Follow Us On

19

April

2024

Friday

തോല്ക്കാനും പഠിപ്പിക്കേണ്ടതല്ലേ?

തോല്ക്കാനും  പഠിപ്പിക്കേണ്ടതല്ലേ?

മാതാപിതാക്കള്‍ ശകാരിച്ചതിന്റെയും അധ്യാപകര്‍ വഴക്കുപറഞ്ഞതിന്റെയും പേരില്‍ ആത്മഹത്യ ചെയ്തവരും അതിന് തുനിഞ്ഞവരുമായ ധാരാളം കൗമാരക്കാരുണ്ട്. ടി.വി കാണുന്നതില്‍നിന്നു വിലക്കിയതിന്റെ പേരില്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. എസ്.എസ്എല്‍സി, പ്ലസ്ടു റിസല്‍ട്ട് പ്രഖ്യാപനങ്ങളോടനുബന്ധിച്ച് കൗണ്‍സിലിംഗ് നല്‍കുന്നതിനെപ്പറ്റിയുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ വരുന്നത് പതിവാണ്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് അവയുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. പരീക്ഷകളുടെ കാഠിന്യം കുറഞ്ഞതും വിജയശതമാനം ഉയര്‍ത്തിയതുമായിരിക്കും അതിന് കാരണം. പുതിയ തലമുറയിലെ വലിയൊരു വിഭാഗവും ചെറിയ പരാജയങ്ങള്‍പ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മാനസികാവസ്ഥ ഉള്ളവരാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് അധികം പരിശോധിക്കപ്പെടുന്നില്ല.

തോല്ക്കാന്‍ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുന്നില്ല അല്ലെങ്കില്‍ അതിന് അവസരം നല്‍കുന്നില്ല. മക്കള്‍ എന്ത് ആവശ്യപ്പെട്ടാലും ഉടനടി സാധിച്ചുകൊടുക്കാന്‍ മത്സരിക്കുന്നവരാണ് പലരും. കാത്തിരിപ്പിന്റെ, തിരസ്‌കരണത്തിന്റെ അനുഭവങ്ങളൊന്നും അതിനാല്‍ അവര്‍ക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന പരാജയങ്ങളില്‍ തളര്‍ന്നുപോകുന്നു. തന്റെ ജീവിതം തീര്‍ന്നു എന്നൊക്കെയായിരിക്കും ഒരു വിഷയത്തിന് തോല്ക്കുമ്പോഴോ പ്രതീക്ഷക്ക് വിരുദ്ധമായി സംഭവിക്കുമ്പോഴോ ഉണ്ടാകുന്ന ചിന്തകള്‍.

ജീവിതത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് ചിന്ത മക്കളുടെ മനസുകളില്‍ നിറയ്ക്കണമെന്നല്ല. എന്നാല്‍, പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന ബോധ്യം അവരില്‍ ഉണ്ടാകണം. ഒന്നോ രണ്ടോ ഒരു ഡസനോ അതിലധികമോ പരാജയങ്ങള്‍കൊണ്ട് തീര്‍ന്നുപോകുന്നതല്ല ജീവിതമെന്ന പാഠം കുട്ടികളുടെ ഹൃദയങ്ങളില്‍ പതിയണം.

പൊതുതിരഞ്ഞെടുപ്പിന്റെ നടുവിലാണ് രാജ്യം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എത്ര കഴിവുള്ളവരാണെങ്കിലും ഒരാള്‍ക്കുമാത്രമേ വിജയിക്കാനാകൂ. മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളെ നോക്കിയാല്‍ അനേകം തവണ പരാജയപ്പെട്ടവര്‍ വീണ്ടും ജനവിധി തേടുന്നുണ്ടെന്ന് മനസിലാകും. ഒന്നിലധികം തവണ പരാജയപ്പെട്ടിട്ടും പിന്നീട് വിജയിക്കുകയും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്ത ധാരാളം നേതാക്കന്മാരുണ്ട്.

ഒരു പരാജയത്തിന്റെ പേരില്‍ അവര്‍ പിന്‍വാങ്ങിയിരുന്നെങ്കില്‍ അതിന്റെ നഷ്ടം രാജ്യത്തിനായിരുന്നു. തോല്‌വികളുടെ പിന്നില്‍ ദൈവത്തിന് വലിയ പദ്ധതികള്‍ ഉണ്ടാകും. അതിന്റെ അര്‍ത്ഥം നമുക്ക് മനസിലായെന്നുവരില്ല. പ്രചോദനാത്മക പുസ്തകങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും വായനക്കാരും കേള്‍വിക്കാരുമുള്ള കാലമാണിത്. എങ്ങനെയും വിജയിക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് അത്തരം അനുഭവങ്ങള്‍ കേള്‍ക്കാന്‍ പലരും ഇഷ്ടപ്പെടുന്നത്.

വിജയത്തിന്റെ കഥകള്‍ കേള്‍ക്കു മ്പോഴും പലരുടെയും മനസുകളില്‍ അവര്‍ കുടിച്ച പരാജയത്തിന്റെ കയ്പുനീരുകളുടെ അനുഭവങ്ങള്‍ പതിയുന്നില്ല. മാതാപിതാക്കള്‍ സ്വന്തം ജീവിതാനുഭവങ്ങള്‍കൂടി മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. പ്രതിസന്ധികളെ അതിജീവിച്ച് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ഒരാളെപ്പറ്റി അറിയുന്നതിലും അവരെ സ്വാധീനിക്കുന്നത് പ്രതിസന്ധികളെ തോല്പിച്ച സ്വന്തം മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും കഥകളായിരിക്കും. അവര്‍ കരുത്തരായിത്തീര്‍ന്ന അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസിന് ബലം പകരും.

ചില മാതാപിതാക്കളെങ്കിലും പ്രതിസന്ധികളെ നേരിട്ട അനുഭവങ്ങളെ കൈകാര്യം ചെയ്യുന്നത് വിപരീത അര്‍ത്ഥത്തിലാണ്. ഞങ്ങള്‍ക്കോ ഒന്നിനും കഴിഞ്ഞില്ല, വേണമെങ്കില്‍ പഠിച്ച് മിടുക്കരാകണമെന്നായിരിക്കും മക്കളെ ഉപദേശിക്കുന്നത്. കുട്ടികളോട് സ്‌നേഹം ഇല്ലാത്തുകൊണ്ടല്ല അങ്ങനെ പറയുന്നത്. സ്വന്തം നിസഹായതയാണ് ആ വാക്കുകളില്‍ നിഴലിക്കുന്നത്. പലര്‍ക്കും ആഗ്രഹിച്ചതുപോലെ വളരാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.

സാഹചര്യങ്ങളുടെ പരിമിതികള്‍മൂലമായിരിക്കും ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ഉയരാന്‍ കഴിയാതെ പോയത്. പരാജയങ്ങളെ പോസിറ്റീവായി കാണുമ്പോഴാണ് മക്കളെ കരുത്തുള്ളവരാക്കി മാറ്റുന്നത്. അതുകൊണ്ട് വിപരീത അനുഭവങ്ങളെ നെഗറ്റീവായി അവതരിപ്പിച്ച് മക്കളുടെ മനസിനെ കൂടുതല്‍ ഭാരപ്പെടുത്തരുത്. തന്നെക്കാള്‍ കഴിവു കുറഞ്ഞ ഒരുപാടുപേര്‍ ഉയരങ്ങളില്‍ എത്തിയിട്ടുണ്ടും തനിക്കതിന് സാധിച്ചില്ലല്ലോ എന്നതാണ് ചിലരെ ഭാരപ്പെടുത്തുന്നത്.

അവിടെ കാണാതെ പോകുന്ന മറ്റൊരു വസ്തുതയുണ്ട്. തന്നെക്കാള്‍ എല്ലാ നിലയിലും മികച്ചുനിന്നിരുന്ന പലരും ഇപ്പോള്‍ പിന്നിലാണ്. ദൈവം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ നിയോഗങ്ങളാണ് നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച പരാജയ അനുഭവങ്ങള്‍ മക്കള്‍ക്ക് കരുത്തു പകരുന്നതായി മാറ്റണം. അല്ലാതെ അവരെ പരാജയ ഭീതിയിലേക്ക് നയിക്കുന്നതാകരുത്. ജീവിതമെന്നത് പരാജയങ്ങളുടെയും വിജയങ്ങളുടെയും ആകെത്തുകയാണ്. പരാജയത്തില്‍നിന്നും വിജയത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്നത് വിസ്മരിക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?