Follow Us On

15

July

2020

Wednesday

ഒരിക്കല്‍ക്കൂടി ആരംഭിക്കാം

ഒരിക്കല്‍ക്കൂടി ആരംഭിക്കാം

”യേശു അവരെ അടുത്തേക്ക് വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല” (ലൂക്കാ 18:16-17).

വലുതാകാനുള്ള തിടുക്കത്തില്‍ നമ്മിലെ കുഞ്ഞിനെ നാം തകര്‍ത്തുകളഞ്ഞു. വലുതായപ്പോള്‍ കാപട്യത്തിന്റെ വേലിയേറ്റവും കുഞ്ഞിന്റെ വേലിയിറക്കവും സംഭവിച്ചുപോയി. ഒരു കുഞ്ഞിന് സ്വന്തമായ നിഷ്‌കളങ്കതയും പരിശുദ്ധിയും തുറവിയുമൊക്കെ എക്കാലത്തും ചേര്‍ത്തുപിടിച്ചേ മതിയാകൂ. ആത്മീയപ്രയാണത്തിന്റെ മടക്കയാത്രകളെല്ലാം ഈ കുഞ്ഞിലേക്കുള്ളതാണ്. ആദ്യവിശുദ്ധി, ആദ്യനിഷ്‌കളങ്കത, ആദ്യത്തെ വീഴ്ചകള്‍ എന്നിങ്ങനെ പലതിലേക്കും. കുഞ്ഞിനെ ധ്യാനിക്കാം ഇവിടെ:

ഒന്ന്: കുഞ്ഞിന് ചരിത്രമില്ല. അമ്മയുടെ ഉദരവും ജനനസമയവുമല്ലാതെ പറയാന്‍ വലിയ ചരിത്രമില്ല കുഞ്ഞിന്. ഓര്‍ത്തുവയ്ക്കാന്‍ കാര്യമായി ഒന്നുമില്ല. ചരിത്രമില്ലാത്തതിനാല്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കഥകളില്ല. വമ്പുപറയാന്‍ അംഗീകാരങ്ങളോ വീര്‍പ്പുമുട്ടാന്‍ തിരസ്‌കരണങ്ങളോ കുഞ്ഞിനില്ല.
വലിയവന് അങ്ങനെയല്ല. ചരിത്രമുണ്ട് ഒപ്പം ഒരുപിടി നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കഥകളും.

യേശുവിനെ സന്ദര്‍ശിച്ച ഫരിസേയപ്രമാണി നിക്കേദേമൂസിനെ കാണുക. പ്രമാണവും നിയമവുമൊക്കെ കൂട്ടിനുണ്ട്. അതിലാണ് മൊത്തം ജീവിതം. എന്നിട്ടും ക്രിസ്തു അയാളെ മോഹിപ്പിച്ചു. ദൈവത്തിനുമാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരാന്തരിക ശൂന്യത സൃഷ്ടിയിലേ മനുഷ്യനുണ്ട് (ബ്ലെയ്‌സ് പസ്‌കാല്‍). എല്ലാ യാത്രകള്‍ക്കും ഒടുവില്‍ നിങ്ങള്‍ അവനില്‍ ചേര്‍ന്നേ മതിയാകൂ.

അവന്റെ ആശങ്കകള്‍ക്കും ആകുലതകള്‍ക്കുമുള്ള മറുപടി ശ്രദ്ധിക്കുക: വീണ്ടും ജനിക്കണം. കുഞ്ഞാകണം. നിയമത്തിനും പ്രമാണത്തിനുമിടയില്‍ നഷ്ടമായ ആദ്യസ്‌നേഹത്തിന്റെ നിഷ്‌കളങ്കത നീ വീണ്ടെടുക്കുക. അതുമാത്രം മതി. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് നിനക്ക് ഇനി പോകാനാവില്ല. പക്ഷേ, ക്രിസ്തുവാകുന്ന ജലത്തിലും ആത്മാവിലും വീണ്ടും ജനിച്ചാല്‍ മതി. ചരിത്രമില്ലാത്ത കുഞ്ഞാകും നീ.

ചരിത്രം കൂട്ടിനുള്ളപ്പോള്‍ ചിലതു ഒളിപ്പിക്കാനും മറ്റുചിലത് പ്രകടമാക്കാനും തിടുക്കം കൂട്ടും. വീഴ്ചകളുടെ കഥകള്‍ മറച്ചുപിടിക്കണം. നേട്ടങ്ങളുടെ കഥകള്‍ ഉയര്‍ത്തിക്കാട്ടണം. കുഞ്ഞിന് ഇതൊന്നുമില്ല. നിക്കൊദേമൂസ് രാത്രിയാണ് ഈശോയെ കാണാനെത്തുന്നത്. പകല്‍ വന്നാല്‍ മറ്റുള്ളവര്‍ കാണും. അവര്‍ പലതും ചിന്തിച്ചേക്കും.

അറിയപ്പെടുന്ന പ്രമാണിയും പണ്ഡിതനുമായവര്‍, ആശാരിയുടെ അടുത്ത് പോയതെന്തേ? ക്ഷീണം തട്ടും, അയാളുടെ ചരിത്രത്തിന്. ഓര്‍ത്തുവയ്ക്കാന്‍ അധികമൊന്നുമില്ലാത്ത കുഞ്ഞിന് നാണിക്കാന്‍ എന്തിരിക്കുന്നു. അതെന്തോ അത് പ്രകടമാക്കും. രാത്രിയും പകലും ഒരുപോലെ സുതാര്യമാണതിന്.
മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്നു കരുതി ഒരു നക്ഷത്രവും അധികം തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് പുഷ്പം ഇതള്‍ പൊഴിക്കാന്‍ കാത്തുനില്‍ക്കാറുമില്ല. അവയുടെ നിയോഗമാണത്. ആയിരിക്കുന്നതുപോലെ പ്രകടിപ്പിക്കും, മൂടുപടങ്ങളില്ല.

സ്വാഭാവികമായ സ്‌നേഹവും പുഞ്ചിരിയും സമ്പര്‍ക്കവും എവിടെയാണ് നിനക്ക് നഷ്ടമാത്? നീ വളരാന്‍ തുടങ്ങിയപ്പോള്‍! നിഷ്‌കളങ്കത ആരും നമ്മില്‍നിന്ന് അപഹരിച്ചതല്ല. വലുതാകാനുള്ള ആസക്തിക്കിടയില്‍ നാം തട്ടിനശിപ്പിച്ചതാണ്. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധേയം: ”ക്രിസ്തുവിലാകുന്നവന്‍ പുതിയ സൃഷ്ടിയാണ്” (2 കോറി. 5:17). ക്രിസ്തുവിലാകുന്നവന്‍ പുതിയ കുഞ്ഞെന്നു നമുക്ക് വായിക്കാം. ആരെയും നാണിപ്പിക്കാത്ത നിഷ്‌കളങ്കതയും ആരെയും കൊതിപ്പിക്കുന്ന സ്വാതന്ത്ര്യവുമുള്ള കുഞ്ഞ്.

വിശുദ്ധ കൊച്ചുത്രേസ്യയുടെ ആഗ്രഹമാണ് ഉത്തമം: ‘ഞാന്‍ ചെറുതായിരുന്നാല്‍ മതി. എങ്കില്‍ ഈശോയ്ക്ക് എന്നെ വഹിക്കാന്‍ എളുപ്പമാണ്.’ ചരിത്രത്തിന്റെ ഭാണ്ഡം പേറാത്ത കുഞ്ഞ്.

രണ്ട്: കുഞ്ഞിന് എന്നും വിസ്മയങ്ങളുണ്ട്. സൂര്യനുദിക്കുന്നും അസ്തമിക്കുന്നതും പുഷ്പം ഇതള്‍ വിരിയിക്കുന്നതും കൊഴിഞ്ഞു വീഴുന്നതുമെല്ലാം വിസ്മയമാണ്, കുഞ്ഞിന്. നിരന്തരമായ കാഴ്ചകളും കേള്‍വികളും വിസ്മയലോകത്തുനിന്ന് നമ്മെ അടര്‍ത്തിമാറ്റും. പിന്നെ എല്ലാം ബോറിങ്ങാണ്, ആവര്‍ത്തനമാണ്. പ്രാര്‍ത്ഥനയും ദൈവവിഷയങ്ങളുമൊക്കെ വിരസമാകുന്നത് അവിടെയാണ്. വിസ്മയം അവസാനിച്ചാല്‍ ആത്മീയത ഭാരമാകും. ഉന്നതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍ കുഞ്ഞിനെപ്പോലെയുള്ളവര്‍ക്ക് മാത്രമേ വെളിപ്പെടുത്തൂ എന്ന് ഈശോ വാശി പിടിക്കാന്‍ കാരണമെന്താണ്?

വലിയവന് വിസ്മയങ്ങളില്ല. അവന്‍ പെട്ടെന്ന് മടുക്കും. ഉന്നതമെന്നു ദൈവം ചിന്തിക്കുന്നത് സ്വീകരിക്കാന്‍ അവനു കഴിയില്ല. അവന്റെ ശാസ്ത്വും കണക്കുകൂട്ടലും വച്ചാകും സ്വര്‍ഗീയ കാര്യങ്ങള്‍പോലും മനസിലാക്കാന്‍ ശ്രമിക്കുന്നത്. അവിടെ ദൈവം തോല്‍ക്കും. ദൈവത്തിന്റെ സ്‌നേഹവും കരുതലും ഓരോ ദിനത്തിലും പുതിയതെന്ന് അറിയാന്‍ ശിശുമനസുതന്നെ വേണം.

എല്ലാം സ്വീകരിക്കാന്‍ പറ്റുന്ന മനസ്. തര്‍ക്കങ്ങളില്ലാതെ സ്വീകരിക്കുന്ന മനസ്. എന്നുമുതലാണ് നിനക്ക് വിസ്മയങ്ങള്‍ നഷ്ടമായത്? ദാനങ്ങളെന്നു കരുതിയവയെ ചൊല്‍പടിക്കു നിര്‍ത്താന്‍ തുടങ്ങിയ നാള്‍മുതല്‍. അതിശയകരമായ ചെയ്തികളെ ഒരു വിലയും കല്പിക്കാതെ നോക്കിക്കണ്ട ദിനംമുതല്‍. വചനം തീയായിരുന്നു, ആദ്യനാളുകളില്‍. ഓരോ വചനത്തിലും പുതിയ ഉള്‍ക്കാഴ്ചകള്‍. പിന്നെ അധിസാധാരണത്തംകൊണ്ട് ഒരു കാഴ്ചയും കിട്ടാത്ത അവസ്ഥ. ഏറെ അത്ഭുതങ്ങള്‍ കണ്ടുമടുത്ത ശിഷ്യരെ ഇനിയെന്ത് കാണിച്ച് ക്രിസ്തു അതിശയിപ്പിക്കും? ഇതുതന്നെ ഇന്നും.

ജനത്തെ എങ്ങനെ അതിശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ പറ്റും എന്നു ചിന്തിക്കുന്ന പ്രഘോഷകന്‍ പുതിയ നമ്പറുകള്‍ കാണിക്കാന്‍ കഷ്ടപ്പെടുന്ന സര്‍ക്കസുകാരനെപ്പോലെയാകും. വിസ്മയം കുഞ്ഞിനു മാത്രമേ ഉണ്ടാകൂ. വിശ്വാസജീവിതം ആസ്വദിക്കാന്‍ കുഞ്ഞാകണം. അതിശയങ്ങള്‍ക്ക് അതിര്‍ത്തിയില്ലാത്ത, മനസിന് മടുപ്പുകളില്ലാത്ത ആ മനസ് നമുക്കും വേണം, പിഞ്ചുമനസ്.

മൂന്ന്: കുഞ്ഞിന് അപാരമായ ആശ്രയത്വമുണ്ട്. തന്റെ നിസഹായതയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്, കുഞ്ഞിന്. ഈശോയുടെ നിസഹായത കാണുക. ആബ്ബാ പറയാത്തതൊന്നും ചെയ്യാനാവില്ല. അവിടുന്ന് പറയുന്നതുമാത്രം ചെയ്യും; പറയും. പിതാവിന്റെ മാറിലെ കുഞ്ഞല്ലേ ഈശോ. ആശ്രയത്വം ഏതറ്റംവരെയും പോകും.

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ കുറുകെ കെട്ടിയ കയറിലൂടെ നടക്കുകയായിരുന്നു അയാള്‍. ജനം ഒന്നടങ്കം കൈയടിക്കുന്നു, കൈകള്‍ വീശുന്നു. അടുത്ത സമയം അയാള്‍ ചോദിച്ചു, ആര്‍ക്കെങ്കിലും എന്നോടൊപ്പം വരാമോ? ഞാന്‍ നിങ്ങളെ കൈയിലെടുത്ത് നയാഗ്ര ക്രോസ് ചെയ്യാം. വലിയവര്‍ക്കാകില്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞിനെ തരിക. എല്ലാവരും സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് ഇറുക്കിപ്പിടിച്ചു. ആ സമയത്ത് ഒരു കുഞ്ഞ് വിളിച്ചു പറഞ്ഞു: ഞാന്‍ വരാം. അയാള്‍ ആ കുഞ്ഞിനെ തോളിലെടുത്ത് നയാഗ്ര മുറിച്ചുകടന്നു.

മടങ്ങിയെത്തിയ കുഞ്ഞിനോട്: ഇത്രയേറെ ധൈര്യം മോന് എവിടെനിന്നു കിട്ടി? അപ്പോഴാണ് കാര്യമറിഞ്ഞത്. അതവന്റെ പപ്പയായിരുന്നു. പപ്പയുടെ പുറകില്‍ കയറിയിരുന്നാല്‍ നാട്ടിലെ പാലവും നയാഗ്രയും ഒന്നുപോലെയാണ്. വലുതാകുമ്പോള്‍ ആശ്രയം തന്നില്‍ത്തന്നെയാകും. ലോകം എപ്പോഴും അവനോടു പറയും, സ്വയം പര്യാപ്തത നേടുക. ആരെയും ആശ്രയിക്കരുത്. ആശ്രയിക്കുന്നത് ഒരു കുറവാണ്, ഇന്ന് മനുഷ്യന്. ദൈവത്തിനാകട്ടെ സകല പുണ്യങ്ങളും അതിലാണ്. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് ഫലം നല്‍കാനാവില്ല എന്ന് പറഞ്ഞതോര്‍ക്കുക. ശാഖയല്ല ചെടി. ഇതളല്ല തണ്ട്.

പിതാവിന്റെ മാറില്‍ ചാഞ്ഞിരുന്ന പുത്രനാണ് ക്രിസ്തു. കാലിത്തൊഴുത്തിലും കാല്‍വരിയിലും വ്യത്യാസങ്ങളില്ലാതെ. പിതാവില്ലാത്ത അസ്തിത്വമില്ല പുത്രന്. കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ മതപുരോഹിതര്‍ അവനെ പരിഹസിച്ചു, ഒപ്പം പടയാളികളും: ”അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. അവനെത്തന്നെ രക്ഷിക്കാന്‍ അവനാകുന്നില്ല. അവന്‍ ദൈവത്തെ ആശ്രയിച്ചല്ലോ.

ദൈവമവനെ രക്ഷിക്കട്ടെ” (മത്താ. 26:42-43). സത്യത്തില്‍ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥമിതാകണം: കുഞ്ഞിനെപ്പോലെ നീ അപ്പന്റെ മാറില്‍ ചാഞ്ഞിരുന്നു. കണ്ടില്ലേ, നിന്റെ അപ്പന്‍ നിന്നെ മറന്നു. ദൈവാശ്രയത്തിന് പോയവന്റെ ഗതികേട്! പക്ഷേ മൂന്നാംനാള്‍ ദൈവാശ്രയത്തിന്റെ വില ലോകം അറിഞ്ഞു. കുഞ്ഞിനെപ്പോലെയുള്ളവന് പിതാവ് കരുതിവച്ചിരിക്കുന്നത് ക്രിസ്തുവിന് കിട്ടി.

ആശ്രയത്വം വിഡ്ഢിത്തമാണ് ചിലപ്പോള്‍. പക്ഷേ ആ വിഡ്ഢിത്തത്തിലേ വെളിപാടുണ്ടാകൂ. വിഡ്ഢിയാകാതെ വിവേകിയാകാനാവില്ല എന്ന് പറഞ്ഞത് ചിന്തകനായ സി.എസ്. ലൂയിസാണ്. ആശ്രയിക്കുമ്പോള്‍ നാം തന്നെത്തന്നെ മറക്കുന്നു. ഈശോ തന്നെത്തന്നെ മറന്നതുപോലെ. നാം നമ്മെ മറക്കുമ്പോള്‍, പിതാവ് നമ്മെ ഓര്‍ക്കുന്നു. കാരണം അവനിലാണല്ലോ നമ്മുടെ ആശ്രയം.

അനുഭവങ്ങളുടെ സമ്പത്ത് എന്നൊരു കാര്യം ഉണ്ട്, പ്രായമുള്ളവര്‍ക്ക്. കുഞ്ഞിന് അതില്ല. അതുകൊണ്ട് ഇന്നലെയിലെ അനുഭവത്തില്‍ കാര്യങ്ങള്‍ ചെയ്യാനാവില്ല, കുഞ്ഞിന്. ഇന്നത്തേക്കുള്ള വെളിച്ചം ഇന്നു കിട്ടണം. ഒന്നും ശേഖരിച്ചുവച്ചിട്ടില്ല. നമ്മുടെ ശേഖരണങ്ങള്‍ നമുക്കുതന്നെ ആപത്തായി തോന്നാറുണ്ടോ? സ്വാതന്ത്ര്യം കൂടുതല്‍ കിട്ടും പരാശ്രയമില്ലാതെ ജീവിക്കുമ്പോള്‍ എന്നൊരു സങ്കല്പത്തിലായിരുന്നു എല്ലാം ചെയ്തത്. പക്ഷേ ഇപ്പോള്‍ സ്വാതന്ത്ര്യം കുരുക്കായതുപോലെ.

എല്ലാത്തിനെയും തള്ളിമാറ്റി വളരാന്‍ ശ്രമിക്കുന്ന കുഞ്ഞാണ് ഇന്നും നമ്മള്‍. അപ്പനെ, അമ്മയെ, പരിസരത്തെ എല്ലാം മാറ്റിനിര്‍ത്തുന്നു. വളരാന്‍ ശ്രമിക്കുന്നു കുഞ്ഞ്. വീഴുന്ന നേരത്ത് വീണ്ടും ആശ്രയത്തിനായെത്തും. ഏറെ വളര്‍ന്നാല്‍ അതിനും കഴിയാതെ പോകും. ആശ്രയം വിടുമ്പോള്‍ വീഴും.
എല്ലാം തനിയെ ചെയ്യാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും ശ്രമിക്കുമ്പോള്‍ നമ്മിലെ കുഞ്ഞ് മുങ്ങിപ്പോകും. ക്രിസ്തുവിലല്ലേ നമ്മുടെ ആശ്രയം. ദൈവത്തിന്റെ പൈതലല്ലേ നീ.

നാല്: കുഞ്ഞിന് ഉല്‍ക്കണ്ഠയില്ല. അപ്പായിലുള്ള ആശ്രയത്വം ഉല്‍ക്കണ്ഠയെ മാറ്റും. ഉച്ചയ്ക്ക് വിളമ്പിയവള്‍ ഇന്ന് അത്താഴവും തരുമെന്ന ഉറപ്പ്. ജീവിതത്തിന് അടിസ്ഥാനമിട്ടവന്‍ ദൈവമെങ്കില്‍, പണിതുയര്‍ത്താതെ കരം പിന്‍വലിക്കില്ലെന്ന ബോധ്യം. അനേകരെ ആത്മീയജീവിതത്തില്‍നിന്നും അടര്‍ത്തി മാറ്റിയത് ഉല്‍ക്കണ്ഠയും ജീവിതവ്യഗ്രതയുമാണ്. ദൈവംമാത്രം ശരണമായി നടന്നിട്ട് നിനക്ക് എന്ത് കിട്ടി? മറ്റുള്ളവരൊക്കെ ഓരോ സ്ഥാനത്തായി, നീയോ? ഉല്‍ക്കണ്ഠപ്പെടാന്‍ പിന്നെ കാരണങ്ങള്‍ ഒന്നും വേണ്ട, ഇത്തരം ചോദ്യങ്ങള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍. മറ്റുള്ളവര്‍ എയ്യുന്ന ശരങ്ങള്‍ ശരിക്കും തകര്‍ക്കുന്നുണ്ട്, നമ്മുടെ സ്വസ്ഥതയെ.

നീ ഇന്ന് ഉല്‍ക്കണ്ഠപ്പെടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കാന്‍ ശ്രമിക്കുക. രണ്ടാവര്‍ത്തി വായിക്കുമ്പോള്‍ ഒരു കാര്യം പിടികിട്ടും. നീ ഒരുപാട് മാറിപ്പോയിരിക്കുന്നു. ആത്മീയത ആഘോഷമായിരുന്ന കാലത്ത്, തെല്ലും ഭയപ്പെടാതെയും ഉല്‍ക്കണ്ഠ കൂടാതെയും നേരിട്ട കാര്യങ്ങള്‍ ഇന്ന് നിന്നെ ഏറെ ഞെരുക്കുന്നുണ്ട്. വലുതാകുന്നവരുടെ ലോകത്ത് ചെറുതാകാനുള്ള ഭയമാണത്. പ്രതിസന്ധികളുടെ ഭീകരതയല്ല, പ്രതിരോധിക്കാനുള്ള ആത്മീയകരുത്താണ് ഇല്ലാതെ പോയത്.

അപ്പായുടെ കൈവിട്ടുപോയ കുഞ്ഞിന്റെ വെപ്രാളമാണ് നിനക്ക്. തിരികെചെന്ന് ഒരു കുഞ്ഞിനെപ്പോലെ ആ കരം പിടിക്കുക. അതുമാത്രം മതി. എത്ര കഠിനപാപം ചെയ്താലും എന്റെ നാഥന്റെ കഴുത്തില്‍ ഞാന്‍ കെട്ടിപ്പിടിച്ചിരിക്കും എന്നു പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയെ ഓര്‍ക്കുക.

അഞ്ച്: കുഞ്ഞിനെ നിങ്ങള്‍ക്ക് തിരുത്താം. വലുതായപ്പോള്‍ തിരുത്തപ്പെടാന്‍ ഇഷ്ടപ്പെടാത്തവരായി നാം. ആര് ആരെ തിരുത്തും? തിരുത്തിയാല്‍ സ്വീകരിക്കില്ല എന്ന തോന്നലുള്ളതുകൊണ്ട്, തിരുത്തേണ്ടവരും അതിനു മടിക്കും. ആത്മീയമണ്ഡലത്തില്‍ ഈ പ്രതിസന്ധി ഏറെയാണ്. ഒരു വൈദികനെ തിരുത്തുന്നത് എളുപ്പമെന്നു തോന്നുന്നുണ്ടോ? ഒരു പ്രഘോഷകനെ തിരുത്താന്‍ പറ്റുമോ? എളുപ്പമല്ല. എല്ലാവരും വലുതായിപ്പോയി. നീ ദൈവത്തിന്റെ കുഞ്ഞെങ്കില്‍ എന്നും തിരുത്തലിന് വിധേയമാകണം. അതെത്ര ഉന്നത സ്ഥാനീയനെങ്കിലും.

തിരുത്തലിന് വിധേയമാകാത്തവിധം പരിശുദ്ധരല്ല നാം. മര്‍ത്തായുടെ ഉല്‍ക്കണ്ടയെക്കാള്‍ മറിയത്തിന്റെ ധ്യാനമാണ് ശ്രേഷ്ഠമെന്ന് ഈശോ അവളെ തിരുത്തി. അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്ന ചിലരെ വിലക്കാന്‍ ശിഷ്യര്‍ മുറവിളി കൂട്ടിയപ്പോള്‍, ക്രിസ്തു അവരെ തിരുത്തി. കാരണം അവരെ കൃത്യമായി അവനറിമായിരുന്നു.

മനുഷ്യരെ പിടിക്കാന്‍ വിളിക്കപ്പെട്ടവര്‍ വിളിച്ചവനെ ഉപേക്ഷിച്ച് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ക്രിസ്തു അവരെ തിരുത്തി. കുഞ്ഞുങ്ങളേ, നിങ്ങളുടെ കൈയില്‍ മീന്‍ വല്ലതും ഉണ്ടോ? ‘കുഞ്ഞേ’ എന്നു വിളിച്ചപ്പോള്‍ അവര്‍ക്ക് കാര്യം പിടികിട്ടി. വലുതായിപ്പോയതാണ് പ്രശ്‌നം. ശിഷ്ടകാലം കുഞ്ഞായിത്തന്നെ ജീവിച്ചു.
ശിശുവിന്റെ പരിശുദ്ധി പലയിടത്തും നമുക്ക് നഷ്ടമാകുന്നുണ്ട്. അതു തേടിപ്പിടിക്കുക.

കുഞ്ഞായിരുന്നാലേ ഞാന്‍ ന്യായീകരിക്കപ്പെടുകയുള്ളൂ. എന്തു തെറ്റു ചെയ്താലും കുഞ്ഞിനനുകൂലമായല്ലേ മാതാപിതാക്കള്‍ സംസാരിക്കൂ. കാരണം കണ്ടെത്തി കുഞ്ഞിനെ വെറുതെ വിടും. കുഞ്ഞിന്റെ കാല്‍ തട്ടിയാല്‍ കുഞ്ഞിനെയല്ല, തട്ടിയ ഇടത്തെയാണ് തല്ലുന്നത്. കാരണം കുഞ്ഞ് കുഞ്ഞാണ്.

പാപിയായ എന്നെ ന്യായീകരിക്കാന്‍ ദൈവം കണ്ടെത്തിയ കാരണമാണ് ക്രിസ്തു. എന്നെ തല്ലിക്കോ, എന്റെ മകനെ വെറുതെ വിട് എന്നു പറയുന്ന ഒരു ക്രിമിനലിന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചുനോക്കിയാല്‍ മതി. കുഞ്ഞിനെ ന്യായീകരിക്കുന്ന അമ്മയാണ് കുരിശിലെ ക്രിസ്തു.

പ്രാര്‍ത്ഥന: എന്നിലെ കളഞ്ഞുപോയ ശൈശവത്തിന്റെ വിശുദ്ധി ഒരിക്കല്‍ക്കൂടി വീണ്ടെടുക്കുവാന്‍ ഈശോയെ എന്നെ സഹായിക്കണമേ!

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?