Follow Us On

15

July

2020

Wednesday

ഏദനിലെ പാപവും ബലിയും

ഏദനിലെ പാപവും ബലിയും

”ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു” (ഉല്‍പ. 3:21).

സുന്ദരമായ തോട്ടമാണ് ദൈവം മനുഷ്യനൊരുക്കിയത്. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാന്‍ രുചിയുമുള്ള സകല വിഭവങ്ങളും അവിടെയുണ്ടായിരുന്നു. ഇതിനിടയിലും സമര്‍പ്പണത്തിന്റെ ബലി നടത്താന്‍ ഒരു വൃക്ഷത്തിന്റെമാത്രം ഫലം ഭക്ഷിക്കരുതെന്ന് അവിടുന്ന് കല്പിച്ചു. ഉപവാസത്തിന്റെ ആദ്യരൂപമാണിത്. ഉപവാസം ഏദെനില്‍ അഭിഷേകം ചെയ്യപ്പെട്ടുവെന്ന് വിശുദ്ധ ബേസില്‍ പറയുന്നത് ശ്രദ്ധിക്കുക.

സ്‌നേഹത്തില്‍ ചെയ്യുന്ന ബലിയാണ് ഉപവാസം. എല്ലാ വൃക്ഷങ്ങളില്‍നിന്നും തിന്നും പങ്കിട്ടും കഴിയുമ്പോഴും ഒന്നില്‍നിന്ന് അകലം സൂക്ഷിച്ച് അവരുടെ ബലിജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ദൈവം കല്പിച്ചത്. പ്രപഞ്ചത്തിലെ ആദ്യ പുരോഹിതരല്ലേ ആദിമാതാപിതാക്കള്‍. ആദ്യപാപത്തില്‍ വിലക്കുകളെ അവര്‍ ഭേദിച്ചു. അറുതിയില്ലാത്ത മോഹത്തിന്റെ പ്രലോഭനത്തില്‍ അവര്‍ വഞ്ചിതരായി. ഏദനിലെ സന്തോഷം മുഴുവന്‍ വിലക്കപ്പെട്ട കനിയുടെ മോഹത്തില്‍ മുങ്ങിപ്പോകുന്നു.

ഉള്ളതൊന്നും സുന്ദരമല്ലെന്നും ഇല്ലാത്തതിനാണ് സൗന്ദര്യമെന്നും ഉള്ള ചിന്ത അവരെ കീഴടക്കി. ദൈവത്തിന്റെ വാക്കുകേട്ട് വളരേണ്ടവര്‍ സര്‍പ്പത്തിന് കാതോര്‍ത്തു. കേള്‍വിയിലൂടെ ആദ്യപാപം അകത്തു പ്രവേശിച്ചു. എന്തായിരുന്നു ആ പാപം? ദൈവനിഷേധമാണോ അറുതിയില്ലാത്ത ലൈംഗികത്വരയാണോ മോഹങ്ങളാണോ. ഇതാകില്ല. എന്തായാലും പഴം തിന്നതിലല്ല പഴം തിന്നാന്‍ പ്രേരിപ്പിച്ച ചിന്തയിലാണ് നമ്മുടെ ശ്രദ്ധ. പാപത്തിന്റെ ഫലം എന്തായിരുന്നു എന്ന് അറിയുന്നതിനുമുമ്പ് എന്തായിരുന്നു ആ പാപമെന്ന് അറിയേണ്ടേ.

ദൈവം പറഞ്ഞതിന് വിപരീതമാണ് സര്‍പ്പമന്ന് പറഞ്ഞത്. ദൈവം പറഞ്ഞു, നന്മതിന്മകളുടെ വൃക്ഷത്തില്‍നിന്നും പഴം തിന്നാല്‍ നീ മരിക്കും. സര്‍പ്പം പറഞ്ഞു, നീ ജീവിക്കും. നുണയുടെ പിതാവിന്റെ വാക്കുകേട്ട്, സ്വര്‍ഗപിതാവിന്റെ വാക്കിനെ പിന്തള്ളി. ദൈവം നുണയനും താന്‍ സത്യവാനുമെന്ന് ദുഷ്ടന്‍ അവരെ ധരിപ്പിച്ചു. അവരുടെ അവബോധങ്ങളെ തകിടം മറിച്ചു. അടിസ്ഥാന പാപം നിങ്ങളുടെ ബോധ്യങ്ങളുടെ തകിടം മറിച്ചിലാണ്.

പാപം പ്രഥമമായി ഒരു പ്രവൃത്തിയല്ല, അവബോധത്തിലുള്ള മാറ്റമാണെന്നോര്‍ക്കുക. ബോധ്യം മാറിയപ്പോയാല്‍ സ്വാഭാവികമായും തിന്മയായതില്‍ ചെന്നവസാനിക്കും. എല്ലാക്കാലത്തും ഇങ്ങനെതന്നെ. അവരന്ന് ഭക്ഷിച്ചത് എന്തായിരുന്നു? നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലം. പാപവും പുണ്യവും നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

എന്താണ് സത്യം, എന്താണ് അസത്യം എന്നത് സത്യവാനായ ദൈവത്തിന്റെ നിശ്ചയമാണ്. അത് കൈക്കലാക്കാനാണ് സര്‍പ്പം പറഞ്ഞത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമത്രേ. അവബോധങ്ങളില്‍ മാറ്റം വന്നപ്പോള്‍ സര്‍പ്പമവരുടെ ദൈവമായി, ദൈവം അവരുടെ ശത്രുവും. പറിച്ചുതിന്നു. മരണവും ഭയവും നഗ്നതയും എല്ലാം മാനവകുലത്തിന്റെമേല്‍ വന്നു പതിച്ചു.

ഇന്നും പിശാച് ചെയ്യുന്നത് ഇതുതന്നെ. മനുഷ്യരുടെ ദൈവികബോധ്യങ്ങള്‍ ദൈവികമല്ലെങ്കില്‍ നിങ്ങള്‍ പാപം ചെയ്യാതെ ജീവിച്ചാലും ദുഷ്ടന്റെ ഭാഗത്താണെന്നോര്‍ക്കുക. എല്ലാം കുറച്ചൊക്കെ ആകാമെന്ന് ഒരു സെമിനാരിക്കാരന്‍ പറഞ്ഞു തുടങ്ങിയാല്‍, അവന്റെ ചടുലമായ പാദങ്ങള്‍ നീങ്ങുന്നത് തീര്‍ച്ചയായും കുഴിയിലേക്കുതന്നെയാകും. ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്നു നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍, കുറെപ്പേരെ നിങ്ങള്‍ തല്‍ക്കാലത്തേക്ക് വിശ്വസിച്ചാലും അടിസ്ഥാനപരമായി നിങ്ങള്‍ക്കാരെയും സ്‌നേഹിക്കാനാവില്ല. നന്മതിന്മകള്‍ വേര്‍തിരിക്കുന്നത് ദൈവമെന്ന സത്യം മറന്ന്, അതു മനുഷ്യന്‍ വിഴുങ്ങിയപ്പോള്‍ അതവന്റെ ബോധ്യങ്ങളെ താറുമാറാക്കി.

കഠിനമാണ് പാപം. അതിന്റെ ഒരു ഭാഗം മാത്രമാണ് നഗ്നതയില്‍ അവര്‍ നാണിച്ചുപോയത്. അത്തിയിലകള്‍ തുന്നിച്ചേര്‍ത്ത് ഒരു അരക്കച്ച അവരുണ്ടാക്കി. മനുഷ്യന്റെ പാപത്തിന്റെ നഗ്നത മറയ്ക്കാന്‍ മനുഷ്യനിര്‍മിതമായ അരക്കച്ചകള്‍കൊണ്ടാകില്ല എന്നവര്‍ അറിയാതെ പോയത് കഷ്ടം. പാപം മറയ്ക്കാനും മായിച്ചുകളയാനും ദൈവത്തിനല്ലേ കഴിയൂ.

ദൈവം ആദ്യമായൊരു ബലി നടത്തി, ഏദെനില്‍ ഒരു കുഞ്ഞാടിനെ കൊന്ന് അതിന്റെ തോലുകൊണ്ട് ഉടയാടയുണ്ടാക്കി അവരെ ധരിപ്പിച്ചു. ആടിനെ ബലി ചെയ്ത കാര്യം ഉല്‍പത്തി പുസ്തകം കൃത്യമായി പറയുന്നില്ലെങ്കിലും വൃക്ഷത്തിന്റെ തൊലികൊണ്ടല്ല നഗ്നത മറച്ചത് എന്നു വ്യക്തമാണ്, വചനത്തില്‍. പാപത്തിന്റെ ഗൗരവം കുഞ്ഞാടിന്റെ രക്തത്താല്‍ ആദിമാതാക്കള്‍ കണ്ടിരിക്കണം.

മാനവകുലം മുഴുവന്‍ രക്ഷപെടാനും പാപമോചനം പ്രാപിക്കാനും നൂറ്റാണ്ടുകള്‍ക്കുശേഷം അറുക്കപ്പെടേണ്ട ദൈവത്തിന്റെ കുഞ്ഞാടിന്റെ ആദ്യരൂപമായിരിക്കില്ലേ ഏദെനില്‍ കൊല ചെയ്യപ്പെട്ട കുഞ്ഞാട്. സത്യത്തില്‍, പുത്രനെ ബലി ചെയ്യാനും തോട്ടത്തില്‍നിന്നും പുറത്തായവരെ തിരിച്ചുകൊണ്ടുവരാനും മുന്‍കൈ എടുക്കുന്നതും ഈ പിതാവിന്റെ സ്‌നേഹംതന്നെയാണ്. ഏതെനിലെ അനുസരണക്കേട് ഗത്‌സമനിലെ അനുസരണത്തില്‍ പരിഹരിക്കപ്പെടുന്നു.

ഏദനിലെ ആട്ടിന്‍തോല്‍ പാപത്തിന്റെ നഗ്നത മറച്ചു പിടിച്ചേക്കും, പക്ഷേ പാപം മായിച്ചുകളയാന്‍ സ്വയം ബലിയായ കുഞ്ഞാടിന്റെ ഉടയാടതന്നെ വേണം. എന്റെ പാപത്തിന്റെ നഗ്നത മറയ്ക്കാന്‍ ക്രിസ്തു ബലിയായപ്പോള്‍ അവന്‍ കാല്‍വരിക്കുന്നില്‍ നഗ്നനായി കിടക്കേണ്ടിവന്നു എന്നോര്‍ക്കുക. മനുഷ്യന്റെ പാപത്തിന് ആദ്യ പകരക്കാരന്‍ ദൈവം ഏദെനില്‍ അറുത്ത കുഞ്ഞാടാണ്. അന്നുമുതല്‍ യഥാര്‍ത്ഥ പകരക്കാരനായ ക്രിസ്തു അവതരിക്കുംവരെയും പാപം മറയ്ക്കാനുള്ള തത്രപ്പാടില്‍ മനുഷ്യന്‍ ബലികളും യാഗങ്ങളും നടത്തിപ്പോന്നു.

രണ്ടാം ആദത്തിനേ ആദ്യ ആദത്തിന്റെയും അവന്റെ പിന്‍തലമുറക്കാരുടെയും പാപം തുടച്ചു മാറ്റാന്‍ കഴിയൂ. മനുഷ്യന്റെ വീഴ്ചയ്ക്ക് മനുഷ്യന്‍തന്നെ പോംവഴികള്‍ കണ്ടെത്തിയ ആദിമാതാക്കളെപ്പോലെയാണ് ലോകമിന്ന്. നിയമങ്ങള്‍കൊണ്ടും ചട്ടവട്ടങ്ങള്‍കൊണ്ടും അവന്റെ വീഴ്ചയെ നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കുന്നു. ആകില്ല നമുക്കതിന്. സ്രഷ്ടാവിലേക്കു നോക്കാതെ സൃഷ്ടവസ്തുക്കള്‍കൊണ്ട് നമുക്കാര്‍ക്കും പാപപരിഹാരത്തിന്റെ നേര്‍വഴിയില്‍ യാത്ര ചെയ്യാനാവില്ല.നമ്മുടെ ബോധ്യങ്ങളെ ക്രിസ്തുവിന് അനുരൂപമാക്കമെന്ന വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഓര്‍ക്കുക.

പ്രാര്‍ത്ഥന: ലോകത്തിന്റെ ദേവന്‍ മനുഷ്യന്റെ ബുദ്ധിയെ അന്ധമാക്കുന്ന ഇക്കാലത്ത് ദൈവത്തിന്റെ മഹത്വമാര്‍ന്ന തേജസിനാല്‍ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അങ്ങനെ എന്റെ ബോധ്യങ്ങള്‍ വിശുദ്ധമാകട്ടെ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോവേർഷൻ:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?