Follow Us On

23

April

2019

Tuesday

കടന്നുപോകല്‍

കടന്നുപോകല്‍

ചിത്രശലഭങ്ങളെ നാം കണ്ടിട്ടുണ്ട്. ഒരു നികൃഷ്ട ജീവിയായ പുഴുവില്‍നിന്ന് രൂപാന്തരപ്പെട്ടു വരുന്ന ഒന്നാണ് മനോഹരമായ ചിത്രശലഭമെന്ന് വിശ്വസിക്കാന്‍ ഒരുപക്ഷേ ചിലര്‍ക്കെങ്കിലും ബുദ്ധിട്ടായിരിക്കും. തനിക്കു ചുറ്റും നിര്‍മിക്കുന്ന ആവരണം തകര്‍ത്ത് ഒരു പുതിയ രൂപത്തില്‍ പുതിയ ജീവിതത്തിലേക്ക് കടന്നുപോകുന്ന ചിത്രശലഭത്തിന്റെ ഈ കടന്നുപോകല്‍ തീര്‍ച്ചയായും വിസ്മയകരമാണ്.

പെസഹാ ആചരണം നമ്മില്‍ കടന്നുപോകലിന്റെ സ്മരണയാണ് നിറയ്ക്കുന്നത്. നൂറ്റാണ്ടുകളായി തങ്ങളായിരുന്ന അടിമത്തത്തിന്റെ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞ് ഒരു പുതിയ ലോകത്തേക്ക്, വാഗ്ദത്ത ഭൂമിയിലേക്ക് കടന്നുപോകുന്ന ഇസ്രായേല്‍ ജനതയുടെ കടന്നുപോകലാണ് പെസഹാ ആചരണത്തിന്റെ അടിസ്ഥാനം. ഈ പഴയനിയമ കടന്നുപോകലിന്റെ പൂര്‍ണത നാം കാണുന്നത് സെഹിയോന്‍ മാളികയിലാണ്.

സെഹിയോന്‍ മാളികയില്‍ പ്രത്യേകം സജ്ജമാക്കിയ ഊട്ടുമുറിയില്‍ കടന്നുപോകലിന്റെ ഒരുക്കങ്ങളാണ് നടന്നത്. ഈ ലോകത്തിലെ ജീവിതത്തില്‍നിന്ന് കടന്നുപോകാനുള്ള ഒരുക്കങ്ങളാണ് യഥാര്‍ത്ഥത്തില്‍ സെഹിയോന്‍ മാളികയില്‍ നടന്നത്. സെഹിയോന്‍ മാളികയില്‍ നടന്ന ഈ ഒരുക്കം കാല്‍വരിയിലെ കുരിശിലൂടെയും അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റ കല്ലറയിലൂടെയാണ് പൂര്‍ണമാകുന്നത്.

പഴയ നിയമത്തിലെ കടന്നുപോകലുമായി തട്ടിച്ചു നോക്കുമ്പോള്‍ യേശുവിന്റെ കടന്നുപോകലിന് പ്രത്യേകതകളുണ്ട്. ഈ ലോകത്തുനിന്ന് കടന്നുപോകുന്ന നാഥന്‍, അവിടുത്തെ സജീവ സാന്നിധ്യം ഈ ലോകത്ത് അവശേഷിക്കാന്‍ തിരുവുള്ളമായി. അങ്ങനെയാണ് ദിവ്യകാരുണ്യമെന്ന മഹനീയ അനുഗ്രഹം നമുക്ക് ലഭിക്കാന്‍ ഭാഗ്യമുണ്ടായത്. യേശുവിന്റെ കടന്നുപോകലിന്റെ മറ്റൊരു പ്രത്യേകത അവിടുന്ന് കടന്നുപോയത് തന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്കാണ് എന്നതത്രേ.

ദൈവവുമായി ഒന്നായിരിക്കുന്ന ആ ദിവ്യമഹത്വം ഉപേക്ഷിച്ച് ഭൂമിയിലേക്ക് വന്ന അവിടുന്ന് വീണ്ടും ആ മഹത്വത്തിലേക്കുതന്നെ കടന്നുപോയി പിതാവായ ദൈവവുമായി ഒന്നായിച്ചേര്‍ന്നു. യേശുനാഥന്റെ ഈ സ്വര്‍ഗീയ മഹത്വത്തിലേക്കുള്ള കടന്നുപോകലാണ് പെസഹാ ആചരണത്തിലൂടെ – വിശുദ്ധ വാരാചരണത്തിലൂടെ അനുസ്മരിക്കുന്നത്. ആ അനുസ്മരണത്തിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്.

ഒരിക്കല്‍ നമ്മളും കടന്നുപോകേണ്ടവരാണ്. അല്ല, നമ്മുടെ ജീവിതംതന്നെ ഒരു കടന്നുപോകലാണ്. നാം ചെലവഴിക്കുന്ന ഓരോ ദിവസവും ഓരോ മണിക്കൂറും കടന്നുപോകലാണ്. എന്നാല്‍ നമ്മുടെ ഈ കടന്നുപോകല്‍ യേശുനാഥന്റെ കടന്നുപോകലുമായി താരതമ്യപ്പെടുത്തി അവിടുത്തെ കടന്നുപോകലിന്റെ പ്രത്യേകതകള്‍ നമ്മിലുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമാണ് വിശുദ്ധവാരം.

നമ്മുടെ ഓരോ ദിവസവും ഓരോ മണിക്കൂറും കടന്നുപോകലായതുകൊണ്ട്, നാം ഓരോ ദിവസവും കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യുന്ന വ്യക്തികളിലും നാമായിരിക്കുന്ന സമൂഹങ്ങളിലും നമ്മുടേതായ ഓര്‍മകള്‍ അവശേഷിപ്പിക്കാന്‍ സാധിക്കണം. ഓര്‍മകള്‍ അവശേഷിപ്പിക്കുന്നതിന് രണ്ടു തലങ്ങളുണ്ട്. നമ്മുടെ സ്‌നേഹപൂര്‍ണമായ, സൗഹാര്‍ദപരമായ പെരുമാറ്റത്തിലൂടെ, നന്മനിറഞ്ഞ ജീവിതത്തിലൂടെ മറ്റുള്ളവര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മകള്‍ അവശേഷിപ്പിക്കാന്‍ കഴിയും.

അതേസമയംതന്നെ, ക്രൂരവും സ്വാര്‍ത്ഥപരവുമായ പെരുമാറ്റത്തിലൂടെ, വെറുപ്പിന്റെയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകള്‍ സൃഷ്ടിക്കാനും ഒരുവന് കഴിയും. യേശുനാഥന്‍ ഈ ലോകത്ത് തന്റെ ഓര്‍മ അവശേഷിപ്പിച്ചത് വിശുദ്ധ കുര്‍ബാനയെന്ന അതിവിശിഷ്ട ദാനത്തിലൂടെയാണ്. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച് കടന്നുപോയ നല്ല നാഥന്റെ മാതൃക അനുസരിച്ച്, മറ്റുള്ളവര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മകള്‍ മാത്രം സമ്മാനിച്ച് നമ്മുടെ കടന്നുപോകല്‍ അനുഗ്രഹപൂര്‍ണമാക്കാന്‍ നമുക്ക് ശ്രമിക്കാം.

യേശുവിന്റെ കടന്നുപോകല്‍ സ്വര്‍ഗീയ മഹത്വത്തിലേക്കായിരുന്നതുപോലെ, നമ്മുടെ കടന്നുപോകലും മഹത്വപൂര്‍ണമായ ജീവിതത്തിലേക്കായിരിക്കണം. ദൈവവുമായി മുഖാമുഖം സംസാരിച്ച, ദൈവത്തോടൊപ്പം സായാഹ്നസവാരിക്കിറങ്ങിയ ആദിമാതാപിതാക്കന്മാരുടെ പൈതൃകമുള്ള നമ്മള്‍ വീണ്ടും ദൈവവുമായുള്ള ഈ ഉറ്റബന്ധത്തിലേക്കാണ് കടന്നുപോകേണ്ടത്.

എന്നാല്‍ ഓരോ ദിവസവും നമ്മുടെ പാപംമൂലം ദൈവത്തില്‍നിന്ന് അകലേക്ക് കടന്നുപോയി മരത്തിന്റെ പുറകിലൊളിക്കുന്നവരും ‘സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍’ എന്നു ചോദിക്കുന്നവരുമൊക്കെയായി മാറുകയാണ് എന്നത് സത്യംമാത്രം. ഓരോ ദിവസവും ജീവിതം കടന്നുപോകലാകണം. അശുദ്ധിയില്‍നിന്ന് വിശുദ്ധിയിലേക്കുള്ള കടന്നുപോകല്‍.

തിന്മയില്‍നിന്ന് നന്മയിലേക്കുള്ള കടന്നുപോകല്‍. ദൈവവുമായി നാമായിരിക്കുന്ന അകലത്തുനിന്ന് ദൈവവുമായുള്ള ഉറ്റബന്ധത്തിലേക്കുള്ള കടന്നുപോകല്‍. നോമ്പുകാലാചരണവും നാം നടത്തുന്ന കുമ്പസാരവും പരസ്‌നേഹ-പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ നമ്മെ അതിന് സഹായിക്കുന്നു. ഈ അവസരങ്ങളെല്ലാം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ കഴിയട്ടെ.

ചിത്രശലഭത്തിനൊരിക്കലും വീണ്ടും പുഴുവായി മാറാന്‍ കഴിയില്ല. നമുക്കും ഈ ഭൂമിയില്‍ ഒരിക്കല്‍ മാത്രമേ ജീവിതമുള്ളൂ. മനോഹരമായതെന്തെങ്കിലും ചെയ്ത് മറ്റുള്ളവരില്‍ ഇഷ്ടപ്പെടുന്ന ഓര്‍മ അവശേഷിപ്പിച്ച് ദൈവത്തില്‍ വിലയം പ്രാപിക്കാന്‍ ഈ വിശുദ്ധവാരാചരണം നമ്മെ സഹായിക്കട്ടെ.

ബിഷപ് ഡോ. വര്‍ഗിസ് ചക്കാലക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?