Follow Us On

15

July

2020

Wednesday

അജ്ഞതയ്ക്ക് മാപ്പ്

അജ്ഞതയ്ക്ക് മാപ്പ്

”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല” (ലൂക്കാ 23:34).

മാപ്പുകൊടുക്കാന്‍ ഒരു കാരണം വേണം, ആര്‍ക്കും എവിടെയും. ഒരല്‍പം ശാന്തമായിരുന്നാല്‍ നിങ്ങളുടെ തലയ്ക്ക് മുകളിലും കാരണത്തിന്റെ ഒരു മഴവില്ല് തെളിയും, മാപ്പുകൊടുക്കാനുള്ള കാരണത്തിന്റെ.

കാസര്‍ഗോഡുള്ള ദേവകിയമ്മ, വിധവയാണവര്‍. കൂലിപ്പണിയെടുത്ത് ഏകമകനെ വളര്‍ത്തി അവന്റെ കല്യാണവും കഴിഞ്ഞു. വേറെ വീട്ടില്‍ താമസിക്കാനാണ് അവനും വന്നുകേറിയ പെണ്ണിനും താല്‍പര്യം. വീടുപണിയാന്‍ ഈ അമ്മയും സഹായിച്ചു. അങ്ങനെയിരിക്കെ നാട്ടിലാകെ നിലയ്ക്കാത്ത പേമാരി. പണി കിട്ടാനില്ല. അരി മേടിക്കാന്‍ ഈ അമ്മയ്ക്ക് കാശിന് വേറെ വഴിയുമില്ല. എന്തായാലും മകനോട് ചെറിയ സഹായം ചോദിക്കാം. ദീര്‍ഘദൂരം നടന്ന് അവന്റെ വീട്ടിലെത്തി. അവര്‍ കാര്യമായി സ്വീകരിച്ചു. ഭക്ഷണം കൊടുത്തു, അരി വാങ്ങാനുള്ള കാശും കൊടുത്തു.

മരത്തിന്റെ ഒരു പാലമുണ്ടവിടെ. അതു കടന്നാലേ വീട്ടില്‍ മടങ്ങിയെത്തൂ. മകനും അമ്മയ്‌ക്കൊപ്പം നടന്നു. പാലത്തിന്റെ നടുവിലെത്തിയപ്പോള്‍ അമ്മയെ തട്ടി താഴെയിട്ടു. ശക്തമായ ഒഴുക്കുവെള്ളത്തില്‍ ആ അമ്മ ഒരു തീരത്തടിഞ്ഞു, മരിച്ചില്ല. ഇതിനിടെ ഇവനാണ് ഉത്തരവാദിയെന്നറിഞ്ഞ നാട്ടുകാര്‍ ഇവനെ പോലിസില്‍ ഏല്‍പിച്ചു. കാര്യം കോടതിയിലെത്തി. വിസ്താരത്തിനിടയില്‍ ജഡ്ജി ചോദിച്ചു: ”അമ്മേ, ഈ മകനാണോ ഇത് ചെയ്തത്?” അമ്മ പറഞ്ഞു: ”അല്ല, സാറേ. എന്റെ മകന് എന്നോട് ഇങ്ങനെ ചെയ്യാനാകുമോ?” പരാതിയില്ലാത്തതുകൊണ്ട് കോടതി അവനെ വെറുതെ വിട്ടു.

പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ പൊതിഞ്ഞു: ”അമ്മ എന്തുകൊണ്ടാണ് കുറ്റം മറച്ചുപിടിച്ചത്?” അമ്മ മകനോട് ചോദിച്ചു: ”മോനേ, നീ എന്താ അങ്ങനെ ചെയ്തത്?” അവന്‍ പറഞ്ഞു: ”വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇരുപതിനായിരം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അതു കിട്ടാന്‍ ചെയ്തതാണ്.” അമ്മ മാധ്യമങ്ങളോട് പറഞ്ഞു: ”കാര്യം മനസിലായല്ലോ… കാശിന്റെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അങ്ങനെ ചെയ്തു, അത്രമാത്രം.” എനിക്കൊരു പരാതിയുമില്ല, വിഷമവുമില്ല.

മാപ്പിന് കാരണം കണ്ടെത്തി, അങ്ങനെ ദേവകിയമ്മ. അന്ന് ക്രൂശിതന്റെ വാക്കിനായും ജനം കാത്തിരുന്നു. അവന്റെ ആദ്യവചനം എന്തായിരിക്കും? ഇത്രകാലം ജീവിച്ചതിനെ മരണംകൊണ്ട് സാക്ഷ്യപ്പെടുത്തുമോ അതോ, ജീവിച്ചതൊക്കെയും പറഞ്ഞതൊക്കെയും മരണവെപ്രാളത്തില്‍ തള്ളിക്കളയുമോ.
കുരിശില്‍ കയറേണ്ടി വരുന്ന ചിലര്‍ സ്വന്തം ജന്മത്തെയും കുരിശില്‍ തറയ്ക്കുന്നവരെയും ചുറ്റുമുള്ള സകലരെയും ചീത്തവിളിക്കും. ജന്മം നല്‍കിയ മാതാപിതാക്കളെ പഴിക്കുന്നവരും ശപിക്കുന്നവരുമുണ്ട്.

അതുകൊണ്ടാണ് കുരിശില്‍ കയറുമ്പോള്‍ പലരുടെയും നാവറുത്ത് കളയാറുള്ളത്. എന്നാല്‍ ക്രൂശിതന്റെ വാക്ക് കേട്ടപ്പോള്‍ നാവറക്കാതെ കാത്തുനിന്നവരുടെ നാവുപോലും ഇറങ്ങിപ്പോയി. അപ്പാ, ഇവരൊക്കെ അജ്ഞരായതുകൊണ്ടാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് പൊറുക്കണമെന്ന്. ഇതു കേട്ടപടി ശതാധിപന്‍ പറഞ്ഞു: ”ഇവന്‍ നീതിമാനായിരുന്നു.” ശത്രുവിന് മാപ്പിരക്കാന്‍ മതിയായ ഒരു കാരണവും അവിടെയില്ല. എന്നിട്ടും ക്രിസ്തു ഒരു കാരണം കണ്ടെത്തി, അറിവില്ലായ്മ. അജ്ഞതയ്ക്ക് മാപ്പ് നല്‍കാമല്ലോ.

നമുക്കൊക്കെയില്ലേ ചില സ്വകാര്യ സ്വപ്നങ്ങള്‍. കുട്ടികളുടെ കളിവീടുപോലെയാണവ. എത്ര കഷ്ടപ്പെട്ടാണ് ഒരു കുഞ്ഞ് അത് പണിയുന്നത്. എന്നാല്‍ വഴിയാത്രികര്‍ വെറും മണല്‍കൂമ്പാരമായി അതിനെ ചവിട്ടിമെതിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ എന്റെ തലയ്ക്ക് മുകളിലെ നക്ഷത്രങ്ങളാണ്. ചെറുതും വലുതുമായവ. അവ തല്ലിത്തകര്‍ക്കുന്നത് എന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഒരുമിച്ചു പ്രാര്‍ത്ഥിച്ചവരും ഒക്കെയാകാം (സങ്കീ. 55). അവരെ വെറുക്കുമ്പോള്‍ എന്റെ ജാലകങ്ങള്‍ അടച്ചിടുകയാണ് ഞാന്‍.

കാരണം കണ്ടെത്തി മാപ്പുകൊടുക്കാം. ഇല്ലാത്ത കാരണം ഉണ്ടാക്കിപ്പോലും മാപ്പ് നല്‍കാം. അതെ, പലരും അജ്ഞരാണ്. നമ്മുടെ സുഹൃത്തുക്കള്‍പോലും നമ്മുടെ നക്ഷത്രങ്ങള്‍ തകര്‍ത്ത് കുരിശില്‍ വീഴ്ത്തുന്നത് അവര്‍ അറിയുന്നില്ല. അവരോട് പൊറുക്കാന്‍ അജ്ഞത എന്ന കാരണമല്ലാതെ എന്തു കണ്ടെത്താനാകും നിങ്ങള്‍ക്ക്? അറിയുന്നവന് മാപ്പില്ല, അജ്ഞന് മാപ്പുണ്ട്. വീണ മാലാഖയ്ക്ക് മാപ്പില്ല; മനുഷ്യന് മാപ്പുണ്ട്. എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തവരോട് പൊറുക്കാന്‍ ക്രൂശിതാ, നിന്റെ ഹൃദയം തരാമോ എനിക്ക്.

പ്രാര്‍ത്ഥന: ദൈവമേ, അജ്ഞതമൂലം ഞാന്‍ നഷ്ടപ്പെടുത്തിയ ഭാഗ്യങ്ങള്‍ തിരിച്ചെടുക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

***********************************************

ഓഡിയോവേർഷൻ:

Related Posts

Don’t want to skip an update or a post?