Follow Us On

22

July

2019

Monday

വിശക്കുന്നവനും രോഗിയുമായി വന്നവന്‍…

വിശക്കുന്നവനും രോഗിയുമായി വന്നവന്‍…

പലചരക്ക് കടക്കാരനായ മുഹമ്മദലി കൈതക്കാട് എന്ന വ്യക്തിയുടെ കടയിലെത്തിയ പതിവുകാരനായ എന്നോട് അദേഹം ചോദിച്ചു, ”നിങ്ങള് കിത്താബില്‍ വായിച്ചിട്ടില്ലേ ഇതുവരെ, ഇല്ലെങ്കില്‍ വായിച്ചുനോക്ക് മത്തായി 25:40. പിന്നെ മത്തായി 7:21. അതും പോരെങ്കില്‍ ലൂക്കാ 10:25 മുതല്‍ 37 വരെയും കൂടി വായിക്ക്. അപ്പോള്‍ അറിയാം, പാലിയേറ്റീവ് കെയര്‍ എന്താണെന്ന്.”

1991-ല്‍ നവീകരണ ധ്യാനം കൂടി ഒരു പുതിയ ജീവിതം നയിച്ചുവരികയായിരുന്ന എനിക്ക് വചനത്തില്‍ ജീവിക്കുന്നതിനുള്ള പ്രായോഗിക ദര്‍ശനം മുഹമ്മദിന്റെ ഈ വാക്കുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ‘കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിച്ചപേക്ഷിക്കുകമാത്രം’ ചെയ്തിരുന്ന ഒരു കേവലം വിശ്വാസിയായിരുന്നു ഞാന്‍. ‘സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നില്ലെങ്കില്‍’ ഈ വിളി ഫലശൂന്യമാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അങ്ങനെ ‘എളിയ സഹോദരന്മാരില്‍ ഒരുവനെങ്കിലും’ (മത്താ. 25:40) കഴിയുന്ന സഹായം ചെയ്തുകൊടുക്കാന്‍ ദൈവം ഉള്‍പ്രേരണ നല്‍കി. നല്ല സമറായന്റെ മാതൃക പിഞ്ചെന്നുകൊണ്ട് ജീവിക്കാനുള്ള ഈശോയുടെ ആഹ്വാനം അപ്രതിരോധ്യമായ പ്രേരണാശക്തിയായി എന്നെ പ്രചോദിപ്പിക്കാനും തുടങ്ങി.

സാന്ത്വനപരിചരണം കത്തോലിക്ക സഭയുടെ മികച്ചൊരു ശുശ്രൂഷാ മേഖലയാണ്. മനസുനുറുങ്ങിയവര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന ശുശ്രൂഷ. ദൈവം ആഗ്രഹിക്കുന്ന ശുശ്രൂഷ. ഈ തോന്നല്‍ ശക്തമായതോടെ 2003-ലാണ് സാന്ത്വന പരിചരണ രംഗത്തേക്ക് കടന്നുവരുന്നത്.  മാനുഷികമായി ചിന്തിച്ചാല്‍ മറ്റുള്ളവരെ സഹായിക്കാനുള്ള സാമ്പത്തിക സുസ്ഥിതിയൊന്നും എനിക്കുണ്ടായിരുന്നില്ല. റബര്‍ വെട്ടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വീട്ടില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെയായിരുന്നു റബര്‍ത്തോട്ടം.

സാന്ത്വന പരിചരണ രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചതോടെ റബര്‍വെട്ടിന്റെ സമയം ക്രമീകരിച്ചു. പുലര്‍ച്ചെ രണ്ടിന് എണീറ്റ് റബര്‍ വെട്ടും, രാവിലെ ഏഴുമണിയോടെ ഷീറ്റടിച്ച് ഉടമസ്ഥനെ ഏല്‍പിക്കും. പിന്നീടാണ് സേവന രംഗത്ത് എത്തുന്നത്. കുറ്റ്യാടിയിലെ കെ. മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള കരുണ പാലിയേറ്റീവ് കെയറിന്റെ കീഴിലായിരുന്നു അന്ന് പ്രവര്‍ത്തനങ്ങള്‍.

കിടപ്പുരോഗികളുടെ വ്രണങ്ങള്‍ വച്ചുകെട്ടുക, സ്റ്റിച്ചിടുക, കുത്തിവയ്‌പെടുക്കുക, മൂത്രം പോകുന്നതിനും മറ്റും ട്യൂബിടുക തുടങ്ങി ഓരോ രോഗിക്കും ആവശ്യമുള്ള ശുശ്രൂഷ അവരുടെ വീട്ടിലെത്തി നല്‍കുക എന്നതായിരുന്നു ഞങ്ങള്‍ ശുശ്രൂഷകരുടെ ദൗത്യം. യാത്ര, ഭക്ഷണം തുടങ്ങിയവയ്ക്കാവശ്യമായ ചെലവുകള്‍ സ്വന്തനിലയില്‍ കണ്ടെത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഈ രംഗത്തുനിന്ന് പിന്നീട് പിന്മാറി.

ഒരു വിശ്വാസി എന്ന നിലയില്‍ ദൈവനിയോഗമായി ശുശ്രൂഷയെ കണ്ടതുകൊണ്ട് കൂടുതല്‍ താല്‍പര്യത്തോടെ ലാഭനഷ്ടങ്ങള്‍ നോക്കാതെ മുന്നോട്ട് പോകാന്‍ കര്‍ത്താവ് എന്നെ പഠിപ്പിച്ചത്. എന്റെ എളിയ സഹോദരന്മാരില്‍ ഒരുവന് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെ ചെയ്തുതന്നതായി കണക്കാക്കും എന്ന ഈശോയുടെ വാക്കുകളാണ് എന്നെ അന്നുമിന്നും നയിക്കുന്നത്.

താന്‍ ശുശ്രൂഷിക്കുന്ന വ്യക്തിയില്‍ ക്രിസ്തുവിനെ കണ്ടുകൊണ്ട് ശുശ്രൂഷ ചെയ്യാന്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ പിന്നെ മടുപ്പും മടിയുമുണ്ടാകില്ല. ഇവിടെ ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസങ്ങളൊന്നുമില്ല. മതിയായ പരിചരണം നല്‍കാന്‍ ആളില്ലാതെ വീടുകളില്‍ കഴിയുന്ന വൃദ്ധര്‍, ഒറ്റപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കല്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്കര്‍, കിടപ്പുരോഗികള്‍ക്ക് വാട്ടര്‍ ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍ നല്കല്‍ തുടങ്ങിയവയും ഞങ്ങളിപ്പോള്‍ ചെയ്തുവരുന്നു.

60 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച മൊബൈല്‍ ക്ലിനിക്കിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കാനും കഴിയുന്നു. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കിലും രോഗികള്‍ക്ക് നല്‍കേണ്ടുന്ന ഈ സാന്ത്വന ശുശ്രൂഷയെ ദൈവം കൈവിടാതെ ചേര്‍ത്തു പിടിക്കുന്നു.

മാത്യു തേരകം
(താമരശേരി അല്‍ഫോന്‍സാ പാലിയേറ്റീവ് ആന്റ് ജെറിയാട്രിക് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?