Follow Us On

22

July

2019

Monday

തുവ്വൂരിലെ നിറദീപം

തുവ്വൂരിലെ നിറദീപം

വ്രതവാഗ്ദാനത്തിന്റെ സുവര്‍ണജൂബിലിയില്‍ സ്വപ്‌നങ്ങളും സഹനങ്ങളുമെല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുകയാണ് സിസ്റ്റര്‍ ജോസി എം.എസ്.ജെ. പരദേശിയെ സ്വീകരിക്കാന്‍, ആശയറ്റവര്‍ക്ക് പ്രതീക്ഷയേകാന്‍, മുറിവേറ്റവരെ വച്ചുകെട്ടാന്‍, തളര്‍ന്നവരെ ബലപ്പെടുത്താന്‍…. ഈശോയുടെ ഉപകരണമായി മാറിയിരിക്കുകയാണ് ഈ സമര്‍പ്പിത.

പുഴുവരിച്ച് തെരുവില്‍ കിടന്നവരെ താങ്ങിയെടുത്ത് ആശ്രയം നല്‍കി ക്രിസ്തുസ്‌നേഹം പകര്‍ന്നു നല്‍കുന്ന കര്‍മധീരയായ സിസ്റ്റര്‍, മഞ്ചേരിക്കടുത്ത് തുവ്വൂരിലുള്ള വിമലഹൃദയാശ്രമത്തിന്റെ സര്‍വസ്വമാണ്.

പലരും ഓര്‍ക്കുന്നുണ്ടാകും സ്‌നേഹവീട്ടില്‍ വളര്‍ന്ന ‘ജോസിയമ്മ’യുടെ ആറുമക്കള്‍ കഴിഞ്ഞവര്‍ഷം കതിര്‍മണ്ഡപത്തിലേക്ക് നീങ്ങിയത്. വിനീതയും വിനീഷയും ജിസയും സിനിയും ഗീതയും സുവര്‍ണയും ഒന്നിച്ച് വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഒരുനാട് ഒന്നിച്ച് ദൈവത്തിന് നന്ദി പറയുകയായിരുന്നു. പിഞ്ചിളം പൈതലായിരുന്നപ്പോള്‍ മുതല്‍ വിമലഹൃദയത്തില്‍ സിസ്റ്റര്‍ ജോസിയുടെ കൈപിടിച്ച് നടന്നവരായിരുന്നു അവര്‍.

കരുവാരക്കുണ്ട് തിരക്കുടുംബ ഫൊറോന ദൈവാലയത്തില്‍ ഫൊറോന വികാരിമാരായ ഫാ. ഡൊമിനിക് തൂങ്കുഴിയുടെയും ഫാ. മാത്യു കണ്ടശാംകുന്നേലിന്റെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു അന്നത്തെ ചടങ്ങുകള്‍. തുവ്വൂര്‍ വെള്ളോട്ടുപാറയിലെ ആശ്രമത്തില്‍ നടന്ന കൂട്ടായ്മയിലും സദ്യയിലും ജില്ലാ കളക്ടറടക്കം 2500-ഓളം പേര്‍ പങ്കാളികളായ സംഭവത്തിന് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

1997-ല്‍ വിമലഹൃദയാശ്രമം ആരംഭിച്ചതുമുതല്‍ സേവനനിരതയായ സിസ്റ്റര്‍ ജോസിയാണ് ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍. മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് സഭാംഗങ്ങളാണിവര്‍.  ”എല്ലാം ദൈവപരിപാലന, ഞങ്ങളുടെ മിടുക്കല്ല. ദൈവം ഓരോന്നും ഒത്തിണക്കുകയാണ്. ഞങ്ങള്‍ ഈശോയുടെ ഉപകരണങ്ങള്‍ മാത്രം. ഇതിനുമുമ്പ് ഏഴ് വിവാഹങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

എല്ലാവരും സുഖമായി കഴിയുന്നു. ഇടയ്‌ക്കൊക്കെ ഇവിടെ വരും. ഏഴുപേരും ആദ്യപ്രസവത്തിനായി ഇവിടെ താമസിച്ചു.” 370 അന്തേവാസികള്‍ ഒരു കുടുംബംപോലെ കഴിയുന്ന വിമലഹൃദയാശ്രമത്തിന്റെ നെടുംതൂണായ സിസ്റ്റര്‍ ജോസിക്ക് അതെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സന്തോഷം മാത്രം.
”ദൈവം കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അമ്മയാണെല്ലാം. ജോസിയമ്മ ഞങ്ങള്‍ക്ക് ഇന്നുവരെ ഒരു കുറവും വരുത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാലും ഞങ്ങള്‍ ഇവിടെ വരുന്നത് അതാണ്. ഇവിടെയുള്ളവരെ മരണംവരെ ഞങ്ങള്‍ക്ക് മറക്കാനാവില്ലല്ലോ..” വിവാഹത്തിനുശേഷം വീണ്ടും വരുന്നവരെല്ലാം ആവര്‍ത്തിക്കുന്ന വാക്കുകളാണിത്.

…തുടക്കം
പാലായിലെ നീലൂര്‍ ഇടവകയിലെ പുളിക്കല്‍ മൈക്കിളിനും ഏലിയാമ്മയ്ക്കും മക്കള്‍ പതിനൊന്ന്. ഒമ്പതാമത്തവള്‍ ജോസി. അവള്‍ പത്തില്‍ പഠിക്കുമ്പോള്‍ പ്രിയപ്പെട്ട ചാച്ചന്‍ മരിച്ചു. ‘ചാച്ചനുവേണ്ടി പ്രാര്‍ത്ഥിക്കണം. പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം’ – മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എം.എസ്.ജെ) കുടുംബത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ അവളുടെ മനസില്‍ ഇതുമാത്രമായിരുന്നു ആഗ്രഹം.

തുടങ്ങാട് സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠനത്തിലെ മികവിനൊപ്പം ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. തനിക്കു മുന്നില്‍ തുറന്നുകിടന്നിരുന്ന സാധ്യതകളുടെ വാതായനങ്ങള്‍ വേണ്ടെന്നുവച്ചാണ് ആത്മീയ വഴിയിലേക്ക് തിരിഞ്ഞത്. 1968-ല്‍ വ്രതവാഗ്ദാനം നടത്തി.

കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പുഴ അസംപ്ഷന്‍ ആശുപത്രിയിലും സേവനം. 1960-ല്‍ തുവ്വൂരില്‍ ആരംഭിച്ച ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററായി 1997-ലാണ് സിസ്റ്റര്‍ ജോസി എത്തുന്നത്. ദൈവവിളി സ്വീകരിച്ച സിസ്റ്റര്‍ ജോസി തന്റെ വഴി ദൈവസ്‌നേഹത്തിന്റെ കര്‍മപഥത്തിലൂടെ വഴി തിരിച്ചുവിടുകയായിരുന്നു.

ആദ്യകാലത്ത് അടുത്തൊന്നും ആശുപത്രികള്‍ ഇല്ലാതിരുന്നതുകൊണ്ട് ദിനംപ്രതി നൂറോളം പേര്‍ പരിശോധനയ്ക്കായും കിടപ്പുരോഗികളായും ഇവിടെയെത്തിയിരുന്നു. പിന്നീട് രോഗികളുടെ വരവ് കുറഞ്ഞു. അതിനിടയിലാണ് കൈനോട്ടക്കാരന്‍ വേലായുധനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്.
വീട്ടുകാരുടെ പരിഗണന കിട്ടാതായപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെങ്കിലും മരിച്ചില്ല.

”ശരീരം മുഴുവന്‍ വ്രണമായി ഉറുമ്പരിച്ച് റോഡില്‍ കിടന്ന വേലായുധനെ ഞങ്ങള്‍ ഏറ്റുവാങ്ങി. മൂന്നു മാസത്തിനുശേഷം അയാള്‍ മരിച്ചു. ഈ മനുഷ്യന്റെ അവസ്ഥയും മരണവും എന്റെ മനസിനെ വല്ലാതെ ഉലച്ചു. ഞാനും എന്നോടൊപ്പമുണ്ടായിരുന്ന സിസ്റ്റര്‍മാരായ ഹോപ്പും ശുഭയുംകൂടി പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനത്തിലെത്തി. ഇക്കാര്യം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറെ അറിയിച്ചു. സിസ്റ്റര്‍ സമ്മതം നല്‍കി. അങ്ങനെ 1998-ല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ചവര്‍ ഇവിടേക്ക് വന്നുതുടങ്ങി.” സിസ്റ്റര്‍ ആദ്യകാലാനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.

മാനസിക രോഗികള്‍, അംഗവിഹീനര്‍, തളര്‍വാതവും അപസ്മാരവും ബാധിച്ചവര്‍, മക്കള്‍ പുറത്താക്കിയ മാതാപിതാക്കള്‍, കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടവര്‍, പോളിയോ ബാധിതര്‍, ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, എച്ചില്‍ പെറുക്കിത്തിന്ന് വയറു നിറച്ചവര്‍, തെരുവില്‍ അലഞ്ഞു നടന്ന അമ്മമാരും കുഞ്ഞുങ്ങളും, ശരീരം വിറ്റ് ജീവിച്ചവര്‍, അനാഥ ബാലര്‍… സിസ്റ്ററുടെ സ്‌നേഹകൂടാരത്തില്‍ ഇപ്പോള്‍ 330 പേരുണ്ട്.

കൂടുതല്‍ പേരും അക്രൈസ്തവര്‍. ഓരോരുത്തര്‍ക്കും പറയാനുള്ളത് വേദനിപ്പിക്കുന്ന കഥകള്‍. കഴിഞ്ഞ കാലം മറക്കാനും മനസിന് കരുത്തു പകരാനും അവര്‍ക്കൊപ്പം ജോസിയമ്മയുണ്ട്. സിസ്റ്റര്‍ ഹരിത (മദര്‍ സുപ്പീരിയര്‍), സിസ്റ്റര്‍ ലിസ്‌മേരി, സിസ്റ്റര്‍ റോണ എന്നിവരും വിമലഹൃദയാശ്രമത്തില്‍ ആകാശപ്പറവകള്‍ക്ക് കൂട്ടുണ്ട്.

”ഞങ്ങള്‍ക്ക് വിദേശ സഹായമുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ ഒരു സഹായവുമില്ല. ദൈവത്തിന്റെ കരുതല്‍ മാത്രമാണ് കൈമുതല്‍. ഒരുപാട് നല്ല മനുഷ്യരിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നു. അന്തേവാസികള്‍ക്കാവശ്യമായ ഭക്ഷണത്തിനും ചികിത്സയ്ക്കും ഇതുവരെ മുട്ടുവന്നിട്ടില്ല. ഓരോ തരത്തില്‍ ഓരോ ദിവസവും ദൈവം ഞങ്ങളെ പരിപാലിക്കുന്നു. പലരും ആഘോഷവേളകളില്‍ ഇവിടെയെത്തി സഹായം ചെയ്യുന്നുണ്ട്.

പണ്ട് ആശുപത്രിയില്‍ മൂന്ന് രോഗികളുള്ളപ്പോള്‍ അവരെയോര്‍ത്ത് എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഇപ്പോള്‍ എന്റെ 330 മക്കളുടെ കാര്യത്തില്‍ എനിക്കൊട്ടും ഭയമില്ല. എല്ലാം തമ്പുരാന്‍ നോക്കിക്കൊള്ളും.” സിസ്റ്റര്‍ ജോസിയുടെ വാക്കുകളില്‍ വിശ്വാസത്തിന്റെ ആഴം തുടിക്കുന്നു.

ഹൃദയത്തില്‍ തൊടുമ്പോള്‍…
ഇത്തിരി സ്‌നേഹവും ശുശ്രൂഷയും കിട്ടിക്കഴിയുമ്പോള്‍ ഇവര്‍ മാറും. പൊള്ളുന്ന ചൂടില്‍ 22 ഷര്‍ട്ട് ധരിച്ചാണ് ബാലന്‍ ഇവിടെയെത്തുന്നത്. തലമുടി വെട്ടി ഷേവ് ചെയ്ത് കുളിപ്പിച്ചു വൃത്തിയാക്കുമ്പോള്‍ത്തന്നെ ഏറെപ്പേര്‍ക്കും പകുതി ജീവന്‍ തിരിച്ചുകിട്ടും. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും ഭക്ഷണം കഴിച്ചും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയുമ്പോള്‍ ജീവിതത്തിലേക്ക് അവര്‍ മടങ്ങിയെത്തും.

ഒരുപാടുപേര്‍ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇരുന്നൂറോളം പേര്‍ ഇവിടെ വച്ചാണ് മരിച്ചത്. ബന്ധുക്കളാരുമില്ലെങ്കിലും ഇവരുടെയെല്ലാം മരണസമയത്ത് ഞങ്ങളൊപ്പമുണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെ അരൂപിയിലാണ് അവര്‍ ലോകം വിട്ടുപോയത്. അവരെല്ലാം വിശുദ്ധരാകും. ഇവിടെയാര്‍ക്കും പരാതിയും പരിഭവവുമില്ല; സിസ്റ്ററുടെ മുഖത്ത് നിറഞ്ഞ ചിരി.

സിസ്റ്റര്‍ എടുത്തുവളര്‍ത്തിയ രണ്ട് കുട്ടികള്‍ ഇപ്പോള്‍ സെമിനാരി വിദ്യാര്‍ത്ഥികളാണ്. പതിനേഴ് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. പന്ത്രണ്ടുപേര്‍ ഐ.ടി.സി പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. ആറ് പെണ്‍കുട്ടികള്‍ നഴ്‌സുമാരായി. ആശ്രമത്തിലെ അന്തേവാസികളായ എട്ട് യുവാക്കള്‍ക്ക് വീടും സ്ഥലവും ഒരുക്കിയിട്ടുണ്ട്. അവര്‍ വിവാഹം കഴിഞ്ഞ് അങ്ങോട്ടു മാറും.

ആശ്രമത്തിലെ മക്കളെക്കുറിച്ചുള്ള സിസ്റ്ററിന്റെ കരുതലിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ശാരീരിക വിഷമതകള്‍ ഒരുപാടുണ്ടായിരുന്നു. തിരക്കിനിടയില്‍ പലതും മറന്നു, സഹിച്ചു. എല്ലാ സഹനങ്ങളും ദൈവത്തിന്റെ പദ്ധതിയാണ്. കഴിഞ്ഞയിടെയാണ് കാന്‍സറും കൂട്ടുകാരനായത്. റേഡിയേഷനും കീമോതെറാപ്പിയുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്.

എല്ലാം ദൈവത്തിലര്‍പ്പിക്കുന്നു; രോഗങ്ങള്‍ മറന്ന്, വിശ്രമമറിയാതെ അനാഥമക്കള്‍ക്കുവേണ്ടി സിസ്റ്റര്‍ ജോസി സ്വപ്‌നങ്ങള്‍ നെയ്യുകയാണ്. സ്വര്‍ണം അഗ്‌നിയിലൂടെ ശുദ്ധിയാക്കപ്പെടുന്നതുപോലെ, തനിക്കേറ്റവും സ്വീകാര്യരായവരെ സഹനത്തിന്റെ പാതയിലൂടെ അവന്‍ നടത്തും, എന്ന തിരുവചനം ‘അന്വര്‍ത്ഥമാക്കും വിധമാണ് സിസ്റ്റര്‍ ജോസിയുടെ ജീവിതം.

തെരുവില്‍ അലയുന്ന മക്കളുടെ എണ്ണം കൂടിവരുമ്പോള്‍ തനിക്ക് എങ്ങനെ വിശ്രമിക്കാന്‍ സാധിക്കുമെന്നാണ് സിസ്റ്റര്‍ ജോസിയുടെ ചോദ്യം. ”മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18:27). വിമലഹൃദയാശ്രമത്തിന്റെ ചുമരില്‍ ആ വചനം തിളങ്ങുന്നു.

മനോജ് വീട്ടുവേലിക്കുന്നേല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?