Follow Us On

29

March

2024

Friday

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി പീറ്റര്‍ താബിച്ചിക്ക് ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരം

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി  പീറ്റര്‍ താബിച്ചിക്ക് ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരം

നെയ്‌റോബി (കെനിയ): ‘പീറ്റര്‍, നിങ്ങളുടെ കഥ ആഫ്രിക്കയുടെ കഥയാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും മറ്റ് മേഖലകളിലും ലോകത്തിലെ ഏറ്റവും മികച്ചവരോടൊപ്പം മത്സരക്ഷമതയുള്ളവരാണ് ഇവിടെയുള്ളതെന്ന് അങ്ങയുടെ കുട്ടികള്‍ തെളിയിച്ചിരിക്കുന്നു.’ പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കുന്ന ഏറ്റവും മികച്ച ടീച്ചറിനുള്ള അവാര്‍ഡ് ലഭിച്ച ബ്രദര്‍ പീറ്റര്‍ താബിച്ചി ഒഎഫ്എമ്മിനെ അഭിനന്ദിച്ചുകൊണ്ട് കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനയാട്ട പറഞ്ഞ വാക്കുകളാണിത്.

ദാരിദ്ര്യം കൊടുകുത്തിവാഴുന്ന പ്വാനി എന്ന ചെറുഗ്രാമത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ബ്രദര്‍ പീറ്റര്‍ ഒഎഫ്എം. അദ്ദേഹം പഠിപ്പിക്കുന്ന സ്‌കൂളിലെ മൂന്നിലൊരു കുട്ടി അനാഥനോ മാതാപിതാക്കളില്‍ ഒരാള്‍ മാത്രം ഉള്ളവനോ ആണ്. ആ സ്‌കൂളില്‍ പേരിനു പോലും ഒരു ലൈബ്രറിയോ ലബോറട്ടറിയോ ഇല്ല. 58 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലാണ് അവിടുത്തെ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം.

എന്നാല്‍ ബ്രദര്‍ പീറ്റര്‍ താബിച്ചി ഇവിടെ അധ്യാപകനായി എത്തിയപ്പോള്‍ അദ്ദേഹം കണ്ടത് ഈ പോരായ്മകളല്ല. ഭാവിയുടെ വാഗ്ദാനങ്ങളായ ശാസ്ത്രജ്ഞരെയും അധ്യാപകരെയും എഞ്ചിനിയര്‍മാരെയുമാണ് അദ്ദേഹം ആ ക്ലാസ് മുറികളില്‍ കണ്ടത്. അദ്ദേഹം കണ്ട സ്വപ്‌നം അദ്ദേഹത്തിന്റേത് മാത്രമായി ഒതുങ്ങിയില്ല. ആ സ്വപ്‌നം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്

2019-ല്‍ അരിസോണയില്‍ ഇന്റല്‍ കമ്പനി നടത്തുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഫെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍. കെനിയ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് ഫെയര്‍ 2018-ല്‍ പബ്ലിക്ക് സ്‌കൂളുകളുടെ വിഭാഗത്തില്‍ ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ധരും ബധിരരുമായവരെ സഹായിക്കുവാന്‍ ഇവര്‍ നിര്‍മ്മിച്ച ഉപകരണത്തിനാണ് സമ്മാനം ലഭിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തുടര്‍വിദ്യാഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഈ അധ്യാപകന്‍ തന്റെ വരുമാനത്തിന്റെ 80 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിലവഴിക്കുന്നത്. നാല് മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ച് അടുത്തുള്ള ഇന്റര്‍നെറ്റ് കഫെയിലെത്തി തയാറാക്കുന്ന കുറിപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നവീനമായ അറിവുകള്‍ ലഭിക്കുന്നുണ്ടെന്ന് ഈ ക്രിസ്തുശിഷ്യന്‍ ഉറപ്പുവരുത്തുന്നു.

ദുബായില്‍ നടന്ന ചടങ്ങില്‍ ദുബായി കിരീടാവകാശി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷിദ് അല്‍ മാക്തൗം അവാര്‍ഡ് സമ്മാനിച്ചു. നന്ദി പ്രസംഗത്തിനിടയില്‍, 11-ാം വയസില്‍ അമ്മ മരിച്ചതിന് ശേഷം ക്രിസ്തീയ മൂല്യങ്ങള്‍ പകര്‍ന്ന് അദ്ദേഹത്തെയും സഹോദരങ്ങളെയും വളര്‍ത്തിയ പിതാവിനെ വേദിയിലേക്ക് ക്ഷണിച്ച് അവാര്‍ഡ് അദ്ദേഹത്തിനായി സമര്‍പ്പിച്ചപ്പോള്‍ സദസ്സ് ഒന്നാകെ കരഘോഷം മുഴക്കി.

പതിനായിരത്തിലധികം വരുന്ന അപേക്ഷകരില്‍ നിന്നാണ് താബിച്ചിയെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്തത്. യുഎഇ, ഈജിപ്ത്, ഖത്തര്‍ എന്നിവടങ്ങളിലായി 55 സ്‌കൂളുകളിലധികം നടത്തുന്ന സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എഡുക്കേഷന്‍ കമ്പനിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?