Follow Us On

09

April

2020

Thursday

പാനപാത്രം

പാനപാത്രം

”അവന്‍ അവരില്‍നിന്ന് ഒരു കല്ലേറുദൂരം മാറി മുട്ടിന്മേല്‍വീണു പ്രാര്‍ത്ഥിച്ചു. പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ. അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു” (ലൂക്കാ 22:41-42). ഉണര്‍വിലേക്കുള്ള ക്ഷണമുണ്ട് ഓരോ പ്രാര്‍ത്ഥനയിലും. അപേക്ഷിക്കുന്നവനും ഉത്തരം തരുന്നവനും ഉണരും.

മറിയം മഗ്ദലനയെ ഓര്‍ക്കുക. അവളുടെ പ്രാണനും അഭയവും ക്രിസ്തു മാത്രമായിരുന്നു. അവനെ കണ്ടുമുട്ടിയ നാള്‍ മുതല്‍ അവള്‍ അവന്റെ പുറകെയുണ്ട്. പെട്ടെന്നൊരുനാള്‍ അവന്‍ വിട പറഞ്ഞപ്പോള്‍ അവളാകെ തകര്‍ന്നുപോയി. എല്ലാ ദിവസവും കല്ലറയ്ക്കടുത്തുണ്ട്. മൂന്നാംദിനം ചെല്ലുമ്പോള്‍ കല്ലറ തകര്‍ന്നു കിടക്കുന്നു.

അവളാകെ തകര്‍ന്നുപോയി ‘പ്രഭോ, താങ്കള്‍ എന്റെ പ്രാണപ്രിയനെ എടുത്തുകൊണ്ടുപോയെങ്കില്‍ തിരിച്ചു തരിക,’ അവിടെ കണ്ടവന്‍ തോട്ടക്കാരനാണെന്നു കരുതി പറഞ്ഞതാണ്. തന്നെ കാത്തിരിക്കുന്ന മറിയത്തെ ഏറെ സ്‌നേഹിച്ച യേശു തോട്ടക്കാരനില്‍ മറഞ്ഞിരുന്നു. അവളുടെ നിലവിളിയില്‍ അധികസമയം മറഞ്ഞിരിക്കാന്‍ അവനായില്ല. മറിയം എന്നു വിളിച്ച് അവന്‍ പുറത്തുവന്നു (യോഹ. 20:11-16). തോട്ടക്കാരില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് നിലവിളിയും പ്രാര്‍ത്ഥനയും.

അര്‍ത്ഥിയുടെ പ്രാര്‍ത്ഥനയ്ക്ക് പലവിധം ഉത്തരം ലഭിക്കാം. നാലെണ്ണം ധ്യാനമാക്കാവിടെ:
ഒന്ന്: പെട്ടെന്നുള്ള മറുപടി. വിളിച്ചു തീരുംമുമ്പേ മറുപടി തരുന്ന ഒരു ദൈവം. നമുക്കേറെ ഇഷ്ടമാണിത്. ”വിളിക്കുംമുമ്പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. പ്രാര്‍ത്ഥിച്ച് തീരുംമുമ്പേ ഞാനത് കേള്‍ക്കും” (ഏശ. 65:24). നിലയില്ലാക്കയത്തില്‍ ഒരാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മൗനം പാലിക്കാന്‍ ദൈവത്തിനാകുമോ? നിലയില്ലാത്തവന്റെ വിളിയല്ലേ നിലവിളി.

മരുഭൂമിയില അലഞ്ഞ ഹാഗാര്‍ തന്റെ കുഞ്ഞിന് ദാഹജലം കിട്ടാന്‍ പ്രാര്‍ത്ഥിച്ചു. പൊടുന്നനെ മരുഭൂമി മരുപ്പച്ചയാക്കി. കരിമ്പാറയില്‍ ജലം കുതിര്‍ന്നു. കുഷ്ഠരോഗികള്‍ സൗഖ്യം കിട്ടാന്‍ നിലവിളിച്ചു. പെട്ടെന്നവന്‍ സൗഖ്യം നല്‍കി. ഗതിയില്ലാതെ വലയുന്നവന് ദൈവം മാത്രമാണാശ്രയം. അതുകൊണ്ട് അവരുടെ നിലവിളി കേള്‍ക്കാതിരിക്കാനാവില്ല.

പൊടുന്നനെ മറുപടി കിട്ടുമ്പോള്‍ ഭയപ്പെടണം. അപേക്ഷകന്റെ ഉത്തരവാദിത്വം വര്‍ധിക്കുന്നു എന്നതുതന്നെ കാരണം. മുങ്ങിത്താഴാന്‍ തുടങ്ങിയ ചെറുപ്പക്കാരന്‍ വാവിട്ടു നിലവിളിച്ചു. രക്ഷിക്കണേ! സൈക്കിളില്‍ അതുവഴി പോയ സ്‌കൂള്‍മാഷ് ഒന്നും നോക്കിയില്ല. എടുത്തുചാടി. അവനെ രക്ഷിച്ചു.

രക്ഷപെട്ടതിന്റെ സന്തോഷം അടക്കാനാവാതെ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മാഷ് സൈക്കിളില്‍ സ്ഥലംവിട്ടു. പത്തുവര്‍ഷം കഴിഞ്ഞ് തന്നെ രക്ഷിച്ച ആളെത്തിരക്കി മാഷിന്റെ അടുത്തെത്തി. എന്നെ രക്ഷിച്ച അങ്ങേക്ക് എന്തുപഹാരമാണ് ഞാന്‍ തരേണ്ടതെന്ന ചോദ്യത്തിന്, മാഷിന്റെ മറുപടി ലളിതമായിരുന്നു: ‘വെള്ളത്തില്‍നിന്നും കരകയറ്റപ്പെടുവാന്‍ യോഗ്യനായിരുന്നു നീയെന്ന് ജീവിതംകൊണ്ട് തെളിയിക്കുക.’ ശിഷ്ടായുസുമുഴുവന്‍ അതിനുള്ള ശ്രമമായിരുന്നു അവന്റെ ജീവിതം!

നിലയില്ലാക്കയത്തില്‍നിന്നും ഉടയവന്‍ നിന്നെ കരേറ്റുമ്പോള്‍ ഇത്തരം ഒരു ഉത്തരവാദിത്വംകൂടി ചുമലില്‍ വച്ചുതരുന്നുണ്ട്. ഇത്ര പെട്ടെന്ന് പ്രാര്‍ത്ഥനയ്ക്ക് മറുപടി കിട്ടാന്‍ തക്കവിധത്തില്‍ യോഗ്യനാണ് നീയെന്ന് ജീവിതംകൊണ്ട് തെളിയിക്കുക!

രണ്ട്: വൈകിയെത്തുന്ന മറുപടി. പ്രാര്‍ത്ഥന ഫലം ചൂടും. ഫലം ചൂടുന്ന ദിനം നിശ്ചയിക്കുന്നത് ഞാനല്ലെന്നുമാത്രം. ദൈവത്തിന്റെ കാലതാമസം, നിഷേധമല്ല. ”ഞാന്‍ സകല മര്‍ത്യരുടെയും കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെ. 32:27). കാത്തിരിക്കുന്നവര്‍ക്ക് ഒരു വഴി അവന്‍ കണ്ടുവച്ചിട്ടുണ്ട്. നാസി തടവറയില്‍ അകപ്പെട്ട ഒരു ഡോക്ടര്‍. കഠിനപീഡകള്‍ ഏറ്റു തകര്‍ന്നു. പ്രാര്‍ത്ഥിച്ചും മടുത്തു.

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്നും രക്ഷപെടാന്‍ ഒരു വഴിയും മുമ്പിലില്ല. അടുത്ത ദിവസം കല്‍ക്കരി ഖനിയിലെ ജോലി കഴിയുമ്പോള്‍ താന്‍ ഉള്‍പ്പെടെ നൂറുപേരെ ഗ്യാസ് ചേംബറില്‍ കുരുതി കഴിക്കും എന്ന വാര്‍ത്ത കേട്ടത് അന്നാണ്. ഏറെ നിരാശയുണ്ടെങ്കിലും പ്രത്യാശയുടെ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം അന്നു രാത്രിയിലും ഉരുവിട്ടു: ”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണ് നടക്കുന്നതെങ്കിലും ഞാന്‍ ഭയപ്പെടുകയില്ല. കര്‍ത്താവ് എന്റെ അഭയം…” സാവൂളില്‍നിന്നും രക്ഷപെടാന്‍ ദാവീദ് നടത്തിയ പ്രാര്‍ത്ഥനയാണിത്. കണ്ണു കലങ്ങിയ വേദനയില്‍ ആ രാത്രി കടന്നുപോയി.

പിറ്റേന്ന് ഡോക്ടറെ അടക്കം നൂറുപേരെ കൊണ്ടുപോകാന്‍ പട്ടാളം തയാറായി നിന്നു. തലയെണ്ണുന്ന സമയമായി. അടുത്തത് ഡോക്ടറാണ്. നന്ര്‍ 77-ഉം. പെട്ടെന്ന് പട്ടാളക്കാരന്റെ പേന താഴെ വീണു. അതെടുത്തശേഷം വീണ്ടും 77 മുതല്‍ എണ്ണി. ഇദ്ദേഹമൊഴികെ വേറെ ആരും ഇതറിഞ്ഞിട്ടില്ല. നൂറിനു പകരം നൂറ്റൊന്നുപേരുമായി വണ്ടി ഖനിയിലെത്തി. തിരിച്ച് ഗ്യാസ് ചേംബറിലേക്ക് ആളെ കയറ്റിയപ്പോള്‍ ഇദ്ദേഹം ഒരിടത്ത് ഒളിച്ചിരുന്നു. നൂറുപേര്‍ തികഞ്ഞതിനാല്‍ അവര്‍ വണ്ടിയില്‍ മടങ്ങി. ഇയാള്‍ സ്വന്തം ഭവനത്തിലേക്കും. ശരിയാണ്, മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലും തന്നെ രക്ഷിച്ചത് ദൈവം മാത്രമാണെന്നയാള്‍ ഏറ്റുപറഞ്ഞു.

ഉപേക്ഷിച്ചുകളയാതെ അപേക്ഷ തുടരുന്നവര്‍ക്കാണ് മറുപടി. വാഗ്ദാനം നല്‍കിയവന്‍ ദൈവമെങ്കില്‍ അതു നടപ്പിലാക്കുന്നതില്‍ അവന്‍ കുറവു വരുത്തില്ല. കാലതാമസവും വരുത്തില്ല. രണ്ടു കാര്യം നാം ശ്രദ്ധിക്കണമിവിടെ. ഒന്ന്, നമ്മുടെ കണക്കുകൂട്ടലുകള്‍ അവന്‍ ഭേദിക്കും. നീ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് നിനക്കത് ലഭിച്ചതെന്ന ചിന്തയില്‍പോലും നീ കുടുങ്ങരുത്. പ്രാര്‍ത്ഥനപോലും വിഗ്രഹമാകരുത്.

ജോലിക്കായി പ്രാര്‍ത്ഥിച്ചു, ഏറെനാള്‍. പിന്നെ ദൈവത്തിന് വിട്ടു. അപ്പോഴിതാ ഇന്റര്‍വ്യൂ കാര്‍ഡ് വരുന്നു. നാം കൈവിടുമ്പോള്‍ അവന്‍ കൈനിവര്‍ത്താന്‍ തുടങ്ങും. അവന്‍ ഒരിക്കലും വഞ്ചിക്കില്ല. രണ്ടാമതായി, നാം സ്വീകരിക്കാന്‍ പറ്റിയ പാകമാകുമ്പോള്‍ ദൈവം തരും. അത്രയും നാള്‍ അവനതു നിഷേധിക്കും. തീപ്പന്തം കൈയില്‍ വച്ചുകൊടുക്കാന്‍ പപ്പ കാലതാമസം വരുത്തുന്നതുപോലെയാണിത്. തീയുടെ ഗുണദോഷങ്ങള്‍ അറിയുംവരെ പപ്പ കാത്തിരിക്കും. നമുക്കേ സമയം വൈകിയിട്ടുള്ളൂ, അവന് ഇനിയും സമയമായിട്ടില്ല.

മൂന്ന്: പരോക്ഷമായ മറുപടി. ചോദിച്ചതല്ല കിട്ടിയത്. കിട്ടിയതല്ല ചോദിച്ചതും. വിക്ക് മാറാന്‍ മോശ പ്രാര്‍ത്ഥിച്ചു. വിക്ക് മാറിയില്ല, പകരം അഹറോനെ നല്‍കി (പുറ. 4:16). പൗലോസ് മുള്ള് മാറാന്‍ പ്രാര്‍ത്ഥിച്ചു. മുള്ള് അവിടെത്തന്നെയിരുന്നു. പകരം കൃപയുടെ സമൃദ്ധി നല്‍കി (2 കോറി. 12:7). ലാസറിന്റെ രോഗം മാറാന്‍ പ്രാര്‍ത്ഥിച്ചു.

രോഗം മാറിയുമില്ല, ആള് മരിച്ചുംപോയി. പക്ഷേ മൂന്നാം പക്കം ഉയിരു നല്‍കി (യോഹ. 11). സുന്ദരകവാടത്തിലെ യാചകന്‍ ഭിക്ഷാപാത്രം നീട്ടി, ശിഷ്യപ്രമുഖനുനേരെ. ചില്ലിക്കാശ് കിട്ടിയില്ല. പകരം സൗഖ്യം കിട്ടി (അപ്പ. 3). ദുഃഖവെള്ളി മാറാനാണ് രക്ഷകന്‍ പ്രാര്‍ത്ഥിച്ചത്. അതു മാറിയില്ല, പകരം ഉയിര്‍പ്പുഞായര്‍ നല്‍കി.

ചോദിക്കുന്നത് നല്‍കുന്നത് മാത്രമല്ല, നല്‍കാത്തതും സ്‌നേഹത്തിന്റെ അടയാളംതന്നെ. ആവശ്യപ്പെട്ടത് നല്‍കാതെ ആവശ്യമുള്ളത് നല്‍കുന്ന സ്‌നേഹം.
അപകടത്തില വലതുകരം നഷ്ടമായ ഒരു ഡ്രോയിങ്ങ് അധ്യാപിക. കരം നഷ്ടമായതോടെ അവരുടെ കാലം തീര്‍ന്നു എന്നായി അവര്‍. പഠിപ്പിക്കാനാവില്ല, കൈ നിവര്‍ന്നു വരാന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് കാലിന്റെ വേദന രൂക്ഷമായി. അങ്ങനെയിരിക്കെ ആരോ പറഞ്ഞു, എന്തുകൊണ്ട് ഇടതുകൈകൊണ്ട് പടം വരയ്ക്കാന്‍ ശ്രമിച്ചുകൂടാ. എന്തായാലും വര തുടങ്ങി. ഇന്നവരുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ ലൈബ്രറിയിലുണ്ട്.ചിലപ്പോള്‍ ദൈവം ഇങ്ങനെയാണ്. പ്രാര്‍ത്ഥന എന്നും എവിടെയും കേള്‍ക്കപ്പെടുന്നുണ്ട്. മറുപടിയുടെ തലം മാറിയേക്കാം.

നാല്: ഉദാത്തമായ മറുപടി. ഇതു മനസിലാക്കുക എളുപ്പമല്ല. ഇവിടെ പ്രാര്‍ത്ഥനയ്ക്ക് പൊടുന്നനെ മറുപടിയില്ല, വൈകിയും ലഭിക്കുന്നില്ല. പരോക്ഷമായും കിട്ടുന്നില്ല. പിന്നെ, പ്രാര്‍ത്ഥിക്കുന്നവനില്‍ വല്ലാത്ത ഒരു മാറ്റം സംഭവിക്കുന്നു. അര്‍ത്ഥകന്റെ പ്രാര്‍ത്ഥനയെ ഉടയവന്‍ ഉദാത്തമാക്കുന്നു, മറ്റെന്തിനോവേണ്ടി. സ്‌കൂളില്‍ പോകാന്‍ നല്ല വസ്ത്രമില്ലാത്ത കുഞ്ഞ് ദൈവാലയത്തില്‍ ചെന്നത് ഈശോയോട് പരാതി പറയാനാണ്.

മടങ്ങിയെത്തി, അവന്‍ മൗനിയായി. കാരണം തിരക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്, ‘എനിക്കിടാന്‍ രണ്ടു ജോഡി വസ്ത്രമെങ്കിലുമുണ്ട്. കുരിശില്‍ കിടക്കുന്നവന് നാണം മറയ്ക്കാനുള്ള തുണിപോലുമില്ല. പിന്നെ എന്തു പ്രാര്‍ത്ഥിക്കാനാണ്?’ നാളത്തെ ക്രിസ്ത്യാനി ഒന്നുകില്‍ യോഗിയായിരിക്കണം അല്ലെങ്കില്‍ ഒന്നുമായിരിക്കില്ല (കാള്‍ റാനര്‍).

ചോദിച്ചാല്‍ എന്തും കിട്ടുമെന്നു പറഞ്ഞാണ് അവന്‍ പ്രിയരെ കൂട്ടിച്ചേര്‍ത്തത്. പിന്നെ എന്തു ചോദിക്കണം എന്ന് പഠിപ്പിച്ചു. തുടര്‍ന്ന് എങ്ങനെ സ്വീകരിക്കണമെന്നും പഠിപ്പിച്ചു. നാട്ടിലെ വൊക്കേഷന്‍ ക്യാമ്പുപോലെതന്നെ. അവസാനം വിളമ്പിയ വീഞ്ഞാണ് ആദ്യത്തെക്കാള്‍ വീര്യമേറിയത്. എങ്ങനെ സ്വീകരിക്കണം എന്ന പഠനം. ‘അപ്പാ ഈ പാനപാത്രം കഴിയുമെങ്കില്‍ മാറ്റിത്തരണം.’ ആദരവുകൊണ്ടാണ് കഴിയുമെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചത്.

അപ്പന് കഴിയാത്തതായി ഒന്നുമില്ലെന്ന് മകനറിയാം. എങ്കിലും അപ്പന്റെ ഇഷ്ടമേ നിറവേറാന്‍ പാടുള്ളൂ. മൂന്നാവര്‍ത്തി പ്രാര്‍ത്ഥിച്ചു. പൂര്‍ണമായ പ്രാര്‍ത്ഥനയാണിത്. മൂന്നാമതും വിളിച്ചിട്ട് പാനപാത്രം സ്വീകരിച്ചു, ഗത്‌സെമനിലെ ക്രിസ്തു. നിങ്ങള്‍ക്കും മൂന്നാവര്‍ത്തി പ്രാര്‍ത്ഥിക്കാം. ഒരേ നിയോഗത്തിനായി. ശേഷം പാനപാത്രം കയ്പു നിറഞ്ഞതെങ്കിലും സ്വീകരിക്കാന്‍ മടിക്കരുത്. ഉടനെ സ്വര്‍ഗദൂതന്‍ അവനെ ശക്തിപ്പെടുത്തി. ഒരു കാര്യം അതെത്ര വേദന നിറഞ്ഞതെങ്കിലും, സ്വീകരിക്കാന്‍ നാം തയാറായാല്‍ പിന്നെ ഒന്നിനും നമ്മെ തകര്‍ക്കാനാവില്ല.

അത്ഭുതം രണ്ടുവിധമുണ്ട്: മനുഷ്യന്റെ പ്രാര്‍ത്ഥനയ്ക്കിണങ്ങിയവിധം ദൈവം വഴങ്ങുമ്പോള്‍ അത്ഭുതമാണ്. ദൈവത്തിനിണങ്ങിയവിധം മനുഷ്യന്‍ വളരുമ്പോഴും അത്ഭുതമാണ്. രണ്ടാമത്തേതാണ് മഹാത്ഭുതം. രോഗം മാറിയില്ല, സ്വീകരിച്ചു. സൗഖ്യത്തെക്കാള്‍ വലിയ സൗഖ്യമല്ലേയിത്. ഇനി ഇയാളെ രോഗിയാക്കാന്‍ ഏതെങ്കിലും ദീനത്തിനാകുമോ. വിജയിക്കാന്‍ പ്രാര്‍ത്ഥിച്ചു. അമ്പേ തോറ്റുപോയി പല പ്രാവശ്യം പരീക്ഷയില്‍. പിന്നെ അതങ്ങ് സ്വീകരിച്ചു. ഇനി എന്നെങ്കിലും ഇയാളെ പരാജയപ്പെടുത്താന്‍ തോല്‍വിക്കാകുമോ. നമ്മുടെ ജീവിതത്തിന്റെ വിരുന്നുമേശയില്‍ വിളമ്പുന്നത് പരാതികൂടാതെ സ്വീകരിക്കാന്‍ പഠിക്കുന്നതാണ് ഉദാത്തമായ ആത്മീയത.

എഴുപത്തിരണ്ടുപേരെ അയക്കുമ്പോള്‍ ക്രിസ്തു പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്, നിങ്ങള്‍ക്ക് വിളമ്പിക്കിട്ടുന്നത് ഭക്ഷിക്കുക (ലൂക്കാ 10:8). ചില ദിവസങ്ങള്‍ സ്വീകരണത്തിന്റെയും അംഗീകാരത്തിന്റെയും വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ട്. മറ്റു ചില ദിവസങ്ങളില്‍ തിരസ്‌കരണത്തിന്റെയും ഒഴിവാക്കലിന്റെയും വിഭവങ്ങള്‍. രണ്ടും ആദരവോടെ സ്വീകരിക്കുന്നു. കാരണം ഇന്നലെ വിളമ്പിയവന്‍ തന്നെയാണ് ഇന്നത്തെയും വിഭവങ്ങള്‍ ഒരുക്കിയത്.

വിശുദ്ധ ക്രിസോസ്റ്റം പറയുന്നത് എത്രയോ ശരി: ‘ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഒരത്ഭുതം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ കടക്കാരനാകുന്നു. ദൈവം തരുന്നത് നിങ്ങള്‍ സ്വീകരിച്ച് ആത്മാക്കള്‍ക്കായി കാഴ്ചവയ്ക്കുമ്പോള്‍ ദൈവം നിങ്ങളുടെ കടക്കാരനാകുന്നു.’ ഭൂമിയില്‍ എണ്ണിത്തീരാത്ത കടങ്ങളുള്ള നമുക്ക് നമ്മുടെ ദൈവത്തെ കടക്കാരനാക്കിയാലോ. അതെ, അതുതന്നെയാണ് വേണ്ടത്.

പ്രാര്‍ത്ഥന: ദൈവമേ, ജീവിതത്തിന്റെ വിരുന്നുമേശയില്‍ വിളമ്പിത്തരുന്നതെല്ലാം പരാതിയില്ലാതെ ആദരവോടെ, സ്‌നേഹത്തോടെ സ്വീകരിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?