Follow Us On

29

March

2024

Friday

കുരിശിന്റെ വഴിയേ…

കുരിശിന്റെ  വഴിയേ…

മംഗലാപുരത്തുള്ള രാമകൃഷ്ണമിഷന്റെ ഒരാശ്രമത്തിലെ യോഗി ശ്രീ പൂര്‍ണാനന്ദ സ്വാമികളെ ഒരിക്കല്‍ പരിചയപ്പെട്ടതോര്‍ക്കുന്നു. അദ്ദേഹത്തോട് സംസാരിക്കവേ, അവരുടെ മതാനുഷ്ഠാനങ്ങളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പങ്കുവച്ചു. അതിലൊരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആ ആശ്രമത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ വരുന്ന പുതിയ കുട്ടികള്‍ക്ക് അവര്‍ പ്രധാനമായും മൂന്നു ഗ്രന്ഥങ്ങളാണ് പഠിക്കാന്‍ കൊടുക്കുന്നത്.

ഒന്നാമതായി രാമകൃഷ്ണമിഷന്റെ നിയമസംഹിത. രണ്ടാമതായി ഭഗവത്ഗീത, മൂന്നാമതായി ബൈബിളിലെ പുതിയ നിയമം. ഒരു ഹൈന്ദവ പശ്ചാത്തലത്തില്‍ രൂപംകൊണ്ട് നിലനില്‍ക്കുന്ന ഈ ആശ്രമത്തില്‍ ക്രൈസ്തവ വേദഗ്രന്ഥത്തിന് എന്തു പ്രസക്തി എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം വളരെ പ്രസക്തമാണ്.

”വേറെ ഏതു വ്യക്തിയുണ്ട്, പാപികള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ ബലി കൊടുത്തതായി. അതും അതിഘോരമായ പീഡകളേറ്റ് കുരിശില്‍ തറയ്ക്കപ്പെട്ട് ജീവന്‍ വെടിഞ്ഞ മഹത് വ്യക്തി. യേശുവിന്റെ കുരിശിലെ മരണമാണ് ഞങ്ങളെ അദ്ദേഹത്തെ ആദരിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ഇത്രയും ത്യാഗമനുഭവിച്ച വ്യക്തിയെക്കുറിച്ച് പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് ഞങ്ങള്‍ക്ക് തോന്നി.”

അന്യമതങ്ങള്‍പോലും വിലമതിക്കുന്ന യേശുനാഥന്റെ കുരിശുമരണത്തെക്കുറിച്ചും കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയെക്കുറിച്ചും ഈ നോമ്പുകാല ദിവസങ്ങളില്‍ അല്പം ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. യേശുവിന്റെ കുരിശുമരണത്തിന്റെ കണ്ണീര്‍ നനവുള്ള വെള്ളിയാഴ്ചയിലേക്ക് നീങ്ങുമ്പോള്‍ ചോരപ്പാടുള്ള കുരിശിന്റെ വഴിയിലൂടെ നമുക്കല്പം ചരിക്കാം.

കൈകാലുകള്‍ പച്ചിരുമ്പിന്റെ ആണികളാല്‍ തറയ്ക്കപ്പെട്ട് ആകാശത്തിനും ഭൂമിക്കും ഇടയില്‍ ചോരയൊലിപ്പിച്ച് തൂങ്ങിക്കിടക്കുന്ന ദിവ്യരക്ഷകന്റെ ചിത്രം നമ്മുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കേണ്ട ഒന്നാണ്. കാരണം, ഈ കുരിശുമരണമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. കുരിശുമരണമില്ലായിരുന്നുവെങ്കില്‍ ഈസ്റ്റര്‍ ഉണ്ടാകുമായിരുന്നില്ല. ഈസ്റ്റര്‍ ഇല്ലെങ്കില്‍ ക്രൈസ്തവ വിശ്വാസവുമില്ല.

ഈ തപസുകാല ദിവസങ്ങളില്‍ നമ്മളെല്ലാവരും കുരിശിന്റെ വഴി നടത്തി നമ്മുടെ പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്നവരാണ്. കുരിശിന്റെ വഴിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നുണ്ട്. ചുംബനം സമ്മാനിച്ച് ഗുരുവിനെ മരണത്തിലേക്ക് പറഞ്ഞയച്ച യൂദാസ് മുതല്‍ യേശുവിനെ പരിഹസിക്കുന്നവരും അടിക്കുന്നവരും ആശ്വസിപ്പിക്കുന്നവരും സഹായിക്കുന്നവരും ഒടുവില്‍ ചേതനയറ്റ നാഥന്റെ ശരീരത്തിലേക്ക് കുന്തം കുത്തിയിറക്കിയ പടയാളിയടക്കം അനേകം കഥാപാത്രങ്ങള്‍. യേശുവിന്റെ കുരിശിന്റെ വഴിയില്‍ നമ്മളും പങ്കുചേരുന്നതായി സങ്കല്പിക്കുക.

എങ്കില്‍ ഇതില്‍ ഏതു കഥാപാത്രത്തോടായിരിക്കും നമുക്ക് കൂടുതല്‍ സാദൃശ്യം? അനുദിന ജീവിതത്തില്‍, മറ്റുള്ളവര്‍ക്കായി ജീവിതം ഹോമിക്കാന്‍ തയാറാകുമ്പോള്‍, മറ്റുള്ളവര്‍ അന്യായമായി നമ്മെ കുറ്റപ്പെടുത്തുമ്പോള്‍, ചെയ്യാത്ത തെറ്റുകള്‍ക്ക്, ചെയ്ത നന്മകള്‍ക്കായി നാം ക്രൂശിക്കപ്പെടുമ്പോള്‍, കുരിശിന്റെ വഴിയിലെ യേശുനാഥനോടാണ് നമുക്ക് സാദൃശ്യം.

നമ്മള്‍ മറ്റുള്ളവരെ അകാരണമായി കുറ്റപ്പെടുത്തുന്നെങ്കില്‍, അന്യന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ട് അവര്‍ക്കെതിരെ അപവാദപ്രചാരണം നടത്തുന്നെങ്കില്‍, മറ്റുള്ളവരില്‍ നന്മ കാണാന്‍ കഴിയാതെ അവരിലെ തെറ്റുകള്‍ മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ യേശുവിനെതിരെ ശബ്ദമുയര്‍ത്തി അവിടുത്തെ മരണത്തിനേല്പിച്ചു കൊടുത്ത ഫരിസേയരോടും നിയമജ്ഞരോടും സാദൃശ്യമുള്ളവരായിത്തീരും.

മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും എനിക്കൊന്നുമില്ല. എന്റെ സുഖവും സന്തോഷവും മാത്രമാണ് എനിക്ക് പ്രധാനം എന്നു നാം പറയുന്നെങ്കില്‍, അല്പം സമ്പത്തിനുവേണ്ടി, ഒരല്പം സുഖത്തിനുവേണ്ടി സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കന്മാരെയും കൂടപ്പിറപ്പുകളെയും തള്ളിപ്പറഞ്ഞ്, അവരെ ധിക്കരിച്ച് തന്നിഷ്ടപ്രകാരം ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ സ്‌നേഹിച്ച യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് സദൃശ്യരായിത്തീരുകയാണ്. മറ്റുള്ളവരുടെ വേദനയില്‍ നമുക്ക് വേദന അനുഭവപ്പെടുന്നില്ലെങ്കില്‍, അവരെ ആശ്വസിപ്പിക്കാന്‍ നാം തയാറാകുന്നില്ലെങ്കില്‍ ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തുവിളിച്ച ജനക്കൂട്ടത്തിന് സദൃശരാകുകയാണ് നാം.

അന്യന്റെ വേദനയില്‍ നമ്മുടെ ഹൃദയവും വേദനിക്കുന്നെങ്കില്‍, അവരോട് സഹതപിക്കാനും അവരെ ആശ്വസിപ്പിക്കാനും നാം ശ്രമിക്കുന്നെങ്കില്‍ ശിമയോനെപ്പോലെ, വേറോനിക്കയെപ്പോലെ നമ്മളും അനുഗൃഹീതരാകും. ഒന്ന് ചിന്തിച്ചുനോക്കുക. നാമിതില്‍ ഏതു കഥാപാത്രമാണ്? ഇതില്‍ ഏതു കഥാപാത്രത്തിനാണ് നാം ജീവന്‍ കൊടുക്കുന്നത്? യേശുവിന്റെ അനുയായികളായ നാമൊരിക്കലും മറ്റൊരു യൂദാസോ യഹൂദപ്രമാണിയോ യേശുവിനെതിരെ ആര്‍ത്തട്ടഹസിക്കുന്ന ജനക്കൂട്ടമോ ആകരുത്.

പിന്നെ ആരാകണം? യേശു പറയുന്നു ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.” യേശു നമ്മെ സ്‌നേഹിച്ചത് കുരിശില്‍ ജീവന്‍ അര്‍പ്പിച്ചുകൊണ്ടാണ്. അങ്ങനെയെങ്കില്‍ യേശുവിനെപ്പോലെ സ്‌നേഹിക്കാന്‍ നമ്മളും മറ്റുള്ളവര്‍ക്കായി കുരിശില്‍ തറയ്ക്കപ്പെടണം. നമുക്കതിന് സാധിക്കുമോ? ഒരുപക്ഷേ സാധിക്കില്ല. യേശുവിനെപ്പോലെ കുരിശില്‍ മരിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും യേശുവിനോടൊപ്പം മനസാ ക്രൂശിതരാകാന്‍ കഴിയണം.

യേശുവിനോടൊപ്പം ക്രൂശിതരായ രണ്ടു വ്യക്തികളുണ്ട്; രണ്ടു കള്ളന്മാര്‍. എന്നാല്‍ ഇതിലൊരു കള്ളന്‍ കര്‍ത്താവിനൊപ്പം പറുദീസയില്‍ പ്രവേശിച്ചു. അപരന്‍ തിരസ്‌ക്കരിക്കപ്പെട്ടു. പാപകരമായ ജീവിതം കാരണം ഒരുപക്ഷേ മനുഷ്യരെല്ലാം ഈ കള്ളന്മാരോട് സാദൃശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ ഏതു കള്ളനോടാണ് നമുക്ക് സാദൃശ്യം? നമ്മളൊക്കെ യേശുവിനോടൊപ്പം പറുദീസയില്‍ പ്രവേശിച്ച നല്ല കള്ളനെപ്പോലെ ആയിത്തീരണം. പ്രധാനമായും മൂന്നു ഗുണങ്ങളാണ് ആ കള്ളന് പറുദീസ നേടിക്കൊടുത്തത്.

ഒന്നാമത്തെ ഗുണം, താന്‍ പാപിയാണെന്ന ബോധ്യം അയാള്‍ക്കുണ്ടായിരുന്നു. രണ്ടാമതായി, യേശു നീതിമാനാണെന്ന് അയാള്‍ക്കറിയാമായിരുന്നു. മൂന്നാമതായി, യേശുവിന് തന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് അയാള്‍ വിശ്വസിച്ചു. പ്രിയപ്പെട്ടവരേ, ഈ നോമ്പുകാലത്തിലെ പ്രാര്‍ത്ഥനയും ഉപവാസവും പരിത്യാഗപ്രവര്‍ത്തനങ്ങളുമൊക്കെ ഈ മൂന്നു ബോധ്യങ്ങള്‍ നമ്മില്‍ വളര്‍ത്തിയെടുക്കാന്‍ നമ്മെ സഹായിക്കട്ടെ.

താന്‍ പാപിയാണ് എന്ന ബോധ്യം ഒരുവനെ യഥാര്‍ത്ഥ പശ്ചാത്താപത്തിലേക്ക് നയിക്കും. കുമ്പസാരത്തിലൂടെ ദൈവത്തിന്റെ അനന്തസ്‌നേഹമനുഭവിക്കാന്‍ അവന്‍ പരിശ്രമിക്കും. യേശു നീതിമാനാണ്, അല്ലെങ്കില്‍ യേശുവാണ് യഥാര്‍ത്ഥ രക്ഷകന്‍ എന്ന ബോധ്യം ഒരു ഉത്തമവിശ്വാസിയായി ജീവിക്കുന്നതിന് നമ്മെ സഹായിക്കും.

എത്ര വലിയ പാപിയായാലും ദൈവത്തിന് തന്നെ രക്ഷിക്കാന്‍ കഴിയുമെന്ന ബോധ്യം വീണ്ടും സന്തോഷകരമായ ജീവിതത്തിലേക്ക്, പറുദീസയിലേക്ക് മടങ്ങിവരാന്‍ നമ്മെ സഹായിക്കും. ഈ തപസുകാല അനുഷ്ഠാനത്തിലൂടെ എല്ലാവരും കര്‍ത്താവ് വാഗ്ദാനം ചെയ്യുന്ന പറുദീസയ്ക്ക് അവകാശികളായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ബിഷപ് ഡോ. വര്‍ഗിസ് ചക്കാലക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?