുഹൃത്താക്കുന്നത്.

ദൈവം എന്നെ സുഹൃത്താക്കുന്നു എന്ന വിഷയം ധ്യാനിച്ചുനോക്കൂ. യാതൊരു മറകളും ഇല്ലാതെ, ഒരേ പാത്രത്തില്‍നിന്നും ഭക്ഷിക്കുന്ന സകല രഹസ്യങ്ങളും പങ്കിടുന്ന സുഹൃത്ബന്ധമാണിത്. കാര്യം നടത്താനുള്ള ബന്ധമല്ലിത്. കൂട്ടുചേരാനുള്ള ക്ഷണമാണിത്. കാര്യം നടത്താന്‍ കൂട്ടുചേര്‍ന്നാല്‍ എത്രകാലം ആ ബന്ധം നീണ്ടുനില്‍ക്കും?

സൗഭാഗ്യങ്ങള്‍കൊണ്ട് നമ്മെ അലങ്കരിക്കുമ്പോഴും പല സൗഭാഗ്യങ്ങള്‍ തള്ളിക്കളയുമ്പോഴും സ്‌നേഹിതനായ ദൈവം അതുതന്നെയാണ്. അവന് മാറ്റമില്ല.
യഹൂദരുടെ ഇടയില്‍ ഒരു മിത്തുണ്ട്. കൂട്ടം തെറ്റി അലയുകയും അപകടത്തിലേക്ക് ചാടിപ്പോവുകയും ചെയ്യുന്ന ആടിന്റെ കാല്‍ ഇടയന്‍ ഒടിക്കുമത്രേ. പിന്നെ ഈ ഇടയന്‍ ആ കാല്‍ സുഖപ്പെടുത്താനുള്ള ശുശ്രൂഷകള്‍ ചെയ്യും. അങ്ങനെ ഇടയന്റെ സ്‌നേഹവും നന്മയും അയാള്‍ പകരുന്ന സമാധാനവും സുരക്ഷിതത്വവും ആട് തിരിച്ചറിയുന്നു. പിന്നെ കാല്‍ സുഖപ്പെട്ടാലും എത്ര ഓടിയാലും ആ ആട് ഇടയനെ വിട്ടുപോകില്ല.

ചില ആടുകളെ ഇടയന്‍ തോളിലേറ്റി നടക്കുമ്പോള്‍ നാം അറിയണം, നടക്കാന്‍ പ്രയാസമുള്ള ആട്ടിന്‍കുട്ടിയാണത്. ഒരുപക്ഷേ, ഇടയന്റെ അടിയേറ്റ് ഒടിഞ്ഞ കാലുള്ള ഒരാടുമാകാം അത്. സ്‌നേഹിക്കുന്നവനെ മാത്രമേ അവന്‍ പ്രഹരിക്കൂ. ചേര്‍ത്തുപിടിക്കാന്‍ ഇച്ഛിക്കുന്നവനെ മാത്രമേ അവന്‍ വെട്ടിയൊരുക്കൂ. സ്വാതന്ത്ര്യമുള്ളിടത്തു മാത്രമേ അവന്‍ അധികാരം പ്രയോഗിക്കൂ.

സ്‌നേഹിതാ, നീ ചുംബനംകൊണ്ട് എന്നെ ഒറ്റിക്കൊടുക്കുകയാണോ എന്ന് യൂദാസിനോട് ചോദിക്കുന്നത് കാണുക. ഒരുണര്‍വിലേക്ക് അവനെ തട്ടിയുണര്‍ത്തുകയാണ് ഗുരു. എന്നിട്ടും അവന്‍ തിരസ്‌കരിച്ചു. കാര്യങ്ങള്‍ നടത്താന്‍ മാത്രം ഗുരുവിനെ ചേര്‍ത്തുപിടിച്ചവന്‍ കാര്യങ്ങള്‍ ആ വഴി നടക്കില്ലെന്നു കണ്ടപ്പോള്‍ തള്ളിമാറ്റി.

നിങ്ങളുടെ ചില ഇതളുകള്‍ ഒടിയുമ്പോഴും സ്വപ്നങ്ങള്‍ കൂമ്പടയുമ്പോഴും നമ്മുടെ സ്‌നേഹിതന്‍ നമ്മെ തോളിലേറ്റാനുള്ള ചില നടപടികളാണെന്നുമാത്രം മനസിലാക്കിയാല്‍ മതി. ചില സ്‌നേഹിതര്‍ സഹോദരങ്ങളെക്കാള്‍ ഉറ്റവരാണ് (സുഭാ. 18:24). കാരണം വ്യക്തമാണ്. സഹോദരന്‍ നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്. സുഹൃത്ത് നിങ്ങള്‍ കണ്ടെത്തുന്നവരാണ്. പഴയ നിയമത്തില്‍ ഏറ്റം മനോഹരമായ ഒരു കൂട്ടുബന്ധത്തിന്റെ കഥയുണ്ട്, ജോനാഥനും ദാവീദും തമ്മില്‍.

ജോനാഥന്‍ ഇസ്രായേലിന്റെ രാജവായ സാവൂളിന്റെ മകനും കിരീടാവകാശിയുമാണ്. ദാവീദാകട്ടെ, ജെസെയുടെ ഇളയപുത്രനും ആട്ടിടയനുമാണ്. സ്വാധീനത്തില്‍ അവര്‍ തമ്മില്‍ വലിയ അകലം ഉണ്ടെങ്കിലും ജോനാഥന്റെ ഹൃദയം ദാവീദിനോടു ചേര്‍ന്നു. അവന്‍ ദാവീദിനെ പ്രാണനുതുല്യം സ്‌നേഹിച്ചു (1 സാമു. 18:1). അവന്‍ മരിക്കുമ്പോള്‍ ദാവീദ് പാടുന്നുണ്ട്, ‘സോദരാ, ജോനാഥന്‍, നിന്നെയോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. എന്നോടുള്ള നിന്റെ സ്‌നേഹം ആയിരം സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു’ (2 സാമു. 1:26).

സ്‌നേഹിതന്‍ നമ്മെ സമഭാവനയോടെ കാണുന്നവനാണ്. പിതാവില്‍നിന്നു കേട്ടതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചു എന്ന വചനമോര്‍ക്കുക. ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഇടമാണ് സുഹൃത്ത്. അങ്ങനെ ഒരാളെ കിട്ടുക വലിയ ഭാഗ്യമാണ്. മനുഷ്യന്റെ ഏറ്റം വലിയ ദുഃഖം ദാരിദ്ര്യമോ പട്ടിണിയോ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, അല്ല. അത് ഒറ്റയാണെന്നുള്ള തോന്നലാണ്. തനിയെ ആയിപ്പോവുക. ഇന്ന് നമുക്ക് എല്ലാവരുമുണ്ട് ചുറ്റും. പക്ഷേ കൂട്ടുചേരാന്‍ ആരുമില്ല. എല്ലാമുണ്ട്, ഒന്നുമില്ലാത്തതുപോലെ.

മതം സുഹൃത്തില്ലാത്തവരുടെ സുഹൃത്താണ് എന്നു പറയാറുണ്ട് . എന്നിട്ടും ആശ്രമങ്ങള്‍ക്കുള്ളില്‍ എത്രയോ പേരാണ് ഒറ്റയായിപ്പോകുന്നത്. വീടുകളില്‍ ഒറ്റമുറിയില്‍ തളച്ചിടുന്നവര്‍ എത്രയോ പേരാണ്. നവമാധ്യമങ്ങളെ കാര്യമായി കൈകാര്യം ചെയ്യുമ്പോഴും ഒറ്റയാകുന്നുണ്ട്, പലരും. ദൈവം നിങ്ങളുടെ സുഹൃത്താകണം. സ്‌നേഹിതനെന്നു വിളിച്ചവനോടു കൂട്ടുചേരണം.

യേശു യാത്രയായ ബെത്‌സഥാ കുളക്കരയെടുക്കുക. ഒരു മനുഷ്യനവിടെ മുപ്പത്തിയെട്ടു വര്‍ഷമായി തളര്‍വാതം പിടിച്ചു കിടക്കുകയാണ്. ഒറ്റയ്ക്കാണയാള്‍. ചുറ്റും ആയിരങ്ങള്‍ ദൈവാലയത്തില്‍ പോകുന്നുണ്ട്. വെള്ളത്തിലിറങ്ങി സൗഖ്യം നേടുന്നുണ്ട്. പക്ഷേ അയാള്‍ക്ക് ചങ്ങാതിയാകാന്‍ ആരുമില്ല. നമുക്കു ചുറ്റുമുള്ള ആത്മീയ ആഘോഷങ്ങളുടെ വിരുന്നുണ്ണാന്‍ അവസരമില്ലാത്ത ഒറ്റപ്പെട്ടവര്‍ ആരെല്ലാമാണ്. ചുറ്റും ബോധപൂര്‍വം നോക്കിയാല്‍ അവരെ കണ്ടെത്താം. പിന്നെ, നമ്മിലേക്കും നോക്കണം.

കുരിശിലെ യേശു ചുറ്റും നോക്കി. രണ്ടുപേര്‍ ഒറ്റയ്ക്കാണ്. യോഹന്നാനും മറിയവും. അവരെ അവന്‍ ചേര്‍ത്തുപിടിച്ചു. ഒറ്റയ്ക്കാകരുത്, ആരും. മനുഷ്യകുലം ഒറ്റയ്ക്കാക്കിയ ക്രിസ്തുവാകട്ടെ തന്റെ പ്രാണനെ പിതാവിലുമര്‍പ്പിച്ചു. നിങ്ങളുടെ അടുത്ത ചങ്ങാതി ആരാണ്? ഹൃദയം തുറന്നു പറയാനും നിങ്ങള്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനും നിങ്ങളെ തിരുത്താനും എല്ലാത്തിലും കൂടെ നില്‍ക്കാനും കഴിയുന്ന ചങ്ങാതി. തിരഞ്ഞു നോക്കിയിട്ട് ആരെയും കണ്ടില്ലെങ്കില്‍ വിഷമം വേണ്ട. ഞാന്‍ നിങ്ങളെ ചങ്ങാതിമാര്‍ എന്നു വിളിച്ചു എന്നു പറഞ്ഞ ക്രിസ്തു നിങ്ങളുടെ ധ്യാനങ്ങളില്‍ തെളിഞ്ഞുവരുന്നത് ശ്രദ്ധിക്കുക.

പ്രാര്‍ത്ഥന: എന്നെ കൂട്ടുചേര്‍ക്കാന്‍ സ്‌നേഹത്തിന്റെ ഏതറ്റംവരെയും യാത്ര ചെയ്യുന്ന സ്‌നേഹിതാ, നിന്നെ ഉപേക്ഷിക്കാന്‍ എന്നെ അനുവദിക്കരുതേ.

റവ.ഡോ. റോയി പാലാട്ടി സി.എം. ഐ

***********************************

ഓഡിയോവേർഷൻ:

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?