Follow Us On

29

May

2020

Friday

അഞ്ചപ്പം കുറവിലങ്ങാടുനിന്നും…

അഞ്ചപ്പം കുറവിലങ്ങാടുനിന്നും…

ബോബി അച്ചന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ‘അഞ്ചപ്പം’ എന്ന ഭക്ഷണശാല കേരളമെങ്ങും വ്യാപകമാവുകയാണ്. ഏതാനും മാസം മുമ്പ് ചങ്ങനാശേരിയില്‍ ആരംഭിച്ച ‘അഞ്ചപ്പ’ത്തില്‍ അപ്രതീക്ഷിതമായാണ് സിനിമാതാരങ്ങളായ ജയറാം, കലാഭവന്‍ പ്രജോദ്, ടിനി ടോം, നടി ആത്മീയ, സംവിധായകന്‍ സനല്‍ കളത്തില്‍ സാജന്‍ കളത്തില്‍, കലാസംവിധായകന്‍ സാലു ജോര്‍ജ് എന്നിവരെല്ലാം എത്തിയത്.

ബോബിയച്ചന്റെ അഞ്ചപ്പത്തെ കുറിച്ച് മിക്കവരും കേട്ടിട്ടേയുള്ളൂ. ആദ്യമായാണ് അന്നവും അക്ഷരവും ഒരുമിച്ച് പകരുന്ന ഭക്ഷണശാല നേരിട്ട് കാണുന്നത്.
മേശയില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് താരങ്ങള്‍ മൊത്തം അമ്പരന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതീതി.  നല്ല ആവി പറക്കുന്ന കുട്ടനാടന്‍ അരിയില്‍ നിന്നുള്ള ചോറിനൊപ്പം അവിയല്‍, വന്‍പയര്‍, മെഴുക്കുവരട്ടി, ബീറ്റ്‌റൂട്ട് പച്ചടി, മധുരക്കറി (കൈതച്ചക്ക), മുളക് ചമ്മന്തി, മാങ്ങാ അച്ചാര്‍ എന്നിവയെല്ലാമുണ്ട്. ചോറിന് ഒഴിച്ചു കൂട്ടാന്‍ സാമ്പാറും മോരും. കുടിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളവും. ആഹാ… ഭക്ഷണത്തിനൊടുവില്‍ നല്ല അടപ്രഥമനും….

ജയറാം ഏറെ ആഹ്ലാദത്തോടെയാണ് ഭക്ഷണത്തിനുശേഷം പ്രതികരിച്ചത്; ”എത്രയോ കാലമായി കേരളത്തിനകത്തും പുറത്തും തങ്ങള്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയിരിക്കുന്നു. അഞ്ചപ്പത്തെക്കുറിച്ച് സംവിധായകന്‍ സനലാണ് എന്നോട് പറയുന്നത്. ചങ്ങനാശേരിയില്‍ വരുന്ന ആരും ഒരുനേരം ഭക്ഷണം കഴിക്കാതിരിക്കരുതെന്ന ശാഠ്യത്തില്‍ നിന്നും ആരംഭിച്ചതാണിതെന്ന്.

ഭക്ഷണത്തിനു ശേഷം അവരവരക്ക് ഇഷ്ടമുള്ള തുക നല്‍കാം. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഏറെ അനുഗ്രഹപ്രദം.” സന്തുഷ്ടനായ ജയറാം തന്റെ വലിയൊരു പുസ്തകശേഖരം അഞ്ചപ്പത്തിന് ഓഫര്‍ ചെയ്താണ് മടങ്ങിയത്.
‘ബൈബിളില്‍ പറയുന്ന അഞ്ചപ്പം വിശന്നലയുന്ന അയ്യായിരങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ’ യെന്നാണ് നടന്‍ ടിനി ടോം ആശംസിച്ചത്. മധ്യകേരളത്തില്‍ ഇത്രയും രുചിയുള്ള ഭക്ഷണം മറ്റെങ്ങും ലഭിച്ചിട്ടില്ലെന്നും മറ്റ് ലൊക്കേഷനുകളില്‍ ചെല്ലുമ്പോഴും അഞ്ചപ്പത്തിന്റെ കഥ പങ്കുവെയ്ക്കുമെന്നും പറഞ്ഞാണ് താരങ്ങള്‍ അഞ്ചപ്പത്തോട് വിടപറഞ്ഞത്.

എന്താണ് അഞ്ചപ്പം?
പട്ടിണി ഒരു ശാപമല്ല. നമ്മുടെ സാമൂഹിക അവസ്ഥയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഒരു ഭാഗത്ത് മനുഷ്യര്‍ അമിത ഭക്ഷണത്തില്‍ ആര്‍ഭാടമായി ജീവിക്കുമ്പോഴും മറുഭാഗത്ത് അടിസ്ഥാന ഭക്ഷണം പോലും ലഭിക്കാതെ പലരും നരകയാതനയിലാണ്. ഈ രണ്ടു കൂട്ടരെയും ഒരേ കൂരയില്‍ ഒരേ മേശയില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അവസരം കൊടുക്കുകയും അതിലൂടെ ഇന്നലെവരെ പട്ടിണി കിടന്ന മനുഷ്യനെ ഉന്നതിയില്‍ എത്തിക്കുകയുമാണ് അഞ്ചപ്പം എന്ന ആശയം ചെയ്യുന്നത്. ഈ നന്മയുടെ സുവിശേഷവുമായി വന്നത് എഴുത്തുക്കാരനും ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാടാണ്. സഹജീവികളാരും വിശന്നിരിക്കരുതെന്ന ആഗ്രഹമാണ് ബോബിയച്ചനെ ഈ സത്പ്രവൃത്തി തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

വിശക്കുന്ന മനുഷ്യന് തന്റെ ആവശ്യത്തിനുള്ള ഭക്ഷണം വിലപേശാതെ വാങ്ങികഴിക്കുവാനോരിടം. ഇവിടെ ഭക്ഷണം പൂര്‍ണ്ണമായും സൗജന്യമല്ല. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും സാധാരണ ഗതിയില്‍ തങ്ങള്‍ക്ക് ഭക്ഷണത്തിനു ഒരുനേരത്തിനു വേണ്ട തുക ഒരു ബോക്‌സില്‍ നിക്ഷേപിക്കുകയും, എന്നാല്‍ അതിനു പ്രാപ്തിയില്ലാത്തവര്‍ സൗജന്യമായി വിശപ്പടക്കി സ്‌നേഹം പകരുകയും ചെയ്യുന്നതാണ് അഞ്ചപ്പത്തിന്റെ രീതി.

അഞ്ചപ്പത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നത് അപ്പക്കൂട്ട്, അക്ഷരക്കൂട്ട് എന്നീ രണ്ടു സംഘങ്ങളാണ്. അപ്പക്കൂട്ടുകാരാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും, നടത്തുന്നതും. അക്ഷരക്കൂട്ടുകാര്‍ പഠനം, സംവാദങ്ങള്‍, പുസ്തകശാലയുടെ നടത്തിപ്പ്, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു.

അഞ്ചപ്പം ഭക്ഷണശാലയായും വായനശാലയായും വീടായും ഇടയ്ക്ക് മാറാറുണ്ട്. ഭക്ഷണശേഷം വായനശാലയുണരും. ആര്‍ക്ക് വേണമെങ്കിലും ഇവിടെ വരാം. പുസ്തകം വായിക്കാം. വായിച്ചുകൊടുക്കാം. ഉച്ചയ്ക്ക് ഭക്ഷണശാല; വൈകീട്ട് വായനശാല..  യാതൊരു വിധത്തിലുള്ള ഫണ്ടിംഗ് ഏജന്‍സികളുടെ ധനസഹായവും അഞ്ചപ്പം ആഗ്രഹിക്കുന്നില്ല. ദൈനംദിന പ്രവര്‍ത്തനത്തിനുള്ള സഹായം ചെറിയ ഔദാര്യങ്ങളിലൂടെ സമാഹരിക്കുകയും, ഭക്ഷണവിതരണത്തിലൂടെ ഓരോ ഔട്ട്‌ലെറ്റും സ്വയം പര്യാപ്തമാകുകയും, ലാഭനഷ്ടമില്ലാതെ ഒരേമനസോടെ മുന്നോട്ടു പോകുകയുമാണ് ലക്ഷ്യം.

വളരട്ടെ സ്‌നേക്കൂട്ടായ്മകള്‍. ഭോജനശാലകള്‍ സ്‌നേഹത്തിന്റെ ഇടമായി മാറുമ്പോള്‍ നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറുമെന്ന് ഉറപ്പ്. ഏറ്റവും ഒടുവിലായി മുത്തിയമ്മയുടെ ദേശമായ കുറവിലങ്ങാടും ‘അഞ്ചപ്പം’ ഉണര്‍ന്നിരിക്കുന്നു. ബോബിയച്ചന്റെ ഈ സംരംഭം എല്ലാ ദേശങ്ങളിലും വ്യാപിക്കട്ടെ.

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?