Follow Us On

28

March

2024

Thursday

2020 പാക്കിസ്ഥാനിൽ യുവജനവർഷം; ‘ജീസസ് യൂത്തി’നും അഭിമാനിക്കാം

2020 പാക്കിസ്ഥാനിൽ യുവജനവർഷം;  ‘ജീസസ് യൂത്തി’നും അഭിമാനിക്കാം

ഇസ്ലാമാബാദ്: 2020 പാക്കിസ്ഥാനിൽ യുവജന വർഷമായി ആചരിക്കുമെന്ന് ഇസ്ലാമാബാദ് ആർച്ച്ബിഷപ്പ് ജോസഫ് ഇർഷാദ്. പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുകൂടിയായ അദ്ദേഹം കഴിഞ്ഞദിവസം സമ്മേളിച്ച ബിഷപ്സ് കോൺഫെറൻസിലാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലഘട്ടത്തിൽ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതിന് യുവജനങ്ങളുടെ സ്വാധീനം വലുതാണെന്ന തിരിച്ചറിവിൽനിന്നാണ് യുവജനവർഷം ആചരിക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തീരുമാനത്തിൽ, കേരളത്തിൽ രൂപീകൃതമായി ലോകമെമ്പാടേക്കും അതിവേഗം വളരുന്ന യുവജനപ്രസ്ഥാനമായ ‘ജീസസ് യൂത്തി’നും അഭിമാനിക്കാം. യുവജനങ്ങൾക്കിടയിൽ സുവിശേഷവത്ക്കരണ അവബോധം വളർത്താൻ ‘കാരിത്താസ് പാക്കിസ്ഥാനു’മായി സഹകരിച്ച് ‘യൂത്ത് ഫോർ പീസ്’ എന്ന പേരിൽ ‘ജീസസ് യൂത്ത്’ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ പിന്നാലെയാണ് യുവജന വർഷ പ്രഖ്യാപനം ഉണ്ടായത്.

നല്ല ബന്ധങ്ങളിലൂടെ അനേകരിലേക്ക് സുവിശേഷം എത്തിക്കാൻ യുവജനങ്ങൾക്ക് കഴിയുമെന്ന് ആർച്ച്ബിഷപ്പ് ഇർഷാദ് പ്രത്യാശ പ്രകടിപ്പിച്ചു. വിശിഷ്യാ, അവരുടെ സമപ്രായക്കാർക്കിടയിലും അന്യമതസ്ഥരായ ചെറുപ്പക്കാർക്കിടയിലും വലിയ ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്കാവും. ഐക്യവും സൗഹാർദവും വളർത്തുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണ്. ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

സുവിശേഷമൂല്യങ്ങൾ പങ്കുവെക്കാനും പരസ്പരം സ്നേഹത്തിൽ വളരാനും ക്രിസ്തുവിന് സാക്ഷികളാകാനും യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് യുവജനവർഷത്തിന്റെ ലക്ഷ്യം. അതുവഴി സമൂഹത്തിൽ സമാധാനവും ഐക്യവും കൈവരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

യുവജനങ്ങൾക്കിടയിൽ ഇത്തരം അവബോധമുണർത്താൻ ‘കാരിത്താസ് പാക്കിസ്ഥാനും ജീസസ് യൂത്തും’ ചേർന്ന് ‘യൂത്ത് ഫോർ പീസ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. യുവജനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും നയിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ സഭയുടെ യുവജനങ്ങളെ സമാധാന വാഹകരാക്കുന്ന ഈ വലിയ ദൗത്യത്തിൽ സഭയും പങ്കുചേരുന്നതിന്റെ ഭാഗമായാണ് യുവജന വർഷാചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

***************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?