Follow Us On

22

July

2019

Monday

യേശു വാഗ്ദാനം ചെയ്ത ജീവജലവും അതിന്റെ ഗുണങ്ങളും

യേശു വാഗ്ദാനം ചെയ്ത  ജീവജലവും അതിന്റെ ഗുണങ്ങളും

യോഹന്നാന്‍ 7:37-39 വചനങ്ങളില്‍ ഇന്ന് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ആദ്യം ആ വചനങ്ങള്‍ ഉദ്ധരിക്കാം: തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റ് നിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു. ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുത്തുവന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ഗ്രന്ഥം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികള്‍ ഒഴുകും. അവന്‍ ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല. (യോഹന്നാന്‍ 7:37-39)

ഇനി യേശു ഈ വചനം പറയുന്നതിന്റെ പശ്ചാത്തലത്തിലേക്ക് പോകാം. യഹൂദന്മാരുടെ പ്രധാനപ്പെട്ട മൂന്ന് തിരുനാളുകളാണ് കൂടാരത്തിരുനാള്‍, പെസഹാ തിരുനാള്‍, പന്തക്കുസ്താ തിരുനാള്‍. ഈ ഓരോ തിരുനാളിനും ദൈവപരിപാലനയുടെ ഒരു ചരിത്രപശ്ചാത്തലം ഉണ്ട്. ഇസ്രായേല്‍ക്കാര്‍ ആദ്യപെസഹാ ആചരിച്ചത് മോശയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് മോചിതരായി വാഗ്ദാന നാട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പാണ്.

ദൈവകല്‍പനപ്രകാരം കറയില്ലാത്ത ആട്ടിന്‍കുട്ടിയെ കൊന്ന് അതിന്റെ രക്തം കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിച്ചും അതിന്റെ മാംസം തീയില്‍ ചുട്ട് പുളിക്കാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി ഭക്ഷിച്ചും ആണ് അവര്‍ പെസഹാ ആചരിച്ചിരുന്നത്. ഈ ദിവസം യഹൂദജനത്തിന് ഒരു സ്മരണാദിനം ആയിരിക്കണമെന്നും ഇത് തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി ആചരിക്കണമെന്നും ഇത് എന്നേക്കുമുള്ള ദൈവത്തിന്റെ കല്‍പന ആയിരിക്കുമെന്ന് കര്‍ത്താവ് നിര്‍ദേശിച്ചു (പുറപ്പാട് അധ്യായം 12, നിയമാവര്‍ത്തനം 16:1-9).

ഈ കല്‍പനയനുസരിച്ച് അവര്‍ എല്ലാ വര്‍ഷവും പെസഹാ തിരുനാള്‍ ആഘോഷിക്കുന്നു.  രണ്ടാമത്തേത്, പന്തക്കുസ്താ തിരുനാള്‍. പന്തക്കുസ്ത തിരുനാളിന്റെ ചരിത്രം പഴയ നിയമത്തില്‍ പലയിടത്ത് പറയുന്നുണ്ട്. പുറപ്പാട് 34:22-ല്‍ പറയുന്നു: ഗോതമ്പ് വിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം. വര്‍ഷാവസാനം സംഭരണ തിരുനാളും. ലേവ്യര്‍ 23:15-21, സംഖ്യ 28:26-31 വചനങ്ങളിലും ഇതെപ്പറ്റി പറയുന്നുണ്ട്.

മൂന്നാമത്തേതാണ്, കൂടാര തിരുനാള്‍. യഹൂദജനം വാഗ്ദാന നാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ ദൈവകല്‍പനപ്രകാരം ഒരു കൂടാരം ഉണ്ടാക്കി. കൂടാരംപണി കഴിഞ്ഞ് അത് പ്രതിഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ ദൈവം ഇറങ്ങിവന്ന് ആ കൂടാരത്തില്‍ വസിക്കാന്‍ തുടങ്ങി. ഇസ്രായേല്‍ ജനത്തോടുകൂടിയുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളം ആയിരുന്നു ഈ കൂടാരം. കൂടാരനിര്‍മാണം, അതിന്റെ പ്രതിഷ്ഠ എന്നിവയെപ്പറ്റി പുറപ്പാട് 35, 36, 40 അധ്യായങ്ങളില്‍ വായിക്കുന്നു. പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ കൂടാരത്തിലേക്ക് ദൈവം ഇറങ്ങിവന്ന് വസിക്കുന്നതിന്റെ വിവരങ്ങള്‍ പുറപ്പാട് 40:34-38 വചനങ്ങളില്‍ താഴെ വായിക്കുംവിധം എഴുതിവച്ചിരിക്കുന്നു:

ഇസ്രായേല്‍ ജനം യാത്രയിലായിരുന്നപ്പോള്‍ ഇങ്ങനെ കൂടാരം ഉണ്ടാക്കിയിരുന്നു. ദൈവം അവിടെ തന്റെ പ്രത്യേക സാന്നിധ്യം നല്‍കി ജനത്തെ നയിച്ചുകൊണ്ടിരുന്നു. സോളമന്‍ ജറുസലെം ദൈവാലയം പണിത് പ്രതിഷ്ഠിക്കുകയും വാഗ്ദാനപേടകം അവിടെ സ്ഥാപിക്കുകയും ദൈവം ദൈവാലയത്തില്‍ തന്റെ സാന്നിധ്യം നല്‍കുകയും ചെയ്യുന്നതുവരെ കൂടാരവും കൂടാരതിരുനാളും യഹൂദര്‍ക്ക് വളരെ പ്രധാനമായിരുന്നു.

ഇങ്ങനെ ഒരു കൂടാരത്തിരുനാളില്‍ സംബന്ധിക്കുവാന്‍ എത്തിയ യേശു, തിരുനാളിന്റെ അവസാന ദിവസം എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തി ഇപ്രകാരം പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെയടുത്തുവന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന് വിശുദ്ധ ഗ്രന്ഥം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.

കൂടാരത്തിരുനാളിന്റെ അവസാന ദിവസം ഒരു പ്രത്യേക ചടങ്ങ് ഉണ്ടായിരുന്നു. പുരോഹിതന്‍ സീലോഹാ കുളത്തില്‍ പോയി ഒരു സ്വര്‍ണപാത്രത്തില്‍ വെള്ളം കോരി ആഘോഷമായി ദൈവാലയത്തിലേക്ക് കൊണ്ടുവന്ന് ബലിപീഠത്തിന് സമീപം വച്ചിരുന്ന വെള്ളിപാത്രത്തില്‍ ഒഴിക്കുമായിരുന്നു. ഈ സമയത്ത് ഗായകസംഘം ഏശയ്യാ 12:3 പാടിയിരുന്നു. ഏശയ്യാ 12:3 ഇങ്ങനെയാണ്: രക്ഷയുടെ കിണറ്റില്‍നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും. യേശുവിലൂടെ നിറവേറപ്പെടേണ്ട രക്ഷയുടെ ഒരു സൂചനയാണല്ലോ ഈ വചനം.

യേശു ഉദ്ദേശിക്കുന്ന ജലം ദൈവവചനവും പരിശുദ്ധാത്മാവും ആണ്. യോഹന്നാന്‍ 14:14-ല്‍ സമരിയാക്കാരിയോട് യേശു പറഞ്ഞു: എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനെ നിത്യജീവനിലേക്ക് നയിക്കുന്ന അരുവിയാകും. യേശു പറയുന്ന രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഒന്ന്, ദാഹിക്കുന്നവന്‍ വന്ന് കുടിക്കട്ടെ. രണ്ട്, യേശു നല്‍കുന്ന ജലം കുടിക്കുന്നവന്റെ ദാഹം മാറുക മാത്രമല്ല, അവനില്‍നിന്ന് ജലം അരുവിയായി ഒഴുകുകയും ചെയ്യും.

ദൈവവചനത്താല്‍ വിശുദ്ധീകരിക്കപ്പെടുകയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ അവസ്ഥയാണിത്. അവരുടെ ആത്മീയദാഹം തീരും. അവരിലൂടെ പരിശുദ്ധാത്മാവിന്റെ വര-ദാന-ഫലങ്ങള്‍ അരുവിപോലെ ഒഴുകും.  ദൈവവചനംകൊണ്ട് കൂടുതല്‍ വിശുദ്ധീകരിക്കപ്പെടാനും പരിശുദ്ധാത്മാവിന്റെ കൂടുതല്‍ നിറവ് കിട്ടുവാനും നമുക്ക് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. അപ്പോള്‍ നമ്മള്‍ കൂടുതല്‍ സന്തോഷമുള്ളവരാകും. നമ്മള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നവരുമാകും.

ഫാ. ജോസഫ് വയലില്‍ CMI

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?