Follow Us On

15

July

2020

Wednesday

ക്രിസ്തുവിന്റെ പരിമളം

ക്രിസ്തുവിന്റെ പരിമളം

”മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്താ. 5:16).

ക്രിസ്തുവിനൊപ്പം ചരിക്കുന്നവര്‍ക്ക് അവന്റെ ഗന്ധമുണ്ടാകണമല്ലോ. അന്നൊരിക്കല്‍കൂടി ക്രിസ്തു ലാസറിന്റെയും അവന്റെ സഹോദരിമാര്‍ മാര്‍ത്താ, മറിയത്തിന്റെയും വീട്ടില്‍ പോയി. തന്റെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത ദിനത്തില്‍ ചെയ്ത അത്ഭുതമായിരുന്നു ലാസറിനെ മരണത്തില്‍നിന്നും ഉയിര്‍പ്പിച്ചത്. ഏറെപ്പേര്‍ ലാസറിനെപ്രതി യേശുവില്‍ വിശ്വസിച്ചു (യോഹ. 12:11). പുരോഹിതപ്രമാണികളെ ഇതൊക്കെ ചൊടിപ്പിച്ചു.

ലാസര്‍ അവന്റെ ഏറ്റം അടുത്ത സുഹൃത്താണ്. അവന്റെ വീട് മൂന്നുപ്രാവശ്യം സന്ദര്‍ശിക്കുന്നത് സുവിശേഷത്തില്‍മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പരസ്യകാ ജീവിതത്തിനിടെ സാമ്പത്തികമായ മേഖലയില്‍ ഈ കുടുംബത്തിന്റെ സഹായത്തെപ്പറ്റി ചില ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. എന്തായാലും ലാസറിന് അസുഖമെന്നറിഞ്ഞപ്പോള്‍ അവന് ആ ഭവനത്തില്‍ പോയി സൗഖ്യം നല്‍കാന്‍ ആഗ്രഹമുണ്ടായിരുന്നു, കഴിഞ്ഞില്ല. പെട്ടെന്നാണ് മരണവാര്‍ത്ത കിട്ടുന്നത്. ലാസര്‍ മരിച്ചു! ജീവന്റെ നാഥനറിയാതെ ലാസറിന്റെ മരണം സാധ്യമല്ലല്ലോ. ഇല്ല, അവന്‍ മരിച്ചിട്ടില്ല. ഉറക്കത്തിലാണ്. മരണം ജീവനിലേക്കുള്ള ഉറക്കമായത് അന്നുമുതലാണ്.

ക്രിസ്തു ഉയിര്‍പ്പിച്ച ലാസറിനെ കരുതി കാര്യമായ ഒരു ഡിന്നര്‍ സഹോദരിമാര്‍ തയാറാക്കി. പ്രിയ ശിഷ്യരെയും കൂട്ടത്തില്‍ വിളിച്ചു. വീട്ടിലെത്തിയ സമയം മുതല്‍ മറിയം തൈലം ഉപയോഗിച്ച് അവന്റെ കാലുകള്‍ പൂശാന്‍ തുടങ്ങി. ഭവനമാകെ പരിമളംകൊണ്ടു നിറഞ്ഞു. മറിയത്തിന്റെ സമര്‍പ്പണം അവളെയും പരിസരത്തെയും ഒരുപോലെ പരിമളമുള്ളതാക്കി. സമര്‍പ്പണത്തിന്റെ പരിശുദ്ധി തടഞ്ഞുനിര്‍ത്താനാവില്ല. കൊടുങ്കാറ്റിന്റെ ഒരു മല്ലച്ചില്ലയില്‍ തളച്ചിടാന്‍ നിങ്ങള്‍ക്കാവില്ലല്ലോ.

അവള്‍ ഒരുക്കിയ തൈലം മാത്രമല്ല, അവളുടെ മനസും ഹൃദയവുമൊക്കെയാണ് ഗുരുവിന്റെ കാല്‍പാദത്തിങ്കല്‍ അവള്‍ കൊടുത്തത്.
ക്രിസ്തുവിന്റെ പരിമളമാകാനല്ലേ വിശ്വാസിയുടെ വിളി. ഏതാനും വര്‍ഷം മുമ്പാണ് കോപ്റ്റിക് സഭയിലെ ഇരുപത്തിയൊന്നുപേരെ തീവ്രവാദികള്‍ കൊന്നുകളഞ്ഞത്. ‘ദ 21: എ ജേര്‍ണി ഇന്‍ടു ദ കോപ്റ്റിക് മാര്‍ട്ടേഴ്‌സ്’ എന്ന മാര്‍ട്ടിന്‍ മോസ്ബാഹിന്റെ ഗ്രന്ഥം വായിക്കേണ്ടതുതന്നെ. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച്, പ്രിയപ്പെട്ടവരോട് സംസാരിച്ച് രൂപകല്പന ചെയ്ത ഈ ഗ്രന്ഥത്തില്‍ ഇവരെങ്ങനെ ലോകത്തിന്റെ പരിമളമായിയെന്നറിയാം.

എല്ലാ ആഗസ്റ്റ് മുപ്പതിനും ഹോളി മാര്‍ട്ടേഴ്‌സിന്റെ തിരുനാള്‍ സഭ ആഘോഷിക്കുന്നുണ്ട്. ഫെലിക്‌സ്, അഡോക്റ്റസ് എന്നിവരാണ് മാര്‍ട്ടേഴ്‌സ്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തുണടായ മതപീഡനത്തില്‍ മരണം വരിക്കേണ്ടിവന്നവരാണിവര്‍. ഫെലിക്‌സ് റോമന്‍ പൗരനാണ്. അഡോക്റ്റസ് സത്യത്തില്‍ രണ്ടാമന്റെ പേരല്ല. ഫെലിക്‌സ് മരിക്കുന്നതു കണ്ടപ്പോള്‍ അവന്റെ സാക്ഷ്യത്തിന്റെ വെളിച്ചത്തില്‍ ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞവനാണ്. ‘കൂട്ടിച്ചേര്‍ക്കപ്പെട്ടവന്‍’ എന്നാണ് ഈ വാക്കിനര്‍ത്ഥം. കൂട്ടിച്ചേര്‍ക്കപ്പെട്ട വിശുദ്ധന്‍ ആയി പിന്നീട് ഇദ്ദേഹം.

ഇതുപോലെയാണ് അന്നും സംഭവിച്ചത്. ഇരുപതുപേര്‍ ക്രൂരമായി വധിക്കപ്പെടുന്നതും അവരുടെ രക്തം കടല്‍ക്കരയില്‍ പൊട്ടിയൊഴുകുന്നതും കണ്ടുകൊണ്ടു നില്‍ക്കുന്നവനായിരുന്നു ആ ഇരുപത്തിയൊന്നാമന്‍. അവന് പേരില്ല, മതമില്ല. ഘാനയില്‍നിന്നും ലിബിയായില്‍ കുടിയേറി ജോലി ചെയ്യുന്നവന്‍ എന്ന അഡ്രസുമാത്രം. ഇരുപത്തിയൊന്നാമനോട് തീവ്രവാദികള്‍ ചോദിച്ചു: നീ ക്രിസ്ത്യാനിയാണോ? അവന്‍ അല്ലെന്നു മറുപടി പറഞ്ഞു. ക്രിസ്തുവിനെ തള്ളിപ്പറയുക, നിന്നെ വെറുതെ വിടാം.

കറുത്ത വര്‍ഗക്കാരനായ ആ ചെറുപ്പക്കാരന്‍ ഒരിക്കല്‍ കൂടി ചേതനയറ്റ തന്റെ സുഹൃത്തുക്കളുടെ ശരീരത്തെ ശ്രദ്ധിച്ചു. അവനൊട്ടും മടിക്കാതെ പറഞ്ഞു, ‘ഈ മരിച്ചു കിടക്കുന്നവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങളൊരുമിച്ചാണ് ജോലി ചെയ്തത്, ജീവിച്ചത്. മരിക്കാന്‍പോലും വിധത്തില്‍ ഇവര്‍ക്ക് ക്രിസ്തു പ്രിയപ്പെട്ടതാണെങ്കില്‍, ആ ക്രിസ്തുവിനായി ഞാനും മരിക്കാന്‍ തയാറാണ്. എന്റെ സുഹൃത്തുക്കളെ എനിക്ക് നന്നായറിയാം. അവര്‍ നിലകൊണ്ട സത്യത്തിനായി ഞാനും നിലകൊള്ളും.’

ആ ഇരുപതുപേരില്‍നിന്ന് പടര്‍ന്നിറങ്ങിയത് ക്രിസ്തുവിന്റെ പരിമളമല്ലാതെ മറ്റെന്താണ്? കോപ്റ്റിക് സഭ മരിച്ചവരെ സഭയിലെ രക്തസാക്ഷികളായി പ്രഖ്യാപിച്ചപ്പോള്‍ ഇവന്‍ മാത്രമില്ല, ഇരുപത്തിയൊന്നാമന്‍. പിതാക്കന്മാര്‍ വീണ്ടും ആലോചിച്ചു. ശരിയാണ്, ഇവന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. പക്ഷേ ഇതിനെക്കാള്‍ വലിയ സാക്ഷ്യമുണ്ടോ? അവര്‍ അവനൊരു പേരു നല്‍കി ‘മത്തായി.’ ആഗ്രഹത്താലേ മാമോദീസ സ്വീകരിച്ചവന്‍! ഇന്ന് ആ രക്തസാക്ഷികളില്‍ ഈ കറുത്തവര്‍ഗക്കാരന്റെ മുഖം കൂടുതല്‍ വെണ്മയാര്‍ന്നു നിലകൊള്ളുന്നു. ‘ഓ, റബ്ബി യേഷുവാ!’ എന്ന് പറഞ്ഞ് അവന്‍ പ്രാണനെ കൊടുത്തു.

നിര്‍മല മനുഷ്യന്‍ നല്‍കുന്ന സാക്ഷ്യം ശോഭയാര്‍ന്നതാണ്. വെറുമൊരു ധാര്‍മിക മനുഷ്യന് ഇത്തരം സാക്ഷ്യം നല്‍കാനാവില്ല. വെറുമൊരു നല്ല മനുഷ്യനും ഇതിനു കഴിയില്ല. വിശുദ്ധ മനുഷ്യനേ ഇതിനാകൂ. അന്ന് മറിയം പരിമളം വിതറുമ്പോള്‍ ഒരു നല്ല മനുഷ്യനെന്നു തോന്നിപ്പിക്കുന്ന ചില വാക്കുകള്‍ യൂദാസ് പറയുന്നുണ്ട്: ഈ സുഗന്ധതൈലത്തിന്റെ പണമെടുത്ത് ദരിദ്രര്‍ക്ക് കൊടുക്കാല്ലോ.

എന്തിനാണ് പണം ദുര്‍വ്യയം ചെയ്യുന്നത്. കൊള്ളാം, കേട്ടാല്‍ ആര്‍ക്കും ധാര്‍മിക പക്വതയുടെ വാക്കുകളായി തോന്നും. മുപ്പതു വെള്ളിക്കാശിന് ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ ഇരിക്കുന്നവനാണ് ഇതു തൊടുത്തുവിടുന്നതെന്നോര്‍ക്കുക. നല്ല മനുഷ്യന്‍ എന്ന സത്‌പേര് നിങ്ങള്‍ക്ക് എളുപ്പം കൈക്കലാക്കാം. കുറച്ചു ധാര്‍മികതയും പൗരബോധവും നല്ല ചില ചിട്ടകളുമൊക്കെ ഉണ്ടായാല്‍ മതി. പക്ഷേ, നിങ്ങള്‍ നൈര്‍മല്യമുള്ള ജീവിതത്തിന്റെ ഉടമകളാകില്ല, ഇതുകൊണ്ട്. നിങ്ങള്‍ക്ക് രക്ഷകന്റെ പരിമളമാകാനും ആകില്ല. വിശുദ്ധ ലക്ഷ്യത്തോടെ സല്‍പ്രവൃത്തികള്‍ ചെയ്യുക. സ്വര്‍ഗപിതാവിന്റെ മഹത്വം കാണാം നമുക്കവിടെ.

പ്രാര്‍ത്ഥന: എത്രയോ കാലമായി നിനക്കൊപ്പം ഞാന്‍ യാത്ര ചെയ്യുന്നു. നിന്റെ പരിമളമാകാന്‍ രക്ഷകാ എന്നെ അനുവദിക്കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

******************************************

Related Posts

Don’t want to skip an update or a post?