Follow Us On

18

April

2024

Thursday

കാലാവസ്ഥ വ്യതിയാനത്തില്‍ ഭയപ്പെടരുത്‌

കാലാവസ്ഥ  വ്യതിയാനത്തില്‍  ഭയപ്പെടരുത്‌

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഭീതിജനിപ്പിക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍നിന്നും ദിവസവും പുറത്തുവരുന്നത്. സൂര്യാഘാതം കേരളീയര്‍ക്ക് അധികം പരിചിതമായിരുന്നില്ല. മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അതികഠിനമായ ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സൂര്യാഘാതം ഏല്ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.

ചൂട് സാമൂഹ്യജീവിതത്തെ ബാധിക്കുന്ന വിധത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ഒന്നോ രണ്ടോ ജില്ലകളില്‍ നേരിയ കുറവു ഉണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകുകയാണ്. ജലസ്രോതസുകള്‍ വറ്റിവരളുന്നു, കിണറ്റിലെ വെള്ളത്തിന്റെ അളവു കുറയുന്നു തുടങ്ങി ചൂട് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഇതിന്റെ പ്രയാസം കൂടുതലായി നേരിടുന്നത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്.

ചൂടുകാലം നീണ്ടുപോയാല്‍ കൃഷികളെ പ്രതികൂലമായി ബാധിക്കും. കൃഷികള്‍ നശിക്കുന്നതിനൊപ്പം ആ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മറുഭാഗത്ത്. പ്രളയം ഏല്പിച്ച ആഘാതത്തെ അതിജീവിച്ചു വരുന്ന സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ബുദ്ധിമുട്ടാണ് നേരിടേണ്ടിവന്നിരിക്കുന്നത്.

കാര്‍ഷിക രംഗത്തെ മാത്രമല്ല കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലേക്ക് കാലാവസ്ഥാ വ്യതിയാനം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇവിടുത്തെ സന്തുലിതമായ കാലാവസ്ഥയാണ്. ചൂടു കൂടുന്ന വിവരം പുറത്തേക്ക് എത്തുമ്പോള്‍ അതു വിനോദ സഞ്ചാരികളുടെ വരവിനെ തടയും.

ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളാണ് മറ്റൊരു ഭീഷണി. അങ്ങനെയുള്ള അസ്വസ്ഥകളുടെ നടുവിലേക്ക് വരാന്‍ ആളുകള്‍ മടിക്കും. പ്രളയത്തെ തുടര്‍ന്ന് മന്ദഗതിയിലായ ടൂറിസം മേഖലയെ കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിക്കും. മനുഷ്യര്‍ ഭയത്തിലേക്ക് വീഴുന്നു എന്നൊരു പ്രശ്‌നവും ഉടലെടുക്കുന്നു. സമൃദ്ധമായ മഴയും നദികളുംകൊണ്ട് സമ്പന്നമാണ് കേരളം.

അതുകൂടാതെ എല്ലായിടത്തും വെള്ളം ലഭിക്കുന്ന ഭൂപ്രകൃതിയുമാണ് സംസ്ഥാനത്തെ വേറിട്ടതാക്കുന്നത്. എന്നാല്‍, മഴക്കാലം കഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പ് ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി കാണുന്നത്. കൂടാതെ കൃഷികളെയും ബാധിക്കുന്നു. വെള്ളം പാഴാക്കി കളയുന്നവരില്‍ മുമ്പിലായിരിക്കും മലയാളികള്‍.

മുന്‍കാലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ മഴ ലഭിച്ചിരുന്നതിനാല്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ട് മഴവെള്ളം ശേഖരിച്ചു വയ്ക്കുന്ന ശീലം മലയാളികള്‍ക്ക് തീരെയില്ല. വീടിനോട് ചേര്‍ന്ന് മഴവെള്ളസംഭരണികള്‍ നിര്‍മിക്കുന്നതും കേരളത്തില്‍ കുറവാണ്. വീടിനുമുകളില്‍ വീഴുന്ന മഴവെള്ളം കിണറുകളില്‍ സംഭരിക്കുന്നതും അതുപോലെതന്നെ.

അതൊരു സംസ്‌കാരമായി നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നില്ല. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനൊപ്പം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജലം സംരക്ഷിക്കുകയും വേണം. വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് വെള്ളം എത്തിച്ചുകൊടുക്കാന്‍ വേണ്ടിവരുന്ന ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണല്ലോ. ശാശ്വത പരിഹാരം കാണുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം.

മഴയോ വെയിലിനെയോ നിയന്ത്രിക്കാന്‍ മനുഷ്യനാവില്ല. എന്നാല്‍, ദൈവത്തിന് ഒന്നും അസാധ്യമല്ല. ഇവിടെയാണ് വിശ്വാസം ഉണരേണ്ടത്. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ഉത്തരങ്ങളുണ്ട്. നാട് പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോഴൊക്കെ പ്രാര്‍ത്ഥനയില്‍ അതിനെ അതിജീവിച്ച ഭൂതകാലമാണ് നമ്മുടേത്.

കാലാവസ്ഥ വ്യതിയാനത്തെ ഓര്‍ത്ത് പരിഭ്രാന്തരാകുന്നതിന് പകരം നമ്മള്‍ ദൈവസന്നിധിയില്‍ പ്രശ്‌നപരിഹാരത്തിന് അണയണം. പ്രശ്‌നങ്ങളെ പ്രാര്‍ത്ഥനകൊണ്ട് നേരിടുന്നത് എങ്ങനെയാണെന്ന് പുതിയ തലമുറ പഠിക്കണം. എങ്കിലേ ഭാവിയില്‍ പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ വിശ്വാസത്തില്‍ അവയെ മറികടക്കാനുള്ള പരിശീലനമായി മാറുകയുള്ളൂ.

എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലല്ലോ, ഞാന്‍ എന്തിനാണ് പ്രാര്‍ത്ഥിക്കണമെന്ന് ആരും ചിന്തിക്കരുത്. എനിക്ക് ഇല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടും ഉള്ളവരെ അതു ബാധിക്കും.ഭവനങ്ങള്‍, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, ദൈവാലയങ്ങള്‍ തുടങ്ങി എല്ലായിടത്തും നല്ല കാലാവസ്ഥയ്ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തണം. ഹോറെബിലെ പാറയില്‍നിന്നും ഇസ്രേയേല്‍ ജനത്തിന് കുടിക്കാന്‍ വെള്ളം നല്‍കിയ (പുറപ്പാട് 17:6) ദൈവത്തിന് ഒന്നും അസാധ്യമല്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?