Follow Us On

28

March

2024

Thursday

ഓലമേഞ്ഞ കുടിലുകളില്‍ ബലിയര്‍പ്പിച്ചിരുന്ന കാലം

ഓലമേഞ്ഞ കുടിലുകളില്‍ ബലിയര്‍പ്പിച്ചിരുന്ന കാലം

”അന്യ ദേശത്തുനിന്നും വന്നൊരു വൈദികന്റെ സ്‌നേഹ നിര്‍ഭരമായ വാക്കുകളാണ് എന്റെ പൗരോഹിത്യ വിളിക്ക് പിന്നില്‍. പിന്തിരിഞ്ഞുനോക്കുമ്പോള്‍ പൗരോഹിത്യത്തിന്റെ അമ്പതാണ്ടുകളിലൂടെ ദൈവം എന്നെ അളവില്ലാതെ വളര്‍ത്തുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്…”

പറയുന്നത് തിരുവനന്തപുരം കരവാളൂര്‍ സെന്റ് ജറാള്‍ഡ് മൊണാസ്ട്രി സുപ്പീരിയറും റിഡംപ്റ്ററിസ്റ്റ് സഭാംഗവുമായ ഫാ.തോമസ് മുളഞ്ഞനാനി. ഇപ്പോഴദേഹം പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലിയിലാണ്. തന്റെ പൗരോഹിത്യത്തിലേക്ക് വഴി തുറന്നതെങ്ങനെയെന്ന് അച്ചന്‍ വിശദീകരിക്കുന്നു.
”ഞാനൊരു അള്‍ത്താര ബാലനായിരുന്ന കാലം. ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ ചെന്നപ്പോള്‍ പുതിയൊരച്ചന്‍ ബലിയര്‍പ്പിക്കാനെത്തിയിരിക്കുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൗതുകത്തോടെ അച്ചനെ പരിചയപ്പെടാന്‍ ചെന്നു.

അച്ചന്റെ പേര് ഫാ. ജോര്‍ജ് എം.എസ്.എഫ്.എസ്. അദേഹം ആന്ധ്രയിലെ വിശാഖപട്ടണത്തില്‍നിന്നുമാണ് വരുന്നത്. തന്റെ ശുശ്രൂഷാ ജീവിതത്തെക്കുറിച്ചും വളരെ ദരിദ്രരായ അവിടുത്തെ ജനങ്ങളെക്കുറിച്ചും സംസാരിച്ചു. ആ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയുളള സഭയുടെ പരിശ്രമങ്ങളെപറ്റിയും പറഞ്ഞു. അതെല്ലാം ജിജ്ഞാസയോടെ കേട്ടുനിന്നതുകൊണ്ടാകണം അച്ചന്‍ ഇപ്രകാരമാണ് ആ സംസാരം അവസാനിപ്പിച്ചത്. ”നിങ്ങള്‍ക്കും ഇഷ്ടമാണെങ്കില്‍ മിഷനിലേക്ക് വരുക..” അച്ചന്‍ അവസാനം പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

കാരണം വൈദികരും സന്യസ്തരും ധാരാളമുള്ള കുടുംബാംഗമാണ് ഞാന്‍. അങ്ങനെയിരിക്കെ പാലായില്‍ ളാലം ഇടവകപ്പള്ളിയില്‍ നിത്യസഹായ മാതാവിന്റെ നൊവേന ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന നൊവേനയില്‍ പങ്കുകൊള്ളാന്‍ തിരുനാള്‍ ദിവസംപോലെ ധാരാളം ആളുകളും എത്തും. അതിനിടയില്‍ ഒരു ശനിയാഴ്ച ഒരു ഐറിഷ് റിഡംപ്റ്ററിസ്റ്റ് വൈദികന്‍ ഫാ. ആന്‍ഡ്രൂ ആയിരുന്നു നൊവേന നടത്തിയത്, അതും ശുദ്ധ മലയാളത്തില്‍. എന്നെ ഏറെ ആകര്‍ഷിച്ചൊരു സംഭവമായിരുന്നു അത്.

ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ ഫാ. വര്‍ക്കി വിതയത്തില്‍ (സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായി പിന്നീട് ഉയര്‍ത്തപ്പെട്ടു) റിഡംപ്റ്ററിസ്റ്റ് സഭയ്ക്കുവേണ്ടി ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോളജിലുമെത്തി. റിഡംപ്റ്ററിസ്റ്റ് സഭയെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും നിയോഗങ്ങളെക്കുറിച്ചും ആകര്‍ഷകമായി അദേഹം സംസാരിച്ചു.

ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. സംസാരത്തിനുശേഷം അദ്ദേഹം റോമില്‍നിന്നും കൊണ്ടുവന്ന, രാത്രിയില്‍ പ്രകാശിക്കുന്ന കൊന്തയും നിത്യസഹായ മാതാവിന്റെ ചിത്രവും തന്നുകൊണ്ട് പറഞ്ഞു: ”മാതാവ് എല്ലാം കാണിച്ചുതരും, അതനുസരിക്കുക.” കോളജ് പഠനം പൂര്‍ത്തിയായി. ഇനി എങ്ങോട്ട്? എന്ന ചോദ്യം മനസില്‍ ഉയര്‍ന്നുവന്ന നാളുകളാണത്. എന്നെയൊരു അധ്യാപകനാക്കണമെന്ന അപ്പച്ചന്റെ ആഗ്രഹവും മനസില്‍ ഉയര്‍ന്നുവന്നു.

എന്നാല്‍ വര്‍ക്കി വിതയത്തില്‍ അച്ചന്‍ തന്ന ആ പ്രകാശിക്കുന്ന കൊന്തയും മാതാവിന്റെ പടവും അദ്ദേഹത്തിന്റെ സ്‌നേഹനിര്‍ഭരമായ വാക്കുകളും ശക്തമായി എന്റെ ഹൃദയത്തിലേക്ക് വന്നു. അങ്ങനെ ആ ഒരു തീരുമാനം എന്നില്‍ ബലപ്പെട്ടു. അങ്ങനെ ബംഗളൂരുവില്‍ ഇന്റര്‍വ്യൂവിന് പോകാന്‍ നിശ്ചയിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തപ്പോള്‍ റിഡംറ്ററിസ്റ്റ് സഭയെക്കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. 1940-ലാണ് റിഡംറ്ററിസ്റ്റ് സഭ ഇന്ത്യയില്‍ വരുന്നത്.

അതേ വര്‍ഷമാണ് എന്റെ ജനനവും. ഇന്റര്‍വ്യൂ സമയത്ത് ഒരു കാര്യം പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ”ഒമ്പതു വര്‍ഷത്തെ പഠനത്തിനുശേഷം വൈദികനായിട്ടാണ് മടങ്ങുക. അതിനിടയില്‍ വീട്ടിലേക്ക് തിരിച്ച് പോകണമെങ്കില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും ഗുരുതര രോഗമോ മറ്റോ വന്നാലേ സാധിക്കുകയുള്ളൂ.” പക്ഷേ ഒരു വൈദികനാവുക എന്ന ആഗ്രഹംതന്നെ എന്നില്‍ മുന്നിട്ടുനിന്നു. 1961-ല്‍ വ്രതമെടുത്ത് എന്നെത്തന്നെ ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പിച്ചു.

ഒമ്പതു വര്‍ഷത്തെ പഠനത്തിനുശേഷം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കോളജിലും സെമിനാരിയിലും ഒന്നിച്ചു പഠിച്ച ഫാ. മാത്യു പരുത്തിക്കലിനൊപ്പം 1969 ഏപ്രില്‍ 30-ന് ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ തിരുപ്പട്ട ശുശ്രൂഷവഴി വൈദികപട്ടം സ്വീകരിച്ചു. മാര്‍ കാവുകാട്ട് ഇപ്പോള്‍ ധന്യപദവിയിലാണ്.

ആന്ധ്രായിലേക്ക്
1965-ല്‍ റിഡംപ്റ്ററിസ്റ്റ് സഭ ആന്ധ്രയിലെ തെന്നാലിയില്‍ മിഷന്‍ ഹൗസ് ആരംഭിച്ചു. 1969-ല്‍ ഞാന്‍ അവിടെ ഒരംഗമായി ചേര്‍ന്നു. ആ സമൂഹത്തിലെ വൈദികര്‍ അടിസ്ഥാനപരമായി മിഷനറി സമൂഹമായിരുന്നു. കേരളം, തമിഴ്‌നാട്, ഗോവ, മംഗലാപുരം, മുംബൈ, ഐറിഷ് എന്നിവിടങ്ങളില്‍നിന്നുള്ള വൈദികരായിരുന്നു അവിടെയുണ്ടായിരുന്നത്.

ഇവരെല്ലാം ചേര്‍ന്നുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, ജാതിസമ്പ്രദായം, വര്‍ണ വ്യത്യാസങ്ങള്‍, അടിമത്തം എന്നിവയാല്‍ വളരെ അധഃപതിച്ച അവസ്ഥയിലായിരുന്നു ആന്ധ്ര. വളരെ ദയനീയമായിരുന്നു അവരുടെ അവസ്ഥ. അവരുടെ ഇടയില്‍ സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ചും മനുഷ്യരെ തുല്യരായി കാണാനും മറ്റും പഠിപ്പിക്കുക വെല്ലുവിളിതന്നെയായിരുന്നു.

25 കിലോമീറ്ററിനുള്ളില്‍ വ്യാപിച്ചു കിടക്കുന്ന തെന്നാലിയിലെ നിത്യസഹായമാതാ ഇടവകയില്‍ 35 ചെറിയ ക്രൈസ്തവ കൂട്ടായ്മകളിലായിരുന്നു ഞങ്ങളുടെ പ്രേഷിതപ്രവര്‍ത്തനം നടന്നത്. ദൈവത്തിന്റെ സുവിശേഷം അനര്‍ഗളമായി പ്രസംഗിക്കപ്പെട്ടു. ഓലമേഞ്ഞ കുടിലുകള്‍, വൃക്ഷച്ചുവടുകള്‍ ഇവയൊക്കെയായിരുന്നു ബലിയര്‍പ്പണ വേദികള്‍. ചില സ്ഥലങ്ങളില്‍ ചരിച്ചുവച്ച കട്ടിലിനു മുകളില്‍ വാതില്‍പ്പലകകള്‍ എടുത്തുവച്ച് ബലിപീഠം തീര്‍ത്ത് ബലിയര്‍പ്പിച്ചു.

പാടത്തും പറമ്പിലും പണിയെടുത്തിരുന്ന സാധാരണ മനുഷ്യര്‍ അവരുടെ പണി കഴിഞ്ഞശേഷം വൈകുന്നേരമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിരുന്നത്. ഒരു വൈദികന്‍ ഒരപ്പന്റെ സ്ഥാനത്തായിരുന്നു. അവരുടെ ഉന്നമനത്തിനായി സൗജന്യ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍, ഫ്രീ ഡിസ്പന്‍സറി, ഭവനനിര്‍മാണം, ഫ്രീ ബോര്‍ഡിംഗ്, ന്യായവില ഷോപ്പുകള്‍, ത്രിഫ്റ്റ് ക്രെഡിറ്റ് യൂണിയനുകള്‍, സൈക്കിള്‍ റിക്ഷാ തുടങ്ങി അനവധി പ്രൊജക്ടുകള്‍.

ജെ.എം.ജെ സിസ്റ്റേഴ്‌സിന്റെ നിസ്വാര്‍ത്ഥമായ സേവനവും സഹകരണവും കൂടുതല്‍ കരുത്തുപകര്‍ന്നു. ഇന്ന് അമ്പതു കൊല്ലങ്ങ ള്‍ക്കിപ്പുറം 35 കൂട്ടായ്മകള്‍, ആറ് വലിയ ഇടവകകളും ഒപ്പം മഠങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. സമത്വവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന വലിയ സമൂഹമായി അ വര്‍ മാറിയിരിക്കുന്നു. പതിനാറോളം പുരോഹിതരും അതിലേറെ സിസ്റ്റേഴ്‌സും ആ സമൂഹത്തിനിടയില്‍ സേവനം ചെയ്യുന്നു.

മറക്കാനാവാത്ത അനുഭവം
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു 1977 നവംബര്‍ 19. അന്ന് ഉച്ചകഴിഞ്ഞ് ചെറിയ തോതില്‍ മഴയും കാറ്റും ആരംഭിച്ചു. നാലുമണിയോടെ കാറ്റും മഴയും ശക്തി പ്രാപിച്ചു. അര്‍ദ്ധരാത്രിപോലെ ഇരുട്ട് വ്യാപിച്ചു. വലിയ ചൂളംവിളിയോടെ അതിശക്തമായ കാറ്റു വീശി. ഞങ്ങളുടെ ഹൗസിന് ചുറ്റുമുള്ള കുടിലുകള്‍ ഓരോന്നായി നിലംപതിച്ചു. ആളുകള്‍ നിലവിളിച്ചുകൊണ്ട് ഹൗസിലേക്ക് ഓടിവന്നു. കൂടെയുണ്ടായിരുന്ന വൈദികര്‍ അന്ന് മുംബൈയില്‍ ഒരു കോണ്‍ഫ്രന്‍സിന് പോയിരിക്കുകയായിരുന്നു.

ഞാനും സഹപ്രവര്‍ത്തകരും മുകളിലേക്കുള്ള പടികളുടെ അടിയിലുള്ള ചെറിയ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ മഹാദുരന്തം പിറ്റേന്ന് രാവിലെ രണ്ടുമണിക്കാണ് അവസാനിച്ചത്. പിറ്റേന്ന് രാവിലെ പള്ളി തുറന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മേല്‍ക്കൂരയില്ലാത്ത പള്ളിയില്‍ എല്ലാവരുമൊത്ത് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ചത് മറക്കാനാവില്ല.

നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തുള്ള മുട്ടട ഹോളി ക്രോസ് പള്ളി വികാരിയായിട്ടാണെത്തിയത്. ഇടവകയുടെ കാര്യങ്ങള്‍ നോക്കാന്‍ മലയാളം ഒന്നുകൂടി പഠിക്കേണ്ടി വന്നു. ഈ കാലയളവില്‍ വിദേശ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഭാഗ്യം ലഭിച്ചു. അമേരിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പോയി സേവനം ചെയ്യാന്‍ സാധിച്ചു. ശ്രീലങ്ക എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും വിളിച്ചവന്‍ കൂടെയുണ്ടെന്ന വിശ്വാസമാണ് എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി മാത്രമാണ് അച്ചന്റെ മുഖത്ത്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ദൈവം ചേര്‍ത്ത് പിടിച്ച ഒരുപാട് അനുഭവങ്ങള്‍ അച്ചന്റെ മുന്നിലുണ്ട്. ”ദൈവമാണ് എന്നെ നയിച്ചത്. ഞാന്‍ യാതൊന്നും ചോദിച്ചുവാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എനിക്ക് ഒരു പരാതിയുമില്ല. എന്നും ദൈവഹിതം നിറവേറട്ടെ എന്നാണ് എന്നുമെന്റെ പ്രാര്‍ത്ഥന.” കരംകൂപ്പി അച്ചന്‍ ദൈവകാരുണ്യത്തിന് മുന്നില്‍ നന്ദിപറയുകയാണ്..

ഡി. ജോയിക്കുട്ടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?