Follow Us On

29

March

2024

Friday

ജോനാഥന്റെ കഥ: നമ്മുടെയും

ജോനാഥന്റെ കഥ: നമ്മുടെയും

മറ്റു കടല്‍ കാക്കകളേക്കാള്‍ ഏറെ വിഭിന്നനായിരുന്നു ജോനാഥന്‍. പാരമ്പര്യങ്ങളും സംസ്‌കാരവും പിഴുതുമാറ്റി ഉയരങ്ങളില്‍ സ്വഛന്ദം വിഹരിക്കുവാനായിരുന്നു അവന് എന്നും ആഗ്രഹം. അതിനായി അവന്‍ അതിരാവിലെ തന്നെ കൂട്ടില്‍നിന്നിറങ്ങും. പിന്നെ ഉയരങ്ങളിലേക്ക് പറക്കും. പക്ഷേ അവന്റെ ഈ പോക്ക് മറ്റ് കടല്‍കാക്കകള്‍ക്കാര്‍ക്കും തെല്ലും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. തീറ്റ തേടാതെ ഉയരങ്ങളിലേക്ക് പറന്നാല്‍ അതിലെന്താണ് നേട്ടമെന്ന് അവര്‍ അവനോട് ചോദിക്കും. എന്നാല്‍ അതിനുത്തരം ആ കാക്കക്കൂട്ടത്തോട് പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് മനസിലായതോടെ ജോനാഥന്‍ ഒന്നും മിണ്ടില്ല. ഉയരങ്ങളിലേക്ക് തന്നെ പറക്കും.

അവന്റെ തലക്ക് എന്തോ സംഭവിച്ചു എന്ന് പറഞ്ഞ് കാക്കകള്‍ തലതല്ലി ചിരിക്കും. ഉണക്ക മത്സ്യങ്ങള്‍ക്കായി മറ്റ് കടല്‍ക്കാക്കകള്‍ ശണ്ഠ കൂടുമ്പോള്‍ ആകാശനീലിമയിലേക്ക് പറക്കുകയായിരുന്നു ജോനാഥന്‍. അവന്റെ ഈ അസാധാരണത്വം കാക്ക വര്‍ഗത്തിന് അശേഷം രസിച്ചില്ല. കാക്കകൂട്ടത്തിലെ മൂപ്പനോട് പോയി അവര്‍ കാര്യം വിശദീകരിച്ചു.

”തീറ്റതേടുക, ഉറങ്ങുക എന്ന കര്‍മ്മത്തില്‍ നിന്നും ജോനാഥന്‍ ബഹുദൂരം പിന്നില്‍ പോയിരിക്കുന്നു. അവന് ഉയരങ്ങളിലെത്തണം എന്ന ചിന്ത മാത്രമാണുള്ളത്. അതുകൊണ്ട് എന്താണ് നേട്ടം? വിശന്നുവലഞ്ഞാല്‍ ആര് അവനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം കൊടുക്കും?” കാക്കകളുടെ പരാതി മൂപ്പനും ശ്രദ്ധിച്ചു. കൂട്ടില്‍ നിന്ന് ഉണര്‍ന്നാലുടന്‍ അവന്‍ മുകളിലേക്ക് നോക്കും. കാക്കകൂട്ടങ്ങള്‍ കടല്‍ത്തീരം ലക്ഷ്യമാക്കുമ്പോള്‍ ജോനാഥന്‍ ആകാശം ലക്ഷ്യമാക്കുന്നു.

മുകളില്‍ നിന്ന് ആരെങ്കിലും അവന് ഭക്ഷണമോ മറ്റോകൊടുക്കുന്നുണ്ടോ എന്ന് കരുതി മൂപ്പനും കുറേ നേരം മുകളിലേക്ക് പറന്നു. എന്നാല്‍ സൂര്യന്റെ ചൂട് അടിച്ചപ്പോള്‍ ശരീരം തളരാന്‍ തുടങ്ങി. താഴേക്ക് തന്നെ മൂപ്പന്‍ മടങ്ങി.  അവനെ പിന്തിരിപ്പിക്കാനാവില്ലെന്ന് മനസിലായതോടെ മൂപ്പന്‍ തങ്ങളുടെ ഗോത്ര ത്തില്‍ നിന്ന് അവനെ പുറന്തളളിയതായി പ്രഖ്യാപിച്ചു. ജോനാഥന്‍ എന്ന ഒരു കടല്‍കാക്ക ജനിച്ചിട്ടില്ലെന്നും പറഞ്ഞ് പരത്തി. മറ്റു കാക്കകള്‍ ഉച്ചത്തില്‍ അതിനെ പിന്താങ്ങി. കാക്കക്കൂട്ടത്തില്‍ നിന്നും പൂര്‍ണ സ്വതന്ത്രനായ ജോനാഥന്‍ അകലങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി.

ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ത്ത് അവന്‍ മാനം മുട്ടെ പറന്നു. ഒടുവില്‍ പറുദീസാപോലെ മനോഹരമായ ഒരു സ്ഥലത്ത് അവന്‍ എത്തിച്ചേര്‍ന്നു. അവിടെ ചിയാങ് എന്ന ഗുരുവിന്റെ കീഴില്‍ അവന്‍ പഠനം ആരംഭിച്ചു. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ ജോനാഥന് ഗുരുവചനങ്ങള്‍ അമൂല്യ വചസുകളായിരുന്നു. ഒപ്പു കടലാസെന്നപോലെ അവന്‍ അതു ഹൃദയത്തില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. സ്‌നേഹത്തിന്റെ പുതുപുത്തന്‍ പാഠങ്ങള്‍ അവന്റെ ജീവിതം മാറ്റി മറിച്ചു. എന്തിലും ഏതിലും സ്‌നേഹം പകര്‍ന്നു നല്‍കണമെന്ന ഗുരു വചനം അവനെ സന്തുഷ്ടനാക്കി.

പഠനം പൂര്‍ത്തിയാക്കി ജോനാഥന്‍ നാട്ടിലെത്തി. താന്‍ കണ്ടതും, കേട്ടതുമായ കാര്യങ്ങള്‍ യുവാക്കളായ കാക്കകളോട് പങ്കുവെച്ചു. അവരില്‍ നല്ലൊരു ഭാഗം അവന്റെ വാക്കുകളെ വിശ്വസിച്ചു. എന്നാല്‍ മുതിര്‍ന്നവര്‍, അവന്‍ യുവതലമുറയെ വഴി തെറ്റിക്കുന്നു എന്നുപറഞ്ഞ് കോപിക്കുകയാണ് ചെയ്തത്. നേതാവിന്റെ ശാപമേറ്റവരൊപ്പം ജോനാഥനും കാക്ക സമൂഹത്തില്‍ നിന്നും പുറത്തായി. അവരെ അവന്‍ ഉയരങ്ങള്‍ ലക്ഷ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിച്ചു.

ഇതൊന്നും കേട്ടിട്ടില്ലാത്ത മറ്റുസ്ഥലങ്ങളിലുളള കടല്‍കാക്കകളെ ഇതേപറ്റി പഠിപ്പിക്കാന്‍ അവന്‍ അനന്തതയിലേക്ക് വീണ്ടും പറന്നു. പൂര്‍ണതയിലേക്ക്….
ദൈവം നമുക്ക് തന്ന താലന്തുകള്‍ വിനിയോഗിക്കാതെ ഉണക്ക മത്സ്യങ്ങള്‍ക്കുവേണ്ടി കലപില കൂട്ടുന്ന കാക്കകളെപ്പോലെ നാം സമയം കളയുന്നു. മനുഷ്യന്റെ വളര്‍ച്ചയും, പൂര്‍ണതയും ആഗ്രഹിക്കുന്ന ദൈവത്തെ ഇത് നിരാശപ്പെടുത്തും. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് ലക്ഷ്യം പ്രാപിക്കാന്‍ കഴിയണമെന്ന് ജോനാഥന്‍ നമ്മെ പഠിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?