Follow Us On

09

April

2020

Thursday

നാലാമത്തെ കാസ

നാലാമത്തെ കാസ

”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഞാനിതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്നും ഞാന്‍ കുടിക്കുകയില്ല. ഇതുപറഞ്ഞ് അവന്‍ സ്‌തോത്രഗീതം ആലപിച്ച് ഒലിവുമലയിലേക്ക് പോയി” (മര്‍ക്കോ. 14:25-26).

പീഡാനുഭവത്തിന്റെ തലേരാത്രി. തന്റെ പ്രിയശിഷ്യരെ ചേര്‍ത്തുപിടിച്ച് അവന്‍ പെസഹാ ഭക്ഷിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?
പെസഹാ യഹൂദന്റെ മതാത്മക ജീവിതത്തിലെ ഏറ്റം വലിയ ഉത്സവദിനമാണ്. ക്രിസ്തുവിനുമുമ്പ് ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കപ്പുറം അടിമത്തത്തിന്റെ മണ്ണില്‍നിന്നും ഇസ്രായേല്‍ മോചിതമായത് നന്ദിയോടെ ഓര്‍ക്കുന്ന ദിവസം. ആദരവോടെയുള്ള ഒരു ഓര്‍മയാചരണമാണിത്. ഒരു രാത്രിയില്‍ ഈജിപ്തില്‍നിന്നും ഇവര്‍ സ്വതന്ത്രമായത് ചരിത്രത്തിന്റെ പുതിയൊരു അധ്യായം കുറിക്കാനായിരുന്നു.

പെസഹാ ഭക്ഷണത്തില്‍ നാലു ഭാഗങ്ങള്‍ കാണാം. ഓരോന്നും അവസാനിക്കുന്നത് ഓരോ കാസ വീഞ്ഞ് പാനം ചെയ്തുകൊണ്ടാണ്. അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനും പ്രഭാഷകനുമായ സ്‌കോട്ട്ഹാന്‍ മനോഹരമായി വിശദീകരിക്കുന്നുണ്ട്, ഈ ഭാഗങ്ങള്‍. ആദ്യഘട്ടത്തില്‍ കയ്പുള്ള ഇലകളും ഫലങ്ങളും ഭക്ഷിക്കും. അടിമത്തത്തിന്റെ കയ്‌പേറിയ നാളുകളെ സ്മരിക്കാനാണിത് ചെയ്യുന്നത്. തുടര്‍ന്ന് ആദ്യ കാസ പാനം ചെയ്യും.

ആദ്യഘട്ടത്തെക്കാള്‍ പ്രധാനമാണ് രണ്ടാംഭാഗം. പുറപ്പാട് പുസ്തകത്തിന്റെ പന്ത്രണ്ടാം അധ്യായം അവര്‍ വായിക്കും. തന്റെ ജനത്തെ വിടുവിക്കാന്‍ തയാറകാത്ത ഈജിപ്തിനെതിരെ ദൈവം മഹാമാരി അയക്കുന്ന കഥയുടെ വിവരണമാണിത്. സംഹാരദൂതനെ പ്രത്യേകം സ്മരിക്കും. സംഹാരദൂതന്‍ കടന്നുപോകുമ്പോള്‍ ആരുടെയൊക്കെ വീടിന്റെ മേല്‍പടിയിലും കട്ടിളക്കാലുകളിലും കുഞ്ഞാടിന്റെ രക്തം കാണുന്നുണ്ടോ അവയെ ആ ദൂതന്‍ സ്പര്‍ശിക്കാതെ കടന്നുപോകും. പിതാക്കന്മാരുടെ ഭവനത്തെ സംരക്ഷിച്ച ദൈവത്തിനിവര്‍ നന്ദി പറഞ്ഞുകൊണ്ട് 113-ാം സങ്കീര്‍ത്തനം ആലപിക്കും. ഉന്നതനും കാരുണ്യവാനുമായ ദൈവത്തെ വാഴ്ത്തുന്ന സങ്കീര്‍ത്തനമാണിത്. തുടര്‍ന്ന് രണ്ടാമത്തെ കാസ പാനം ചെയ്യും.

മൂന്നാംഘട്ടം മറ്റ് രണ്ട് ഭാഗങ്ങളെക്കാളും പ്രധാനമാണ്. കാരണം ഇവിടെയാണ് ഭോജനത്തിന്റെ പ്രധാന ഭാഗം. കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും സ്വീകരിക്കുന്നത് ഇവിടെയാണ്. പാനപാത്രം ആശീര്‍വദിക്കുന്ന ഭാഗവും മൂന്നാം ഘട്ടത്തിലാണ്. ഇവിടെ യേശു ആശീര്‍വദിക്കുന്ന രംഗമാണ് മര്‍ക്കോസ് 14:23-ല്‍ നല്‍കിയിരിക്കുന്നത്: ”അനന്തരം പാനപാത്രം എടുത്ത് കൃതജ്ഞതാ സ്‌തോത്രം ചെയ്ത് അവര്‍ക്ക് നല്‍കി. എല്ലാവരും അതില്‍നിന്നു പാനം ചെയ്തു.” ഇതു പറഞ്ഞ് മൂന്നാമത്തെ കാസ സ്വീകരിക്കുന്നു.

നാലാം ഘട്ടമാണ് പരമപ്രധാനം. നന്ദിപ്രകാശനത്തിന്റെ ഉയര്‍ന്ന സ്‌തോത്രഗീതങ്ങള്‍ ആലപിക്കും. 114 മുതല്‍ 118 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ വായിക്കും. തുടര്‍ന്ന് നാലാമത്തെ കാസ പാനം ചെയ്യുന്നു. അന്ന് യേശുവിന്റെ അന്ത്യഭോജനത്തില്‍ നാലാമത്തെ കാസ അവന്‍ സ്വീകരിച്ചില്ല. ഒരു യഹൂദന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഈ ഭാഗം എന്തുകൊണ്ടാണ് ക്രിസ്തു സ്വീകരിക്കാതെ പോയത്. നാം വായിക്കുന്നു: ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല. സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്ക് പോയി” (മര്‍ക്കോ. 14:25-26).

എനതാണ് ഈ നാലാമത്തെ പാനപാത്രം? ഗെത്‌സമെന്‍ തോട്ടത്തില്‍വച്ച് കടന്നുപോകാന്‍ അവന്‍ ആഗ്രഹിച്ചത് ഈ കാസയാണ്. ഈ പശ്ചാത്തലത്തില്‍ ധ്യാനിക്കാം.
കുരിശില്‍ യാഗമായി അര്‍പ്പിക്കപ്പെടുന്ന സമയത്ത് ക്രിസ്തു വിളിച്ചു പറഞ്ഞു. എനിക്ക് ദാഹിക്കുന്നു. എന്തിനുവേണ്ടിയുള്ള ദാഹമാണിത്? ജീവജലത്തിന്റെ ഉറവയായവന് ദാഹമോ.

ദൃക്‌സാക്ഷിയായ യോഹന്നാന്‍ പറയുന്നത് കാണുക: ”അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്നറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്ക് ദാഹിക്കുന്നു (യോഹ. 19:29). വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. അത് സ്വീകരിച്ചിട്ട് അവന്‍ പറഞ്ഞു, എല്ലാം പൂര്‍ത്തിയായി. നാലാമത്തെ കാസ ക്രിസ്തുവിന്റെ മരണമാണ്. ഇനിയൊന്നും ബാക്കിവച്ചിട്ടില്ല. തല ചായ്ച്ച് അവന്‍ ആത്മാവിനെ സമര്‍പ്പിച്ചു.

ശിഷ്യരുമൊത്ത് ആരംഭിച്ച പെസഹാഭക്ഷണം അവസാനിപ്പിക്കുന്നത് കുരിശിലെ മരണത്തിലാണ്. തലേരാത്രിയിലെ ഭോജനവും പിറ്റേനാളിലെ മരണവും കൂടിച്ചേര്‍ന്നതാണ് ക്രിസ്തുവിന്റെ പെസഹ. അതാണ് ഇന്ന് നാമാചരിക്കുന്ന പുതിയ ഉടമ്പടിയുടെ പെസഹ അഥവാ കുര്‍ബാന. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കുഞ്ഞാടിന്റെ രക്തം ഇതുപോലൊരു ഹിസോപ്പു ചെടിയുടെ തണ്ടില്‍ മുക്കി കട്ടിളപ്പടിയിലും മേല്‍പടിയിലും പുരട്ടിയാല്‍ രക്ഷപെടുമെന്ന് പറഞ്ഞത് ഓക്കാതിരിക്കാനാവില്ല (പുറ. 12:21-22).

കടന്നുപോകാന്‍ ഗത്‌സെമനില്‍ വച്ചു പ്രാര്‍ത്ഥിച്ചതും പകര്‍ന്നു നല്‍കാന്‍ കാല്‍വരിയില്‍വച്ച് നിലവിളിച്ചതും ഈ നാലാമത്തെ കാസയായ അവന്റെ മരണത്തിനുവേണ്ടിയായിരുന്നു. അതെ, പെസഹാകുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നെഴുതി പൗലോസ് (1 കോറി. 5:7). ഉടനെ കുരിശില്‍നിന്നും നാം ആ ശബ്ദം കേട്ടു. എല്ലാം പൂര്‍ത്തിയായി. ഇനിയൊന്നും അവന്‍ ബാക്കിവച്ചിട്ടില്ല. പാപപരിഹാര ബലിയായി അവന്‍ മാറിക്കഴിഞ്ഞു.
ക്രിസ്തു മരണം സ്വീകരിച്ച് മരണത്തെ കീഴ്‌പ്പെടുത്തി.

നാം എപ്പോള്‍ വേണമെങ്കിലും മരിക്കാം. ക്രിസ്തുവാകട്ടെ, അവന്‍ കരുതുന്ന സമയത്തേ അവന്റെ പ്രാണനെ കൊടുക്കുകയുള്ളൂ. തല്ലിയാല്‍ ക്രിസ്തു മരിക്കില്ല. ഒരു പീഡയിലും അവന്‍ മരിക്കില്ല. അവന്‍ സ്വയം അര്‍പ്പിക്കണം. തരിക, മരണത്തിന്റെ ചഷകമായ നാലാമത്തെ കാസ തരിക എന്നു പറഞ്ഞ് അവിടുന്ന് അര്‍പ്പിച്ചു. ക്രിസ്തുവായിരിക്കുന്നവന്‍ നിത്യജീവന്റെ ഭാഗമാണെന്നോര്‍ക്കുക.

പ്രാര്‍ത്ഥന: നമ്മുടെ കര്‍ത്താവിന് തുല്യനായി ആരുണ്ട്? അവന്റെ മഹത്വം എന്നില്‍ പ്രകാശിക്കട്ടെ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?