Follow Us On

21

September

2019

Saturday

കല്ലെറിയാന്‍ യോഗ്യത ഉള്ളവര്‍

കല്ലെറിയാന്‍ യോഗ്യത ഉള്ളവര്‍

പിടിക്കപ്പെട്ട വ്യഭിചാരിണിയുടെ കാര്യമാണ് യോഹന്നാന്‍ 8:1-11 വചനങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളത്. ജറുസലെം ദൈവാലയത്തില്‍ ഇരുന്ന് ഒരു ദിവസം രാവിലെ യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിയമജ്ഞരും ഫരിസേയരുംകൂടി വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നത്. അവര്‍ യേശുവിനോട് പറഞ്ഞു: ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.

അങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുനനത്. നീ എന്ത് പറയുന്നു? യേശുവില്‍ കുറ്റം ആരോപിക്കുവാന്‍വേണ്ടി യേശുവിനെ പരീക്ഷിച്ചുകൊണ്ട് ചോദിച്ചതാണ് ഈ ചോദ്യം. നിയമാവര്‍ത്തനം 22:22-ല്‍ മോശയുടെ നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്: അന്യന്റെ ഭാര്യയുമൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടാല്‍ ഇരുവരെയും വധിക്കണം.

ലേവ്യര്‍ 20:10-ലും ഇക്കാര്യം പറയുന്നുണ്ട്: വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയും പുരുഷനും മരിക്കണം. ഇതില്‍നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്: ഒന്ന്, വ്യഭിചാരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പിടിക്കപ്പെട്ടാലാണ് വധശിക്ഷ. സംശയം മാത്രമാണ് ഉള്ളതെങ്കില്‍ വധശിക്ഷ ഇല്ല. രണ്ട്, ഈ കുറ്റം ചെയ്ത രണ്ടുപേരെയും കൊണ്ടുവരണം. മൂന്ന്, വിചാരണ നടത്തിയിട്ടേ വധിക്കാവൂ. നാല്, ഈ പാപം ചെയ്യുന്നത് കണ്ടതിന് സാക്ഷികള്‍ വേണം.

അഞ്ച്, സാക്ഷികള്‍ ആയിരിക്കണം ആദ്യം കരമുയര്‍ത്തേണ്ടത്. നിയമാവര്‍ത്തനം 22:22-ല്‍ വധിക്കപ്പെടണം എന്നേ പറയുന്നുള്ളൂ. കല്ലെറിഞ്ഞ് കൊല്ലണം എന്ന് പറയുന്നില്ല. കല്ലെറിഞ്ഞ് കൊല്ലുക എന്നത് നിലവിലിരുന്ന സമ്പ്രദായം ആയിരുന്നു. കൊലപാതകം (ലേവ്യര്‍ 24:17), വിഗ്രഹാരാധന (നിയമാവര്‍ത്തനം 17:2-5), ദൈവസാന്നിധ്യം സീനായ് മലയില്‍ ഉള്ളപ്പോള്‍ സീനായ് മല കയറല്‍ (പുറ. 19:12-13), ദൈവദൂഷണം (ലേവ്യര്‍ 24:16) തുടങ്ങിയ തിന്മകള്‍ക്കുള്ള ശിക്ഷ കല്ലെറിഞ്ഞുള്ള വധം ആയിരുന്നു.

വ്യഭിചാരകുറ്റത്തിനും കല്ലെറിഞ്ഞ് കൊല്ലുക എന്ന രീതി നിലവിലിരുന്നു എന്നുവേണം മനസിലാക്കാന്‍.  ഈ അറിവുകള്‍ വച്ചുകൊണ്ട് സുവിശേഷഭാഗത്തേക്ക് വരാം. യേശുവിന്റെ അടുത്തുകൊണ്ടുവരപ്പെട്ട സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ ആയിരുന്നു എന്നാണ് എഴുതിയിട്ടുള്ളത്. അതിനാല്‍, സംശയത്തിന്റെ പ്രശ്‌നം ഇല്ല, പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്. എന്നാല്‍ യേശുവിന്റെ അടുത്ത് സ്ത്രീയെമാത്രം കൊണ്ടുവന്നു എന്നാണ് നാം മനസിലാക്കുന്നത്.

രണ്ടുപേരെയും കൊണ്ടുവന്ന് വധിക്കണം എന്ന നിയമം എന്തുകൊണ്ട് ഫരിസേയരും നിയമജ്ഞരും പാലിച്ചില്ല? ഉത്തരം ഇതാണ്: കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം; യേശുവിനെ പരീക്ഷിക്കുക, അതുവഴി സാധിക്കുമെങ്കില്‍ യേശുവില്‍ കുറ്റം ആരോപിക്കുക എന്നതായിരുന്നു. യേശു കല്ലെറിഞ്ഞ് കൊല്ലാന്‍ പറഞ്ഞാല്‍ കുറ്റം വിധിക്കാം.

കാരണം പാപങ്ങള്‍ ക്ഷമിക്കുന്ന ദൈവത്തിന് ചേര്‍ന്നതല്ല ഇവളെ കല്ലെറിഞ്ഞ് കൊല്ലുന്നത്. വെറുതെ വിട്ടാല്‍ വേറെ ന്യായങ്ങള്‍ പറഞ്ഞ് കുറ്റം വിധിക്കാം. കാരണം യേശു മോശയുടെ നിയമം ലംഘിച്ചു എന്ന കുറ്റമാരോപിക്കാം. ഇവിടെ യേശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. ഇതിലൂടെ യേശു പലതും പറയുകയായിരുന്നു.

ഒന്ന്, ഈ സ്ത്രീ കല്ലെറിഞ്ഞ് കൊല്ലപ്പെടാന്‍ തക്ക പാപം മോശയുടെ നിയമപ്രകാരം ചെയ്തിട്ടുണ്ട്. അതായത്, യേശു അവളുടെ തെറ്റിനെ ന്യായീകരിക്കുന്നില്ല. അവള്‍ തെറ്റുകാരിയാണ് എന്ന് സൂചിപ്പിക്കുന്നു. ഞാനും നിന്നെ വിധിക്കുന്നില്ല എന്ന് യേശു പറയുമ്പോഴും അവള്‍ തെറ്റുകാരിയാണ് എന്ന സൂചന ഇല്ലേ? രണ്ട്, കല്ലെറിയാന്‍ യോഗ്യത ആര്‍ക്കാണ് ഉള്ളത്? അവര്‍ ആദ്യ കല്ല് എറിയട്ടെ.

അപ്പോള്‍ അവര്‍ കല്ലുകള്‍ താഴെയിട്ട് സ്ഥലം വിട്ടു. അതിനര്‍ത്ഥം അവരെല്ലാം തെറ്റുകാരായിരുന്നു എന്നാണ്. ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ മാത്രമുള്ള വിശുദ്ധി അവര്‍ക്കാര്‍ക്കും ഇല്ലായിരുന്നു. ശിക്ഷിക്കപ്പെടാന്‍ യോഗ്യത ഉള്ളവര്‍തന്നെയാണ് ഇവിടെ ശിക്ഷ വിധിക്കാന്‍ നിര്‍ദേശിക്കുന്നത്. അവരുടെ മനഃസാക്ഷിയില്ലായ്മയെ യേശു ചോദ്യം ചെയ്യുകയാണ്. അത് അവര്‍ക്ക് കൊണ്ടു. അവര്‍ക്ക് കുറ്റബോധം തോന്നി. കല്ലെറിയാനുള്ള വിശുദ്ധി തങ്ങള്‍ക്ക് ഇല്ലെന്ന് അവര്‍ക്ക് ഓര്‍മവന്നു.

അതിനാല്‍ അവര്‍ ഒരു നല്ല കാര്യം ചെയ്തു. മനഃസാക്ഷിയെ വഞ്ചിച്ച് അവളെ കല്ലെറിയാന്‍ അവര്‍ തയാറായില്ല. തങ്ങള്‍ പാപികളാണെന്ന സത്യം വാക്കാല്‍ അല്ല, പ്രവൃത്തിയിലൂടെ അവര്‍ അംഗീകരിച്ചു. അതിനാല്‍ കല്ലെറിയാന്‍ നില്‍ക്കാതെ അവര്‍ പോയി. സ്വന്തം ഹൃദയത്തില്‍ ഒത്തിരി തെറ്റുകളും പാപങ്ങളും ഉണ്ടായിരിക്കെ, അവയെല്ലാം മറച്ചുവച്ച്, മനഃസാക്ഷിയെ വഞ്ചിച്ച് മറ്റുള്ളവരെ നിരന്തരം വിസ്തരിക്കുകയും കുറ്റം വിധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കൂടെയുണ്ടല്ലോ.

എന്നാല്‍ ഈ ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കും നമ്മളില്‍ പലരെക്കാളും മനഃസാക്ഷി ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ കല്ലെറിയാതെ പോയത്. മാധ്യമങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും മറ്റും നാം ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്നത് മറ്റുള്ളവരെ കുറ്റം വിധിക്കുന്നതല്ലേ? പക്ഷേ കുറ്റം വിധിക്കുന്നവര്‍ ആയിരിക്കാം കുറ്റം വിധിക്കപ്പെടുന്നവരെക്കാള്‍ ദൈവത്തിന്റെ മുമ്പില്‍ കുറ്റവാളികള്‍! രണ്ടാമത്തെ കാര്യം യേശു ക്ഷമിച്ചു എന്നതാണ്.

ആ സ്ത്രീയോട് എന്നതുപോലെ, ദൈവത്തിന്റെ നിരന്തരമായ ക്ഷമ സ്വീകരിക്കുന്നവരാണ് നമ്മള്‍. നമ്മള്‍ അനുതപിച്ച് ഏറ്റുപറഞ്ഞ എത്ര പാപങ്ങള്‍ ദൈവം ക്ഷമിച്ചിരിക്കുന്നു. യേശു നമ്മളോടും പറയുന്നുണ്ട്: ഇനി പാപം ചെയ്യരുത്. പക്ഷേ യേശു പറയുന്ന ഈ കാര്യത്തില്‍ നമ്മള്‍ അധികം വില കൊടുക്കാത്ത അവസരങ്ങളുണ്ട്.

ഈ സുവിശേഷ ഭാഗത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റുമോ? അതായത് കല്ലെറിയാന്‍മാത്രം വിശുദ്ധിയുള്ള ആളല്ല ഞാന്‍; അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്ന ശീലം ഞാന്‍ നിയന്ത്രിക്കും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?