Follow Us On

09

April

2020

Thursday

തീക്കനല്‍

തീക്കനല്‍

”നിന്റെ ശത്രുവിന് വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസില്‍ തീക്കനലുകള്‍ കൂനകൂട്ടും” (റോമ. 12:20).

സന്യാസ ജീവിതത്തിന്റെ പിള്ളത്തൊട്ടിയെന്നു പൊതുവെ വിശേഷിപ്പിക്കുന്നത് നവ സന്യാസ കാലഘട്ടത്തെയാണ്. ഏറെ കാര്യങ്ങള്‍ ഗുരുമുഖത്തുനിന്ന് അര്‍ത്ഥികള്‍ പഠിക്കേണ്ട കാലമാണിത്. പ്രത്യേകിച്ചും ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ നല്‍കുന്ന വെളിച്ചം ഒരാളില്‍നിന്നും ഊതിക്കെടുത്തുക എളുപ്പമല്ല. ഞങ്ങളൊരുപാടു സി.എം.ഐ സന്യാസികളുടെ ഗുരുവാണ് ഫാ. ജോസ് കോളുതറ. ഒരു സന്ധ്യയില്‍ നടന്ന സംഭവം ഇപ്പോഴും പച്ചകെടാതെ നില്‍ക്കുന്നു.

അന്ന് ഞങ്ങളില്‍ ചിലര്‍ ആവൃത്തിക്കിണങ്ങാതെ ചില കൈമാറ്റങ്ങള്‍ പങ്കുചേര്‍ന്നു. കാര്യം ഗുരുവച്ചനറിഞ്ഞെങ്കിലും ഞങ്ങളാരും തുറന്നു പറയുന്നില്ല. ആ പ്രായത്തില്‍ കൂട്ടിന്റെ ബലം കൂടുതല്‍ ശക്തവുമാണല്ലോ. അന്ന് നിശാപ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരെയും അദ്ദേഹം ക്ലാസ്മുറിയില്‍ ഒരുമിച്ചുകൂട്ടി. ഒരു പാത്രം വെള്ളവും ഒരു ടവ്വലും കൊണ്ടുവരാന്‍ ലീഡറോടു പറഞ്ഞു. കാര്യം പിടികിട്ടിയില്ല. എന്തായാലും ഒന്നും പറയാതെ ഞങ്ങളുടെ എല്ലാവരുടെയും പാദങ്ങള്‍ കഴുകി, അന്ന് ചുംബിച്ചു. പോയി കിടന്ന് ഉറങ്ങിക്കോളാനും പറഞ്ഞു.

വല്ലാത്ത നിശബ്ദതയില്‍ അദ്ദേഹം ഞങ്ങളുടെ തലയില്‍ കോരിയിട്ടത് തീയായിരുന്നു. പ്രഭാതമാകാന്‍ കാത്തിരുന്നു, ഞങ്ങള്‍ അന്നു ചെയ്ത കുസൃതികള്‍ ഗുരുവച്ചനോട് തുറന്നു പറയാന്‍. ഉറങ്ങാനാവാത്ത തലേ രാത്രിയില്‍ ആ വെളിച്ചം ഞങ്ങളെ അസ്വസ്ഥമാക്കി. ഒരാളെ തകര്‍ക്കാനുള്ള ഏറ്റം കഠിനമായ വഴി അയാള്‍ക്ക് മാപ്പ് നല്‍കുക എന്നതാണ്. അയാള്‍ എത്ര കലഹിച്ചാലും ആ തീക്കനല്‍ അയാളില്‍ വലിയ അസ്വസ്ഥത ഉളവാക്കും.

പൂര്‍വജോസഫാണ് ബൈബിളിലെ ഏറ്റം നല്ല ബിംബമിതിന്. എന്തൊരു കഠിനപ്രവൃത്തികളാണ് അവനോട് സഹോദരന്‍ ചെയ്തത്. അവന് സ്വപ്നം കാണാന്‍ കൃപ ലഭിച്ചത് അവന്റെ തെറ്റാണോ? കായേല്‍ ചെയ്ത അതേ പ്രവൃത്തിതന്നെയാണ് ജോസഫിന്റെ സഹോദരര്‍ അവനോടും ചെയ്തത്. അസൂയ ശവക്കുഴിപോലെ അഗാധമെന്ന് പ്രഭാഷകന്‍.

പൊട്ടക്കിണറ്റില്‍ തള്ളിയിട്ടത് ജോസഫിന് ശവക്കുഴി തീര്‍ത്തതാണ്. ഈജിപ്തുകാര്‍ക്ക് വിറ്റു. പൊത്തിഫറിന്റെ ഭാര്യ ചതിച്ചു. ജയിലില്‍ കിടക്കേണ്ടി വന്നു. ഇവിടെയൊന്നും ജോസഫ് തന്റെ മഹത്വം കൈവെടിഞ്ഞില്ല. നിങ്ങള്‍ക്ക് നല്ലൊരു സ്വപ്നമുണ്ടെങ്കില്‍ ആരൊക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാലും ആ സ്വപ്നം പൂവണിയുംവരെ കാലം നിങ്ങളെ പരിരക്ഷിക്കും. കാരണം സ്വപ്നം തന്നവന്‍ ദൈവമല്ലേ. അതു തച്ചുടയ്ക്കാന്‍ മനുഷ്യകരങ്ങള്‍ക്കാവില്ലല്ലോ.

എങ്കിലും ജോസഫ് സ്വീകരിക്കേണ്ടിവന്ന ക്രൂരത ഭീകരമാണ്. നല്ല സ്വപ്നങ്ങള്‍ കൈമുതലാക്കി യാത്ര ചെയ്യുന്നവരൊക്കെ അനുഭവിക്കുന്ന ക്രൂരതയുടെ ആദ്യരൂപമാണിത്. ജോസഫ് എല്ലാം ആദരവോടെ സ്വീകരിച്ചു. തന്റെ ജീവിതവഴിയില്‍ ദൈവം കരുതിവച്ചിരിക്കുന്നവയെ എന്തിന് തള്ളിക്കളയണം. അതെക്കുറിച്ച് എന്തിന് പരാതിപ്പെടണം – ഇതായിരിക്കും അവന്‍ ചിന്തിച്ചത്.

ദൈവം അവനെ ഉയര്‍ത്തി. പൊട്ടക്കിണറില്‍നിന്നും ഈജിപ്തിന്റെ നേതാവിലേക്ക്. അങ്ങനെയിരിക്കെ പിതൃദേശത്ത് കൊടിയ ക്ഷാമം വന്നു. ജോസഫിന്റെ സഹോദരന്മാരെല്ലാം അവന്റെ മുമ്പിലെത്തി, ഭക്ഷണം കിട്ടാനായി. പകപോക്കാന്‍ ഒരാള്‍ക്ക് ഇതിലപ്പുറം ഏതവസരമാണുള്ളത്? ദൈവം ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങളെ ദൈവം എന്റെ മുമ്പില്‍ എത്തിക്കും, അപ്പോള്‍ എല്ലാം ശരിയാക്കാം, നേരില്‍ കാണാം എന്നൊക്കെ പറയാറില്ലേ. പകപോക്കാന്‍ നിങ്ങള്‍ ദൈവത്തെ കൂട്ടുപിടിക്കുമ്പോള്‍ ക്ഷമിക്കാന്‍ ജോസഫ് നടത്തുന്ന ശ്രമങ്ങള്‍ കാണുക.

എല്ലാവരെയും മാറ്റിനിര്‍ത്തി. ജ്യേഷ്ഠന്മാര്‍ മാത്രമുള്ള സമയത്ത് അവരുടെ മുമ്പില്‍ ജോസഫ് പൊട്ടിക്കരഞ്ഞു. അവന്‍ വിതുമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു, ഞാന്‍ ജോസഫാണ്. നിങ്ങളുടെ സഹോദരന്‍. ”അവരാകെ സ്തംഭിച്ചുപോയി” (ഉല്‍. 45:3). സത്യത്തില്‍ കരയേണ്ടിയിരുന്നത് അവരല്ലേ ആദ്യം. അവരല്ലേ തെറ്റു ചെയ്തത്. ജോസഫ് കൂട്ടിച്ചേര്‍ത്തു: നിങ്ങളെന്നെ ഈജിപ്തുകാര്‍ക്ക് വിറ്റതോര്‍ത്ത് വിഷമിക്കരുത്. നിങ്ങള്‍ വിറ്റതല്ല ദൈവം ഇങ്ങോട്ടെന്നെ പറഞ്ഞയച്ചതാണ്.

ആ സഹോദരന്മാര്‍ എങ്ങനെ ഇതുകേടട് സ്വസ്ഥമായിരിക്കും. അവരെ ഇതിലപ്പുറം നേരിടാന്‍ ഏതെങ്കിലും ഒരു വഴി നിങ്ങള്‍ കാണുന്നുണ്ടോ? പിന്നെ തീക്കനാലാണ് അവരുടെ ശിരസില്‍. ക്ഷമിക്കാന്‍ തീരുമാനിക്കുന്നവന്റെ മുമ്പില്‍ അധികം വഴികളില്ല, ക്ഷമികകുക എന്നൊരു വഴിയൊഴികെ. സഹോരന്മാര്‍ അനുജനോട് ഇത്രയും ക്രൂരമായി പെരുമാറിയല്ലോ എന്നോര്‍ത്ത് അനുതപിക്കുമ്പോള്‍, ജോസഫാകട്ടെ നിഷ്‌കളങ്ക സ്‌നേഹത്തോടെ ദൈവം അവരെ തനിക്കായി ഉപയോഗിച്ചതിന് നന്ദി പറയുന്നു. വെറുത്തല്ല പക പോക്കേണ്ടത്, സ്‌നേഹിച്ചാണ്.

തല്ലിയല്ല വിഷമം തീര്‍ക്കേണ്ടത്, തല്ലുകൊണ്ടാണ്. മുഖം വീര്‍പ്പിച്ച് നടന്നല്ല എതിരാളിയെ നേരിടേണ്ടത്, പ്രസന്നമായി പുഞ്ചിരിച്ചാണ്. ശത്രുവിന്റെ മുമ്പില്‍ വിരുന്നൊരുക്കുന്ന ദൈവത്തെ നിങ്ങളവിടെ കാണും. ജോസഫിനെപ്പറ്റി ഉല്‍പത്തി പറയുന്നത് കാണുക: ”നീരുറവയ്ക്കരികെ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണ് ജോസഫ്. അതിന്റെ ശാഖകള്‍ മതിലിനുമീതേ പടര്‍ന്നു നില്‍ക്കുന്നു. വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനുനേരെ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു. എന്നാല്‍ അവന്റെ വില്ല് ഉറച്ചുനിന്നു” (ഉല്‍. 49:22-24).

ശത്രുവിന് എതിര്‍ക്കാനേ അറിയൂ. സ്‌നേഹിക്കാനാവില്ല. സ്നേഹം വെറുപ്പിനേക്കാൾ ശക്തമെന്ന് അറിയുമ്പോഴേ സ്‌നേഹത്തിനായി ജീവിക്കാനാകൂ. ആദിമക്രിസ്ത്യാനികളെക്കുറിച്ച് ഒരു സംസാരമുണ്ടായിരുന്നു: പെരുകാതിരിക്കാന്‍ ഇവരെ തല്ലണം, ഇല്ലായ്മ ചെയ്യണം. പക്ഷേ തല്ലിയാല്‍ ഇവര്‍ പൊറുക്കും, പൊറുത്താല്‍ ഇവര്‍ പെരുകും. ശത്രുവിന്റെനേരെ പകപോക്കാന്‍ അന്നുപയോഗിച്ച ആയുധമാണ് എക്കാലത്തും വിശ്വാസിക്ക് ഉള്ളത്.

ക്രിസ്തുവിനെ കൊന്നാല്‍ സമാധാനം കിട്ടുമെന്നവര്‍ കരുതി. സംഭവിച്ചത് ശത്രുവിന്റെ എല്ലാ സമാധാനവും അപ്പാടെ പോയി. കാരണം അവന്‍ കുരിശില്‍ കിടന്ന് ക്ഷമിക്കാനായി പ്രാര്‍ത്ഥിച്ചു. അന്ന് മൂന്നുമണിക്ക് പാറ പിളര്‍ന്നത് ഒരടയാളം മാത്രം ആണ്. ഹേറോദേസിന്റെയും കയ്യാഫാസിന്റെയും പീലാത്തോസിന്റെയും പടയാളികളുടെയും ശിഷ്യരുടെയും എല്ലാം നെഞ്ച് പിളര്‍ന്നു എന്നാണ് എഴുതേണ്ടത്.

അനര്‍ഹമായ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ ക്ഷമിച്ചാല്‍ അടിച്ചവന്‍ തകരും. ആദ്യമായി കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനി സ്‌തേഫാനോസ്. അവസാന അടിയേറ്റ് ജീവന്‍ വെടിയാന്‍ ഒരുങ്ങുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു, കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ആരോപിക്കരുത് (അപ്പ. 7:60). ഈ നിലവിളി ആരുടെ ചങ്കിലാണ് വന്നു പതിഞ്ഞത്? സാവൂളിന്റെയും കൂട്ടരുടെയുംതന്നെ.

അവരുടെ ജീവിതത്തിന്റെ ഗതിമാറി. സാവൂളിന്റെ മാനസാന്തരം തൊട്ടടുത്ത ദിനത്തില്‍ത്തന്നെ നടന്നു എന്നു നാം വായിക്കുന്നു. ശത്രുവെന്ന് കരുതുന്നവന്‍ നിങ്ങള്‍ക്കൊരു ശത്രുവല്ല, ആത്മമിത്രമാണ്. അവന്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനും അവബോധമുള്ളവനാക്കാനും അനുവദിക്കും.
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കുറ്റാരോപിതരെ തനിക്കറിയില്ലായെന്ന് ഗ്രഹാം സ്റ്റെയിന്റെ ഭാര്യ വിളിച്ചു പറയുമ്പോള്‍ സത്യത്തില്‍ ആരാണ് വിമോചിതയാകുന്നത്. ആ സ്ത്രീതന്നെ.

കുറ്റം ചെയ്തവര്‍ ശിഷ്ടകാലം ആ സ്ത്രീ ഉയര്‍ത്തിയ ക്ഷമയുടെ വാക്കില്‍ ഉരുകിക്കൊണ്ടിരിക്കും. ‘ദ ലീസ്റ്റ് ഓഫ് ദീസ്’ എന്ന ചിത്രത്തില്‍ ഈ തീക്കനലിനെക്കുറിച്ചാണ് വിവരണം. നിങ്ങളുടെ ജീവിതം തകര്‍ത്തവരോട് ക്ഷമിക്കാനാകുമോ, നിങ്ങളെ കാര്യമായി ഉപയോഗിച്ചവരെ സ്‌നേഹംകൊണ്ട് അലങ്കരിക്കാനാകുമോ, നിങ്ങളുടെ അഭിമാനമായ ചില ചുവടുകളെ തകര്‍ത്ത അധികാരികളെ സ്‌നേഹത്തോടെ സ്മരിക്കാന്‍ ശ്രമിക്കാമോ. അത് നിങ്ങളെ ശ്രേഷ്ഠരാക്കുമെന്നതില്‍ സംശയം വേണ്ട.

നാമാരും നമ്മുടേതല്ല. നാം വളരെ കാര്യമായി നമ്മുടേതു മാത്രമെന്നു കരുതുന്നതുകൊണ്ടാണ് വിട്ടുകളയാന്‍ കഴിയാത്തത്. അവിടെ നമ്മള്‍ ഈഗോയില്‍ കെട്ടപ്പെടും. ആത്യന്തികമായി നാം അവിടുത്തേതാണ്, ദൈവത്തിന്റേത്. അങ്ങനെയെങ്കില്‍ ക്ഷമിക്കുന്നതും അവിടുത്തോടൊപ്പംതന്നെയാണ്. നിങ്ങള്‍തന്നെയല്ല.

വിശുദ്ധ മദര്‍ തെരേസ പറയുന്നതിങ്ങനെ: ‘നിങ്ങള്‍ ക്ഷമ പറയുമ്പോള്‍ നിങ്ങള്‍ തെറ്റുകാരനും അപരന്‍ ശരിയും എന്നര്‍ത്ഥമില്ല. നിങ്ങള്‍ സ്‌നേഹബന്ധത്തെ, നിങ്ങളുടെ ഈശോയെക്കാള്‍ മാനിക്കുന്നു എന്ന അര്‍ത്ഥമേയുള്ളൂ.’ സ്‌നേഹിച്ച് മോഹങ്ങളെ കീഴ്‌പ്പെടുത്തുന്നതിനെക്കാള്‍ ഉന്നതമാണ് സ്‌നേഹിച്ച് പകയുടെ ഇരുട്ടിനെ തകര്‍ത്തു കളയുന്നത്.

പ്രാര്‍ത്ഥന: സ്‌നേഹത്തിന്റെ വിരുന്ന് ശത്രുവിനായി ഒരുക്കാന്‍ ക്രൂശിതാ, എനിക്ക് കൃപ നല്‍കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?