Follow Us On

15

July

2020

Wednesday

കാലെബിന്റെ ചൈതന്യം

കാലെബിന്റെ ചൈതന്യം

”ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതി ചെയ്യുന്നു” (കൊളോ. 3:2-3).

ആഫ്രിക്കയിലെ പിന്നോക്ക വിഭാഗക്കാരുടെ അടുത്തേക്ക് പ്രസിദ്ധമായ ഒരു ഷൂ കമ്പനി കമ്പനി ഏജന്റുമാരെ പറഞ്ഞയച്ചു. ഇവിടെ ആരും ഷൂ ഉപയോഗിക്കുന്നില്ല, അതുകൊണ്ട് ഉല്പന്നം ഇവിടെ ചെലവാകില്ല എന്ന റിപ്പോര്‍ട്ടുമായി ആദ്യ ഏജന്റ് മടങ്ങിയെത്തി. രണ്ടാമന്‍ പറഞ്ഞു: ഇവിടെ ആരും ഇപ്പോള്‍ ഷൂ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് വേഗം കൂടുതല്‍ ഷൂകള്‍ ഇവിടേക്ക് അയക്കുക. ഇതു നമുക്ക് പറ്റിയ മാര്‍ക്കറ്റാണ്. രണ്ടാമനില്‍ വര്‍ത്തിക്കുന്ന ചൈതന്യം വ്യത്യസ്തമാണ്. അതവന്റെ വീക്ഷണത്തിലും വാക്കിലും നിഴലിച്ചു.

വാഗ്ദാനങ്ങള്‍ സ്വന്തമാക്കാനും വിശ്വാസവഴിയില്‍ ക്രൂശിതനൊപ്പം വീരോചിതമായി മുന്നേറാനും നാം നേതാവായിരിക്കണം എന്നില്ല. വലിയ പ്രസ്ഥാനങ്ങള്‍ നടത്തുന്നവരോ സ്വാധീനമുള്ളവരോ ഒന്നും ആകേണ്ടതില്ല. നമ്മെ നയിക്കുന്ന ചൈതന്യം വ്യത്യസ്തമായിരിക്കണം. നാനൂറു വര്‍ഷത്തിലധികം ചിതറിക്കിടന്ന ഇസ്രായേലിനെ വാഗ്ദാനദേശത്ത് നയിക്കുക എന്ന ക്ലേശകരമായ ദൗത്യമായിരുന്നു മോശയുടേത്.

ഏതാനും നാളുകള്‍കൊണ്ട് നടയാത്ര നടത്തി എത്തിപ്പിടിക്കേണ്ട കാനാന്‍ദേശം സംവത്സരങ്ങള്‍ പലതു കഴിഞ്ഞിട്ടും എത്തിപ്പിടിക്കാന്‍ കഴിയാതെ പോയത് ജനത്തിന്റെ അനുസരണക്കേടും താല്‍പോരിമയും കാരണമാണ്. അങ്ങനെയിരിക്കെ, പരസ്പരം കലഹിച്ചും അവിശ്വസിച്ചും ജനം നശിക്കാതിരിക്കാന്‍ പന്ത്രണ്ട് ഗോത്രങ്ങളിലെയും തലവന്മാരെ കാനാനിലേക്ക് അയച്ചു. കാനാന്റെ ഭംഗിയും ദൈവസാന്നിധ്യത്തിന്റെ മഹത്വവും ഇവര്‍ കാണണം. അത് ജനത്തിന്റെ മുമ്പില്‍ സാക്ഷ്യപ്പെടുത്തണം. ഇതാണ് ഇവരുടെ ദൗത്യം. മോശയ്ക്ക് നല്‍കിയ ദര്‍ശനങ്ങള്‍ സത്യമാണെന്ന് ജനം അറിയട്ടെ. ഇത്രയും പേരുടെ സാക്ഷ്യം ജനം വിശ്വസിക്കാതിരിക്കില്ല.

എത്തിച്ചേരേണ്ട ഇടത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ നടവഴിയിലെ ഏതൊരു ക്ലേശത്തെയും നമുക്ക് പരാതികൂടാതെ നേരിടാനാകും. എത്തിപ്പെടാന്‍ ഒരു കാനാന്‍ ഉണ്ടെങ്കില്‍ ഏതൊരു ചെങ്കടലും ജോര്‍ദാനും നമുക്ക് ആയാസമില്ലാതെ മറികടക്കാനാകും. ജീവിതയാത്രയില്‍ സ്വര്‍ഗം കനിയുന്ന അടയാളങ്ങള്‍ മാത്രമല്ല, അവസാനം വിശ്രമിക്കേണ്ട ഇടത്തെക്കുറിച്ചുള്ള ധാരണയുമാണ് നമ്മുടെ ബലം.

പരാതികൊണ്ട് ദൈവത്തെ പൊറുതിമുട്ടിച്ചിട്ടും ദൈവത്തിന് പരിഭവമില്ല. തന്റെ പ്രിയരെ കാനാന്റെ തുറമുഖത്ത് എത്തിക്കാതെ ദൈവത്തിന് അത്താഴമുണ്ണാന്‍ ആവില്ല. പതിവില്ലാത്ത ഭംഗിയും ചാരുതയും അന്ന് ആ ദേശത്തിന് ദൈവം നല്‍കി.

തന്റെ സാന്നിധ്യം വളരെ ഹൃദ്യമായി പകര്‍ന്നുകൊടുത്തു. സ്വര്‍ഗീയ കാനാന്റെ ദര്‍ശനം കിട്ടിയാല്‍ മതി, നാം തളരാതിരിക്കാന്‍. അതിലെങ്കിലോ എന്നും ദുരിതമാണ്. എവിടെയും പരാതിയാണ്. ഒന്നിനും സന്തോഷം നല്‍കാന്‍ ആവില്ലതാനും. കാനാനില്‍ നിന്നുകൊണ്ട് നിങ്ങളുടെ ക്ലേശയാത്രയെ ധ്യാനിക്കുക.

അതാണ് മോശ പറയുന്നത്, നിത്യതയുടെ തീരത്തുനിന്നുകൊണ്ട് ജീവിതത്തെ ധ്യാനിച്ചാല്‍ മുള്ളുകള്‍പോലും പുഷ്പങ്ങളായി തോന്നും. നാല്‍പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനുശേഷം കാനാനിലേക്ക് അയച്ചവര്‍ മടങ്ങിയെത്തി. രണ്ടുവിധം സാക്ഷ്യങ്ങള്‍ നമുക്കവരില്‍ കാണാം.

പത്തുപേരും പറഞ്ഞു: ‘കാനാന്‍ദേശം കൊള്ളാം. തേനും പാലുമൊക്കെ അവിടെ ഒഴുകുന്നുണ്ട്. ദൈവസാന്നിധ്യവുമുണ്ട്. പക്ഷേ അവിടെയുള്ള ദേശനിവാസികളെ നേരിടാന്‍ നമുക്ക് കരുത്തില്ല. അവര്‍ മല്ലന്മാരാണ്. അതുകൊണ്ട്, നമുക്ക് ഈജിപ്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലത്! എന്നാല്‍ കാലബിന്റെയും ജോഷ്വയുടെയും സാക്ഷ്യം വ്യത്യസ്തമായിരുന്നു: ‘നമുക്ക് വേഗം പോയി ആ ദേശം സ്വന്തമാക്കാം. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. ആ ദേശം ഏറെ മനോഹരമാണ്. ദൈവം അവിടെ നമ്മെ വളര്‍ത്തും’ (സംഖ്യ 13:1-33). നമുക്കതിന് ശക്തിയില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പത്തുപേരും ചേര്‍ന്ന് ഇവരെ കല്ലെറിയാനും ചീത്ത വിളിക്കാനും തുടങ്ങി.

ഒരേ സാഹചര്യം വിരുദ്ധമായ പ്രതികരണങ്ങള്‍. കാരണമെന്താണ്? ആദ്യം റിപ്പോര്‍ട്ടു ചെയ്തവര്‍ ദൈവശക്തിയെ അളന്നത് ആ മല്ലന്മാരുടെ കണ്ണുകളിലൂടെയാണ്. കാലെബാകട്ടെ, ദൈവശക്തിയിലാണ് മല്ലന്മാരെ നോക്കിയത്. ദൈവശക്തി കഴിഞ്ഞ കാലങ്ങളില്‍ ഇവരുടെ ഇടയില്‍ വെളിപ്പെട്ടതിന് ഇവരെല്ലാം ഒരുപോലെ സാക്ഷികളാണ്. എന്നിട്ടും കാനാനിലെ ജനത്തെ കണ്ടപ്പോള്‍ ഇവര്‍ തളര്‍ന്നുപോയത് എന്തുകൊണ്ടാണ്? ചെങ്കടല്‍ പിന്നിട്ടവര്‍ തോടു കുറെ കടക്കാന്‍ ഭയപ്പെടുന്നതെന്തേ?

ദൈവത്തിന് പൂര്‍ത്തിയാക്കാനാവാത്ത ഒരു വാഗ്ദാനം അവന്‍ നമുക്കു തരില്ല. നിങ്ങള്‍ കാനാന്‍ സ്വന്തമാക്കുമെന്ന് പറഞ്ഞവന്‍ ദൈവമെങ്കില്‍, അതിനാവശ്യമായ കരുത്തും ശക്തിയും അവന്‍ നമ്മില്‍ വച്ചിട്ടുണ്ട്. നമുക്ക് കുറുകെ കടക്കാനാവാത്ത ഒരു ചെങ്കടലിന്റെയും മുമ്പില്‍ അവന്‍ നമ്മെ നിര്‍ത്തില്ല. വാഗ്ദാനം മറക്കരുത്. അതു മറന്നാല്‍ വേഗം ഇടറും. നമ്മിലെ ചൈതന്യം ചോര്‍ന്നുപോകും.

ഉന്നത ലക്ഷ്യങ്ങളുമായി കുരിശുയാത്രയില്‍ പങ്കുചേര്‍ന്ന നാളുകളെ ഓര്‍ക്കുക. എന്തൊരു ശക്തിയായിരുന്നു അന്ന്. ആ ശക്തിയില്‍ ഏറെപ്പേര്‍ കൂട്ടുചേര്‍ന്നു. കരംകോര്‍ത്തു. കാരണം ചോര്‍ന്നുപോകാത്തതും കാലിടറാത്തതും തളര്‍ത്താനാവാത്തതുമായ ദൈവശക്തി അന്നു നമ്മിലുണ്ടായിരുന്നു. പിറുപിറുപ്പും പരാതിയുമായി ആ ശക്തിയെ ചോര്‍ത്തിക്കളഞ്ഞെങ്കില്‍, ഭയപ്പെടാതെ തരമില്ല. നെഞ്ചില്‍ ഉടയവന്‍ കത്തിച്ച തിരിനാളും ഊതിക്കെടുത്തിയാല്‍, ഒരു വെട്ടത്തിനും നമ്മെ നയിക്കാനാവില്ല എന്ന് ഓര്‍ക്കുക. പത്തുപേരിലും ആ ചൈതന്യം കെട്ടുപോയി. അതുകൊണ്ടാണവര്‍ ഈജിപ്തിലേക്ക് പോകണമെന്ന് വാശിപിടിക്കുന്നത്. ഈജിപ്തില്‍ ആ പരമചൈതന്യമില്ല.

കാലെബ് പറഞ്ഞു: ‘അവര്‍ നമുക്ക് ഭീഷണിയല്ല. ഇരയാണ്. കര്‍ത്താവാണ് നമ്മെ നയിക്കുന്നത്. കര്‍ത്താവ് നമ്മുടെ കൂടെയാണ്’ (സംഖ്യ 14:9). ചരിത്രത്തിന്റെ കടിഞ്ഞാണ്‍ കര്‍ത്താവിന്റെ കരത്തിലാണെന്നും ദൈവമക്കളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പാതാളഗോപുരങ്ങള്‍പോലും വിറകൊള്ളുമെന്ന് നാം വിശ്വസിക്കുന്നത് ഇരയാകാനല്ല, നശിക്കാനുമല്ല, ജയാളിയാകാനാണ്.

കാലെബിന്റെ വാക്കുകള്‍ ദൈവത്തെ ആനന്ദിപ്പിച്ചു. അവന്‍ കഴിഞ്ഞ കാലങ്ങളില്‍ ദൈവം നടത്തിയ വഴികള്‍ മറന്നില്ല. അവനറിയാം ഭീഷണികള്‍ ഭയപ്പെടുത്തും. ദൈവം ശക്തിപ്പെടുത്തും. ഏതൊരു ഭീഷണിയെക്കാളും വലിയവനാണ് കര്‍ത്താവ്. സഹോദരങ്ങളുടെ ഭീഷണിയെയും കാനാനില്‍ കണ്ടുമുട്ടാനിരിക്കുന്ന മല്ലന്മാരെയും ദൈവത്തിന്റെ ദൃഷ്ടിയില്‍ കണ്ടു. ദൈവം പറഞ്ഞു: ”കാലെബിനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്” (സംഖ്യ 14:24).

കാനാനില്‍ എത്തിനോക്കിയിട്ടും അവിടെ നാല്‍പതുനാള്‍ ജീവിച്ചിട്ടും ദൈവത്തെ കാണാന്‍ കഴിയാതെ ഈജിപ്തിലെ അടിമത്തം സുഖകരമായി തോന്നിയവരെക്കുറിച്ച് എന്തുപറയാന്‍! ക്രിസ്തുവില്‍ അതിജീവിച്ച പാപത്തിന്റെ ആ പഴയ അടിമത്തകാലം ഇന്നും ഓര്‍മകളില്‍ താലോലിക്കുന്നുണ്ടെങ്കില്‍, കാനാനിലിരുന്ന് ഈജിപ്തിനെ ധ്യാനിച്ച പത്തുഗോത്രത്തലവന്മാരുടെ പിന്‍ഗാമിയാണ് നീ.

ഈ ഭൂമിയില്‍, അത് കഷ്ടതയിലും ആന്ദന്ദത്തിലും ദൈവത്തിന്റെ പാദങ്ങളെ ദര്‍ശിക്കാത്തവന് സ്വര്‍ഗത്തില്‍ പോയാലും അതു കാണാനാവില്ല. ജീവിതത്തിന്റെ ഇടവഴികളില്‍ ക്രിസ്തുചൈതന്യം എന്നില്‍ ഭരണം നടത്തിയില്ലെങ്കില്‍, ഏറ്റം മനോഹരമായതുപോലും എനിക്ക് ആസ്വദിക്കാനാവില്ല.

ശത്രുവിനെ വര്‍ണിക്കാനല്ല, അവരുടെ വലുപ്പത്തില്‍ ഭയപ്പെടാനുമല്ല ദൈവം അവരെ കാനാനിലേക്ക് വിട്ടത്. ദൈവസാന്നിധ്യത്തിന്റെ മഹനീയത ആ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാനാണ്. അതില്‍ അവര്‍ പരാജയപ്പെട്ടു. കാലെബിനും ജോഷ്വയ്ക്കും അതിനു കഴിഞ്ഞു.

കാലെബിന്റെ ചൈതന്യം ധീരതയുടേതാണ്. വാക്കു പാലിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തിന്റേതാണ്. നാസിതടങ്കലില്‍ മരണശിക്ഷ കാത്തുകിടക്കുമ്പോള്‍ സുവിശേഷകനായ ബോണോഫര്‍ എഴുതി: ‘എന്തുതന്നെയായാലും ഭാവിയെ നാം ധീരമായി നേരിടും. ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും ദൈവം നമ്മുടെ സ്‌നേഹിതനായിരിക്കും.’

മരണനേരത്ത് ഇതെഴുതണമെങ്കില്‍ ഇയാളുടെ ചൈതന്യം വ്യത്യസ്തമായിരിക്കും, ഉറപ്പാണ്. നിന്നെ നയിക്കുന്ന ചൈതന്യം എന്താണ്? വാഗ്ദാനങ്ങളുടെ കുറവോ കൃപകളുടെ അഭാവമോ അല്ല, നിന്നെ നയിക്കുന്ന ചൈതന്യമാണ് പരിശോധിക്കേണ്ടത്. ദൈവമേ, കാലെബിനെ നയിച്ച ചൈതന്യം എനിക്ക് തരണമേ. ഭാവിയെ ഞാനും ധീരമായി നേരിടട്ടെ.

പ്രാര്‍ത്ഥന: കാലെബിന്റെ ചൈതന്യം എനിക്കു തരണമേ!.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?